താജ്മഹലിന് മേലും അവകാശവാദം!

രണ്ടതും നിര്‍ജീവവുമായിരുന്ന ഇന്ത്യന്‍ ഉപഭൂഖണ്ഡത്തെ പുരോഗതിയിലേക്കും സാംസ്‌കാരികോന്നതിയിലേക്കും നയിച്ച മുസ്‌ലിം ഭരണാധികാരികളുടെ മഹദ് സംഭാവനകളുടെയും ഭരണത്തിന്റെയും ഒരടയാളവും രാജ്യത്ത് അവശേഷിക്കരുതെന്നാണ് സംഘ്പരിവാറിന്റെ തീരുമാനം. മുസ്‌ലിം ഭരണത്തിന്റെ അടയാളപ്പെടുത്തലുകള്‍ ഒന്നടങ്കം തകര്‍ക്കാനും ഇല്ലായ്മ ചെയ്യാനുമുള്ള തകൃതിയായ നീക്കത്തിലാണ് അവര്‍. തങ്ങളുടെ ഹിഡന്‍ അജന്‍ഡക്ക് ജുഡീഷ്യറിയുടെ പിന്തുണ ലഭ്യമാക്കാനുള്ള ശ്രമവും സംഘ്പരിവാര്‍ നടത്തിവരുന്നു. ഇതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ്, താജ്മഹല്‍ പണികഴിപ്പിച്ചത് ഷാജഹാനാണെന്നതിന് ശരിയായ തെളിവുകളില്ലെന്നും അതിന്റെ യഥാര്‍ഥ ചരിത്രം പുറത്തുകൊണ്ടുവരണമെന്നുമുള്ള ആവശ്യവുമായി സുപ്രീം കോടതി മുമ്പാകെ എത്തിയ ഹരജി.

അയോധ്യ ജില്ലയുടെ ബി ജെ പി മീഡിയ ചുമതല വഹിക്കുന്ന ഡോ. രജനീഷ് സിംഗാണ് ഹരജിക്കാരന്‍. മുഗള്‍ ചക്രവര്‍ത്തിയായ ഷാജഹാന്‍ ഭാര്യ മുംതാസിന്റെ ഓര്‍മക്കായി 1631 മുതല്‍ 22 വര്‍ഷമെടുത്ത് പണികഴിപ്പിച്ചതാണ് താജ്മഹലെന്നാണ് പറയുന്നതെങ്കിലും അതിനു ശാസ്ത്രീയ തെളിവില്ലെന്ന് ഹരജിയില്‍ പറയുന്നു. ഷാജഹാനാണ് നിര്‍മിച്ചതെന്നതിന് രേഖകള്‍ ഒന്നും ലഭ്യമല്ലെന്ന് വിവരാവകാശ ചോദ്യത്തിന് എന്‍ സി ഇ ആര്‍ ടി മറുപടി നല്‍കിയതായും സിംഗ് അവകാശപ്പെടുന്നുണ്ട്. ഇതേ ആവശ്യമുന്നയിച്ച് അലഹബാദ് ഹൈക്കോടതിയെയും സമീപിച്ചിരുന്നു രജനീഷ് സിംഗ്. താജ്മഹലിലെ സീല്‍ ചെയ്ത 22 മുറികള്‍ പഠനത്തിനും പരിശോധനക്കുമായി തുറക്കാന്‍ നിര്‍ദേശിക്കണമെന്നും ഹൈക്കോടതിയില്‍ അദ്ദേഹം ആവശ്യപ്പെട്ടു. എന്നാല്‍, കോടതിയില്‍ തീര്‍പ്പാക്കേണ്ട വിഷയമല്ലെന്ന് ചൂണ്ടിക്കാട്ടി സിംഗിന്റെ ഹരജി അലഹബാദ് ഹൈക്കോടതി തള്ളുകയാണുണ്ടായത്. മുഗള്‍ ഭരണാധികാരികള്‍ നിര്‍മിച്ച സ്മാരകങ്ങളെ ചരിത്രസ്മാരകങ്ങളായി പ്രഖ്യാപിക്കുന്നതിനെതിരെയും സിംഗ് രംഗത്തുവന്നിരുന്നു.
ഇന്ത്യന്‍ ചരിത്രത്തില്‍ ഏറ്റവും മികച്ച സാംസ്‌കാരിക, രാഷ്ട്രീയ പുരോഗതിയുടെ കാലമാണ് മുഗള്‍ ഭരണത്തിന്റെ മൂന്ന് നൂറ്റാണ്ട്. ഭാവി തലമുറകള്‍ ഓര്‍ക്കാനും തങ്ങളുടെ ഭരണത്തെ മഹത്വവത്കരിക്കാനും ചരിത്രത്തില്‍ മായ്ച്ചു കളയാന്‍ കഴിയാത്തവിധം രേഖപ്പെടുത്തപ്പെടാനും നിരവധി വാസ്തുവിദ്യാ സ്മാരകങ്ങളും കെട്ടിടങ്ങളും മുഗള്‍ രാജാക്കന്മാര്‍ നിര്‍മിക്കുകയുണ്ടായി. യൂറോപ്യന്‍ ഡിസൈനിംഗും പേര്‍ഷ്യന്‍, ടര്‍ക്കിഷ്, ഇന്ത്യന്‍ വാസ്തുവിദ്യാ രീതികളുടെ സംയോജനവും ഉള്‍ച്ചേര്‍ന്ന ആ നിര്‍മിതികള്‍ ആഗോള പ്രശസ്തമാണ്. ഇതില്‍ ഏറ്റവും മികച്ചു നില്‍ക്കുന്നു ലോകാത്ഭുതങ്ങളില്‍ ഒന്നായി അംഗീകരിക്കപ്പെട്ട താജ്മഹല്‍. ആഗ്രയില്‍, യമുനാ നദിക്കരയില്‍ സ്ഥിതി ചെയ്യുന്ന ഈ അത്ഭുത സൗധം കാണാന്‍ ലോകത്തെല്ലായിടത്തുനിന്നും ധാരാളം ആളുകള്‍ വരുന്നു. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വരുമാനമുണ്ടാക്കുന്ന സ്മാരകമാണ് താജ്മഹല്‍. 2019-2022 വര്‍ഷത്തില്‍ ടിക്കറ്റ് വില്‍പ്പനയില്‍ നിന്ന് മാത്രം 132 കോടി രൂപയാണ് ഈ വെണ്ണക്കല്‍ സൗധം സര്‍ക്കാര്‍ ഖജനാവിലെത്തിച്ചത്. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ കീഴിലുള്ള സ്മാരകങ്ങളില്‍ നിന്ന് ഏറ്റവും കൂടുതല്‍ വരുമാനം ലഭിക്കുന്നത് താജ്മഹലില്‍ നിന്നാണ്. താജ്മഹല്‍ ഷാജഹാന്‍ ചക്രവര്‍ത്തി നിര്‍മിച്ചതാണെന്നത് ആധികാരിക ചരിത്രമാണ്. അതൊരു ക്ഷേത്രമായിരുന്നുവെന്ന വാദം രാജ്യത്ത് ഹിന്ദുത്വ ഫാസിസം ശക്തിപ്പെട്ട ശേഷം ഉയര്‍ന്നതാണ്.

മുസ്‌ലിം ഭരണാധികാരികളാണ് രാഷ്ട്രീയ സംവിധാനം, ഭരണ വ്യവസ്ഥ, നീതിന്യായം, കാര്യനിര്‍വഹണം, സാഹിത്യം, വാസ്തുവിദ്യ എന്നീ തലങ്ങളിലെല്ലാം വൈജ്ഞാനിക ഉണര്‍വ് സൃഷ്ടിച്ച് ഇന്ത്യയെ പരിഷ്‌കൃത രാജ്യമായി വികസിപ്പിച്ചത്. അവരുടേത് തന്നെയാണ് ഇന്ത്യന്‍ സാംസ്‌കാരിക നിര്‍മിതിയില്‍ ബഹുഭൂരിഭാഗവും. രാജ്യത്തെ ഹിന്ദുത്വ രാജ്യമാക്കാന്‍ ഒരുങ്ങിപ്പുറപ്പെട്ട സംഘ്പരിവാറിനെ സംബന്ധിച്ച് ഇത് അസഹനീയമാണ്. അത്തരം സ്മാരകങ്ങള്‍ ആദ്യം പ്രശ്‌നവത്കരിച്ചും പിന്നീട് തങ്ങളുടേതാണെന്ന് അവകാശവാദമുന്നയിച്ചും തട്ടിയെടുക്കാനുള്ള നീക്കങ്ങളും ഗൂഢതന്ത്രങ്ങളും അവരുടെ അണിയറയില്‍ സജീവമാണ്. ബാബരി മസ്ജിദിന്റെ കാര്യത്തില്‍ അതാണല്ലോ നടന്നത്. ആദ്യം മസ്ജിദ് നില്‍ക്കുന്ന സ്ഥലം ഐതിഹ്യ കഥാപാത്രമായ ശ്രീരാമന്റേതാണെന്ന അവകാശവാദവുമായി രംഗത്തുവന്നു. തുടര്‍ന്ന് ഒരു അര്‍ധരാത്രി മസ്ജിദില്‍ അതിക്രമിച്ചു കയറി ശ്രീരാമന്റെ വിഗ്രഹം സ്ഥാപിച്ചു. പിന്നീട് മസ്ജിദ് തകര്‍ക്കുകയും ചെയ്തു.

സമാന നീക്കങ്ങളാണ് താജ്മഹലിന്റെ കാര്യത്തിലും അരങ്ങേറുന്നത്. താജ്മഹല്‍ ശിവക്ഷേത്രമായിരുന്നുവെന്നും രജപുത്ര രാജാവില്‍ നിന്ന് ഷാജഹാന്‍ ചക്രവര്‍ത്തി അത് പിടിച്ചെടുക്കുകയായിരുന്നുവെന്നുമാണ് ഹിന്ദുത്വര്‍ ഇപ്പോള്‍ വാദിക്കുന്നത്. തേജോ മഹാലയ എന്ന പേരിലാണ് ഇത് അറിയപ്പെട്ടിരുന്നതെന്നും ഷാജഹാനാണ് ഇത് താജ്മഹല്‍ എന്നാക്കി മാറ്റിയതെന്നും അവര്‍ അവകാശപ്പെടുന്നു. ആവശ്യമെങ്കില്‍ താജ്മഹല്‍, റാം മഹലാക്കാന്‍ മടിക്കില്ലെന്ന് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഒരു അഭിമുഖത്തില്‍ പറയുകയും ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷം ശിവരാത്രി ദിനത്തില്‍ മൂന്ന് ഹിന്ദു മഹാസഭാ പ്രവര്‍ത്തകര്‍ താജ്മഹല്‍ സമുച്ഛയത്തില്‍ അതിക്രമിച്ചു കയറി പ്രാര്‍ഥനകള്‍ നടത്തുകയുമുണ്ടായി. ഇതിന്റെയൊക്കെ തുടര്‍ച്ചയായാണ് താജ്മഹല്‍ പണികഴിപ്പിച്ചത് ഷാജഹാന്‍ ചക്രവര്‍ത്തിയല്ലെന്ന വാദവുമായി ഒരു ബി ജെ പി നേതാവ് കോടതി കയറിയത്. നിര്‍മാണ രീതിയില്‍ ലോകത്തെ അതിശയിപ്പിക്കുകയും ടൂറിസ മേഖലയില്‍ രാജ്യത്തിനു മികച്ച നേട്ടം സമ്മാനിക്കുകയും ചെയ്യുന്ന താജ്മഹല്‍ പൊളിക്കാന്‍ അവര്‍ക്ക് പദ്ധതിയില്ല. അത് “ഞമ്മന്റേതാ’ക്കി പേരുമാറ്റി ഹിന്ദുത്വ സ്മാരകമായി പരിവര്‍ത്തിപ്പിക്കാനാണ് നീക്കം. പ്രമുഖ ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബ് അഭിപ്രായപ്പെട്ടതു പോലെ, രാജ്യത്തെ സ്ഥലങ്ങളുടെയും നഗരങ്ങളുടെയും സ്മാരകങ്ങളുടെയും പേരു മാറ്റുന്നതിന് മുമ്പ് അമിത് ഷായെ പോലുള്ള സംഘ്പരിവാര്‍ നേതാക്കള്‍ അവരുടെ സ്വന്തം പേരുകള്‍ മാറ്റുകയാണ് ആദ്യമായി വേണ്ടത്. “ഷാ’ എന്നത് ഇസ്‌ലാമിക്, പേര്‍ഷ്യന്‍ പേരാണെന്നും അത് സംസ്‌കൃത പദമല്ലെന്നും ഇര്‍ഫാന്‍ ഹബീബ് ചൂണ്ടിക്കാട്ടിയിരുന്നു.



source https://www.sirajlive.com/claim-on-the-taj-mahal.html

Post a Comment

أحدث أقدم