അന്താരാഷ്ട്ര കാലാവസ്ഥാ ഉച്ചകോടി മര്‍കസ് നോളജ്സിറ്റിയില്‍ തിങ്കളാഴ്ച ആരംഭിക്കും

കോഴിക്കോട് | അന്താരാഷ്ട്ര സര്‍വകലാശാലാ മേധാവികളുടെ ആഗോളകാലാവസ്ഥാ ഉച്ചകോടി ഒക്ടോബര്‍ പതിനേഴിന് മര്‍കസ് നോളജ്സിറ്റിയില്‍ ആരംഭിക്കും.

മൂന്ന്ദിവസങ്ങളിലായി നടക്കുന്ന ഉച്ചകോടി കേരളമുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ഇസ്ലാമിക യൂനിവേഴ്‌സിറ്റീസ് ലീഗ്അധ്യക്ഷന്‍ ഡോ. ഉസാമ മുഹമ്മദ് ഹസ്സന്‍ അധ്യക്ഷനാകും. മര്‍കസ് നോളജ്സിറ്റി ഡയറക്ടര്‍ ഡോ.അബ്ദുല്‍ഹകിം അസ്ഹരി ആമുഖ പ്രഭാഷണം നടത്തും.

കെയ്റോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇസ്ലാമിക് യൂണിവേഴ്സിറ്റീസ് ലീഗും കോഴിക്കോട് ആസ്ഥാനമായ ജാമിഅമര്‍കസും സംയുക്തമായാണ് ഉച്ചകോടി സംഘടിപ്പിക്കുന്നത്. കാലാവസ്ഥാ വ്യതിയാന പ്രശ്നങ്ങള്‍ ലഘൂകരിക്കുന്നതില്‍ അന്താരാഷ്ട്ര പങ്കാളിത്തം എന്നതാണ് ഉച്ചകോടിയുടെ പ്രമേയമെന്ന് മര്‍കസ് നോളജ്സിറ്റി മാനേജിങ് ഡയറക്ടര്‍ ഡോ. അബ്ദുല്‍ഹകിം അസ്ഹരി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട് ശാസ്ത്രജ്ഞര്‍, നയതന്ത്രജ്ഞര്‍, സര്‍വകലാശാലാ മേധാവികള്‍, വ്യവസായ പ്രമുഖര്‍, ഗവേഷകര്‍, സന്നദ്ധ സംഘടനാ മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്ന ഇത്തരമൊരു വിപുലമായ സംഗമത്തിന് കേരളം ഇതാദ്യമായാണ ് വേദിയാകുന്നത്.

മര്‍കസ് നോളജ് സിറ്റി കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന പരിപാടിയില്‍ നാല്‍പത് രാജ്യങ്ങളില്‍ നിന്നുള്ള വിവിധ സര്‍വ കലാശാലകളില്‍ നിന്നായി ഇരുനൂറിലേറെ പ്രതിനിധികള്‍ പങ്കെടുക്കും. മൂന്നുദിവസങ്ങളില്‍, എട്ടുസെഷനുകളിലായി ക്രമീകരിച്ച സമ്മേളനത്തില്‍ സര്‍വകലാശാല മേധാവികളും പരിസ്ഥിതി ഗവേഷകരും പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. കാലാവസ്ഥാ വ്യതിയാന പ്രശ്നങ്ങള്‍ ലഘൂകരിക്കുന്നതിന് സഹായിക്കുന്ന കണ്ടുപിടിത്തങ്ങള്‍, ഉത്പന്നങ്ങള്‍, ഉപകരണങ്ങള്‍, പദ്ധതികള്‍ തുടങ്ങിയവയുടെ വിപുലമായ പ്രദര്‍ശനവും സമ്മിറ്റിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്.

ഏഷ്യ, അമേരിക്ക, യൂറോപ്പ്, ആഫ്രിക്ക വന്‍കരകളില്‍ നിന്നുള്ള ഇരുനൂറിലധികം സര്‍വ്വകലാശാലകളുടെ കൂട്ടായ്മയാണ് ഇസ്ലാമിക് യൂണിവേഴ്സിറ്റി ലീഗ്. കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച സുപ്രധാന നിലപാടുകള്‍ വ്യക്തമാക്കുന്ന ‘മലബാര്‍ ക്ലൈമറ്റ് ആക്ഷന്‍ ഡിക്ലറേഷന്‍’ ഉച്ചകോടി പ്രഖ്യാപിക്കും. പാഠ്യ പദ്ധതികള്‍, സാമൂഹിക ഇടപെടലുകള്‍, നിയമ നിര്‍മാണം തുടങ്ങിയവയിലൂടെ പരിസ്ഥിതി സൗഹൃദ ജീവിതം പ്രോത്സാഹിപ്പിക്കുന്നതിനും കാലാവസ്ഥാ വ്യതിയാനം സൃഷ്ടിക്കുന്ന ക്ലേശങ്ങളെ ശാസ്ത്രീയവും പ്രായോഗികവുമായി മറികടക്കുന്നതിനുമുള്ള നിര്‍ദ്ദേശങ്ങളാണു മലബാര്‍ ക്ലൈമറ്റ് ഡിക്ലറേഷന്‍ 2022 മുന്നോട്ട് വെക്കുക. ഈ വിഷയത്തില്‍ ഭരണകൂടവും സമൂഹവും സ്വീകരിക്കേണ്ട നടപടികള്‍ക്കുള്ള മാര്‍ഗരേഖയായി ഈ പ്രഖ്യാപനം മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഉച്ചകോടിയോടനുബന്ധിച്ച് വിവിധ പ്രീ സമ്മിറ്റ് പരിപാടികള്‍ പൂര്‍ത്തിയായി. മര്‍കസ് സ്ഥാപനങ്ങളുടെ സഹായത്തോടെ ഒരുലക്ഷത്തോളം വിദ്യാര്‍ത്ഥികളിലേക്ക് പരിസ്ഥിതി സൗഹൃദ ജീവിത സന്ദേശം കൈമാറി. സമ്മിറ്റിന്റെ ഭാഗമായി തുടക്കമിട്ട വനവത്കരണം ക്യാമ്പയിന്‍ നൂറ് ഏക്കറില്‍ നടപ്പാക്കും. വിദ്യാലയങ്ങള്‍, വഖഫ് ഭൂമികള്‍, സ്വകാര്യസ്ഥലങ്ങള്‍ തുടങ്ങിയവയില്‍ കുറഞ്ഞത് ഒരുസെന്റ് ഭൂമിയെങ്കിലും വനവല്‍ക്കരണം നടപ്പാക്കിയാകും പദ്ധതി പൂര്‍ത്തിയാക്കുക.

വാര്‍ത്താ സമ്മേളനത്തില്‍ മര്‍കസ് നോളജ്സിറ്റി സി ഇ ഒ ഡോ. അബ്ദുസ്സലാം മുഹമ്മദ്, ക്ലൈമറ്റ് ആക്ഷന്‍ സമ്മിറ്റ് കോ ഓഡിനേറ്റര്‍ ഡോ. താഷിദാവാഗെല്ലക്, യുഎസ് എ, ക്ലൈമറ്റ് ആക്ഷന്‍ സമ്മിറ്റ് കണ്‍വീനര്‍ ഡോ. അമീര്‍ ഹസന്‍ , അഡ്വ.സി സമദ് എന്നിവര്‍ പങ്കെടുത്തു.



source https://www.sirajlive.com/the-international-climate-summit-will-begin-on-monday-at-marcus-knowledge-city.html

Post a Comment

أحدث أقدم