നിയമലംഘനം നടത്തുന്ന ടൂറിസ്റ്റ് ബസുകള്‍ക്ക് പൂട്ട് വീഴും; കര്‍ശന നടപടിക്കൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം |  വടക്കഞ്ചേരിയിലെ ബസ് അപകടത്തിന് പിന്നാലെ കര്‍ശന നടപടികള്‍ക്കൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. വടക്കഞ്ചേരി അപകടത്തില്‍പ്പെട്ട ടൂറിസ്റ്റ് ബസ് മണിക്കൂറില്‍ 97.2 കിലോമീറ്റര്‍ വേഗതയിലായിരുന്നു സഞ്ചരിച്ചിരുന്നത്. കോണ്‍ട്രാക്ട് ക്യാരേജ് വാഹനങ്ങള്‍ക്ക് പരാമാവധി വേഗപരിധി മണിക്കൂറില്‍ 70 കിലോമീറ്ററാണെന്നിരിക്കെയാണിത്. വാഹന ഡീലര്‍മാ ഉള്‍പ്പെടെയുള്ള ലോബിയാണ് സ്പീഡ് ഗവര്‍ണര്‍ പൊളിക്കുന്നത് എന്നത് കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഇവര്‍ക്കെതിരേയും കേസെടുക്കാനാണ് പുതിയ നീക്കം.

ഓരോ ബസുകളുടെയും നിരീക്ഷണ ചുമതല ഓരോ എംവിഡി ഉദ്യോഗസ്ഥരെ ഏല്‍പ്പിക്കും. ഓരോ പ്രദേശത്തും രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ടൂറിസ്റ്റ് ബസുകളുടെ ഉത്തരവാദിത്തം ആ പ്രദേശത്തുള്ള ഓരോ ഉദ്യോഗസ്ഥര്‍ക്കായി വിഭജിച്ച് നല്‍കാനാണ് നീക്കം. പിന്നീട് ഈ ബസുകള്‍ നിയമം ലംഘിച്ചാല്‍ ഉത്തരവാദിത്തപ്പെട്ട അതാത് ഉദ്യോഗസ്ഥര്‍ക്ക് എതിരെയും നടപടി വരും.ആവശ്യമെന്ന് കണ്ടെത്തിയാല്‍ ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കുന്നതടക്കം നടപടികളും സ്വീകരിക്കും

ടൂറിസ്റ്റ് ബസുകളുടെ നിറം വെള്ളയും നീല വരയും എന്നത് കര്‍ശനമാക്കും. പുതിയ നിയമം അനുസരിച്ച് ഇനിമുതല്‍ ടൂറിസ്റ്റു ബസുകളുടെ പുറം ബോഡിയില്‍ വെള്ളയും മധ്യഭാഗത്ത് പകരം പത്ത് സെന്റീമീറ്റര്‍ വീതിയില്‍ വയലറ്റും അതിനുമുകളില്‍ മൂന്ന് സെന്റിമീറ്റര്‍ വീതിയില്‍ സ്വര്‍ണനിറത്തിലെ വരയും മാത്രമേ പാടുള്ളൂ. മറ്റുനിറങ്ങളോ എഴുത്തോ, ചിത്രപ്പണികളോ, അലങ്കാരങ്ങളോ പാടില്ല. മുന്‍വശത്ത് ഓപ്പറേറ്ററുടെ പേരെഴുതാം. പക്ഷേ 12 ഇഞ്ച് വീതിയില്‍ സാധാരണ അക്ഷരങ്ങളില്‍ വെള്ള നിറത്തില്‍ മാത്രമേ പേരെഴുതാന്‍ പാടുള്ളൂ. പിന്‍വശത്ത് 40 സെന്റീമീറ്റര്‍ വീതിയില്‍ പേരും ഉടമയുടെയോ ഓപ്പറേറ്റുടെയോ മേല്‍വിലാസവും എഴുതുകയും ചെയ്യാം.

സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ നിന്നുള്ള വിനോദയാത്രാ മാര്‍ഗനിര്‍ദേശവും കര്‍ശനമാക്കും. വിനോദയാത്ര പോകുമ്പോള്‍ മൂന്നു ദിവസം മുന്‍പ് അധികൃതരെ വിവരം അറിയിക്കണം. നിര്‍ദേശം സംസ്ഥാനത്തെ സിബിഎസ്ഇ ഉള്‍പ്പെടെ എല്ലാ സ്ഥാപനങ്ങള്‍ക്കും ബാധമാക്കി പുതിയ സര്‍ക്കുലര്‍ ഇറക്കും. യാത്ര പോകുന്ന ബസിന്റെയും ഡ്രൈവര്‍മാരുടെയും വിവരങ്ങള്‍ പരിശോധിച്ച ശേഷമാവും ആര്‍ടിഒ അനുമതി നല്‍കുക. നിരന്തര നിയമലംഘനം നടത്തുന്നതോ ജി പി എസ് ഇല്ലാത്തതോ ആയ ബസാണങ്കിലും ഒട്ടേറെ തവണ കേസുകളില്‍ പെട്ട ഡ്രൈവര്‍മാരാണങ്കിലും യാത്ര അനുവദിക്കില്ല

 



source https://www.sirajlive.com/violating-tourist-buses-will-be-locked-the-state-government-is-ready-to-take-strict-action.html

Post a Comment

Previous Post Next Post