ലൈംഗിക പീഡനക്കേസില്‍ സിവിക് ചന്ദ്രന്‍ പോലീസില്‍ കീഴടങ്ങി

കോഴിക്കോട്  | ലൈംഗിക പീഡനക്കേസില്‍ എഴുത്തുകാരന്‍ സിവിക് ചന്ദ്രന്‍ വടകര ഡിവൈഎസ്പിക്ക് മുന്നില്‍ ഹാജരായി. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ റദ്ദാക്കിയ കേസിലാണ് സിവിക് പോലീസിന് മുന്നില്‍ കീഴടങ്ങുന്നത്.അഭിഭാഷകര്‍ക്കൊപ്പമാണ് സിവിക് ഹാജരായത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം ഇയാളെ കോടതിയില്‍ ഹാജരാക്കും ഏഴ് ദിവസത്തിനുള്ളില്‍ കീഴടങ്ങണമെന്നായിരുന്നു ഹൈക്കോടതി സിവികിന് നല്‍കിയ നിര്‍ദേശം. തുടര്‍ന്ന് ഇന്ന് വടകര ഡിവൈഎസ്പി ആര്‍ ഹരിപ്രസാദ് മുന്‍പാകെ സിവിക് ചന്ദ്രന്‍ ഹാജരാകുകയായിരുന്നു

സിവികിനെ അറസ്റ്റ് ചെയ്യുകയാണെങ്കില്‍ അതേദിവസം തന്നെ കോടതിയില്‍ ഹാജരാകണമെന്ന് ഹൈക്കോടതി ഉത്തരവിലുണ്ടായിരുന്നു. കേസില്‍ ജാമ്യം നല്‍കുന്ന കാര്യത്തില്‍ ജില്ലാ കോടതിയാകും തീരുമാനമെടുക്കുക. രണ്ട് പീഡനക്കേസുകളാണ് സിവിക് ചന്ദ്രനെതിരായി രജിസ്റ്റര്‍ ചെയ്തിരുന്നത്. രണ്ടാമത്തെ പീഡനക്കേസ് വന്നതിന് ശേഷം സിവിക് ഒളിവിലായിരുന്നു. ഈ രണ്ട് കേസുകളില്‍ ഒന്നില്‍ ഹൈക്കോടതി ജാമ്യം നിഷേധിക്കുകയും മറ്റൊന്നില്‍ ജാമ്യം നല്‍കുകയും ചെയ്തിരുന്നു. ആ വ്യവസ്ഥകള്‍ പ്രകാരം ആദ്യത്തെ പീഡനക്കേസിലാണ് കൊയിലാണ്ടി സ്റ്റേഷനില്‍ ഹാജരായത്. എല്ലാ ശനിയാഴ്ചയും കൊയിലാണ്ടി സ്റ്റേഷനില്‍ ഹാജരാകേണ്ടി വരും.2010 ഏപ്രില്‍ 17നാണ് പുസ്തക പ്രകാശനത്തിനായി കോഴിക്കോട് എത്തിയ അധ്യാപികയും എഴുത്തുകാരിയുമായ യുവതിക്കെതിരെ അതിക്രമം ഉണ്ടായത്. ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ക്കൊപ്പം പട്ടികജാതി -പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കെതിരായ അതിക്രമം സംബന്ധിച്ച നിയമ പ്രകാരവുമാണ് സിവിക് ചന്ദ്രനെതിരെ പോലീസ് കേസെടുത്തത്.

സിവിക് ചന്ദ്രനെതിരായ ലൈംഗികപീഡനക്കേസില്‍ കീഴ് കോടതി നടത്തിയ വിവാദ പരാമര്‍ശങ്ങള്‍ ഹൈക്കോടതി നേരത്തെ നീക്കം ചെയ്തിരുന്നു. ഇരയുടെ വസ്ത്രധാരണം പ്രകോപനം ഉണ്ടാക്കുന്നതാണെന്ന കോഴിക്കോട് സെഷന്‍സ് കോടതി ഉത്തരവിലെ പരാമര്‍ശങ്ങളാണ് ഹൈക്കോടതി ഇടപെട്ട് നീക്കിയത്.

 



source https://www.sirajlive.com/civic-chandran-surrendered-to-the-police-in-the-case-of-sexual-harassment.html

Post a Comment

Previous Post Next Post