കേരളത്തിലെ പല ഭാഗങ്ങളിലും കലാലയങ്ങള്‍ കേന്ദ്രീകരിച്ച് റാഗിംഗ് ക്രൂരതകള്‍ വര്‍ധിക്കുകയാണ്. റാഗിംഗ് നിയമം മൂലം നിരോധിക്കപ്പെട്ട കുറ്റകൃത്യമാണെങ്കിലും ഒരു വിഭാഗം വിദ്യാര്‍ഥികള്‍ ഇത്തരം ദുഷ്പ്രവണതകള്‍ക്ക് അടിമകളായി വിദ്യാഭ്യാസാന്തരീക്ഷം താറുമാറാക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുകൊണ്ടേയിരിക്കുന്നു. 2022 ജൂലൈ മാസത്തില്‍ തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്‌കൂളില്‍ അഞ്ചാം തരത്തിലും ആറാം തരത്തിലും പഠിക്കുന്ന കുട്ടികളെ സീനിയര്‍ വിദ്യാര്‍ഥികള്‍ റാഗിംഗ് ചെയ്തതും ഭീഷണിപ്പെടുത്തിയതുമാണ് ഈ വര്‍ഷം റിപോര്‍ട്ട് ചെയ്യപ്പെട്ട ആദ്യത്തെ പ്രധാനപ്പെട്ട റാഗിംഗ് കേസ്. ഉച്ചഭക്ഷണത്തിന് ശേഷം മൂത്രപ്പുരയിലേക്ക് പോയ കുട്ടികളെ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ തടഞ്ഞുനിര്‍ത്തുകയും റാഗ് ചെയ്യുകയുമായിരുന്നു. കെട്ടിടത്തിന് മുകളില്‍ നിന്ന് തള്ളിയിടുമെന്നും കൈഞരമ്പ് മുറിക്കുമെന്നുമുള്ള ഭീഷണികളാണ് അഞ്ചിലും ആറിലും പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സീനിയര്‍ വിദ്യാര്‍ഥികളില്‍ നിന്ന് നേരിടേണ്ടിവന്നത്. ജൂലൈ 27ന് ഇതേ സ്‌കൂളില്‍ സന്ദര്‍ശനം നടത്തിയ ഗതാഗത മന്ത്രി ആന്റണി രാജുവിന് മുന്നില്‍ ഇരുപതോളം രക്ഷിതാക്കളാണ് റാഗിംഗിനെതിരായ തങ്ങളുടെ പ്രതിഷേധമറിയിച്ചത്. 2022 സെപ്തംബറില്‍ കണ്ണൂര്‍ സിറ്റി പോലീസ് സ്റ്റേഷന്‍ പരിധിയിലെ ഹംദര്‍ദ് കോളജില്‍ റാഗിംഗിനെ എതിര്‍ത്തതിന് കോളജ് ഗ്രൗണ്ടില്‍ വെച്ച് സീനിയര്‍ വിദ്യാര്‍ഥികള്‍ മര്‍ദിച്ച സംഭവമുണ്ടായി. 2022 ഒക്ടോബര്‍ മാസത്തില്‍ മാത്രമായി സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ നിരവധി റാഗിംഗ് കേസുകളാണ് റിപോര്‍ട്ട് ചെയ്യപ്പെട്ടത്.
ശ്രീകണ്ഠാപുരം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ റാഗിംഗിനും ക്രൂരമര്‍ദനത്തിനും ഇരയായ മുഹമ്മദ് സഹല്‍ എന്ന വിദ്യാര്‍ഥിക്ക് കേള്‍വിശക്തി തന്നെ നഷ്ടമായിരിക്കുകയാണ്. മുടി നീട്ടി വളര്‍ത്തിയെന്നും ഷര്‍ട്ടിന്റെ ബട്ടനുകള്‍ കൃത്യമായിട്ടില്ലെന്നും ഷൂ ധരിച്ചെന്നും ആരോപിച്ചാണ് സീനിയര്‍ വിദ്യാര്‍ഥികള്‍ സഹലിനെ മര്‍ദിച്ചത്. ക്രൂര മര്‍ദനമേറ്റതിനാല്‍ പതിനാറുകാരനായ സഹല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. സഹലിനെ മര്‍ദിക്കുന്നതിന്റെ ദൃശ്യം പകര്‍ത്തി നവമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. സഹലിന് മര്‍ദനമേറ്റ സംഭവത്തിന് മുമ്പും ഇതേ സ്‌കൂളില്‍ റാഗിംഗ് നടന്നിരുന്നു. വിടുതല്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങാനെത്തിയ ചുഴലി സ്വദേശിയായ പത്താംതരം വിദ്യാര്‍ഥിയാണ് റാഗിംഗിനും മര്‍ദനത്തിനും ഇരയായത്. ശ്രീകണ്ഠാപുരം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്നതിന് സമാനമായ റാഗിംഗ് അതിക്രമമാണ് കാസര്‍കോട് ജില്ലയിലെ പെരിയയിലുള്ള ഒരു സ്വകാര്യ കോളജിലും നടന്നത്. ഒന്നാംവര്‍ഷ ബി കോം വിദ്യാര്‍ഥിയെ മൂന്നാം വര്‍ഷ ബി കോം വിദ്യാര്‍ഥികള്‍ റാഗിംഗിന് വിധേയനാക്കുകയായിരുന്നു. കാലിലെ ഷൂസ് അഴിച്ചുതരണമെന്നാവശ്യപ്പെട്ടപ്പോള്‍ വിസമ്മതിച്ചതിനാണ് ഒന്നാം വര്‍ഷ വിദ്യാര്‍ഥിയെ മര്‍ദിച്ചത്. ഇതേ മാസം തന്നെയാണ് അംഗടിമുഗര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ റാഗ് ചെയ്യുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായത്.
സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് പോകുന്നതിനായി ബസ് സ്റ്റോപ്പിലെത്തിയ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ ഇതേ സ്‌കൂളിലെ ചില സീനിയര്‍ വിദ്യാര്‍ഥികള്‍ തടഞ്ഞുനിര്‍ത്തി സാങ്കല്‍പ്പിക മോട്ടോര്‍ സൈക്കിള്‍ ഓടിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. വിദ്യാര്‍ഥി ഇവരുടെ ആവശ്യത്തിന് വഴങ്ങി. ഇതിന്റെ വീഡിയോ ആണ് വ്യാപകമായി പ്രചരിച്ചത്. ഇതോടെ സംഭവത്തില്‍ പോലീസ് കേസെടുത്തു. പന്തളം എന്‍ എസ് എസ് കോളജില്‍ റാഗിംഗിനെ എതിര്‍ത്ത മിഥുന്‍ എന്ന വിദ്യാര്‍ഥിയെ ചില വിദ്യാര്‍ഥികള്‍ ചേര്‍ന്ന് കഠാര കൊണ്ട് കുത്തി ഗുരുതരമായി പരുക്കേല്‍പ്പിച്ചത് ഒരാഴ്ച മുമ്പാണ്. കുമ്പള ഹയര്‍ സെക്കന്‍ഡറിസ്‌കൂളില്‍ വിദ്യാര്‍ഥി സംഘട്ടനങ്ങള്‍ പതിവാകുന്നത് സ്‌കൂള്‍ അധികൃതര്‍ക്കും പോലീസിനും തലവേദന സൃഷ്ടിക്കുകയാണ്. ഏഴ് തവണയാണ് ഇവിടെ വിദ്യാര്‍ഥികള്‍ തമ്മിലേറ്റുമുട്ടിയത്. സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളിലും എന്‍ജിനീയറിംഗ് കോളജുകളിലുമാണ് കൂടുതലായും റാഗിംഗ് നടക്കുന്നത്. ഏറ്റവുമൊടുവില്‍ റാഗിംഗ് നടന്നത് കോഴിക്കോട് മെഡിക്കല്‍ കോളജിലാണ്. ഈ സംഭവത്തില്‍ 12 മെഡിക്കല്‍ വിദ്യാര്‍ഥികളെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ജാമ്യമില്ലാ കുറ്റമാണെങ്കിലും ഇത്തരം വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ റാഗിംഗിനെ അധികൃതര്‍ തമാശക്കളിയായാണ് കാണുന്നത്.
ഈ വര്‍ഷം ഇതുവരെയായി ഇരുപതോളം റാഗിംഗ് കേസുകളാണ് മെഡിക്കല്‍-എന്‍ജിനീയറിംഗ് കോളജുകളുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഒതുക്കിത്തീര്‍ത്ത റാഗിംഗ് സംഭവങ്ങളാകട്ടെ ഇതിലും എത്രയോ ഇരട്ടിയാണ്. റാഗിംഗ് നിരോധന നിയമപ്രകാരം മെഡിക്കൽ-എന്‍ജിനീയറിംഗ് കോളജുകളില്‍ ജാഗ്രതാ സമിതികള്‍ രൂപവത്കരിക്കണമെന്ന് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ പല കോളജുകളിലും ഇത്തരം സമിതികള്‍ രൂപവത്കരിച്ചിട്ടില്ല. പ്രിന്‍സിപ്പലും അധ്യാപകരും വിദ്യാര്‍ഥി പ്രതിനിധികളും പോലീസ് ഇന്‍സ്‌പെക്ടറും അടങ്ങുന്നതാണ് റാഗിംഗ്‌വിരുദ്ധ സമിതി. മാസത്തിലൊരിക്കല്‍ സമിതി യോഗം ചേര്‍ന്ന് വിദ്യാര്‍ഥികളുടെ പരാതി പരിഗണിക്കണമെന്നാണ് യു ജി സി നിര്‍ദേശിച്ചിരിക്കുന്നത്. എന്നാല്‍ ഇത് പല വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നടപ്പാകുന്നില്ല. ഗുരുതരമായ പരാതികളില്‍ പോലും തികഞ്ഞ അലംഭാവമാണ് കാണിക്കുന്നത്. റാഗിംഗ് എന്ന പേരില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ എത്ര വലിയ കുറ്റകൃത്യങ്ങള്‍ നടന്നാലും അത് മറച്ചുവെക്കുന്ന ശീലമാണ് മിക്ക സ്‌കൂള്‍-കോളജ് അധികൃതര്‍ക്കുമുള്ളത്.
റാഗിംഗിന് ഇരകളാകുന്ന വിദ്യാര്‍ഥികളെ പോലീസില്‍ പരാതി നല്‍കുന്നതില്‍ നിന്ന് പിന്തിരിപ്പിക്കുന്ന പ്രിന്‍സിപ്പല്‍മാരും അധ്യാപകരും നിരവധിയാണ്. റാഗിംഗ് ചെയ്യപ്പെടുന്ന കുട്ടികളും അവരുടെ രക്ഷിതാക്കളും മാത്രമല്ല വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധികാരികളും പോലീസില്‍ രേഖാമൂലം പരാതി നല്‍കണമെന്ന വ്യവസ്ഥയുണ്ട്. എന്നാല്‍ പല പ്രിന്‍സിപ്പല്‍മാരും പോലീസില്‍ പരാതി നല്‍കാന്‍ തയ്യാറാകാത്തതും റാഗ് ചെയ്യുന്ന സംഘങ്ങള്‍ക്ക് പ്രോത്സാഹനമാകുന്നു. റാഗിംഗ് തടയാനുള്ള നിയമം കുറേക്കൂടി ശക്തമാക്കണമെന്നാണ് ഇത്തരം കേസുകളുടെ വര്‍ധനവ് സൂചിപ്പിക്കുന്നത്. നിലവില്‍ രണ്ട്‌വര്‍ഷം വരെ തടവും 10,000 രൂപ പിഴയുമാണ് റാഗിംഗ് കേസുകളിലെ ശിക്ഷ.
റാഗിംഗ് മറച്ചുവെക്കുകയും ഇതുസംബന്ധിച്ച പരാതികള്‍ അവഗണിക്കുകയും ചെയ്യുന്ന സ്ഥാപന അധികാരികളും ശിക്ഷയുടെ പരിധിയില്‍ വരുന്നുണ്ട്. ഇവര്‍ക്കെതിരെയും കടുത്ത നടപടികളെടുക്കണം. റാഗിംഗിന് വിധേയരായി എത്രയോ വിദ്യാര്‍ഥികള്‍ക്ക് ജീവന്‍ വരെ നഷ്ടമായിട്ടുണ്ട്. കൊല്ലപ്പെട്ടവരും ജീവനൊടുക്കിയവരുമുണ്ട്. മാനസികമായി തകര്‍ന്ന് ജീവഛവമായി മാറിയവരുണ്ട്. ശാരീരിക ക്ഷതങ്ങളേറ്റവരുമുണ്ട്. ക്രൂരമായ റാഗിംഗിനിരകളായവര്‍ ജീവിതാന്ത്യം വരെ നരകയാതന അനുഭവിക്കുന്ന സ്ഥിതിയുമുണ്ട്. റാഗിംഗിന്റെ പേരില്‍ ഇനിയാര്‍ക്കും ജീവനും ജീവിതവും നഷ്ടമാകാതിരിക്കണമെങ്കില്‍ നിയമം കര്‍ശനമായി നടപ്പാക്കുക തന്നെ വേണം.
മുമ്പൊക്കെ രാഷ്ട്രീയ ഇടപെടലുകള്‍ കൊണ്ടായിരുന്നു വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അക്രമങ്ങളും സംഘര്‍ഷങ്ങളുമുണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ മുന്‍കാലങ്ങളിലേതുപോലെ രാഷ്ട്രീയമായ അതിപ്രസരം കലാലയങ്ങളില്‍ അത്ര പ്രകടമല്ല. ആ സ്ഥാനത്ത് മറ്റുചില ശക്തികളാണ് കലാലയങ്ങളില്‍ അക്രമങ്ങള്‍ക്ക് സാഹചര്യമൊരുക്കുന്നത്.
വിദ്യാര്‍ഥികളെ ലക്ഷ്യമിട്ട് എം ഡി എം എ പോലുള്ള മയക്കു മരുന്നുകളുടെയും കഞ്ചാവിന്റെയും വില്‍പ്പന സജീവമാണ്. ലഹരിക്കടിപ്പെടുന്ന ചില വിദ്യാര്‍ഥികള്‍ മറ്റ് വിദ്യാര്‍ഥികളെ ആക്രമിക്കാനും റാഗിംഗിന് വിധേയരാക്കാനും രംഗത്തുവരുന്നുവെന്നത് നിസ്സാരമായി കാണാന്‍ സാധിക്കില്ല. മയക്കു മരുന്നും കഞ്ചാവും ഉപയോഗിക്കുന്ന വിദ്യാര്‍ഥികള്‍ ക്യാമ്പസുകളിലെ സ്ഥിരം പ്രശ്‌നക്കാര്‍ തന്നെയാണ്. സ്ഥിരമായുള്ള ലഹരി ഉപയോഗം വിദ്യാര്‍ഥികളുടെ മാനസികനില തന്നെ തകരാറിലാക്കുന്നു. മറ്റുള്ളവരെ ഉപദ്രവിക്കാനും സ്വയം മുറിവേല്‍പ്പിക്കാനും മടികാണിക്കാത്ത മനോവൈകല്യങ്ങളാണ് ഇവരെ നയിക്കുന്നത്. ആര്‍ക്കും ഒരു ശല്യവുമാകാത്ത വിദ്യാര്‍ഥികളെ തിരഞ്ഞുപിടിച്ച് റാഗിംഗിന് വിധേയരാക്കുന്നതും മര്‍ദിക്കുന്നതും പീഡിപ്പിക്കുന്നതും ഇവര്‍ക്ക് ഹരമായി മാറുന്നു.
പഠിക്കുകയെന്ന പ്രാഥമിക ഉത്തരവാദിത്വം പോലും മറന്നുകൊണ്ട് മറ്റ് കുട്ടികളെ പഠിക്കാന്‍ അനുവദിക്കാതെയാണ് ഇത്തരം വിദ്യാര്‍ഥികള്‍ ക്യാമ്പസുകളില്‍ അഴിഞ്ഞാടുന്നത്. തങ്ങള്‍ ഉപയോഗിക്കുന്ന ലഹരിവസ്തുക്കള്‍ മറ്റ് വിദ്യാര്‍ഥികളെ കൊണ്ട് കഴിപ്പിക്കാനും ഇവര്‍ ശ്രമം നടത്താറുണ്ട്. വഴങ്ങാത്തവരെ ഭീഷണിപ്പെടുത്തിയും മര്‍ദിച്ചും തങ്ങളുടെ വരുതിയില്‍ നിര്‍ത്താന്‍ ശ്രമിക്കുന്നു. വര്‍ഗീയ-മതതീവ്രവാദ ചിന്താഗതിയുള്ള വിദ്യാര്‍ഥികളും ക്യാമ്പസുകള്‍ക്ക് എന്നും തലവേദനയാണ്. തങ്ങളില്‍ നിക്ഷിപ്തമായ അജന്‍ഡകള്‍ക്കനുസരിച്ച് മറ്റ് വിദ്യാര്‍ഥികളുടെ ജീവിതത്തില്‍ സ്വാധീനം ചെലുത്താന്‍ ഇവര്‍ തുനിയുന്നു.
ക്യാമ്പസുകളില്‍ വിഭാഗീയ പ്രശ്‌നങ്ങളുണ്ടാക്കി വിദ്യാര്‍ഥികളെ പരസ്പരം ശത്രുക്കളാക്കി മാറ്റാന്‍ ഇത്തരം വിദ്യാര്‍ഥികള്‍ നടത്തുന്ന നീക്കങ്ങളെയും ഗൗരവത്തോടെ തന്നെ കാണേണ്ടതുണ്ട്. റാഗിംഗും അക്രമങ്ങളും വിദ്യാലയങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിക്കുകയും പഠനം പ്രതിസന്ധിയിലാക്കുകയും ചെയ്യുന്നു. നന്നായി പഠിക്കാന്‍ ആഗ്രഹിക്കുന്ന കുട്ടികളുടെ വിദ്യാഭ്യാസപരമായ വളര്‍ച്ചയെപ്പോലും അക്രമങ്ങള്‍ പ്രതികൂലമായി ബാധിക്കുകയാണ്. റാഗിംഗ് കേസുകളില്‍ പ്രതികളാകുന്ന വിദ്യാര്‍ഥികളുടെ തുടര്‍പഠനങ്ങള്‍ അവതാളത്തിലാകുന്നു. ലഹരി മാഫിയകളുടെ സ്വാധീനം തന്നെയാണ് കലാലയങ്ങളില്‍ സംഘര്‍ഷമുണ്ടാകാന്‍ പ്രധാന കാരണം. റാഗിംഗിനും അതുമായി ബന്ധപ്പെട്ട അതിക്രമങ്ങള്‍ക്കുമെതിരെ ക്യാമ്പസുകളില്‍ ബോധവത്കരണം അനിവാര്യമാണ്.
source https://www.sirajlive.com/repeated-raging-atrocities.html
Post a Comment