അഹമ്മദാബാദ് | ഗുജറാത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതികൾ ഇന്ന് പ്രഖ്യാപിച്ചേക്കും. ഇന്ന് 12 മണിക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ വാർത്താസമ്മേളനം നടത്തും.
കഴിഞ്ഞ തവണത്തെ പോലെ ഇത്തവണയും രണ്ട് ഘട്ടങ്ങളിലായാകും തിരഞ്ഞെടുപ്പ് നടത്തുകയെന്നാണ് പ്രതീക്ഷിക്കുന്നത്. ഡിസംബർ രണ്ടിന് ആദ്യഘട്ടവും ഡിസംബർ അഞ്ചിനോ ആറിനോ രണ്ടാം ഘട്ടവും നടക്കുമെന്ന് കമ്മീഷനുമായി അടുത്ത വൃത്തങ്ങൾ സൂചന നൽകി.
കഴിഞ്ഞ 27 വർഷമായി ബിജെപി സർക്കാരാണ് ഗുജറാത്ത് ഭരിക്കുന്നത്. ഇത്തവണയും അധികാരം നിലനിർത്താനുള്ള ശ്രമത്തിലാണ് ബിജെപി. അതേ സമയം ബിജെപിയെ അധികാരത്തിൽ നിന്ന് പുറത്താക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. ഇതിനിടയിൽ ഇരുവർക്കും പകരം പുതിയ ബദൽ കൊണ്ടുവരാനുള്ള വാഗ്ദാനങ്ങളുമായി ആം ആദ്മി പാർട്ടിയും സജീവമായി രംഗത്തുണ്ട്.
ഗുജറാത്തിൽ 182 നിയമസഭാ സീറ്റുകളാണുള്ളത്. 2017ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 99 സീറ്റുകൾ ബിജെപിയും 77 സീറ്റുകൾ കോൺഗ്രസും ആറ് സീറ്റുകൾ മറ്റു കക്ഷികളുമാണ് നേടിയത്.
2023 ഫെബ്രുവരി 18 വരെയാണ് ഗുജറാത്ത് നിയമസഭയുടെ കാലാവധി.
source https://www.sirajlive.com/gujarat-assembly-election-date-to-be-announced-today-press-conference-at-12-o-39-clock.html
إرسال تعليق