തിരുവനന്തപുരം | തലസ്ഥാന നഗരിയിൽ രാത്രി വീടുകളിൽ കയറി അതിക്രമം കാണിച്ച കേസിൽ മന്ത്രിയുടെ പേഴ്സനൽ സ്റ്റാഫിൻ്റെ ഡ്രൈവർ അറസ്റ്റിൽ. മലയന്‍കീഴ് സ്വദേശി സന്തോഷാണ് അറസ്റ്റിലായത്. ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ്റെ പേഴ്സനൽ സ്റ്റാഫിൻ്റെ ഡ്രൈവറാണ് ഇയാൾ. താത്കാലിക സർക്കാർ ജീവനക്കാരനാണ് സന്തോഷ്.
രാത്രി 11.30ഓടെയാണ് പേരൂർക്കട പോലീസ് സന്തോഷിൻ്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. രാത്രി എട്ടോടെ ഇയാൾ കസ്റ്റഡിയിലായ വിവരം പുറത്തുവന്നിരുന്നു. കുറുവൻകോണത്ത് കഴിഞ്ഞ ഒരു വർഷമായി സ്ത്രീകൾ മാത്രം താമസിക്കുന്ന വീടുകളിൽ അതിക്രമം നടക്കുന്നതായി പരിസരവാസികൾ നിരന്തരം പരാതിപ്പെട്ടിരുന്നു. ഏറ്റവും ഒടുവിൽ കുറുവൻകോണത്ത് നർത്തകിയുടെ വീട്ടിൽ കയറി ജനൽച്ചില്ലുകൾ അടിച്ചുതകർത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു. ഈ കേസിലാണ് സന്തോഷ് അറസ്റ്റിലായത്.
അതേസമയം, മ്യൂസിയം പരിസരത്ത് യുവതിക്കെതിരെ ലൈംഗിക അതിക്രമം നടത്തിയത് ഇയാളാണോയെന്നത് സ്ഥിരീകരിച്ചിട്ടില്ല. അതിനായി മ്യൂസിയം പോലീസ് ഇയാളെ ചോദ്യം ചെയ്യും. കുറുവൻകോണം ആക്രമണം നടത്തിയയാളാണ് മ്യൂസിയത്ത് സ്ത്രീയെ ആക്രമിച്ചതെന്ന് നേരത്തേ റിപ്പോർട്ടുണ്ടായിരുന്നു.
source https://www.sirajlive.com/assault-in-trivandrum-one-arrested.html
إرسال تعليق