വിരമിക്കല്‍ പ്രായം ഉയര്‍ത്തുമ്പോള്‍

പൊതുമേഖലാ സ്ഥാപനങ്ങളിലെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയ സര്‍ക്കാര്‍ നടപടി സമ്മിശ്ര പ്രതികരണമാണ് സൃഷ്ടിച്ചത്. സര്‍വീസ് സംഘടനകള്‍ സ്വാഗതം ചെയ്യുമ്പോള്‍ യുവജന സംഘടനകള്‍ പതിവു പോലെ അതിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. സംസ്ഥാനത്ത് 134 പൊതുമേഖലാ സ്ഥാപനങ്ങളില്‍ 114 എണ്ണമാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ഇവയില്‍ പെന്‍ഷന്‍ പ്രായം വ്യത്യസ്തമാണ്. ചിലതില്‍ 60 വയസ്സാണെങ്കില്‍ മറ്റു ചിലതില്‍ 58 ആണ്. വര്‍ക്കേഴ്‌സിന് 60ഉം സ്റ്റാഫിന് 58ഉം ആയി പ്രായം നിജപ്പെടുത്തിയ സ്ഥാപനങ്ങളുമുണ്ട്. ഈ വ്യത്യാസം അവസാനിപ്പിച്ച് എല്ലായിടത്തും വിരമിക്കല്‍ പ്രായം 60 ആയി നിശ്ചയിച്ചു കൊണ്ടാണ് തിങ്കളാഴ്ച ധനകാര്യ വകുപ്പ് ഉത്തരവിറക്കിയത്. കെ എസ് ആര്‍ ടി സി, കെ എസ് ഇ ബി, ജല അതോറിറ്റികള്‍ക്ക് ഇത് ബാധകമല്ല. പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകള്‍ ഏകീകരിക്കുന്നതിനായി നിയോഗിച്ച കെ മോഹന്‍ദാസ് അധ്യക്ഷനായ സമിതിയുടെ നിര്‍ദേശ പ്രകാരമാണ് പരിഷ്‌കരണം.

പൊതുമേഖലാ സ്ഥാപനങ്ങളിലെ ഈ പരിഷ്‌കരണം താമസിയാതെ സര്‍വീസ് മേഖലയിലും നടപ്പാക്കുമെന്നതാണ് യുവജന സംഘടനകളുടെ എതിര്‍പ്പിനു കാരണം. അതോടെ ഉദ്യോഗാര്‍ഥികളുടെ ജോലിക്കു വേണ്ടിയുള്ള കാത്തിരിപ്പ് പിന്നെയും നീളും. അതേസമയം സംസ്ഥാനത്തിന്റെ കടുത്ത സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യാനായി സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും പെന്‍ഷന്‍ പ്രായം ഉയര്‍ത്തണമെന്ന വാദം വര്‍ഷങ്ങളായി ഉയര്‍ന്നു കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ രണ്ട് ശമ്പള പരിഷ്‌കരണ കമ്മീഷനുകളും ഈ നിര്‍ദേശം മുന്നോട്ടു വെച്ചിട്ടുണ്ട്. ജീവനക്കാരുടെ വിരമിക്കല്‍ പ്രായം 56 വയസ്സില്‍ നിന്ന് 58 ആക്കി ഉയര്‍ത്താനായിരുന്നു 2015ല്‍ ശമ്പള കമ്മീഷന്‍ ശിപാര്‍ശ ചെയ്തത്. ഈ നിര്‍ദേശത്തെ സര്‍ക്കാര്‍ നിയോഗിച്ച ധനവിനിയോഗ സമിതിയും പിന്തുണച്ചു. പെന്‍ഷന്‍ പ്രായം ആദ്യം 58 ആയും പിന്നീട് 60 ആയും ഘട്ടംഘട്ടമായി ഉയര്‍ത്തണമെന്ന് 2019ല്‍ സാമ്പത്തിക ഉപദേശക സമിതിയും നിര്‍ദേശിച്ചു. പ്രായം ഉയര്‍ത്തുമ്പോള്‍ കൂടുതല്‍ കാലം പെന്‍ഷന്‍ നല്‍കേണ്ട ബാധ്യത സര്‍ക്കാറിന് ഒഴിവായിക്കിട്ടുമെന്നതിനു പുറമെ അനുഭവ സമ്പത്തുള്ളവരുടെ സേവനം കൂടുതല്‍ കാലം ലഭ്യമാക്കാനും സഹായകമാകുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

കേരളീയരുടെ ശരാശരി ആയുര്‍ദൈര്‍ഘ്യം 44.4 വയസ്സ് ആയിരുന്ന ഘട്ടത്തിലാണ് പെന്‍ഷന്‍ പ്രായം 55 വയസ്സായി നിശ്ചയിച്ചത്. ഇന്നിപ്പോള്‍ ശരാശരി ആയുര്‍ദൈര്‍ഘ്യം 74 വയസ്സായി ഉയര്‍ന്നിരിക്കെ പെന്‍ഷന്‍ പ്രായം ഇപ്പോഴും 56 തന്നെയായി തുടരുന്നത് അശാസ്ത്രീയവും യുക്തിരഹിതവുമാണെന്ന വാദവും ഉയരുന്നുണ്ട്. വികസിത രാഷ്ട്രങ്ങളില്‍ പെന്‍ഷന്‍ പ്രായം 60ല്‍ നിന്നും 65ല്‍ നിന്നും അതില്‍ നിന്ന് മേലോട്ടും ഉയര്‍ത്തിക്കൊണ്ടിരിക്കുകയാണ്. രാജ്യത്തെ ശരാശരി ആയുസ്സ് ഉയര്‍ന്നു കൊണ്ടിരിക്കെ വിരമിക്കല്‍ പ്രായം ഉയര്‍ത്തുന്ന കാര്യം എംപ്ലോയ്‌മെന്റ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്റെ (ഇ പി എഫ് ഒ)പരിഗണനയിലുമുണ്ട്. 2047ഓടെ ഇന്ത്യ 60 വയസ്സിന് മുകളില്‍ പ്രായമുള്ള 140 ദശലക്ഷം വ്യക്തികളുള്ള ഒരു വൃദ്ധ സമൂഹമായി മാറുമെന്ന് പ്രവചിക്കപ്പെടുന്നു. ഇത് രാജ്യത്തിനകത്ത് പെന്‍ഷന്‍ ഫണ്ടുകളില്‍ വലിയ സമ്മര്‍ദം ചെലുത്തുമെന്ന റിപോര്‍ട്ടുകളുടെ വെളിച്ചത്തിലാണ് ഇ പി എഫ് ഒയുടെ ഇത്തരമൊരു ആലോചന. യൂറോപ്യന്‍ രാജ്യങ്ങളെയും കാനഡയെയും അമേരിക്കയെയും പോലെ 60 വയസ്സിനോ 65 വയസ്സിനു മുകളിലോ വിരമിക്കല്‍ പ്രായമാക്കിയാല്‍ പെന്‍ഷന്‍ ഫണ്ടുകള്‍ക്ക് 2047ല്‍ ഉണ്ടാകുന്ന സമ്മര്‍ദം കുറക്കാന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍. പെന്‍ഷന്‍ സംവിധാനങ്ങളുടെ പ്രവര്‍ത്തനക്ഷമത ഉറപ്പാക്കാന്‍ ഇത്തരമൊരു മാറ്റം ആവശ്യമാണെന്ന് ഇ പി എഫ് ഒ അതിന്റെ വിഷന്‍ 2047 രേഖയില്‍ പറയുന്നുണ്ട്.

സര്‍വീസ് മേഖലയിലായാലും പൊതുമേഖലയിലായാലും ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നതിനോട് നേരത്തേ കടുത്ത വിയോജിപ്പായിരുന്നു സി പി എമ്മിനും മറ്റു ഇടതുപക്ഷ പാര്‍ട്ടികള്‍ക്കും. യുവജന സംഘടനകളുടെ വികാരവും സമ്മര്‍ദവുമായിരുന്നു ഈ നയത്തിനു പിന്നില്‍. വി എസ് സര്‍ക്കാറിന്റെ കാലത്ത് ധനമന്ത്രിയായിരുന്ന തോമസ് ഐസക് വിരമിക്കല്‍ പ്രായം ഉയര്‍ത്തണമെന്ന അഭിപ്രായം പ്രകടിപ്പിച്ചിരുന്നുവെങ്കിലും പാര്‍ട്ടി അത് നിരാകരിക്കുകയായിരുന്നു. സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമായതോടെ സി പി എമ്മിന്റെ നിലപാടില്‍ ഇപ്പോള്‍ മാറ്റം വന്നിട്ടുണ്ട്. ജീവനക്കാരുടെ വിരമിക്കല്‍ പ്രായം ഉയര്‍ത്തിയാല്‍ സാമ്പത്തിക പ്രതിസന്ധി ഒരളവോളമെങ്കിലും അതിജീവിക്കാനാകുമെന്നാണ് പാര്‍ട്ടിയുടെ കണക്കുകൂട്ടല്‍. 21,083 പേരാണ് സംസ്ഥാനത്ത് 2023ല്‍ പെന്‍ഷനാകുന്നത്. ഇവരുടെ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ നല്‍കാന്‍ മാത്രം 4,000 കോടി രൂപ വേണം. വിരമിക്കല്‍ പ്രായം ഒരു വര്‍ഷത്തേക്ക് നീട്ടിയാല്‍ ഇത്രയും തുകയും, രണ്ട് വര്‍ഷത്തേക്ക് നീട്ടിയാല്‍ 8,000 കോടിയും ലാഭിക്കാനാകും. ആദ്യം 57 ആയും പിന്നീട് 58 ആയും ഉയര്‍ത്താനാണ് സര്‍ക്കാറിന്റെ ആലോചന.

അതേസമയം വിരമിക്കല്‍ പ്രായപരിധി ഉയര്‍ത്തുമ്പോള്‍ ഉണ്ടാകാന്‍ സാധ്യതയുള്ള തൊഴില്‍ നഷ്ടം ആശങ്കയായി നിലനില്‍ക്കുന്നുണ്ട്. യുവജന സംഘടനകള്‍ ഈ നീക്കത്തോട് വിയോജിപ്പ് പ്രകടിപ്പിക്കാന്‍ കാരണമിതാണ്. പൊതുമേഖലാ സ്ഥാപനങ്ങളില്‍ പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയ നടപടി ഒരു ലക്ഷത്തില്‍പരം ജീവനക്കാര്‍ക്കു ബാധകമാകുമെന്നിരിക്കെ, തൊഴിലന്വേഷകരായ ലക്ഷക്കണക്കിന് ഉദ്യോഗാര്‍ഥികളെ പ്രതികൂലമായി ബാധിക്കുമെന്നും ധനവകുപ്പ് ഇറക്കിയ ഉത്തരവ് പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് സി പി എമ്മിന്റെ യുവജന വിഭാഗമായ ഡി വൈ എഫ് ഐ രംഗത്തു വന്നിട്ടുണ്ട്. ധനവകുപ്പ് തീരുമാനം പിന്‍വലിച്ചില്ലെങ്കില്‍ സമരത്തിനിറങ്ങുമെന്ന് സി പി ഐ യുവജന സംഘടനയായ എ ഐ വൈ എഫും യൂത്ത് കോണ്‍ഗ്രസ്സും പ്രഖ്യാപിച്ചിരിക്കുകയാണ്. യുവജന സംഘടനകളെ അനുനയിപ്പിക്കാന്‍ സര്‍ക്കാര്‍ എന്ത് നടപടി സ്വീകരിക്കുമെന്ന ചോദ്യം പ്രസക്തമാണ്.



source https://www.sirajlive.com/when-the-retirement-age-is-raised.html

Post a Comment

Previous Post Next Post