അട്ടിമറിക്കപ്പെടുന്നത് സംവരണ ലക്ഷ്യങ്ങള്‍

രാജ്യത്തെ പിന്നാക്ക വിഭാഗങ്ങള്‍ക്ക് ആഘാതവും നിരാശാജനകവുമാണ് സാമ്പത്തിക സംവരണത്തിലുള്ള സുപ്രീം കോടതി ഭരണഘടനാ ബഞ്ചിന്റെ വിധിപ്രസ്താവം. മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് വിദ്യാഭ്യാസ, തൊഴില്‍ മേഖലയില്‍ സംവരണം നല്‍കുന്നതിന് കൊണ്ടുവന്ന ഭരണഘടനാ ഭേദഗതിക്കെതിരായ ഹരജികളിലാണ് സുപ്രീം കോടതിയുടെ ഭരണഘടനാ ബഞ്ചിന്റെ തീര്‍പ്പ്. അഞ്ചംഗ ഭരണഘടനാ ബഞ്ചില്‍ ജസ്റ്റിസ് ദിനേശ് മഹേശ്വരി, ജസ്റ്റിസ് ബേല എം ത്രിവേദി, ജസ്റ്റിസ് ജെ ബി പാര്‍ദിവാല എന്നിവര്‍ സാമ്പത്തിക സംവരണത്തെ അനുകൂലിച്ചപ്പോള്‍ ചീഫ് ജസ്റ്റിസ് യു യു ലളിത്, ജസ്റ്റിസ് എസ് രവീന്ദ്ര ഭട്ട് എന്നിവര്‍ എതിര്‍ത്തു.

സാമ്പത്തിക സംവരണം ഭരണഘടനാപരമാണോ, സംവരണം 50 ശതമാനത്തില്‍ കൂടുന്നത് അനുവദനീയമാണോ തുടങ്ങിയ വിഷയങ്ങളാണ് ബഞ്ച് പരിഗണിച്ചത്. സാമ്പത്തിക സംവരണത്തില്‍ ഭരണഘടനാപരമായി പ്രശ്‌നമില്ലെന്നാണ് സംവരണത്തെ അനുകൂലിച്ച ജസ്റ്റിസുമാരുടെ നിരീക്ഷണം. അതേസമയം ഭേദഗതി ഭരണഘടനയുടെ അടിസ്ഥാന ചട്ടക്കൂടിന് വിരുദ്ധമാണെന്നാണ് ജസ്റ്റിസ് രവീന്ദ്ര ഭട്ടിന്റെ വീക്ഷണം. ഭരണഘടനാപരമായി നിരോധിക്കപ്പെട്ട വിവേചനങ്ങളാണ് ഭേദഗതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സാമൂഹികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങളെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങളില്‍ നിന്ന് ഒഴിവാക്കുന്നത് ശരിയല്ല. ഇത് സമത്വം എന്ന തത്ത്വത്തിന് നിരക്കാത്തതാണ്. ദരിദ്രരില്‍ ഭൂരിഭാഗവും ആര്‍ട്ടിക്കിള്‍ 15(4), 16(4) എന്നിവയില്‍ പരാമര്‍ശിച്ച എസ് സി-എസ് ടി, എസ് സി- ബി സി കാറ്റഗറിയില്‍ പെട്ടവരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ചീഫ് ജസ്റ്റിസ് യു യു ലളിതും രവീന്ദ്ര ഭട്ടിന്റെ വിധിന്യായത്തെ അനുകൂലിച്ചു.

മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് തൊഴില്‍, വിദ്യാഭ്യാസം എന്നീ മേഖലകളില്‍ പത്ത് ശതമാനം സംവരണം നടപ്പാക്കുന്ന 103ാം ഭരണഘടനാ ഭേദഗതി ചോദ്യം ചെയ്തു കൊണ്ടുള്ള ഹരജികളിലാണ് ഭരണഘടനാ ബഞ്ച് ഇന്നലെ വിധിപ്രസ്താവിച്ചത്. 2019 ജനുവരിയിലാണ് ഭരണഘടനയുടെ 15,16 അനുഛേദങ്ങള്‍ ഭേദഗതി ചെയ്ത് കേന്ദ്രം മുന്നാക്ക വിഭാഗ സംവരണം നടപ്പാക്കാന്‍ തീരുമാനിച്ചത്. ഇതിനെതിരെ ഡി എം കെ, എസ് എന്‍ ഡി പി തുടങ്ങി വിവിധ പിന്നാക്ക സംഘടനകളുടെ 39 ഹരജികള്‍ കോടതി മുമ്പാകെ വന്നു. സാമ്പത്തികം അടിസ്ഥാനമാക്കിയുള്ള സംവരണത്തിന് സംസ്ഥാനങ്ങള്‍ക്ക് അനുമതി നല്‍കുന്ന 103ാം ഭേദഗതി, ഭരണഘടനയുടെ അടിസ്ഥാന ഘടനയെ തകര്‍ക്കുന്നതാണെന്നാണ് ഹരജിക്കാര്‍ മുന്നോട്ട് വെച്ച പ്രധാന വാദം.

യഥാര്‍ഥത്തില്‍ ഭരണഘടനാ ശില്‍പ്പികള്‍ സംവരണത്തിലൂടെ ഉദ്ദേശിച്ച ലക്ഷ്യത്തെയും അടിസ്ഥാന തത്ത്വങ്ങളെയും അട്ടിമറിക്കുന്നതാണ് തൊഴില്‍, വിദ്യാഭ്യാസ മേഖലയിലെ സംവരണത്തിന് സാമ്പത്തിക പിന്നാക്കാവസ്ഥ മാനദണ്ഡമാക്കുന്ന നിലപാട്. വര്‍ണ-ജാതി വ്യവസ്ഥ നിമിത്തം സഹസ്രാബ്ദങ്ങളായി ഇന്ത്യയിലെ ബഹുഭൂരിപക്ഷം വരുന്ന പിന്നാക്ക, ദളിത് സമുദായങ്ങള്‍ അടിമാവസ്ഥക്കു സമാനമായ സാമൂഹിക വിവേചനം അനുഭവിച്ചു വരികയാണെന്ന യാഥാര്‍ഥ്യം ഉള്‍ക്കൊണ്ട്, അതിനൊരു പരിഹാരമെന്ന നിലയിലാണ് ഡോ. അംബേദ്കറുടെ നേതൃത്വത്തില്‍ ഭരണഘടനാ ശില്‍പ്പികള്‍ സാമൂഹിക സംവരണം നടപ്പാക്കാനുള്ള നിര്‍ദേശം ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയത്. ജാതിപരവും അതോടൊപ്പം സാമൂഹികവുമായ വിവേചനം പരിഹരിക്കപ്പെടാത്തിടത്തോളം ഇന്ത്യന്‍ ജനാധിപത്യത്തിന് മുന്നോട്ടു പോകാനാകില്ലെന്നായിരുന്നു അംബേദ്കറുടെ കാഴ്ചപ്പാട്. സംവരണത്തിന്റെ അടിസ്ഥാനം സാമ്പത്തിക പിന്നാക്കാവസ്ഥയല്ലെന്ന് ഭരണഘടന വിശകലനം ചെയ്തുകൊണ്ട് നേരത്തേ സുപ്രീംകോടതി തന്നെയും വ്യക്തമാക്കിയതുമാണ്. വരേണ്യ വര്‍ഗങ്ങള്‍ മാത്രം കൈയടക്കി വെച്ചിരുന്ന ഉദ്യോഗ, ഭരണ മേഖലകളില്‍ പിന്നാക്ക വിഭാഗങ്ങളും ദളിതരും കടന്നുവരുന്നത് കണ്ട് സഹിക്കാനും പൊറുക്കാനും കഴിയാത്ത വരേണ്യ വര്‍ഗങ്ങള്‍ സാമൂഹിക സംവരണത്തെ അട്ടിമറിക്കാന്‍ കൊണ്ടുപിടിച്ച് ശ്രമിക്കുകയാണ്. മുസ്‌ലിംകള്‍ അടുത്ത കാലത്ത് കൂടുതലായി സിവില്‍ സര്‍വീസ് പരീക്ഷകള്‍ പാസ്സാകുന്നതിനെതിരായി സവര്‍ണ അനുകൂല ചാനലുകള്‍ രംഗത്തുവന്നത് സ്മരണീയം. ഇതിന്റെ ഭാഗമാണ് മുന്നാക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കും സംവരണം വേണമെന്ന മുറവിളിയും.

സംവരണം എല്ലാ ദുര്‍ബല വിഭാഗങ്ങളെയും മുന്നോട്ടു കൊണ്ടുവരാനാണെന്നാണ് സാമ്പത്തിക സംവരണത്തെ അനുകൂലിച്ച ജഡ്ജിമാരുടെ വാദം. എന്നാല്‍ സാമ്പത്തികമായ ദുര്‍ബലതയല്ല, സാമൂഹികമായും ചരിത്രപരമായുമുള്ള കാരണങ്ങളാല്‍ അടിച്ചേല്‍പ്പിക്കപ്പെട്ട ദുര്‍ബലതക്ക് പരിഹാരമെന്ന നിലയിലാണ് സംവരണം എഴുതിച്ചേര്‍ക്കപ്പെട്ടതെന്ന സത്യം എന്തുകൊണ്ടോ അവര്‍ കാണാതെ പോയി. സാമ്പത്തിക ദുര്‍ബലത പരിഹരിക്കേണ്ടത് സംവരണത്തിന്റെ ലക്ഷ്യം അട്ടിമറിച്ചു കൊണ്ടല്ല, ദാരിദ്ര്യ നിര്‍മാര്‍ജനം പോലുള്ള പദ്ധതികളിലൂടെയാണ്. ഈ ലക്ഷ്യത്തില്‍ രാജ്യത്ത് പല പദ്ധതികളും പ്രഖ്യാപിക്കപ്പെട്ടിട്ടുമുണ്ട്. അതേസമയം സാമൂഹിക അസമത്വവും ദുര്‍ബലതയും പരിഹരിക്കാന്‍ വേറെ പദ്ധതികളില്ല. സംവരണമാണ് ഇക്കാര്യത്തില്‍ പ്രായോഗിക മാര്‍ഗം. സാമ്പത്തിക സംവരണത്തിന്റെ പേരില്‍ ഈ ആനുകൂല്യവും ഇല്ലാതാക്കിയാല്‍ പിന്നാക്ക, ദളിത് വിഭാഗങ്ങളുടെ മുന്നേറ്റത്തിന് അത് വിലങ്ങാകും.

ഹ്രസ്വ കാലത്തേക്കാണ് ഭണഘടനാ ശില്‍പ്പികള്‍ സംവരണം വിഭാവനം ചെയ്തതെന്നും സ്വാതന്ത്ര്യാനന്തരം 76 വര്‍ഷങ്ങള്‍ പിന്നിട്ട സാഹചര്യത്തില്‍ ഇനിയും തുടരുന്നത് ശരിയല്ല, ഇക്കാര്യത്തില്‍ പുനഃപരിശോധന ആവശ്യമാണെന്നും ജസ്റ്റിസ് ബേല എന്‍ ത്രിവേദിയും ജസ്റ്റിസ് ജെ ബി പാര്‍ദിവാലയും വിധിന്യായത്തില്‍ പറയുകയുണ്ടായി. സംവരണം അനന്തമായി തുടരണമെന്ന് അതിന്റെ ആനുകൂല്യങ്ങള്‍ അനുഭവിക്കുന്ന വിഭാഗങ്ങള്‍ക്കും നിര്‍ബന്ധമില്ല. പക്ഷേ അവര്‍ അനുഭവിക്കുന്ന സാമൂഹിക വിവേചനവും അസന്തുലിതാവസ്ഥയും പരിഹരിക്കപ്പെടേണ്ടതുണ്ട്. ഇത് പരിഹരിച്ചായിരിക്കണം സംവരണത്തില്‍ പുനഃപരിശോധന നടത്തേണ്ടത്.



source https://www.sirajlive.com/the-goals-of-reservation-are-subverted.html

Post a Comment

Previous Post Next Post