കേരള പാഠ്യപദ്ധതി പരിഷ്‌കരണം: നിക്ഷിപ്ത താത്പര്യങ്ങൾ അടിച്ചേൽപ്പിക്കരുത്- എസ് വൈ എസ്

കോഴിക്കോട് | കേരള പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ മറവിൽ ഏതെങ്കിലും രാഷ്ട്രീയ സാംസ്‌കാരിക സംഘടനകളുടെ തത്വശാസ്ത്രവും നയപരിപാടികളും അടിച്ചേൽപ്പിക്കരുതെന്ന് എസ് വൈ എസ് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. രാജ്യം എക്കാലവും സൂക്ഷിച്ചുപോന്ന ബഹുസ്വരത, മത സ്വാതന്ത്ര്യം, മൂല്യ ബോധം തുടങ്ങിയ ആശയങ്ങൾ പാഠ്യപദ്ധതി പരിഷ്‌കരണത്തിൽ പരിഗണിക്കേണ്ടതുണ്ട്. അതോടൊപ്പം കേരളീയ സമൂഹം നാളിതുവരെ കരുതലോടെ സമീപിച്ച സൗഹൃദത്തെ സമ്പന്നമാക്കാൻ പാഠ്യപദ്ധതി സഹായകമാവണം. ഏതെങ്കിലും മത വിശ്വാസങ്ങളെ വ്രണപ്പെടുത്തുന്നതോ അതിനെതിരെയുള്ള നീക്കങ്ങളെ പ്രോത്സാഹിപ്പിക്കുന്നതോ ആവരുത്.

ചട്ടക്കൂടിന്റെ കരട് നിർദേശങ്ങളിൽ പ്രയോഗിച്ച ജെൻഡർ ന്യൂട്രാലിറ്റി, ജെൻഡർ സ്‌പെക്ട്രം, ലിംഗ സമത്വം, ലിംഗാവബോധം, ജെൻഡർ ഓഡിറ്റിംഗ് തുടങ്ങിയ പല പ്രയോഗങ്ങളും സമൂഹത്തിലെ വ്യത്യസ്ത വിഭാഗങ്ങൾക്കിടയിൽ കടുത്ത അസംതൃപ്തി സൃഷ്ടിച്ചിട്ടുണ്ട്. നിർവചനം നൽകാത്ത ഇത്തരം പ്രയോഗങ്ങൾ പൂർണമായും ഒഴിവാക്കണം. ജെൻഡർ സ്‌പെക്ട്രം, ലിംഗ സമത്വം, സ്‌കൂൾ സമയ മാറ്റം തുടങ്ങിയവ ഉൾപ്പെടുന്ന വിഷയങ്ങളിൽ പുനരാലോചന കൂടിയേ തീരൂ. പരിഷ്‌കരണം സംബന്ധിച്ച് കേരളത്തിലെ വിവിധ മത, രാഷ്ട്രീയ സംഘടനകളുമായി വിശദമായ ചർച്ചക്ക് സംസ്ഥാന സർക്കാർ തയ്യാറാവണം.

എന്നാൽ കേരളീയ വിദ്യാഭ്യാസത്തിന്റെ മുന്നേറ്റത്തിന് ആക്കം കൂട്ടുന്ന ചില നിർദേശങ്ങൾ ചട്ടക്കൂടിലുണ്ട് എന്നത് സന്തോഷകരമാണ്. ഈ വിഷയത്തിൽ സമൂഹത്തിന്റെ ആശങ്ക ഉൾപ്പെടുത്തി മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും വിശദമായ നിവേദനം നൽകുമെന്ന് നേതാക്കൾ പ്രസ്താവിച്ചു. സയ്യിദ് ത്വാഹാ സഖാഫി അധ്യക്ഷത വഹിച്ചു.

ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി, ഡോ. മുഹമ്മദ് കുഞ്ഞി സഖാഫി കൊല്ലം, മുഹമ്മദ് പറവൂർ, സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി, റഹ്മത്തുല്ല സഖാഫി എളമരം, അബൂബക്കർ പടിക്കൽ, സ്വാദിഖ് വെളിമുക്ക്, ദേവർഷോല അബ്ദുസ്സലാം മുസ്ലിയാർ, എം എം ഇബ്റാഹീം, അബ്ദുൽ ജബ്ബാർ സഖാഫി, ആർ പി ഹുസൈൻ, ഇ കെ മുഹമ്മദ് കോയ സഖാഫി, വി പി എം ബശീർ പറവന്നൂർ, സിദ്ദീഖ് സഖാഫി നേമം, ബശീർ പുളിക്കൂർ ചർച്ചയിൽ പങ്കെടുത്തു.



source https://www.sirajlive.com/kerala-curriculum-reform-do-not-impose-vested-interests-sys.html

Post a Comment

أحدث أقدم