ഭീകരതക്ക് പണമില്ല; മൂന്നാമത് മന്ത്രിതല സമ്മേളനം ഇന്ന് ഡൽഹിയിൽ തുടങ്ങും

ന്യൂഡൽഹി | ഭീകരവാദ ധനസഹായം ചെറുക്കുന്നത് സംബന്ധിച്ച്‌ മൂന്നാമത് മന്ത്രിതല സമ്മേളനം ഇന്ന് ഡൽഹിയിൽ ചേരും. ‘ഭീകരതയ്ക്ക് പണമില്ല’ എന്ന പ്രമേയത്തിൽ ഹോട്ടൽ താജ് പാലസിൽ നടക്കുന്ന രണ്ട് ദിവസത്തെ സമ്മേളനം രാവിലെ 9:30 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും.

ഭീകരവാദ ധനസഹായം ചെറുക്കുന്നത് സംബന്ധിച്ച നിലവിലെ അന്താരാഷ്ട്ര ഭരണക്രമത്തിന്റെ ഫലപ്രാപ്തിയെക്കുറിച്ചും ഉയർന്നുവരുന്ന വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിന് ആവശ്യമായ നടപടികളെക്കുറിച്ചും യോഗം ചർച്ച ചെയ്യും. 2018 ഏപ്രിലിൽ പാരീസിലും 2019 നവംബറിൽ മെൽബണിലും നടന്ന മുമ്പത്തെ രണ്ട് സമ്മേളനങ്ങളുടെ നേട്ടങ്ങളും പഠനങ്ങളും വിലയിരുത്തും. ഒപ്പം ഭീകര വാദികൾക്ക് സാമ്പത്തിക സഹായം നിഷേധിക്കുന്നതിലെ ആഗോള സഹകരണം വർദ്ധിപ്പിക്കുന്നതിന് പ്രവർത്തിക്കുകയും ചെയ്യും.

എഴുപതോളം രാജ്യങ്ങൾ സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് എൻഐഎ ഡിജി ഡിങ്കർ ഗുപ്ത ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു. മന്ത്രിമാർ, ബഹുമുഖ സംഘടനാ മേധാവികൾ, ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്‌സ് (എഫ്‌എടിഎഫ്) പ്രതിനിധികൾ എന്നിവരുൾപ്പെടെ ലോകത്തെമ്പാടും നിന്നുള്ള 450 പ്രതിനിധികൾ സമ്മേളനത്തിനെത്തും.

‘ഭീകരവാദത്തിലും ഭീകരവാദ ധനസഹായത്തിലുമുള്ള ആഗോള പ്രവണതകൾ’, ‘ഭീകരവാദത്തിനായുള്ള ഔപചാരികവും അനൗപചാരികവുമായ ഫണ്ടുകളുടെ ഉപയോഗം’, ‘നൂതന സാങ്കേതിക വിദ്യകളും ഭീകരവാദ ധനസഹായവും, ഭീകരവാദ ധനസഹായം ചെറുക്കുന്നതിനുള്ള അന്താരാഷ്ട്ര സഹകരണത്തിലെ വെല്ലുവിളികൾ ” എന്നീ വിഷയങ്ങൾ കേന്ദ്രീകരിച്ചാകും സമ്മേളനത്തിലെ ചർച്ച.



source https://www.sirajlive.com/terrorism-has-no-money-the-third-ministerial-meeting-will-begin-today-in-delhi.html

Post a Comment

أحدث أقدم