കോഴിക്കോട് | പ്രശസ്ത കവിയും തിരക്കഥാകൃത്തും നോവലിസ്റ്റുമായ ടി.പി. രാജീവൻ (63) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ബുധനാഴ്ച രാത്രി പതിനൊന്നരയോടെ ആയിരുന്നു അന്ത്യം. വൃക്ക, കരൾ രോഗങ്ങൾക്ക് ചികിത്സയിലായിരുന്നു.
മൃതദേഹം ഇന്ന് രാവിലെ 9 മുതൽ 11 വരെ കോഴിക്കോട് ടൗൺ ഹാളിൽ പൊതു ദർശനത്തിന് വെക്കും. സംസ്ക്കാരം വൈകിട്ട് മൂന്നിന് നരയംകുളത്തെ വീട്ട് വളപ്പിൽ.
കേരള സാഹിത്യ അക്കാദമി പുരസ്കാരം അടക്കം നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. പാലേരി മാണിക്യം -ഒരു പാതിരാ കൊലപാതകത്തിൻറെ കഥ, കെ.ടി.എന്‍. കോട്ടൂര്‍ എഴുത്തും ജീവിതവും, ക്രിയാശേഷം, കുഞ്ഞാലി മരക്കാര്‍ എന്നിവയാണ് അദ്ദേഹത്തിന്റെ പ്രധാന നോവലുകൾ.
റിട്ട.അധ്യാപകനായ തച്ചംപൊയില്‍ രാഘവന്‍ നായരുടേയും ദേവി അമ്മയുടേയും മകനായി 1959-ല്‍ പാലേരിയിലാണ് ജനനം. ഡല്‍ഹിയില്‍ പാട്രിയറ്റ് പത്രത്തില്‍ പത്രപ്രവര്‍ത്തകനായാണ് ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. പിന്നീട് കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ പബ്ലിക് റിലേഷന്‍ ഓഫീസറായി. കെ.സി.ജോസഫ് സാംസ്‌കാരിക മന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയും പ്രവര്‍ത്തിച്ചു.
വടക്കുമ്പാട് ഹൈസ്‌കുള്‍, ഗുരുവായൂരപ്പന്‍ കോളേജ്, ഒറ്റപ്പാലം എന്‍.എസ്.എസ്. കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. നടുവണ്ണൂരിനടുത്ത് കോട്ടൂരിലെ നരയംകുളത്താണ് ഇപ്പോള്‍ താമസം. ഭാര്യ: പി.ആര്‍.സാധന. മക്കള്‍: ശ്രീദേവി, പാര്‍വ്വതി.
source https://www.sirajlive.com/poet-and-novelist-tp-rajeevan-passed-away.html
Post a Comment