ന്യൂഡല്‍ഹി | കേരളത്തില്‍ ശശി തരൂരിന് എതിരായ അപ്രഖ്യാപിത വിലക്കില്‍ നെഹ്‌റു കുടുംബത്തിന് കടുത്ത അതൃപ്തി. ഇത് സംബന്ധിച്ച് എം കെ രാഘവന്‍ നല്‍കിയ പരാതിയില്‍ വ്യക്തത തേടിയിരിക്കുകയാണ് സോണിയ ഗാന്ധി.തരൂരിനെതിരായ സംഘടിത നീക്കത്തെ നിരുത്സാഹപ്പെടുത്താന്‍ എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയോട് സോണിയാ ഗാന്ധി നിര്‍ദേശിച്ചതായാണ് വിവരം. എം കെ രാഘവന്‍ നല്കിയ പരാതി വിശദമായ് പരിഗണിച്ച് തീര്‍പ്പാക്കാന്‍ സോണിയാ ഗാന്ധിയുടെ നിര്‍ദേശം നല്‍കി. അധ്യക്ഷ തിരഞ്ഞെടുപ്പില്‍ മത്സരിച്ച തരൂരിന്റെ സമ്മേളനങ്ങള്‍ക്കുള്ള വിലക്ക് ഗൗരവത്തോടെയാണ് നെഹ്‌റു കുടുംബം കാണുന്നതെന്നാണ് സോണിയയുടെ ഇടപെടല്‍ വ്യക്തമാക്കുന്നത്.
കോഴിക്കോട് തരൂര്‍ പങ്കെടുക്കുന്ന സെമിനാറില്‍ നിന്ന് യൂത്ത് കോണ്‍ഗ്രസ് പിന്മാറിയ സംഭവത്തെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും എം കെ രാഘവന്‍ എംപി പരാതി നല്‍കിയിരുന്നു.
സംഭവം അതീവ ഗൗരവകരം എന്നും ഇക്കാര്യം അന്വേഷിക്കാന്‍ കെ പി സി സി കമ്മീഷനെ നിയോഗിക്കണമെന്നും എം കെ രാഘവന് എം പി ആവശ്യപ്പെട്ടിരുന്നു. അന്വേഷണ കമ്മീഷനെ നിയോഗിച്ചാല്‍ തെളിവ് നല്‍കാന്‍ തയ്യാറെന്നും അല്ലാത്ത പക്ഷം അറിയുന്ന കാര്യങ്ങള്‍ തുറന്ന് പറയേണ്ടി വരുമെന്നും രാഘവന്‍ വ്യക്തമാക്കിയിരുന്നു. യൂത്ത് കോണ്‍ഗ്രസ് പിന്മാറിയ സംഭവത്തെക്കുറിച്ച് അന്വേഷണം വേണമെന്ന് ശശി തരൂരും ആവശ്യപ്പെട്ടു.
നെഹ്‌റു ഫൗണ്ടേഷന്‍ സംഘടിപ്പിച്ച മതേതരത്വവും സംഘപരിവാറും എന്ന വിഷയത്തില്‍ നടന്ന സെമിനാറിലാണ് ഇരുവരും നിലപാട് വ്യക്തമാക്കിയത്. യൂത്ത് കോണ്‍ഗ്രസ് പിന്മാറിയ സാഹചര്യത്തിലായിരുന്നു നെഹ്‌റു ഫൗണ്ടേഷന്‍ പരിപാടി സംഘടിപ്പിച്ചത്
source https://www.sirajlive.com/nehru-family-unhappy-with-move-against-tharoor-sonia-gandhi-advised-kharge-to-solve-the-problem.html
Post a Comment