ഗുജറാത്തിൽ വോട്ടെടുപ്പ് ഡിസംബർ ഒന്നിനും അഞ്ചിനും

ന്യൂഡൽഹി| ഗുജറാത്തിൽ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. ഡിസംബർ ഒന്ന്, അഞ്ച് തീയതികളിൽ രണ്ട് ഘട്ടമായാണ് വോട്ടെടുപ്പ്. ഹിമാചൽ പ്രദേശിനൊപ്പം ഗുജറാത്തിലെയും വോട്ടെണ്ണൽ ഡിസംബർ എട്ടിന് നടക്കും. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാറും തിരഞ്ഞെടുപ്പ് കമ്മീഷണർ അനുപ് ചന്ദ്ര പാണ്ഡെയും വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

നവംബർ അഞ്ച്, പത്ത് തീയതികളിൽ തിരഞ്ഞെടുപ്പ് വിജ്ഞാപനം ഇറങ്ങും. ഒന്നാം ഘട്ടത്തിൽ നവംബർ 14 വരെയും രണ്ടാം ഘട്ടത്തിൽ 17 വരെയും പത്രിക സമർപ്പിക്കാം. സൂക്ഷ്മ പരിശോധന 15, 18 തീയതികളിൽ നടക്കും. 17, 21 തീയതികൾ വരെ പത്രിക പിൻവലിക്കാം.

ഇത്തവണ ഗുജറാത്തിൽ ആകെ 4.9 കോടി വോട്ടർമാർ വോട്ടെടുപ്പിൽ പങ്കെടുക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ പറഞ്ഞു. ഇതിൽ 3,24,422 പേർ പുതിയ വോട്ടർമാരാണ്. ആകെ 51,782 പോളിംഗ് സ്റ്റേഷനുകളുണ്ടാകും. ഇതിൽ 50% പോളിംഗ് സ്റ്റേഷനുകളിലെങ്കിലും വെബ്കാസ്റ്റിംഗ് സംവിധാനം ഉണ്ടായിരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

തിരഞ്ഞെടുപ്പ് കമ്മിഷന്റെ കണക്കനുസരിച്ച് ഗുജറാത്തിൽ 142 മോഡൽ പോളിങ് സ്റ്റേഷനുകളാണുള്ളത്. 1274 പോളിംഗ് സ്റ്റേഷനുകളിൽ സ്ത്രീകളെ മാത്രം വിന്യസിക്കും. ഇത്തവണ ഷിപ്പിംഗ് കണ്ടെയ്‌നറുകൾ പോൾ ബൂത്തുകളായി ഉപയോഗിക്കുമെന്നും കമ്മീഷണർ അറിയിച്ചു.

കഴിഞ്ഞ 27 വർഷമായി ബിജെപി സർക്കാരാണ് ഗുജറാത്ത് ഭരിക്കുന്നത്. ഇത്തവണയും അധികാരം നിലനിർത്താനുള്ള ശ്രമത്തിലാണ് ബിജെപി. അതേ സമയം ബിജെപിയെ അധികാരത്തിൽ നിന്ന് പുറത്താക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. ഇതിനിടയിൽ ഇരുവർക്കും പകരം പുതിയ ബദൽ കൊണ്ടുവരാനുള്ള വാഗ്ദാനങ്ങളുമായി ആം ആദ്മി പാർട്ടിയും സജീവമായി രംഗത്തുണ്ട്.

ഗുജറാത്തിൽ 182 നിയമസഭാ സീറ്റുകളാണുള്ളത്. 2017ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 99 സീറ്റുകൾ ബിജെപിയും 77 സീറ്റുകൾ കോൺഗ്രസും ആറ് സീറ്റുകൾ മറ്റു കക്ഷികളുമാണ് നേടിയത്.

2023 ഫെബ്രുവരി 18 വരെയാണ് ഗുജറാത്ത് നിയമസഭയുടെ കാലാവധി.



source https://www.sirajlive.com/gujarat-assembly-election-date-to-be-announced-today-press-conference-at-12-o-39-clock-2.html

Post a Comment

أحدث أقدم