തിരുവനന്തപുരം മേയര്‍ സി പി എം ജില്ലാ സെക്രട്ടറിക്കയച്ചുവെന്ന് പറയപ്പെടുന്ന കത്താണ് രാഷ്ട്രീയ കേരളത്തിലെ പുതിയ വിവാദം. തിരുവനന്തപുരം കോര്‍പറേഷന് കീഴിലെ അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്ററുകളിലെ 295 ഒഴിവുകളിലേക്ക് കരാര്‍ നിയമനത്തിന് പാര്‍ട്ടി മുന്‍ഗണനാ പട്ടിക തയ്യാറാക്കി നല്‍കണമെന്നാവശ്യപ്പെട്ട് സി പി എം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്, മേയര്‍ ആര്യാ രാജേന്ദ്രന്‍ ഔദ്യോഗിക ലെറ്റര്‍പാഡില്‍ കത്ത് നല്‍കിയെന്നാണ് ആരോപിക്കപ്പെടുന്നത്. തൊട്ടുപിന്നാലെ എസ് എ ടി ആശുപത്രി പരിസരത്തെ വിശ്രമ കേന്ദ്രത്തിലേക്ക് ആളെ നിയമിക്കണമെന്നാവശ്യപ്പെട്ട് പാര്‍ലിമെന്ററി പാര്‍ട്ടി നേതാവ് ഡി ആര്‍ അനില്‍ ജില്ലാ സെക്രട്ടറിക്ക് കത്തയച്ചതായും ആരോപണമുയര്‍ന്നു. ഈ കത്തുകളുടെ ഫോട്ടോസ്റ്റാറ്റ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കരാര്‍ നിയമനത്തിന്റെ ഇന്റര്‍വ്യൂ തീയതി മാറ്റിയതിലും ദുരൂഹതയുണ്ട്. നവംബര്‍ മൂന്ന് മുതല്‍ 10 വരെയായിരുന്നു നേരത്തേ ഇന്റര്‍വ്യൂ തീരുമാനിച്ചത്. പിന്നീട് 21 മുതല്‍ 28 വരെയാക്കി മാറ്റി. നവംബര്‍ ഒന്നിനാണ് നിയമനത്തിനായി പാര്‍ട്ടിക്കാരുടെ ലിസ്റ്റ് ആവശ്യപ്പെട്ട് മേയര്‍ ജില്ലാ സെക്രട്ടറിക്ക് കത്തയച്ചുവെന്ന് പറയപ്പെടുന്നത്. ഇതേതുടര്‍ന്ന് പാര്‍ട്ടിക്കാരുടെ ലിസ്റ്റ് തയ്യാറാക്കാന്‍ ആനാവൂര്‍ നാഗപ്പന്‍ സമയം ചോദിച്ചതിനെ തുടര്‍ന്നാണ് മേയര്‍ ഇന്റര്‍വ്യൂ തീയതി മാറ്റിയതെന്നാണ് രാഷ്ട്രീയ ശത്രുക്കള്‍ ആരോപിക്കുന്നത്.
പാര്‍ട്ടിക്കാര്‍ക്ക് പിന്‍വാതില്‍ നിയമനം നല്‍കാനാണ് മേയര്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയോട് ലിസ്റ്റ് ആവശ്യപ്പെട്ടതെന്നും ഇത് സ്വജനപക്ഷപാതവും സത്യപ്രതിജ്ഞാ ലംഘനവുമാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തുന്നു. അതേസമയം, കോര്‍പറേഷന്‍ തൊഴില്‍ നിയമനവുമായി ബന്ധപ്പെട്ട് പുറത്തുവന്ന കത്ത് താന്‍ തയ്യാറാക്കിയതല്ലെന്നാണ് മേയര്‍ ആര്യാ രാജേന്ദ്രന്റെ വിശദീകരണം. കത്തയച്ച ഒന്നാം തീയതി താന്‍ തിരുവനന്തപുരത്തുണ്ടായിരുന്നില്ലെന്നും ഡി വൈ എഫ് ഐ പാര്‍ലിമെന്റ് മാര്‍ച്ചില്‍ പങ്കെടുക്കാന്‍ ഡല്‍ഹിയിലായിരുന്നുവെന്നും അവര്‍ വ്യക്തമാക്കി. മേയറുടെ ഔദ്യോഗിക ലെറ്റര്‍പാഡില്‍ ഇങ്ങനെയൊരു കത്ത് മേയറെന്ന നിലയിലോ മേയറുടെ ഓഫീസില്‍ നിന്നോ നല്‍കിയിട്ടില്ലെന്നും ഇത്തരത്തില്‍ കത്ത് നല്‍കുന്ന പതിവ് നിലവിലില്ലെന്നും നഗരസഭാ അധികൃതരും പറയുന്നു. വിവാദമുണ്ടാക്കി മേയറുടെയും പാര്‍ട്ടിയുടെയും പ്രതിഛായ തകര്‍ക്കുകയാണ് രാഷ്ട്രീയ പ്രതിയോഗികളുടെ ലക്ഷ്യമെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. ഇതുസംബന്ധിച്ച് സിറ്റി പോലീസ് കമ്മീഷണര്‍ക്കോ മ്യൂസിയം പോലീസിനോ പരാതി നല്‍കാനാണ് തീരുമാനം. കത്തിന്റെ നിജസ്ഥിതി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് മേയർ പരാതി നൽകിയിട്ടുമുണ്ട്.
സര്‍ക്കാര്‍ സര്‍വീസിലെയും പൊതുമേഖലാ സ്ഥാപനങ്ങളിലെയും സ്ഥിരം നിയമനത്തിന് പി എസ് സി മുഖേനയും താത്കാലിക നിയമനത്തിന് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേനയും അപേക്ഷ ക്ഷണിക്കണമെന്നാണ് ചട്ടം. എന്നാല്‍ പലപ്പോഴും ഒഴിവുകളിലേക്ക് ഭരണപക്ഷത്തിന് വേണ്ടപ്പെട്ടവരെ തിരുകിക്കയറ്റുന്നതിന് ചട്ടം ലംഘിക്കുന്നതും, താത്കാലിക തസ്തികകള്‍ വഴി നിയമനം നടത്തി പിന്നീട് ജോലി സ്ഥിരപ്പെടുത്തുന്നതും സാധാരണമാണ്. എല്ലാ സര്‍ക്കാറുകളുടെ കാലത്തും നടന്നിട്ടുണ്ട് ഇത്തരം നിയമനങ്ങള്‍. പിണറായി സര്‍ക്കാര്‍ ഏറ്റവും കൂടുതല്‍ പഴി കേള്‍ക്കേണ്ടി വന്നത് ഇതേച്ചൊല്ലിയാണ്. ഉമ്മന്‍ ചാണ്ടി സര്‍ക്കാറും നേരിടേണ്ടി വന്നിട്ടുണ്ട് പിന്‍വാതില്‍ നിയമനത്തെ ചൊല്ലിയുള്ള വിമര്‍ശങ്ങള്‍.
ചട്ടപ്രകാരമുള്ള നിയമനവും കാത്തുകഴിയുന്ന യുവജനങ്ങളോടുള്ള കടുത്ത വഞ്ചനയാണ് പിന്‍വാതില്‍ നിയമനങ്ങള്‍. ഇത്തരം നിയമനങ്ങളെ സുപ്രീം കോടതി രൂക്ഷമായി വിമര്‍ശിച്ചിട്ടുണ്ട്. ഭരണഘടനാപരമായ വ്യവസ്ഥകള്‍ പാലിച്ചാകണം സര്‍ക്കാര്‍ നിയമന നടപടികളെന്ന് ഇക്കഴിഞ്ഞ ഏപ്രിലില്‍ എല്‍ ഐ സിയിലെ പാര്‍ട്ട് ടൈം ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ ഹരജി തള്ളി സുപ്രീം കോടതി ചൂണ്ടിക്കാട്ടി. നിയമന ചട്ടങ്ങള്‍ പാലിക്കാതെ നിയമിച്ചവരെ സ്ഥിരപ്പെടുത്തുന്നത് പിന്‍വാതില്‍ നിയമനത്തിന് തുല്യമാണെന്നും ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്, സൂര്യകാന്ത്, വിക്രം നാഥ് എന്നിവരടങ്ങിയ ബഞ്ച് വ്യക്തമാക്കി. ഓരോ വര്‍ഷവും ആയിരക്കണക്കിനു വിദ്യാര്‍ഥികളാണ് സംസ്ഥാനത്തെ സര്‍വകലാശാലകളില്‍ നിന്ന് ഉന്നത ബിരുദം നേടി പുറത്തിറങ്ങുന്നത്. തൊഴിലില്ലായ്മയില്‍ രാജ്യത്ത് കേരളം രണ്ടാം സ്ഥാനത്താണ്. ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ കൈയില്‍ പിടിച്ച് തൊഴില്‍ തേടി തലങ്ങും വിലങ്ങും നടക്കുകയാണ് കേരളീയ യുവത്വം.
2020ല്‍ അന്നത്തെ ധനമന്ത്രി തോമസ് ഐസക് പുറത്തുവിട്ട സാമ്പത്തിക അവലോകന കണക്കുകള്‍ പ്രകാരം കേരളീയ ഗ്രാമപ്രദേശങ്ങളില്‍ 100ല്‍ 29 പേരും നഗരപ്രദേശങ്ങളില്‍ 100ല്‍ 33 പേരും തൊഴിലില്ലായ്മാ പ്രശ്‌നം അനുഭവിക്കുന്നവരാണ്. 2021 മെയ് വരെയുള്ള കണക്കനുസരിച്ച് സംസ്ഥാനത്തെ എംപ്ലോയ്മെന്റ് എക്്‌സ്‌ചേഞ്ചുകളില്‍ പേര് രജിസ്റ്റര്‍ ചെയ്തവരുടെ എണ്ണം 37.71 ലക്ഷം വരും. ഇന്നല്ലെങ്കില്‍ നാളെ തങ്ങള്‍ക്ക് നിയമനം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഇവരൊക്കെ കഴിയുന്നത്. എന്നാല്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ശരാശരി 15,000ൽ താഴെയുള്ള നിയമനങ്ങളാണ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകള്‍ വഴി നടക്കുന്നത്.
അതിനിടെ ഇടക്കിടെ ഒഴിവു വരുന്ന തസ്തികകളില്‍ പിന്‍വാതില്‍ നിയമനം നടത്തുന്നത് ഒരു വിധത്തിലും ന്യായീകരിക്കാനാകില്ല. മേയറുടെ പേരില്‍ പുറത്തുവന്ന കത്ത് സൃഷ്ടിച്ച വിവാദം അത്ര പെട്ടെന്ന് കെട്ടടങ്ങുന്ന ലക്ഷണമില്ല. വിഷയത്തില്‍ ഗവര്‍ണറുടെ ഇടപെടല്‍ തേടി കോര്‍പറേഷനിലെ ബി ജെ പി കൗണ്‍സിലര്‍മാര്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ കാണാന്‍ തീരുമാനിച്ചിട്ടുണ്ട്.
വിഷയത്തില്‍ മേയര്‍ ആര്യാ രാജേന്ദ്രന്‍ രാജിവെക്കുകയോ മാപ്പ് പറയുകയോ ചെയ്യുന്നതു വരെ കത്ത് വിവാദവുമായി മുന്നോട്ട് പോകുമെന്നാണ് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ ഇന്നലെ മാധ്യമപ്രവര്‍ത്തകരെ അറിയിച്ചത്. നഗരസഭ രണ്ട് വര്‍ഷത്തിനിടെ നടത്തിയ താത്കാലിക നിയമനങ്ങള്‍ പരിശോധിക്കണമെന്നാവശ്യപ്പെട്ട് മുന്‍ കൗണ്‍സിലര്‍ വി എ ശ്രീകുമാര്‍ പരാതി നല്‍കിയിട്ടുണ്ട്. കത്ത് പാര്‍ട്ടിക്കേല്‍പ്പിച്ച ആഘാതം മറികടക്കാന്‍ സി പി എമ്മിന് അല്‍പ്പം പണിപ്പെടേണ്ടി വരും.
source https://www.sirajlive.com/the-burning-letter-controversy.html
Post a Comment