ജമാഅത്തെ ഇസ്ലാമിയുടെ മസ്ജിദില്‍ സിനിമാ ഷൂട്ടിംഗ്; ഒരു വിഭാഗം ചിത്രീകരണം തടഞ്ഞതായി പരാതി

മുക്കം | കോഴിക്കോട് മുക്കം ചേന്ദമംഗല്ലൂര്‍ മിനി പഞ്ചാബില്‍ ജമാഅത്തെ ഇസ്ലാമിയുടെ കീഴിലുള്ള ജുമാ മസ്ജിദില്‍ നടന്ന സിനിമ ഷൂട്ടിംഗ് ഒരു വിഭാഗം തടഞ്ഞു. മസ്ജിദുല്‍ മനാര്‍ കമ്മറ്റിയുടെ അനുവാദത്തോടെ നടക്കുന്ന ഷൂട്ടിംഗ് പുരോഗമിക്കുന്നതിനിടെ റോഡിലൂടെ പോകുകയായിരുന്ന രണ്ട് പേര്‍ പള്ളിയില്‍ ചിത്രീകരണം അനുവദിക്കില്ലെന്ന് പറഞ്ഞ് ഷൂട്ടിംഗ് സെറ്റില്‍ കയറി അതിക്രമം കാണിക്കുകയായിരുന്നുവെന്ന് സംവിധായകര്‍ പറഞ്ഞു. ഷൂട്ടിംഗിനായി തയ്യാറാക്കിയ അലങ്കാര ബള്‍ബുകള്‍ ഉള്‍പ്പെടെ അക്രമികള്‍ നശിപ്പിച്ചതായും പരാതിയുണ്ട്.

പള്ളി അധികൃതരുടെ അനുമതി വാങ്ങിയാണ് ചിത്രീകരണം തുടങ്ങിയതെന്നും ആരാണ് അക്രമം നടത്തിയതെന്ന് അറിയില്ലെന്നും സംവിധായകന്‍ പറഞ്ഞു. മാധ്യമ പ്രവർത്തകൻ ശമീര്‍ ഭരതന്നൂര്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ സെറ്റിലാണ് അതിക്രമം ഉണ്ടായത്. അക്രമത്തെ തുടര്‍ന്ന് സിനിമയുടെ ഷൂട്ടിംഗ് നിര്‍ത്തിവെച്ചു.

തുടര്‍ന്ന് പള്ളി ഭാരവാഹികള്‍ തടഞ്ഞവരെ പുറത്താക്കുകയും ഷൂട്ടിംഗ് തുടരാന്‍ അനുവദിക്കുകയും ചെയ്യുകയായിരുന്നു. മുക്കം പോലീസ് സ്ഥലത്തെത്തി സ്ഥിതി ഗതികള്‍ ശാന്തമാക്കിയ ശേഷമാണ് ഷൂട്ടിംഗ് പുനരാരംഭിച്ചത്.

 



source https://www.sirajlive.com/film-shooting-at-jamaat-islami-masjid-complaint-that-filming-of-a-section-was-blocked.html

Post a Comment

Previous Post Next Post