തിരുവനന്തപുരം | വിഴിഞ്ഞം തുറമുഖനിര്‍മാണത്തിനെതിരായ സമരം സംഘര്‍ഷത്തിലേക്ക് നീങ്ങി. പ്രദേശത്തേക്ക് ലോഡുമായി എത്തിയ ലോറികള്‍ സമരസമിതി തടഞ്ഞു. നിര്‍മാണം ഇന്ന് പുനരാരംഭിക്കുമെന്ന് അദാനി ഗ്രൂപ്പ് സര്‍ക്കാരിന് കത്ത് നല്‍കിയതിനു പിന്നാലെയാണ് സമരസമിതി വീണ്ടും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയത്.അതിനിടെ പ്രതിഷേധക്കാരില്‍ ചിലര്‍ കല്ലേറും നടത്തി.
ഇന്ന് രാവിലെ പത്തരയോടെ പദ്ധതി പ്രദേശത്തേയ്ക്കെത്തിയ ലോറികളാണ് സമരസമിതി തടഞ്ഞത്. ലോറികള്‍ക്ക് മുന്നില്‍ കിടന്നുകൊണ്ടാണ് തീരദേശവാസികളുകളുടെ പ്രതിഷേധം. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് വന്‍ പോലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്.
പോലീസിനെതിരെ മുദ്രാവാക്യം വിളിച്ചുകൊണ്ട് സ്ത്രീകള്‍ അടക്കമുള്ളവര്‍ പ്രതിഷേധിക്കുകയാണ്.ഇതിനിടെ പദ്ധതിയെ അനുകൂലിക്കുന്ന ആളുകളും സ്ഥലത്തെത്തി. സമരക്കാരും പദ്ധതിയെ അനുകൂലിക്കുന്നവരും തമ്മില്‍ തര്‍ക്കമായി. ഇരുകൂട്ടരെയും അനുനയിപ്പിക്കാനുള്ള ശ്രമം പോലീസ് തുടരുകയാണ്.
പ്രതിഷേധം തുടരുന്നത് മൂലം കഴിഞ്ഞ മൂന്നു മാസത്തോളമായി നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെട്ടിരിക്കുകയാണ്. സമരപന്തല്‍ പൊളിച്ചുനീക്കണമെന്ന ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് ഇന്ന് വീണ്ടും നിര്‍മാണം പുനരാംഭിക്കാനുള്ള നീക്കം. സമരപന്തല്‍ പൊളിച്ചുനീക്കണമെന്നും നിര്‍മാണത്തിന് തടസ്സമുണ്ടാത്താത്ത രീതിയില്‍ പ്രതിഷേധിക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
source https://www.sirajlive.com/massive-conflict-in-vizhinjam-blocked-vehicles-and-pelted-stones.html
إرسال تعليق