തൊഴിലാളികൾക്ക് ഏറെക്കുറെ ആശ്വാസം നൽകുന്നതാണ് പി എഫ് കേസിൽ സുപ്രീം കോടതി വിധി. ശമ്പളത്തിന് ആനുപാതികമായി ഉയർന്ന പെൻഷൻ നൽകണമെന്ന കേരള ഹൈക്കോടതി വിധി ഭാഗികമായി ശരിവെച്ച പരമോന്നത കോടതി പെൻഷൻ ലഭിക്കുന്നതിന് 15,000 രൂപ ശമ്പളപരിധി നിശ്ചയിച്ച കേന്ദ്ര ഉത്തരവ് റദ്ദാക്കുകയും ചെയ്തു. ഉയർന്ന ശമ്പളം അടിസ്ഥാനമാക്കാൻ ഓപ്ഷൻ നൽകുന്നവർ 15,000 രൂപയിൽ കൂടുതലുള്ള അവരുടെ ശമ്പളത്തിന്റെ 1.16 ശതമാനം വീതം പ്രതിമാസം അധികമായി പെൻഷൻ ഫണ്ടിലേക്ക് നൽകണമെന്ന വ്യവസ്ഥയും റദ്ദാക്കിയിട്ടുണ്ട്. 1952ലെ പ്രധാന നിയമത്തിനെതിരാണ് ഈ വ്യവസ്ഥയെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി. മാറിയ പെൻഷൻ പദ്ധതിയിൽ ചേരാൻ നാല് മാസത്തെ സാവകാശവും നൽകിയിട്ടുണ്ട്. ശമ്പളത്തിന് ആനുപാതികമായി ഉയർന്ന പി എഫ് പെൻഷൻ നൽകണമെന്ന 2018 ഒക്ടോബർ 12ലെ കേരള ഹൈക്കോടതി വിധിക്കെതിരെ കേന്ദ്ര സർക്കാർ നൽകിയ ഹരജിയിലാണ് സുപ്രീം കോടതിയുടെ ഈ അന്തിമ തീർപ്പ്. ഉയർന്ന ശമ്പളത്തിന് ആനുപാതികമായി പി എഫ് പെൻഷൻ നൽകിയാൽ പി എഫ് ഫണ്ട് ശോഷിക്കുമെന്നും പെൻഷൻ ഫണ്ട് വ്യവസ്ഥകളിലെ ഭേദഗതി സാമൂഹിക ഉന്നമനം ലക്ഷ്യമിട്ടായതിനാൽ ഭേദഗതി റദ്ദാക്കിയ കേരള ഹൈക്കോടതി നടപടി ഭരണഘടനാ വിരുദ്ധമാണെന്നുമുള്ള കേന്ദ്ര സർക്കാർ വാദം സുപ്രീം കോടതി നിരാകരിക്കുകയായിരുന്നു. അതേസമയം, പുതിയ വിധി നടപ്പാക്കുന്നതിനാവശ്യമായ ഫണ്ട് കണ്ടെത്തുന്നതിന് സർക്കാറിനും ഇ പി എഫ് ഒക്കും സുപ്രീം കോടതി ആറ് മാസത്തെ സമയ പരിധി അനുവദിച്ചിട്ടുണ്ട്.
1952ലെ പ്രൊവിഡന്റ് ഫണ്ട് നിയമത്തിൽ നിന്ന് ഒഴിവാക്കിയ സ്ഥാപനങ്ങളിലുള്ളവർക്കും ഇ പി എഫിൽ ചേരാമെന്നും ജീവനക്കാർക്കിടയിൽ വിവേചനം പാടില്ലെന്നും ചീഫ് ജസ്റ്റിസ് യു യു ലളിത്, ജസ്റ്റിസ് അനിരുദ്ധ ബോസ്, ജസ്റ്റിസ് സുധാംശു ധൂലിയ എന്നിവരടങ്ങിയ ബഞ്ച് വ്യക്തമാക്കി. ശമ്പളം എത്ര ഉയർന്നതാണെങ്കിലും 15,000 രൂപയുടെ 8.33 ശതമാനം (1,250 രൂപ) മാത്രമേ പെൻഷൻ സ്‌കീമിലേക്ക് പോയിരുന്നുള്ളൂ. അതനുസരിച്ചുള്ള കുറഞ്ഞ പെൻഷനാണ് ഇതുവരെ ലഭിച്ചിരുന്നത്. ഇനി യഥാർഥ ശമ്പളത്തിന്റെ 8.33 ശതമാനം തുക ഇ പി എഫിലേക്ക് വകമാറ്റി അതിനെ അടിസ്ഥാനമാക്കിയുള്ള ഉയർന്ന പെൻഷൻ നേടാനാകും ജീവനക്കാർക്ക്.
അതേസമയം, പെൻഷൻ കണക്കാക്കുന്നതിന് അവസാനത്തെ 12 മാസത്തെ ശമ്പളത്തിന്റെ ശരാശരി അടിസ്ഥാനമാക്കണമെന്ന തൊഴിലാളികളുടെ ആവശ്യം സുപ്രീം കോടതി അംഗീകരിച്ചില്ല. അവസാനത്തെ അറുപത് മാസത്തെ ശമ്പളത്തിന്റെ ശരാശരി അടിസ്ഥാനമാക്കണമെന്ന ഇ പി എഫ് നിയമഭേദഗതിയിലെ വ്യവസ്ഥ കോടതി ശരിവെക്കുകയായിരുന്നു. 2018ലെ കേരള ഹൈക്കോടതി വിധിപ്രകാരം ഇത് അവസാനത്തെ 12 മാസത്തെ ശമ്പളത്തിന്റെ ശരാശരിയായിരുന്നു. 2014 സെപ്തംബർ ഒന്നിന് മുമ്പ് പെൻഷൻ പദ്ധതിയിൽ ചേരാതെ വിരമിച്ചവർക്കും പെൻഷൻ പദ്ധതിയുടെ ആനുകൂല്യങ്ങളൊന്നും ലഭിക്കുകയില്ലെന്ന ഭേദഗതി നിയമത്തിലെ 11(3) വ്യവസ്ഥയും സുപ്രീം കോടതി ശരിവെച്ചു. ഈ രണ്ട് തീർപ്പുകളും തൊഴിലാളി താത്പര്യത്തിന് വിരുദ്ധമാണ്.
പതിനൊന്ന് വർഷം നീണ്ടു നിന്ന നിയമയുദ്ധത്തിനൊടുവിലാണ് സുപ്രീം കോടതി ഇപ്പോൾ പി എഫ് പെൻഷൻ വിഷയത്തിൽ അന്തിമതീർപ്പ് കൽപ്പിച്ചത്. വർധിച്ച ശമ്പളത്തിന് ആനുപാതികമായി പെൻഷൻ ഫണ്ട് വിഹിതം വർധിപ്പിക്കുന്നതിന് ഓപ്ഷൻ നൽകാൻ അവസരം നൽകണമെന്നുള്ള 2011ലെ കേരള ഹൈക്കോടതി വിധിയോടെയാണ് ഇതുസംബന്ധിച്ച നിയമ യുദ്ധത്തിന്റെ തുടക്കം. ഹൈക്കോടതി വിധിക്കെതിരെ 2014 ഒക്ടോബറിൽ പി എഫ് ഓർഗനൈസേഷൻ അപ്പീൽ നൽകി. ഡിവിഷൻ ബഞ്ച് അത് തള്ളി. തുടർന്ന് 2016 മാർച്ചിൽ ഇ പി എഫ് ഒ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. കേരള ഹൈക്കോടതി വിധിശരിവെക്കുകയായിരുന്നു സുപ്രീം കോടതി. അതിനിടെ, എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് സ്‌കീമിൽ കേന്ദ്ര സർക്കാർ തൊഴിലാളിവിരുദ്ധമായ ചില ഭേദഗതികൾ വരുത്തി. തുടർന്ന് ഇ പി എഫ് കമ്മീഷണർ ഇതുസംബന്ധിച്ച വിജ്ഞാപനവും പുറപ്പെടുവിച്ചു. ഈ നിയമഭേദഗതിയും വിജ്ഞാപനവും 2018 ഒക്ടോബറിൽ കേരള ഹൈക്കോടതി റദ്ദാക്കി. അതിനെതിരേ ഇ പി എഫ് ഒ അപ്പീൽ നൽകിയെങ്കിലും അപ്പീൽ സുപ്രീം കോടതി നിരാകരിച്ചു. എന്നിട്ടും സർക്കാർ പിന്തിരിഞ്ഞില്ല. പുനഃപരിശോധനാ ഹരജി നൽകി വീണ്ടും കേസെടുപ്പിച്ചു. ഈ ഹരജിയിലാണിപ്പോൾ സുപ്രീം കോടതിയുടെ സുപ്രധാന വിധി വന്നത്.
പ്രൊവിഡന്റ് ഫണ്ടും പി എഫ് പെൻഷനും ആരുടെയും ഔദാര്യമല്ല, തൊഴിലാളിവർഗത്തിന്റെ അവകാശമാണത്. ഒരു തൊഴിലാളി വിരമിക്കൽ പ്രായം വരെ ജോലി ചെയ്യുമ്പോൾ കിട്ടുന്ന ശമ്പളവും മറ്റാനുകൂല്യങ്ങളും പോലെ തന്നെ മുഖ്യമായി കണക്കാക്കുന്നു, ജീവനക്കാരന്റെ സാമ്പത്തിക ഭദ്രതയും സുരക്ഷിതത്വവും ഉറപ്പുവരുത്തുന്ന റിട്ടയർമെന്റ് ആനുകൂല്യങ്ങൾ. സർക്കാർ മേഖലയിൽ ഗ്രാറ്റുവിറ്റിയും പെൻഷനുമാണ് മുഖ്യവിരമിക്കൽ ആനുകൂല്യങ്ങളെന്ന പോലെ സർക്കാർ ഇതര- സ്വകാര്യമേഖലകളിൽ അതേ പ്രാധാന്യമർഹിക്കുന്നതാണ് ഗ്രാറ്റുവിറ്റിയും പ്രൊവിഡന്റ് ഫണ്ടും പെൻഷനും. ഇന്ത്യയിൽ മാത്രമല്ല, മുതലാളിത്ത രാജ്യങ്ങളിൽ ഉൾപ്പെടെ ലോകത്തെ മിക്കവാറും രാജ്യങ്ങളിലും ഇവയെല്ലാം നിലവിലുണ്ട്. വിരമിച്ച ശേഷം ജീവക്കാരന് അന്തസ്സോടെ ജീവിക്കാനുള്ള പദ്ധതിയാണ് പി എഫ് പെൻഷനെന്നും സാങ്കേതിക കാരണങ്ങൾ നിരത്തി അത് നിഷേധിക്കരുതെന്നും നേരത്തേ സുപ്രീം കോടതി തന്നെ സർക്കാറിനെ ഉണർത്തിയിട്ടുണ്ട്. 2019 ഏപ്രിലിൽ മദ്രാസ് ഹൈക്കോടതിയും ഈ കാര്യം എടുത്തു പറഞ്ഞിട്ടുണ്ട്. സ്വന്തമായി പി എഫ് ട്രസ്റ്റ് ഉള്ള സ്ഥാപനങ്ങളിലടക്കം എല്ലാ ജീവനക്കാർക്കും ശമ്പളത്തിന് ആനുപാതികമായി പെൻഷൻ ലഭിക്കാൻ അർഹതയുണ്ടെന്നും ജസ്റ്റിസ് വി പാർഥിപൻ ചൂണ്ടിക്കാട്ടിയിരുന്നു. ഇപ്പോഴത്തെ സുപ്രീം കോടതി വിധിയോടെ ഇക്കാര്യത്തിൽ ഇനി സർക്കാറിന് ഒഴിഞ്ഞു മാറാനാകില്ല. സുപ്രീം കോടതി വിധിക്കനുസരിച്ച് നിയമഭേദഗതിക്ക് കേന്ദ്ര സർക്കാർ വൈകാതെ നടപടികളാരംഭിക്കുമെന്നാണ് സർക്കാർ വൃത്തങ്ങൾ അറിയിച്ചത്.
source https://www.sirajlive.com/relief-for-the-employees-setback-for-the-government.html
Post a Comment