ദോഹ | മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍. ആരാധകരുടെ ആശങ്കകള്‍ക്ക് വിരാമമിട്ട് അര്‍ജന്റീന ലോകകപ്പ് പ്രീ ക്വാര്‍ട്ടറിലേക്ക് പറന്നു. ഗ്രൂപ്പ് സിയിലെ അവസാന മത്സരത്തില്‍ പോളണ്ടിന്റെ പ്രതിരോധ കോട്ടയെ തകര്‍ത്തു നേടിയതാണ് അര്‍ജന്റീനിയന്‍ വിജയം. പെനാള്‍ട്ടി ഉള്‍പ്പെടെ സേവ് ചെയ്ത് പോളണ്ട് ഗോള്‍വലക്ക് മുമ്പില്‍ വന്മതിലായി നിന്ന കീപ്പര്‍ സിസ്‌നിയാണ് അര്‍ജന്റീനക്ക് ഇതിലും വലിയൊരു വിജയം നിഷേധിച്ചത്.
ജൂലിയന്‍ അല്‍വാരസ്, അലിസ്റ്റര്‍ എന്നിവരുടെ ബൂട്ടില്‍ നിന്നാണ് അര്‍ജന്റീനയുടെ ഗോളുകള്‍ പിറന്നത്. പ്രാഥമിക റൗണ്ടില്‍ സഊദിയോട് തോറ്റു തുടങ്ങിയ അര്‍ജന്റീന പിന്നീടുള്ള രണ്ട് മത്സരങ്ങളില്‍ വിജയിച്ച് നേടിയ ആറ് പോയിന്റോടെ ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചത്. ആസ്‌ത്രേലിയയെയാണ് പ്രീ ക്വാര്‍ട്ടറില്‍ അര്‍ജന്റീനക്ക് നേരിടേണ്ടത്. തോറ്റെങ്കിലും പോളണ്ടും പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചിട്ടുണ്ട്. ഫ്രാന്‍സാണ് പ്രീ ക്വാര്‍ട്ടറില്‍ പോളണ്ടിന്റെ എതിരാളി.
ആദ്യ മത്സരത്തിലെ തോല്‍വിയുടെ ചാരത്തില്‍ നിന്ന് ഫീനിക്‌സ് പക്ഷിയെ പോലെ ഉയിര്‍ത്തെഴുന്നേറ്റ അര്‍ജന്റീനയെയാണ് അടുത്ത രണ്ട് അങ്കത്തിലും കണ്ടത്. ഇന്നലത്തെ പോരാട്ടത്തില്‍ അര്‍ജന്റീന ഗോളടിക്കാതിരിക്കാന്‍ പ്രതിരോധത്തിലൂന്നി കളിക്കുകയായിരുന്നു പോളണ്ട്. അതിനാല്‍ അര്‍ജന്റീനിയന്‍ പ്രതിരോധം കാര്യമായി പരീക്ഷിക്കപ്പെട്ടില്ല. പോളണ്ട് ബോക്സില്‍ നിരന്തരം ആക്രമണങ്ങള്‍ സംഘടിപ്പിക്കാനും ഇത് അര്‍ജന്റീനക്ക് സഹായകമായി.
കളി തുടങ്ങി 10ാം മിനുട്ടില്‍ മെസിയുടെ ഷോട്ട് ഗോള്‍കീപ്പര്‍ സിസ്‌നി തട്ടിത്തെറിപ്പിച്ചു. 17 ാം മിനുട്ടില്‍ അക്യൂനയുടെ ഷോട്ട് ക്രോസ് ബാറിന് മുകളിലൂടെ ഉയര്‍ന്നുപോയി. 33 ാം മിനുട്ടില്‍ ഏയ്ഞ്ജല്‍ ഡി മരിയയുടെ വിസ്മയകരമായ കോര്‍ണര്‍ കിക്ക് വലയില്‍ പതിക്കുമെന്ന് തോന്നിച്ചിടത്തു നിന്ന് സെസ്‌നി അത്ഭുതകരമായി രക്ഷപ്പെടുത്തി.
36 ാം മിനുട്ടില്‍ പോളണ്ടിനെ ഞെട്ടിച്ച് പെനാള്‍ട്ടിയെത്തി. ലയണല്‍ മെസ്സിയെ ബോക്സിനുള്ളില്‍ ഗോള്‍കീപ്പര്‍ സെസ്നി ഫൗള്‍ ചെയ്തതിനാണ് റഫറി പെനാള്‍ട്ടി സ്‌പോട്ടിലേക്ക് വിരല്‍ ചൂണ്ടിയത്. വാറിന്റെ സഹായത്തോടെയാണ് സെസ്‌നിയുടെ ഫൗള്‍ റഫറി കണ്ടെത്തിയത്. എന്നാല്‍ കിക്കുകളില്‍ അഗ്രഗണ്യനായ മെസിയുടെ തകര്‍പ്പന്‍ ഷോട്ട് സെസ്നി അത്യുജ്ജലമായി തട്ടിയകറ്റുന്നതാണ് സ്‌റ്റേഡിയം ദര്‍ശിച്ചത്.
47 ാം മിനുട്ടില്‍ അര്‍ജന്റീന ഫാന്‍സ് കാത്തിരുന്ന ഗോള്‍ വന്നെത്തി. അലിസ്റ്റര്‍ പന്ത് ലക്ഷ്യത്തിലെത്തിച്ചു. 67 ാം മിനുട്ടില്‍ എന്‍സോ ഫെര്‍ണാണ്ടസിന്റെ പാസ് കിടിലന്‍ ഷോട്ടിലൂടെ വലയിലെത്തിച്ച് അര്‍ജന്റീനയുടെ വിജയവും പ്രീ ക്വാര്‍ട്ടര്‍ പ്രവേശനവും ഉറപ്പാക്കി. ലീഡ് വര്‍ധിപ്പിക്കാന്‍ പിന്നെയും അവസരങ്ങള്‍ അര്‍ജന്റീന തുറന്നെടുത്തെങ്കിലും ലക്ഷ്യത്തിലെത്തിക്കാനായില്ല.
source https://www.sirajlive.com/six-feet-argentina-beating-poland-in-the-pre-quarter.html
إرسال تعليق