കൂട്ടമണിയടിക്കിടെ കൊയ്യുന്നതവരാണ്

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം കേരളത്തിനും പദ്ധതി വരുന്നതിന്റെ സമീപത്തുള്ള തീരത്തിനും അവിടെ ജീവിക്കുന്ന ആയിരക്കണക്കിനാളുകള്‍ക്കും ഗുണമോ ദോഷമോ എന്ന ചോദ്യം ഈ പദ്ധതിയെക്കുറിച്ചുള്ള ആലോചനകള്‍ തുടങ്ങിയ കാലം മുതലുള്ളതാണ്. ഭൂമിശാസ്ത്ര കാരണങ്ങളാല്‍ വലിയ സാധ്യതകള്‍ വിഴിഞ്ഞത്തിനുണ്ടെന്നും അത് മുതലാക്കാന്‍ പാകത്തിലുള്ള തുറമുഖ വികസനമുണ്ടായാല്‍ കേരളത്തില്‍ വികസനക്കുതിപ്പിന് വഴിവെക്കുമെന്നുമായിരുന്നു പദ്ധതിക്ക് വേണ്ടി സംസാരിച്ചിരുന്നവര്‍ ആദ്യകാലം മുതല്‍ പറഞ്ഞിരുന്നത്. അന്താരാഷ്ട്ര ചാനലുകള്‍ വഴി വരുന്ന കപ്പലുകള്‍ നിലവില്‍ വലിയ തോതില്‍ ആശ്രയിക്കുന്നത് ശ്രീലങ്കയിലെ കൊളംബോ തുറമുഖത്തെയാണ്. വിഴിഞ്ഞം പ്രവര്‍ത്തനക്ഷമമായാല്‍ കൊളംബോയിലേക്ക് പോകുന്ന കപ്പലുകളൊക്കെ ഇവിടേക്ക് വരുമെന്നും അവകാശപ്പെട്ടിരുന്നു. പദ്ധതിയെക്കുറിച്ച് ആലോചന തുടങ്ങിയ 1990കളില്‍ നിര്‍മാണം ആരംഭിക്കുകയും രണ്ടായിരാമാണ്ടോടെ പ്രവര്‍ത്തനക്ഷമമാകുകയും ചെയ്തിരുന്നുവെങ്കില്‍ ഈ അവകാശവാദം ഏറെക്കുറെ ശരിയാകുമായിരുന്നു. എന്നാല്‍ രണ്ട് ദശകത്തിനിപ്പുറം അത്തരം സാധ്യതകള്‍ വിഴിഞ്ഞത്തിനുണ്ടോ എന്നതില്‍ സംശയമുണ്ട്. തമിഴ്‌നാട്ടിലെ തൂത്തുക്കുടി, കൂടുതല്‍ ചരക്ക് വാഹനശേഷിയുള്ളതാക്കി വികസിപ്പിച്ചിരിക്കുന്നു. കുളച്ചലില്‍ പുതിയ തുറമുഖം നരേന്ദ്ര മോദി സര്‍ക്കാര്‍ പ്രഖ്യാപിക്കുകയും തീരവാസികളുടെ എതിര്‍പ്പുയര്‍ന്നതോടെ തത്കാലത്തേക്ക് മാറ്റിവെക്കുകയും ചെയ്തിരിക്കുന്നു. കൊച്ചിയില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ വല്ലാര്‍പാടം കണ്ടെയ്‌നര്‍ ട്രാന്‍സ്ഷിപ്പ്‌മെന്റ് ടെര്‍മിനല്‍ നഷ്ടക്കണക്കുകളില്‍ നിന്ന് മുന്നേറാനാകാതെ കിതക്കുന്നുമുണ്ട്. ഈ സാഹചര്യത്തില്‍ വിഴിഞ്ഞം പ്രതീക്ഷിച്ച ഗുണം ഉണ്ടാക്കുമോ എന്നത് കാത്തിരുന്ന് കാണണം.

വിഴിഞ്ഞം പ്രാവര്‍ത്തികമാക്കാനുള്ള ശ്രമം ആരംഭിച്ചപ്പോള്‍ തന്നെ അതുണ്ടാക്കാന്‍ ഇടയുള്ള പാരിസ്ഥിതിക, സാമൂഹിക ആഘാതത്തെക്കുറിച്ചുള്ള സന്ദേഹങ്ങള്‍ ഉയര്‍ന്നിരുന്നു. പദ്ധതി നടത്തിപ്പിന് അദാനി ഗ്രൂപ്പ് രംഗത്തുവരികയും ഗൗതം അദാനിയുമായി അടുത്ത ബന്ധമുള്ള നരേന്ദ്ര മോദി ഇന്ത്യയുടെ പ്രധാനമന്ത്രിയാകുകയും ചെയ്തതോടെ പരിസ്ഥിതി, സാമൂഹിക ആഘാതങ്ങളെക്കുറിച്ചുള്ള സന്ദേഹങ്ങളെയൊക്കെ അപ്രസക്തമാക്കുന്ന പഠന റിപോര്‍ട്ടുകളുണ്ടായി, അവര്‍ക്ക് വേണ്ട സഹായങ്ങളുറപ്പാക്കും വിധത്തിലുള്ള കരാര്‍ വ്യവസ്ഥകളുണ്ടായി, കേരളത്തിന്റെ ഖജനാവില്‍ നിന്ന് കൂടുതല്‍ പണമൊഴുക്ക് ഉറപ്പാക്കും വിധത്തില്‍ കേന്ദ്രത്തിന്റെ ഇടപെടലുമുണ്ടായി. നിര്‍മാണം പൂര്‍ത്തിയായതിന് ശേഷം 40 വര്‍ഷം പദ്ധതിയുടെ നടത്തിപ്പ് ചുമതല അദാനി ഗ്രൂപ്പിന് കൈമാറുന്ന വ്യവസ്ഥയും അത്രയും കാലത്തെ ലാഭം വീതംവെക്കുമ്പോള്‍ സംസ്ഥാന ഖജനാവിനുണ്ടാകുന്ന വലിയ നഷ്ടവും കണക്കിലെടുക്കാതെ കരാറിലൊപ്പിട്ടു കൊടുത്തു 2015ല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍. സംസ്ഥാന സര്‍ക്കാറില്‍ നിന്ന് കൂടുതല്‍ വിഹിതം വാങ്ങിയെടുക്കാന്‍ അദാനി ഗ്രൂപ്പ് മുടക്കുമുതല്‍ കൂട്ടിക്കാണിച്ചതിലും പ്രയാസം തോന്നിയില്ല അന്നത്തെ യു ഡി എഫ് സര്‍ക്കാറിന്.

അക്കാലം ആറായിരം കോടിയുടെ അഴിമതി ആരോപിച്ച സി പി എം, കരാറിലെ തിരിമറികള്‍ ഒന്നൊന്നായി ചൂണ്ടിക്കാട്ടി സി എ ജി റിപോര്‍ട്ട് പുറത്തുവരുമ്പോള്‍ ഭരണത്തിന്റെ നേതൃത്വത്തിലായിരുന്നു. സി എ ജി ചൂണ്ടിക്കാണിച്ച ക്രമക്കേടുകളും അതുവഴി സംസ്ഥാന ഖജനാവിനുണ്ടാകുന്ന നഷ്ടവും പരിശോധിക്കാന്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിച്ചും കമ്മീഷനു മുന്നില്‍ തെളിവുകളൊന്നുമെത്താതെ കരുതലെടുത്തും അദാനി ഗ്രൂപ്പിന് സംരക്ഷണമൊരുക്കി ഒന്നാം പിണറായി സര്‍ക്കാര്‍. തുടങ്ങിവെച്ച പദ്ധതിയില്‍ അഴിമതിയുണ്ടെന്ന് വന്നാല്‍ അത് നിര്‍ത്തിവെക്കേണ്ടിവരാം. ഒപ്പുവെച്ച കരാറില്‍ നിന്ന് വ്യതിചലനമുണ്ടായാല്‍ അദാനി ഗ്രൂപ്പിന് വ്യവഹാരത്തിലേക്ക് നീങ്ങാനാകും. അതിലുപരി, വികസന വേഗത്തിന് മുതല്‍ക്കൂട്ടാകുമെന്ന് പ്രതീക്ഷിക്കുന്ന പദ്ധതി നിശ്ചലമാകും. ഇതൊന്നും വേണ്ടെന്ന് തീരുമാനിച്ചിട്ടുണ്ടാകും പിണറായി സര്‍ക്കാറും അതിനെ നിയന്ത്രിക്കുന്ന സി പി എമ്മും. ഏറ്റവും അടുപ്പക്കാരനായ വ്യവസായിയെ പിണക്കി, കേന്ദ്രാധികാരത്തിന്റെ അപ്രീതിക്ക് പാത്രമാകേണ്ടെന്ന് നിരീക്ഷിച്ചിട്ടുമുണ്ടാകാം. എന്തായാലും പദ്ധതി മുന്നോട്ടു തന്നെ പോയി. കരാറനുസരിച്ച് 2019ല്‍ പൂര്‍ത്തീകരിക്കണം. അവ്വിധം പൂര്‍ത്തീകരിക്കാനായില്ലെങ്കില്‍ സംസ്ഥാന സര്‍ക്കാറിന് നഷ്ടപരിഹാരം നല്‍കണമെന്ന് വ്യവസ്ഥ. 2019ല്‍ പൂര്‍ത്തിയാകാത്തതിന്, ഓഖി ചുഴലിക്കാറ്റും പ്രളയങ്ങളും കാരണമായി നിരത്താനുണ്ടായിരുന്നു അദാനി ഗ്രൂപ്പിന്.

അതൊക്കെ കണക്കിലെടുത്ത് നിശ്ചയിച്ച പുതിയ സമയപരിധി ഏതാണ്ട് അവസാനിക്കാറാകുമ്പോഴാണ്, പദ്ധതിയുടെ ഭാഗമായ പുലിമുട്ടിന്റെ പാതി പൂര്‍ത്തിയായപ്പോഴേക്കും ഒരു വശത്തെ തീരം കടലെടുക്കുന്നുവെന്നും മറുവശത്തെ തീരത്ത് മണലടിയുന്നുവെന്നും പരാതിയുയരുന്നത്. ആ പരാതിയില്‍ വസ്തുതയുണ്ട്. പുലിമുട്ട് നിര്‍മിച്ചയിടങ്ങളിലൊക്കെ ചെറുതും വലുതുമായ തീര ശോഷണം നേരത്തേ തന്നെ റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. തീരശോഷണവും മണല്‍തിട്ടയും മൂലം ഉപജീവന മാര്‍ഗം നഷ്ടമായ മത്സ്യത്തൊഴിലാളികളെ പുനരധിവസിപ്പിക്കണമെന്ന ആവശ്യം അതുയര്‍ന്നുതുടങ്ങുന്ന കാലത്ത് സര്‍ക്കാറിന്റെയോ ഭരണ – പ്രതിപക്ഷ പാര്‍ട്ടികളുടെയോ ചെവിയില്‍ പതിച്ചതേയില്ല. അതങ്ങനെ തുടര്‍ന്നതിനൊടുവില്‍ മത്സ്യത്തൊഴിലാളികളിലെ ക്രിസ്തുമത വിശ്വാസികളുമായി നാഭീനാള ബന്ധം പുലര്‍ത്തുന്ന ലത്തീന്‍ കത്തോലിക്കാ സഭ രംഗത്തുവന്നു. വിഴിഞ്ഞം പദ്ധതി തുടങ്ങാന്‍ വൈകിയ കാലത്ത്, പദ്ധതി നടപ്പാക്കി വികസനവും ജനങ്ങളുടെ ഐശ്വര്യവും ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടിരുന്ന സഭയും വൈദികരും സംഗതിയാകെ നിര്‍ത്തിവെച്ച് പഠിക്കണമെന്ന ആവശ്യവുമായി രംഗത്തുവന്നു. ഇടവക തിരിച്ച് സമരവും തുടങ്ങി. ആ സമരത്തിന്റെ വഴിത്തിരിവാണ് വിഴിഞ്ഞം പോലീസ് സ്റ്റേഷനു നേര്‍ക്കുണ്ടായ ആക്രമണത്തില്‍ കണ്ടത്.
തുറമുഖവും അതിന്റെ ഭാഗമായ പുലിമുട്ടും നിര്‍മിക്കാന്‍ തുടങ്ങിയ ശേഷം ഒരു ഭാഗത്ത് കടലാക്രമണം രൂക്ഷമായെന്നതും മറുഭാഗത്ത് മണലടിഞ്ഞുവെന്നതും വസ്തുതയാണ്. അതുമൂലം മത്സ്യത്തൊഴിലാളികള്‍ക്ക് ജീവിതം മുന്നോട്ടുകൊണ്ടുപോകുക പ്രയാസമായെന്നതും. തുറമുഖത്തിന് വേണ്ടി തീരക്കടലില്‍ വരുത്തിയ മാറ്റങ്ങള്‍ കടലില്‍ ചിലയിടങ്ങളില്‍ ചുഴികളുണ്ടാക്കി മത്സ്യത്തൊഴിലാളികളുടെ ജീവനെടുത്തിട്ടുമുണ്ട്. പദ്ധതി മൂലമുണ്ടായ ദുരിതവും അപകട സാധ്യതയും ഇല്ലാതാക്കുക എന്ന ഉത്തരവാദിത്വമുണ്ട് സര്‍ക്കാറിന്. അതില്ലാതാക്കാന്‍ സംവിധാനമൊരുക്കാന്‍ അദാനി ഗ്രൂപ്പിനെ നിര്‍ബന്ധിതമാക്കാനുള്ള ഉത്തരവാദിത്വവും. എന്തായാലും സമരത്തിനിറങ്ങിയവര്‍ മുന്നോട്ടുവെച്ച ആവശ്യങ്ങളില്‍ നിര്‍മാണം നിര്‍ത്തിവെക്കുക എന്നതൊഴികെയെല്ലാം അംഗീകരിച്ചുവെന്ന് സംസ്ഥാന സര്‍ക്കാര്‍ പറയുന്നുണ്ട്. ആ പറച്ചില്‍ അനുഭവവേദ്യമാക്കിയാല്‍ മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നം അവസാനിക്കും. അതിലപ്പുറം പദ്ധതി പാതിയില്‍ നിര്‍ത്താന്‍ സര്‍ക്കാറിന് സാധിക്കുമെന്ന് കരുതുന്നില്ല.

എന്നാല്‍ നിര്‍മാണം നിര്‍ത്തിവെക്കണമെന്ന പിടിവാശിയിലാണ് കര്‍ത്താവിന്റെ കുഞ്ഞാടുകള്‍. അതിന് സര്‍ക്കാര്‍ വഴങ്ങാതിരുന്നതോടെ പള്ളികളില്‍ കൂട്ടമണികളുയര്‍ന്നു, സമരഭടന്മാരുടെ വാട്‌സ് ആപ്പ് ഗ്രൂപ്പുകളിലേക്ക് സന്ദേശങ്ങള്‍ പാഞ്ഞു. തീരം കടലെടുക്കുന്നതില്‍ ഖിന്നരായ ഇതര മതസ്ഥരെ സമരമുഖത്ത് നിന്ന് ഒഴിവാക്കാനും അവര്‍ നിശ്ചയിച്ചു. ലത്തീന്‍ കത്തോലിക്കാ സഭയാല്‍ നിയന്ത്രിക്കപ്പെടുന്ന, സഭാംഗങ്ങള്‍ മാത്രം പങ്കെടുക്കുന്ന സമരമായി അത് മാറി. ജാതി – മത ഭേദമില്ലാതെ തീരവാസികളെ മുഴുവന്‍ ബാധിക്കുന്ന പ്രശ്‌നത്തെ, ലത്തീന്‍ കത്തോലിക്കരെ മാത്രം അണിനിരത്തി പ്രതിരോധിക്കാന്‍ സഭാ നേതൃത്വം തീരുമാനിച്ചപ്പോള്‍ സംഘ്പരിവാരം അതിലൊരു പഴുതു കണ്ടു. അത് പരമാവധി ഉപയോഗിക്കാന്‍ വത്സന്‍ തില്ലങ്കേരിയെപ്പോലെ തികവുള്ളവര്‍ രംഗത്തുവരികയും ചെയ്തു. സംഘ്പരിവാരത്തിന്റെ രാഷ്ട്രീയ രൂപമായ ബി ജെ പിക്കൊപ്പം ചേര്‍ന്ന് ജനകീയ സമരവേദിയായി മാറാന്‍ സി പി എം തീരുമാനിച്ചതോടെ വര്‍ഗീയ അജന്‍ഡയുടെ നടപ്പാക്കല്‍ എളുപ്പവുമായി. അങ്ങനെ ധ്രുവീകരിക്കപ്പെട്ട സമരമാണ് ഒരുപക്ഷേ, പോലീസ് സ്റ്റേഷന്‍ ആക്രമണത്തേക്കാള്‍ ഗുരുതരമായി നമ്മുടെ സമൂഹത്തെ ബാധിക്കുന്നത്.

മത്സ്യത്തൊഴിലാളികള്‍ നേരിടുന്ന പ്രയാസങ്ങളോട് വ്യവസ്ഥാപിത രാഷ്ട്രീയ സംവിധാനങ്ങള്‍ കണ്ണടച്ചു നില്‍ക്കുമ്പോഴാണ് അത് മുതലെടുക്കാന്‍ കൂട്ടമണിയടിയും ഇടവക യോഗങ്ങളുമുണ്ടാകുന്നത്. കൂട്ടമണിയടിച്ചും ഇടവക തിരിച്ച് ആളെക്കൂട്ടിയുമാണോ ഈ പ്രശ്‌നത്തില്‍ ഇടപെടേണ്ടത് എന്ന് ആലോചിക്കുക പോലും ചെയ്യാത്ത വൈദികര്‍, മത്സ്യത്തൊഴിലാളികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ മാത്രമാണോ പ്രവര്‍ത്തിക്കുന്നത് എന്ന് ചോദിക്കേണ്ടിവരും. മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നത്തെ മുന്നില്‍ നിര്‍ത്തി, സഭയുടെ സ്വാധീനം വര്‍ധിപ്പിക്കാനും അതുവഴി രാഷ്ട്രീയത്തിലിടപെടാനുള്ള ശേഷി കൂട്ടാനും സാധിക്കുമെന്ന് സഭാ നേതൃത്വം കരുതുന്നുണ്ടാകും. രണ്ടായാലും പുതിയ സാഹചര്യത്തില്‍ അത് നമ്മുടെ സമൂഹത്തിന് ഗുണകരമാകില്ല. ഇപ്പോഴത്തെ അവസ്ഥയില്‍ നേരിട്ട് നേട്ടം സഭക്കും സംഘ്പരിവാരത്തിനുമാണ്. കാലപരിധിക്കുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാകാത്തതിന് നല്‍കേണ്ട നഷ്ടപരിഹാരത്തിന്റെ ബാധ്യതയില്‍ നിന്ന് ഒഴിവാകാമെന്ന നേട്ടം അദാനിക്കുമുണ്ട്. നഷ്ടം ഭരണ – പ്രതിപക്ഷ മുന്നണികള്‍ക്കും അവകള്‍ക്ക് നേതൃത്വം നല്‍കുന്ന പാര്‍ട്ടികള്‍ക്കും പൊതു ഖജനാവിനുമാണ്. അതിലേറെ നഷ്ടം വൈദികരുടെയും സംഘ്പരിവാരത്തിന്റെയും ഇരകളായ മത്സ്യത്തൊഴിലാളികള്‍ക്കും അവരുള്‍ക്കൊള്ളുന്ന കേരളത്തിനുമാണ്.



source https://www.sirajlive.com/they-are-those-who-reap-during-the-gathering.html

Post a Comment

أحدث أقدم