കുവൈത്തിലെ പ്രവാസികൾക്ക് സന്തോഷ വാർത്ത; ഫാമിലി സന്ദർശക വിസകൾ പുനരാരംഭിക്കുന്നു 

കുവൈത്ത് സിറ്റി | കുവൈത്തിൽ ആശ്രിത വിസകളും കുടുംബ സന്ദർശക വിസകളും അനുവദിക്കുന്നത് ഉടൻ പുനരാരംഭിക്കും. ഇത് സംബന്ധിച്ച് വരും ദിവസങ്ങളിൽ ആഭ്യന്തര മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിക്കുമെന്ന് മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. ആദ്യ ഘട്ടത്തിൽ ഭാര്യ, കുട്ടികൾ എന്നിവർക്കാകും വിസ അനുവദിക്കുക.

ക്രമേണെ മാതാപിതാക്കൾ, അടുത്ത ബന്ധുക്കൾ എന്നിവർക്കും വിസ നൽകുന്നത്  പുനരാരംഭിക്കും. മന്ത്രാലയം നിശ്ചയിച്ച വ്യവസ്ഥകളും മാനദണ്ഡങ്ങളും അനുസരിച്ചായിരിക്കും ഇതെന്നും അധികൃതർ വ്യക്തമാക്കി. അതേസമയം, എല്ലാ രാജ്യങ്ങളിൽ നിന്നുള്ള തൊഴിലാളികൾക്കും തൊഴിൽ വിസ നൽകുന്നുണ്ടെന്ന് മാനവ ശേഷി സമിതി  ആക്ടിംഗ് ഡയറക്ടർ ഡോ. മുബാറക് അൽ-ജാഫൂർ വെളിപ്പെടുത്തി.

തൊഴിൽ വിസ നൽകുന്നതിന് ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രത്യേക അനുമതി ആവശ്യമുള്ള രാജ്യക്കാർക്ക് ഒഴികെ മറ്റുള്ളവർക്ക്  തൊഴിൽ കരാറിൽ ഒപ്പിട്ടുകഴിഞ്ഞ ഉടനെ വിസ അനുവദിച്ചു വരുന്നതായും അദ്ദേഹം പറഞ്ഞു. സിറിയ, ഇറാൻ, പാക്കിസ്ഥാൻ, യെമൻ, ഉത്തര കൊറിയ, അഫ്ഗാനിസ്ഥാൻ, ഇറാഖ് എന്നീ രാജ്യക്കാർക്കാണ് തൊഴിൽ വിസ ലഭിക്കുന്നതിന് ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രത്യേക അനുമതി ആവശ്യമുള്ളത്.

ഇബ്രാഹിം വെണ്ണിയോട്


source https://www.sirajlive.com/good-news-for-expatriates-in-kuwait-family-visitor-visas-resume.html

Post a Comment

Previous Post Next Post