കൊച്ചി | അധ്വാനത്തിനുള്ള മതിയായ പ്രതിഫലം നല്‍കാത്തതില്‍ പ്രതിഷേധിച്ച് ഓണ്‍ലൈന്‍ ഭക്ഷണ വിതരണ കമ്പനിയായ സ്വിഗ്ഗിയുടെ കൊച്ചിയിലെ ജീവനക്കാര്‍ നടത്തുന്ന സമരം തുടരുന്നു. ഭക്ഷണ വിതരണത്തിന് ബദല്‍ സംവിധാനം ഏര്‍പ്പെടുത്തിയതിലും ജീവനക്കാര്‍ പ്രതിഷേധിച്ചു. സമാന്തര ഭക്ഷണ വിതരണത്തിനെത്തിയ തേര്‍ഡ് പാര്‍ട്ടി കമ്പനിയായ ഷാഡോ ഫാക്‌സ് ജീവനക്കാരെ ഇന്നലെ രാത്രി സമരക്കാര്‍ തടഞ്ഞു. പോലീസ് സഹായത്തോടെ സമരം തകര്‍ക്കാന്‍ ശ്രമം നടക്കുന്നതായി ജീവനക്കാര്‍ ആരോപിച്ചു.
അതിനിടെ, സമരത്തില്‍ പങ്കെടുക്കുന്ന തൊഴിലാളികളുടെ ഓണ്‍ലൈന്‍ അക്കൗണ്ടുകള്‍ കമ്പനി അധികൃതര്‍ സസ്‌പെന്‍ഡ് ചെയ്ത് തുടങ്ങിയതായി സൂചനയുണ്ട്. എന്നാല്‍, ആവശ്യങ്ങള്‍ അംഗീകരിക്കും വരെ സമര രംഗത്ത് തുടരാനാണ് ജീവനക്കാരുടെ തീരുമാനം.
കഠിനാധ്വാനം ചെയ്തിട്ടും തുച്ഛമായ തുകയാണ് പ്രതിഫലമായി ലഭിക്കുന്നതെന്നാണ് ജീവനക്കാര്‍ ആരോപിക്കുന്നത്. നാല് കിലോമീറ്റര്‍ ദൂരം യാത്ര ചെയ്ത് ഭക്ഷണം എത്തിച്ചാല്‍ ജീവനക്കാരന് 20 രൂപ മാത്രമാണ് ലഭിക്കുന്നത്. തിരിച്ചെത്തുമ്പോള്‍ പിന്നിട്ട ദൂരം എട്ട് കിലോമീറ്റര്‍ ആകും.
മിനിമം നിരക്ക് 35 രൂപയെങ്കിലുമായി വര്‍ധിപ്പിക്കാതെ ഈ ജോലിയുമായി മുന്നോട്ട് പോകാനാകില്ലെന്നാണ് ജീവനക്കാരുടെ പക്ഷം. ഉപഭോക്താക്കളില്‍ നിന്നും മഴയത്ത് വാങ്ങുന്ന അധിക തുകയും വിതരണക്കാര്‍ക്ക് കിട്ടുന്നില്ലെന്നും പരാതിയുണ്ട്.
source https://www.sirajlive.com/not-enough-reward-swiggy-workers-39-strike-continues.html
Post a Comment