മുഖ്യമന്ത്രിയുടെ താക്കീതിന് പുല്ലുവില

പോലീസിലെ ചിലരുടെ മോശം പ്രവൃത്തികള്‍ സേനക്ക് കളങ്കവും ദുഷ്‌പേരുമുണ്ടാക്കുന്നുവെന്നും ഇത്തരക്കാരോട് ഒരു ദയാദാക്ഷിണ്യവും കാണിക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചത് നാല് ദിവസം മുമ്പാണ്. നേരത്തേയും നടത്തിയിട്ടുണ്ട് അദ്ദേഹം സമാന മുന്നറിയിപ്പുകളും താക്കീതുകളും. എന്നാലും “എന്നെ തല്ലണ്ടമ്മാവാ ഞാന്‍ നന്നാവില്ലെ’ന്നതാണ് ഇപ്പോഴും സേനയിലെ ചിലരുടെ അവസ്ഥ. സേനക്ക് ദുഷ്‌പേരുണ്ടാക്കുന്ന പെരുമാറ്റവും പ്രവര്‍ത്തനവും അവര്‍ തുടര്‍ന്നു കൊണ്ടിരിക്കുന്നു. തൃക്കാക്കരയില്‍ വാടകക്ക് താമസിക്കുന്ന ചേരാനല്ലൂര്‍ സ്വദേശിനിയായ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചതിന് ബേപ്പൂര്‍ കോസ്റ്റല്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ എറണാകുളം മരട് സ്വദേശി പി ആര്‍ സുനുവിനെ ഞായറാഴ്ച തൃക്കാക്കര പോലീസ് കസ്റ്റഡയിലെടുക്കുകയുണ്ടായി. സാമ്പത്തിക തട്ടിപ്പ് കേസില്‍ ഭര്‍ത്താവ് ജയിലിലായ ഈ സ്ത്രീയുടെ ദൈന്യാവസ്ഥ ചൂഷണം ചെയ്താണ് ഇന്‍സ്‌പെക്ടര്‍ അടക്കം ഏഴ് പേര്‍ അവരെ കൂട്ടബലാത്സംഗം ചെയ്തത്.

പോക്സോ കേസ് ഇരയായ പട്ടിക വര്‍ഗത്തില്‍പ്പെട്ട 17കാരിയോട് മോശമായി പെരുമാറിയ കേസില്‍ വയനാട് അമ്പലവയല്‍ പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എ എസ് ഐ. ടി ജി ബാബുവിനെ സസ്‌പെന്‍ഡ് ചെയ്തത് രണ്ട് ദിവസം മുമ്പാണ്. പുരാവസ്തു തട്ടിപ്പുകാരന്‍ മോന്‍സണ്‍ മാവുങ്കലുമായി മുന്‍ പോലീസ് മേധാവിയടക്കമുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ കൂട്ടുകെട്ട്, പെണ്‍കുട്ടിയെയും പിതാവിനെയും മോഷ്ടാവാക്കി ചിത്രീകരിച്ചുള്ള പിങ്ക് പോലീസിന്റെ ക്രൂരത, വാഹന പരിശോധനയുടെ പേരിലുള്ള അതിക്രമം, സ്റ്റേഷനിലെത്തുന്ന പരാതിക്കാരോട് മോശമായി പെരുമാറല്‍ തുടങ്ങി സേനക്ക് ദുഷ്‌പേര് വരുത്തുന്ന നിരവധി സംഭവങ്ങളാണ് അടുത്ത കാലത്തായി റിപോര്‍ട്ട് ചെയ്യപ്പെട്ടത്.

സംസ്ഥാനത്ത് 744 പോലീസുകാര്‍ ക്രിമിനല്‍ കേസില്‍ പ്രതികളാണെന്നാണ് 2021 നവംബറില്‍ കെ കെ രമ എം എല്‍ എയുടെ ചോദ്യത്തിനുള്ള മറുപടിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വെളിപ്പെടുത്തിയത്. ലൈംഗിക പീഡനം, സ്ത്രീധന പീഡനം, ഹണിട്രാപ്പ്, നിയമവിരുദ്ധ കസ്റ്റഡി, മൂന്നാംമുറ പ്രയോഗം, കസ്റ്റഡി മരണം തുടങ്ങി ഗുരുതര കുറ്റങ്ങളാണ് ഇവരില്‍ മിക്ക പേര്‍ക്കുമെതിരെ ചുമത്തപ്പെട്ടത്. സിവില്‍ പോലീസ് ഉദ്യോഗസ്ഥര്‍ മുതല്‍ ഉന്നത ഉദ്യോഗസ്ഥര്‍ വരെയുണ്ട് ഈ ഗണത്തില്‍. “വേലി തന്നെ വിളവ് തിന്നുന്നു’വെന്ന് പ്രമുഖ സി പി എം നേതാവും മുന്‍ മന്ത്രിയുമായ പി കെ ശ്രീമതിക്കു തന്നെ വിമര്‍ശിക്കേണ്ടി വന്നത് ഈ സാഹചര്യത്തിലാണ്.
ക്രിമിനല്‍ കേസില്‍ പ്രതികളാകുന്ന പോലീസുകാര്‍ക്കെതിരെ മതിയായ ശിക്ഷാനടപടികള്‍ സ്വീകരിക്കാത്തതാണ് സേനയിലെ ക്രിമിനലുകളുടെ എണ്ണം വര്‍ധിക്കാന്‍ കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. പോലീസുകാര്‍, പ്രത്യേകിച്ചും ഉന്നത ഉദ്യോഗസ്ഥര്‍ പ്രതികളാകുന്ന കേസുകള്‍ ഒതുക്കാനും പ്രതികളെ രക്ഷപ്പെടുത്താനുമുള്ള ശ്രമമാണ് മേലധികാരികളുടെ ഭാഗത്ത് നിന്നുണ്ടാകുന്നത്. ഇത്തരക്കാര്‍ക്കെതിരായ അന്വേഷണവും നടപടികളും ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള ഒരു വഴിപാടായി മാറുകയാണ്. വിഷയം ഗുരുതരമെങ്കിലും ഇത്തരം മിക്ക കേസുകളിലും ചാര്‍ജ് ഷീറ്റില്‍ നിസ്സാര വകുപ്പാണ് ചുമത്തപ്പെടുന്നത്. കുറ്റക്കാരെന്നു കണ്ടെത്തിയാല്‍ സസ്‌പെന്‍ഡ് ചെയ്യുമെങ്കിലും ആറ് മാസം കഴിയുന്നതോടെ നടപടി പുനഃപരിശോധിക്കുകയും തിരിച്ചെടുക്കുകയും ചെയ്യും. പോലീസ് ആക്ടിലെ 86(ബി) ചട്ടപ്രകാരം അക്രമം, അസാന്മാര്‍ഗികം തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെടുകയോ പോലീസ് ആക്ടില്‍ 2012ല്‍ കൊണ്ടുവന്ന ഭേദഗതി പ്രകാരം ഡ്യൂട്ടിയില്‍ ഗുരുതരമായ വീഴ്ച വരുത്തുകയോ ചെയ്താല്‍ പിരിച്ചുവിടാവുന്നതാണ്. എന്നാല്‍ 2011 മുതല്‍ 2021 വരെയുള്ള പത്ത് വര്‍ഷക്കാലയളവില്‍ കുറ്റാരോപിതരായ സേനാംഗങ്ങളില്‍ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടത് 18 പേരെ മാത്രം.
കേസില്‍ ഉള്‍പ്പെട്ട് സസ്‌പെന്‍ഷനിലാകുന്ന ഉദ്യോഗസ്ഥര്‍ പിന്നീട് സര്‍വീസില്‍ തിരിച്ചു കയറിയാല്‍ നിര്‍ണായക പദവികള്‍ വഹിക്കുന്ന സാഹചര്യവുമുണ്ട്. ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ടതും അഴിമതിക്കാരുമായ ഉദ്യോഗസ്ഥരുടെ പട്ടിക മുഖ്യമന്ത്രി ഈയിടെ പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ വായിച്ചിരുന്നു. പ്രസ്തുത പട്ടികയിലുള്ള, അച്ചടക്ക നടപടി നേരിട്ടവരും അഴിമതിക്കാരുമായ ഉദ്യോഗസ്ഥര്‍ ഇപ്പോഴും സ്റ്റേഷന്‍ ചുമതലയും സബ് ഡിവിഷന്‍ ചുമതലയും വഹിക്കുന്നതായി ചൂണ്ടിക്കാണിക്കപ്പെടുന്നു. കഴിഞ്ഞ ദിവസം സസ്‌പെന്‍ഷനു വിധേയനായ ഇന്‍സ്‌പെക്ടര്‍ പി ആര്‍ സുനു നേരത്തേ സ്ത്രീപീഡനം ഉള്‍പ്പെടെ മൂന്ന് ക്രിമിനല്‍ കേസുകളും വകുപ്പുതലത്തില്‍ എട്ട് അന്വേഷണവും തടവു ശിക്ഷയും നേരിട്ട ഉദ്യോഗസ്ഥനാണ്. ക്രിമിനല്‍ കേസില്‍ പ്രതികളായ പോലീസ് ഉദ്യോഗസ്ഥര്‍ സര്‍വീസില്‍ തുടരുന്നതിന്റെ അസാംഗത്യവും അധാര്‍മികതയും പലപ്പോഴും കോടതികളും വിവിധ ഏജന്‍സികളും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. പോലീസിലെ ക്രിമിനലുകളെ കണ്ടെത്താനായി 2011ല്‍ നിയോഗിക്കപ്പെട്ട ഉന്നത സമിതി, സേനക്ക് ദുഷ്പേരുണ്ടാക്കുന്ന ക്രിമിനല്‍ സ്വഭാവമുള്ള ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്ന് മാറ്റിനിര്‍ത്തി നടപടി സ്വീകരിക്കണമെന്ന് നിര്‍ദേശിക്കുകയും ചെയ്തിരുന്നു. അതെല്ലാം ഏട്ടിലെ പശുവായി അവശേഷിക്കുന്നു.

കുറ്റകൃത്യങ്ങള്‍ തടയുന്നതിനും സാധാരണക്കാര്‍ക്ക് നീതി ഉറപ്പാക്കുന്നതിനും ഉത്തരവാദിത്വമുള്ള പോലീസ് ഉദ്യോഗസ്ഥര്‍ ഗുരുതര ക്രിമിനല്‍ കേസുകളില്‍ പ്രതികളാകുന്നത് അതീവ ഗൗരവത്തോടെ കാണേണ്ടതുണ്ട്. ഇത് സേനക്ക് ദുഷ്‌പേരുണ്ടാക്കുന്നുവെന്ന് മാത്രമല്ല, സര്‍ക്കാറിന്റെ പ്രതിച്ഛായയെ കൂടി ബാധിക്കുന്നുണ്ട്. ഒരു സര്‍ക്കാറും ഇത്തരമൊരു സാഹചര്യം ആഗ്രഹിക്കുന്നില്ല. അതുകൊണ്ടാണല്ലോ ആഭ്യന്തര വകുപ്പിന്റെ കൂടി ഉത്തരവാദിത്വമുള്ള മുഖ്യമന്ത്രി പോലീസിന്റെ മോശം പ്രവര്‍ത്തനത്തെയും പെരുമാറ്റത്തെയും അടിക്കടി വിമര്‍ശിക്കുന്നതും പോലീസ് നിലവിട്ട് പെരുമാറരുതെന്ന് ഉപദേശിക്കുന്നതും. എന്നാല്‍ ഉപദേശം കൊണ്ടോ താക്കീത് കൊണ്ടോ ആയില്ല. കുറ്റാന്വേഷണത്തിലും ക്രമസമാധാന പാലനത്തിലും മികച്ച റെക്കോര്‍ഡുണ്ടായിരുന്ന കേരള പോലീസിന് ഇപ്പോഴെന്ത് സംഭവിച്ചുവെന്ന് ആഴത്തില്‍ പഠനം നടത്തി അതിന് പരിഹാരം കാണേണ്ടതുണ്ട്.



source https://www.sirajlive.com/the-chief-minister-39-s-warning-is-worth-the-price.html

Post a Comment

Previous Post Next Post