ഒന്നിച്ചു നില്‍ക്കാം; നന്മകളില്‍ കൈയൊപ്പ് ചാര്‍ത്താന്‍

ഹ്‌ലുസ്സുന്നയുടെ ആദര്‍ശ മുഖവും പ്രവര്‍ത്തന നേതൃത്വവുമാണ് കേരള മുസ്‌ലിം ജമാഅത്ത്. ധര്‍മ പാതയില്‍ അണിചേരുക എന്ന തലവാചകത്തില്‍ അംഗത്വ ക്യാമ്പയിന്‍ ആചരിക്കുകയാണ് സംഘടന. നവംബര്‍ നാല് മെമ്പര്‍ഷിപ്പ് ദിനമായി ആചരിക്കാന്‍ നേതൃത്വം തീരുമാനിച്ചിട്ടുണ്ട്. പ്രവര്‍ത്തകര്‍ സാവേശം ഏറ്റെടുത്തിട്ടുമുണ്ട്.

എന്താണ് ധര്‍മ പാത? ആസുര ചിന്തകളും നവ ലിബറല്‍ ചിന്തകളും മാനവിക വിരുദ്ധ ആശയങ്ങളും അരങ്ങു വാഴുന്നുണ്ടിന്ന്. മൂല്യങ്ങളുടെ നിരാസം സൃഷ്ടിക്കുന്ന പ്രതിസന്ധികള്‍ വിവരണാതീതമാണ്. സനാതനത തിരിച്ചു വരണമെന്നാഗ്രഹിക്കാത്തവര്‍ വിരളമാണെങ്കിലും അവര്‍ മേല്‍ക്കൈ നേടുന്ന കാഴ്ചകള്‍ക്ക് നേരേ കണ്ണടക്കാന്‍ മനുഷ്യത്വമുള്ളവര്‍ക്ക് സാധ്യമല്ല. വ്യാപകമായി നിയമ വിധേയമാം വിധം മൂല്യങ്ങള്‍ തിരിച്ചു പിടിക്കാന്‍ ശ്രമങ്ങളുണ്ടാകണം. ധര്‍മ സമൂഹം പുലര്‍ന്നു കാണാന്‍ കൊതിക്കുന്നവര്‍ കൈ കോര്‍ക്കണം. രാഷ്ട്ര ഗാത്രത്തിന് മുറിവേല്‍പ്പിക്കാത്ത കാഴ്ചപ്പാടുകള്‍ പുനരവതരിപ്പിക്കപ്പെടണം. വികസന മുന്നേറ്റത്തിന് ആരോഗ്യകരമായ വേഗം വര്‍ധിപ്പിക്കണം. മനുഷ്യരായ നാമൊന്നെന്ന മഹിതാശയങ്ങള്‍ പാഠനം നല്‍കപ്പെടണം. സ്്നേഹ മനസ്സുകള്‍ ഉയിരെടുക്കണം. പ്രസ്ഥാനത്തിന്റെ കരുത്ത് സമൂഹത്തിന്റെ കരുത്താണ്. ആ കരുത്തിനെ സ്ഥിര സ്വഭാവത്തില്‍ ശാക്തീകരിക്കേണ്ടതുണ്ട്. അതിന് ശിക്ഷിത അണികളെ വാര്‍ത്തെടുക്കണം. സമര്‍പ്പിത പ്രവര്‍ത്തകരായി അവരെ മാറ്റിയെടുക്കണം. അതിനായി ധര്‍മ പാതയില്‍ അണി ചേര്‍ക്കാന്‍ പ്രതിജ്ഞാബദ്ധരായി പ്രവര്‍ത്തകര്‍ ഗ്രാമാന്തരങ്ങളിലടക്കം സജീവ സാന്നിധ്യമായുണ്ട്. പ്രായഭേദമന്യേയും ലിംഗവ്യത്യാസമില്ലാതെയും ലഹരി സമൂഹത്തെ കാര്‍ന്നു തിന്നുന്നു. സ്വബോധമില്ലാതെ ആനന്ദത്തിലാറാടി നശിക്കുകയും നശിപ്പിക്കുകയുമാണ് പുതു തലമുറ. അച്ഛനും അമ്മയും മകനും മകളും സഹോദരനും സഹോദരിയും അധ്യാപകനും അധ്യാപികയും ഗുരുവും ശിഷ്യനും അതിക്രമങ്ങള്‍ക്കും പീഡനങ്ങള്‍ക്കും വിധേയമാകുന്നു. ബന്ധങ്ങളേതും അസംബന്ധങ്ങളായി പരിണമിക്കുന്നു.

ഇവിടെ കേരള മുസ്‌ലിം ജമാഅത്തും ജനകീയ ഘടക സംഘടനകളും ധര്‍മ പാതയിലേക്ക് വിളിക്കുകയാണ്. കഴിഞ്ഞ കാലങ്ങളില്‍ അംഗത്വകാലം രചിച്ച വിസ്മയ ചരിത്രങ്ങള്‍ ആവര്‍ത്തിക്കപ്പെടാന്‍ സൗമ്യവും സുതാര്യവുമായ വിളി, സമസ്തയുടെ സമുന്നത നേതൃത്വം തെളിയിച്ച പാതയിലേക്ക്. ഈ ഉമ്മത്തിന് ആവശ്യങ്ങളുണ്ട്. അത് നേടിയെടുക്കാനാവശ്യമായ വിഭവങ്ങളുമുണ്ട്. അംഗങ്ങളായി ചേര്‍ന്ന് ഒന്നിച്ചു നിന്നാണ് ഉപയോഗപ്പെടുത്തേണ്ടത്. യോജിച്ച മുന്നേറ്റം ലക്ഷ്യം കണ്ട അനുഭവങ്ങള്‍ ഒരുപാട് ഉണ്ട്. ആദര്‍ശാടിത്തറയിലാണ് കേരള മുസ്‌ലിം ജമാഅത്ത് സ്ഥാപിതമായത്. കീഴ് ഘടക സംഘടനകളായ എസ് വൈ എസും എസ് എസ് എഫും സംയുക്തമായാണ് അംഗത്വ ക്യാമ്പയിനാചരിക്കുന്നത്. പ്രസ്ഥാനത്തിന്റെ വൈപുല്യം സംഗമങ്ങളിലേതു പോലെ മെമ്പര്‍ഷിപ്പിലും തെളിയണം. സമൂഹത്തിനായി നമുക്ക് ഒട്ടനവധി പ്രവര്‍ത്തിക്കാനുണ്ട്. ആലംബഹീനര്‍ നമ്മെ കാത്തിരിക്കുന്നു. ആവശ്യക്കാര്‍ കൈത്താങ്ങിനായി ദാഹിക്കുന്നു. ആരോഗ്യവും സമ്പത്തും വിദ്യാഭ്യാസവും ഉള്ളവര്‍ക്കുമുണ്ട് അടിയന്തര പരിഹാരമാവശ്യമുള്ള ഒത്തിരി പരിവേദനങ്ങള്‍. അവര്‍ നമ്മുടെ തലോടലുകള്‍ക്കും ഇടപെടലുകള്‍ക്കും കാത്തിരിക്കുന്നുണ്ട്. നമ്മുടെ കരുതലുകള്‍ എല്ലാവര്‍ക്കും വേണം. സമഗ്ര നേതൃത്വത്തിന് കീഴില്‍ നാമണിചേര്‍ന്നാല്‍ ഉള്ളവരെയും ഇല്ലാത്തവരെയും സമാശ്വസിപ്പിക്കാന്‍ കഴിയും. കഴിവുകള്‍ വ്യത്യസ്തമാണ്. അവ ഏകോപിപ്പിക്കുമ്പോള്‍ നേട്ടങ്ങള്‍ അത്ഭുതാവഹമായിരിക്കും. മറ്റുള്ളവര്‍ക്കായി ഒന്നിക്കുമ്പോള്‍ നാം ശക്തരാകും. സ്വന്തത്തിലേക്ക് ഒതുങ്ങുമ്പോള്‍ നാം നന്നെ ചെറുതായിപ്പോകും. നാമൊറ്റക്കല്ല ഒത്തിരിപ്പേരുണ്ട് എന്ന വിശ്വാസം ആത്മധൈര്യം വര്‍ധിപ്പിക്കും. അതില്‍ നാം ഓരോരുത്തരും അണിചേരുമ്പോള്‍ നമ്മുടെ ആത്മധൈര്യത്തിന് മാറ്റ് കൂടും. ഒറ്റക്കല്ലെന്ന ചിന്ത പകരുന്ന മനോവീര്യം ചെറുതല്ല. എനിക്കും സമൂഹ പുനഃസംരചനയില്‍ ഭാഗധേയം നിര്‍വഹിക്കാനുണ്ട്. ഞാനണി ചേര്‍ന്നിട്ടില്ലെങ്കില്‍ എന്റെ പങ്കാളിത്തം ശൂന്യമാകുമല്ലോ. എന്റെ കടമ നിര്‍വഹിക്കുമ്പോള്‍ മാത്രമേ ഞാന്‍ മനുഷ്യനെന്ന മനോഹര വിളിപ്പേരിന് അര്‍ഹനാകുകയുള്ളൂ. ഈ ചിന്തകളാണ് നമ്മെ നയിക്കുന്നതും നയിക്കേണ്ടതും.

സംസ്‌കരിക്കപ്പെടുമ്പോള്‍ മാത്രമാണ് ജൈവ മനുഷ്യന്‍ ധര്‍മ മനുഷ്യനാകുന്നത്. മത ധര്‍മ സംഹിത മനോഹരവും മതിയായതുമാണ് സംസ്‌കരണത്തിന്. മതമടിസ്ഥാനമാക്കിയിട്ടുള്ള കര്‍മ ഭൂമികകളാണ് കേരള മുസ്‌ലിം ജമാഅത്തിന്റേത്.കാലം നമ്മോട് ചിലത് ആവശ്യപ്പെടുന്നുണ്ട്. അത് യഥോചിതം നല്‍കാന്‍ ആവണമെങ്കില്‍ കൂട്ടായ്മകള്‍ വേണം. കൂട്ടായ്മകള്‍ ലക്ഷ്യാധിഷ്ഠിതങ്ങളായിരിക്കണം. ലക്ഷ്യപ്രാപ്തിക്കായുള്ള പ്രയാണത്തില്‍ പ്രാപ്ത നേതൃത്വമത്രെ കേരള മുസ്‌ലിം ജമാഅത്ത്. ലക്ഷക്കണക്കിന് സഹോദരങ്ങള്‍ അണിചേരുമ്പോള്‍ ആരും കാഴ്ചക്കാരല്ല, അണിയണിയായി ഒത്തു ചേര്‍ന്ന പ്രവര്‍ത്തക വ്യൂഹത്തിലെ അംഗങ്ങളാണ്. ദാരിദ്ര്യം, അജ്ഞത, വര്‍ഗീയ വിധ്വംസക ചിന്തകള്‍ തുടങ്ങിയവയോടാണ് കേരള മുസ്‌ലിം ജമാഅത്തിന്റെ പോരാട്ടം. ചൂഷണത്തിന്റെ വകഭേദങ്ങളോടുള്ള വിസമ്മതമാണ് മുഖമുദ്ര. സ്നേഹവും അനുകമ്പയും സേവനവുമാണ് മുദ്രാവാക്യം. വ്യത്യസ്തതകളോട് കൂടി ഉത്ഗ്രഥിത സമൂഹം സാധിതമാക്കുന്നതാണ് പ്രതിജ്ഞ. യുക്തിസഹമായ നിലപാട് സ്വീകരിക്കാം. എല്ലാ നന്മകളിലും കൈയൊപ്പ് ചാര്‍ത്താന്‍ ഒന്നു ചേര്‍ന്നു മുന്നേറാം.



source https://www.sirajlive.com/let-39-s-stand-together-to-sign-the-goodies.html

Post a Comment

Previous Post Next Post