എവിടേക്കാണ് കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്റെ പോക്ക്? എന്താണ് അദ്ദേഹത്തിന്റെ ലക്ഷ്യം? കോണ്‍ഗ്രസ്സ് അടക്കം യു ഡി എഫ് ഘടക കക്ഷികളെ പോലും അങ്കലാപ്പിലും ആശങ്കയിലുമാക്കിയിരിക്കുകയാണ് ആര്‍ എസ് എസുമായി ബന്ധപ്പെട്ട് അദ്ദേഹം നടത്തിയ പ്രസ്താവനകള്‍. കെ എസ് യുവില്‍ പ്രവര്‍ത്തിക്കുന്ന കാലത്ത് കണ്ണൂരിലെ തോട്ടട, കിഴുന്ന മേഖലകളില്‍ ആര്‍ എസ് എസ് ശാഖ തകര്‍ക്കാന്‍ സി പി എം ശ്രമിച്ചപ്പോള്‍ താന്‍ ആളെ അയച്ച് ശാഖക്ക് സംരക്ഷണം നല്‍കിയിരുന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ ആദ്യ പ്രസ്താവന. കണ്ണൂരില്‍ സംഘടിപ്പിക്കപ്പെട്ട എം വി ആര്‍ അനുസ്മരണ ചടങ്ങിനിടയിലെ ഈ പരാമര്‍ശം വിവാദമായതോടെ തന്റെ ചെയ്തിയെയും വാക്കുകളെയും ന്യായീകരിക്കാനാണ്, “വര്‍ഗീയ ഫാസിസത്തോട് രമ്യതയില്‍ കഴിഞ്ഞിരുന്ന വിശാല മനസ്‌കതയുടെ ഉടമയായിരുന്നു നെഹ്‌റു’വെന്ന പ്രസ്താവന അദ്ദേഹം നടത്തിയത്. ആര്‍ എസ് എസ് നേതാവ് ശ്യാമപ്രസാദ് മുഖര്‍ജിയെ നെഹ്‌റു സ്വന്തം ക്യാബിനറ്റില്‍ മന്ത്രിയാക്കിയത് വര്‍ഗീയ ഫാസിസത്തോടുള്ള അദ്ദേഹത്തിന്റെ മൃദുല സമീപനത്തിന് തെളിവാണെന്ന് സുധാകരന്‍ തട്ടിവിട്ടത് കണ്ണൂര്‍ ഡി സി സി സംഘടിപ്പിച്ച നവോത്ഥാന സദസ്സില്‍ വെച്ചായിരുന്നു. ഒന്നുകില്‍ ചരിത്രബോധമില്ലായ്മ, അല്ലെങ്കില്‍ ചരിത്ര സത്യങ്ങള്‍ക്കു നേരേ കണ്ണടച്ചതാണ് കെ സുധാകരന്റെ ഇത്തരം പ്രസ്താവനക്ക് പിന്നില്‍. വര്‍ഗീയ ഫാസിസത്തോട് ഒരിക്കലും രാജിയാകാത്ത തികഞ്ഞ മതേതര, ജനാധിപത്യ വിശ്വാസിയായിരുന്നു ജവഹര്‍ ലാല്‍ നെഹ്‌റു. ആര്‍ എസ് എസിനെ ഏറ്റവും കൂടുതല്‍ വെറുക്കുകയും പല്ലും നഖവും ഉപയോഗിച്ച് എതിര്‍ക്കുകയും ചെയ്തിരുന്നു അദ്ദേഹം. ആര്‍ എസ് എസിന്റെ നാസി ചിന്താഗതിയും സ്വഭാവവും മനസ്സിലാക്കിയ നെഹ്‌റു 1947 ഡിസംബര്‍ ഏഴിന് മുഖ്യമന്ത്രിമാര്‍ക്ക് എഴുതിയ കത്തില്‍ അവര്‍ ഉയര്‍ത്തുന്ന അപകടത്തിന്റെ സ്വഭാവം ഇങ്ങനെ ചൂണ്ടിക്കാണിച്ചു- “ആര്‍ എസ് എസ് സ്വകാര്യ സൈന്യത്തിന്റെ സ്വഭാവമുള്ള ഒരു സംഘടനയാണ്. തീര്‍ച്ചയായും കര്‍ശനമായ നാസി സ്വഭാവമാണ് അത് തുടരുന്നത്.’ മഹാത്മാഗാന്ധി വധത്തിനു പിന്നാലെ 1948 ഫെബ്രുവരി അഞ്ചിന് അദ്ദേഹം മുഖ്യമന്ത്രിമാര്‍ക്ക് വീണ്ടും കത്തെഴുതി- “ഗാന്ധി വധത്തിന്റെ ഗൂഢാലോചനക്കാര്‍ അവരുടെ സെല്ലുകള്‍ വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും സേവനങ്ങളിലും കടത്തി വിടാനുള്ള ശ്രമം കുറച്ചെങ്കിലും വിജയിച്ചിട്ടുണ്ട്. നമ്മള്‍ അതിനെ അടിച്ചമര്‍ത്തുകയും ഭരണവും സേവനങ്ങളും ശുദ്ധീകരിക്കുകയും വേണം.’ സ്വാതന്ത്ര്യത്തിനു മുമ്പ്, കോണ്‍ഗ്രസ്സില്‍ ആര്‍ എസ് എസുകാര്‍ക്കും അംഗത്വമെടുക്കുന്നതിന് നിയമ ഭേദഗതിക്കായി പട്ടേല്‍ ആവശ്യപ്പെട്ടപ്പോള്‍ അതിനെ നഖശിഖാന്തം എതിര്‍ത്തവരില്‍ മുന്‍പന്തിയില്‍ നെഹ്‌റുവായിരുന്നു. മതേതരവും ബഹുസ്വരവുമായ ഇന്ത്യക്കു വേണ്ടിയാണ് ഗാന്ധിജി രക്തം ചിന്തിയത്. ഗാന്ധിജിയുടെ സ്വപ്‌നം പൂവണിയണമെങ്കില്‍ ആര്‍ എസ് എസിനെയും വര്‍ഗീയ ഫാസിസത്തെയും ചെറുത്തു തോല്‍പ്പിക്കണമെന്ന ബോധ്യം നെഹ്‌റുവിനുണ്ടായിരുന്നു. ശിശുദിന ആഘോഷങ്ങളുടെ ഭാഗമായി തിങ്കളാഴ്ച കെ പി സി സി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ എ കെ ആന്റണി ചൂണ്ടിക്കാണിച്ചതു പോലെ, ഇന്ത്യയെ മതാധിഷ്ഠിത രാഷ്ട്രമാക്കണമെന്ന വര്‍ഗീയ ഫാസിസത്തിന്റെ നിലപാടിനെ ചെറുത്ത് തോല്‍പ്പിച്ച് ജനാധിപത്യ രാജ്യമായി കെട്ടിപ്പടുത്തത് നെഹ്‌റുവാണ്.
ഇന്ത്യ ഹിന്ദുക്കള്‍ക്ക് മാത്രം അവകാശപ്പെട്ടതാണെന്നും ഹിന്ദുത്വ രാഷ്ട്രമാക്കണമെന്നുമുള്ള ആര്‍ എസ് എസിന്റെ അവകാശവാദത്തിനുള്ള ദാര്‍ശനികമായ ഖണ്ഡനമെന്നോണമാണ് ജവഹര്‍ലാല്‍ നെഹ്‌റു ഇന്ത്യയെ കണ്ടെത്തല്‍ എന്ന പുസ്തകമെഴുതിയത്. ഇന്ത്യയുടെ വളര്‍ച്ചയിലും പുരോഗതിയിലും രാജ്യത്തെ എല്ലാ മതവിഭാഗങ്ങള്‍ക്കും ജാതിക്കാര്‍ക്കും ഗോത്രവര്‍ഗക്കാര്‍ക്കും പങ്കുണ്ട്. രാജ്യത്തിന്റെ തുടര്‍ന്നുള്ള പ്രയാണത്തിലും അവരില്‍ ആരെയും മാറ്റിനിര്‍ത്താനാകില്ലെന്നാണ് പുസ്തകത്തിലൂടെ അദ്ദേഹം സമര്‍ഥിക്കുന്നത്. ഇതുകൊണ്ടൊക്കെ തന്നെയാണ് നെഹ്‌റുവിനെ അനുസ്മരിപ്പിക്കുകയും ഉയര്‍ത്തിക്കാണിക്കുകയും ചെയ്യുന്ന എല്ലാറ്റിനെയും തമസ്‌കരിക്കാന്‍ മോദി സര്‍ക്കാര്‍ കൊണ്ടുപിടിച്ച് ശ്രമിക്കുന്നതും. ഗാന്ധിജിയെയല്ല കൊല്ലേണ്ടത് നെഹ്‌റുവിനെയാണെന്ന് ചിന്തിക്കുകയും പറയുകയും ചെയ്യുന്നവര്‍ പോലുമുണ്ട് വര്‍ഗീയ ഫാസിസ്റ്റ് പാളയത്തില്‍. ഇത് സാധ്യമാകാതിരുന്നത് കൊണ്ടാണ് നെഹ്‌റുവിനെ ചരിത്ര താളുകളില്‍ നിന്ന് തുടച്ചു മാറ്റാന്‍ അവര്‍ ശ്രമിക്കുന്നത്.
സ്വാതന്ത്ര്യാനന്തരം എല്ലാ രാഷ്ട്രീയ പാര്‍ട്ടികളെയും ഉള്‍പ്പെടുത്തി ദേശീയ മന്ത്രിസഭ രൂപവത്‌രിക്കണമെന്ന ഗാന്ധിജിയുടെ നിര്‍ദേശം അംഗീകരിച്ചാണ് നെഹ്‌റു ശ്യാമപ്രസാദ് മുഖര്‍ജിയെ തന്റെ ആദ്യ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയതും വ്യാവസായ വകുപ്പ് നല്‍കിയതും. ശ്യാമപ്രസാദ് മുഖര്‍ജി തീവ്ര ദേശീയതയുടെ വക്താവായിരുന്നെങ്കിലും തീവ്ര ഹിന്ദുത്വ ഫാസിസ്റ്റ് ചിന്താഗതിക്കാരനായിരുന്നില്ലെന്ന് ഗാന്ധി വധത്തെ തുടര്‍ന്ന് ഹിന്ദുമഹാസഭയില്‍ നിന്ന് രാജിവെച്ച അദ്ദേഹത്തിന്റെ നടപടി വ്യക്തമാക്കുന്നുണ്ട്. ആര്‍ട്ടിക്കിള്‍ 370നെ എതിര്‍ത്ത് 1953ല്‍ കശ്മീരില്‍ പ്രവേശിച്ചതിനെ ചൊല്ലി ശ്യാമപ്രസാദ് മുഖര്‍ജി അറസ്റ്റ് ചെയ്യപ്പെടുന്ന ഘട്ടത്തില്‍ ഇന്ത്യയുടെ പ്രധാനമന്ത്രി നെഹ്റു ആയിരുന്നു എന്നതും മറക്കാവതല്ല.
ആവിഷ്‌കാര സ്വാതന്ത്ര്യവും ജനാധിപത്യ സംരക്ഷണവും കണക്കിലെടുത്താണ് കണ്ണൂരില്‍ ആര്‍ എസ് എസ് ശാഖക്ക് സംരക്ഷണം നല്‍കിയതെന്നാണ് സുധാകരന്റെ ന്യായീകരണം. ഗാന്ധിജിയെ വധിച്ച, ഇന്ത്യയെ ഹിന്ദുത്വ രാജ്യമാക്കാന്‍ കൊണ്ടുപിടിച്ച് ശ്രമിക്കുന്ന ഒരു ഫാസിസ്റ്റ് സംഘടനക്ക് സംരക്ഷണം നല്‍കാന്‍ മതേതരത്വം മുറുകെ പിടിക്കുന്ന കോണ്‍ഗ്രസ്സ് നേതാവിന് എങ്ങനെയാണ് സാധിക്കുകയെന്ന് മനസ്സിലാക്കാന്‍ പ്രയാസമുണ്ട്. വീണിടത്തു കിടന്നുരുളാതെ തെറ്റ് തിരുത്താന്‍ അദ്ദേഹം മുന്നോട്ട് വരേണ്ടതുണ്ട്. അതല്ല മതനിരപേക്ഷ ജനാധിപത്യത്തേക്കാള്‍ ആര്‍ എസ് എസിന്റെ വര്‍ഗീയ ഫാസിസത്തോടാണ് തനിക്ക് കൂറെങ്കില്‍ വളച്ചു കെട്ടില്ലാതെ അത് തുറന്നു പറഞ്ഞ് ആ വഴിയേ സഞ്ചരിക്കുകയും കോണ്‍ഗ്രസ്സിനെ അതിന്റെ വഴിക്കു വിടുകയും ചെയ്യണം.
സംസ്ഥാന കോണ്‍ഗ്രസ്സിനെ തന്നെ വെട്ടിലാക്കിയിരിക്കുകയാണ് സുധാകരന്റെ ഉദ്ദൃത പ്രസ്താവനകള്‍. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ദേശീയ നേതൃത്വം ആര്‍ എസ് എസിനോട് വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി മുന്നേറവെ സുധാകരന്റെ വിരുദ്ധനിലപാട് സംസ്ഥാനത്ത് പാര്‍ട്ടിയുടെ വിശ്വാസ്യതയെയും പ്രതിഛായയെയും ബാധിക്കും. ഈ പശ്ചാത്തലത്തിലാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന് സുധാകരനെ എതിര്‍ത്ത് രംഗത്ത് വരേണ്ടി വന്നതും. “സുധാകരന്റെ തുടര്‍ച്ചയായുള്ള വര്‍ഗീയ ഫാസിസ്റ്റ് പ്രസ്താവനകള്‍ ഗൗരവതരമാണ്. കോണ്‍ഗ്രസ്സ് ഒരിക്കലും മതേതരത്വത്തില്‍ വെള്ളം ചേര്‍ക്കില്ല. പ്രശ്‌നം മുന്നണിയില്‍ ചര്‍ച്ച ചെയ്യു’മെന്നാണ് സതീശന്‍ ഇന്നലെ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചത്.
source https://www.sirajlive.com/where-did-sudhakaran-go.html
Post a Comment