പി എഫ് പെന്‍ഷനും കോടതി വിധിയും

പ്രൊവിഡന്റ് ഫണ്ട് ഇന്ത്യന്‍ തൊഴിലാളികളെ സംബന്ധിച്ചിടത്തോളം നിലവിലുള്ള ഏറ്റവും പ്രധാനപ്പെട്ട ആനുകൂല്യങ്ങളില്‍ ഒന്നാണ്. പ്രൊവിഡന്റ് ഫണ്ട് പെന്‍ഷന്‍ പദ്ധതിയില്‍ കേന്ദ്ര സര്‍ക്കാര്‍ അടിച്ചേല്‍പ്പിച്ച തൊഴിലാളിവിരുദ്ധ വകുപ്പുകള്‍ക്കെതിരെ നിരന്തരമായ സമരവും നിയമ പോരാട്ടങ്ങളും നടത്തുകയായിരുന്നു രാജ്യത്തെ തൊഴിലാളികള്‍. 73 ലക്ഷം തൊഴിലാളികളാണ് പി എഫ് പെന്‍ഷന്‍ പദ്ധതിയില്‍ ഇന്ന് അംഗങ്ങളായിട്ടുള്ളത്. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ആന്‍ഡ് മിസലേനിയസ് പ്രൊവിഷന്‍സ് ആക്ട് 1952 മാര്‍ച്ച് നാലിനാണ് പ്രാബല്യത്തില്‍ വന്നത്. ഈ ആക്ടിലെ സെക്്ഷന്‍ അഞ്ചിന്റെ അടിസ്ഥാനത്തില്‍ 1952 സെപ്തംബറില്‍ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് സ്‌കീം നിലവില്‍ വന്നു. ഇതേ ആക്ടിന്റെ സെക്്ഷന്‍ 6എ പ്രകാരം നിലവില്‍ വന്നതാണ് എംപ്ലോയീസ് പെന്‍ഷന്‍ സ്‌കീം 1995. ആ വര്‍ഷം നവംബര്‍ 16നാണ് ഇത് രൂപവത്‌രിച്ചത്.

2014ലാണ് കേന്ദ്ര സര്‍ക്കാര്‍ അങ്ങേയറ്റം തൊഴിലാളി വിരുദ്ധമായ പ്രൊവിഡന്റ് ഫണ്ട് പെന്‍ഷന്‍ സ്‌കീം ഭേദഗതി ചെയ്തത്. കേരള ഹൈക്കോടതി ഇത് റദ്ദാക്കി. കേരള ഹൈക്കോടതിയുടെ തീരുമാനം സുപ്രീം കോടതി രണ്ട് പ്രാവശ്യമാണ് ശരിവെച്ചത്. ഈ വിഷയത്തില്‍ സുപ്രീം കോടതി കഴിഞ്ഞ ദിവസം വാദം കേള്‍ക്കുകയും സുപ്രധാനമായ വിധിന്യായം പുറപ്പെടുവിക്കുകയും ചെയ്തിരിക്കുന്നു.

പി എഫ് പെന്‍ഷന്‍ വിഷയത്തില്‍ ജീവനക്കാര്‍ക്ക് ഭാഗികമായി ആശ്വസിക്കാവുന്ന വിധിയാണ് സുപ്രീം കോടതി പ്രഖ്യാപിച്ചിരിക്കുന്നത്. 2014ല്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന എംപ്ലോയീസ് പെന്‍ഷന്‍ (ഭേദഗതി) പദ്ധതിയുടെ നിയമപരമായ സാധ്യത ചീഫ് ജസ്റ്റിസ് യു യു ലളിത്, ജസ്റ്റിസുമാരായ അനിരുദ്ധ ബോസ്, സുധാംശു ധൂലിയ എന്നിവരടങ്ങിയ ബഞ്ച് ശരിവെച്ചെങ്കിലും ഭേദഗതിയിലെ തൊഴിലാളികള്‍ക്ക് എതിരാവുന്ന ചില വ്യവസ്ഥകള്‍ റദ്ദാക്കി. 15,000ത്തിന് മുകളില്‍ ശമ്പളം വാങ്ങുന്നവര്‍ പെന്‍ഷന്‍ പദ്ധതിയിലേക്ക് ശമ്പളത്തിന്റെ 1.16 ശതമാനം അധിക വിഹിതമായി നല്‍കണമെന്ന ഭേദഗതി ബഞ്ച് റദ്ദാക്കി. നിലവില്‍ പദ്ധതിയില്‍ ചേരുന്നതിന് അര്‍ഹതയുള്ള എല്ലാ ജീവനക്കാര്‍ക്കും പദ്ധതിയില്‍ ചേരാനുള്ള സമയപരിധി നാല് മാസത്തേക്ക് കൂടി നീട്ടി നല്‍കി. വിരമിക്കുന്നതിനു മുമ്പുള്ള 60 മാസത്തെ ശരാശരി ശമ്പളമായിരിക്കും പെന്‍ഷന്‍ നിശ്ചയിക്കുന്നതിന് കണക്കാക്കുക എന്ന ഭേദഗതിയിലെ വ്യവസ്ഥ ബഞ്ച് നിലനിര്‍ത്തി. ഇത് ലഭിക്കുന്ന പെന്‍ഷനില്‍ കാര്യമായ നഷ്ടമുണ്ടാക്കും.

കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പെന്‍ഷന്‍ ഭേദഗതി പദ്ധതിയിലെ വിവിധ വ്യവസ്ഥകള്‍ റദ്ദാക്കിയ കേരള, രാജസ്ഥാന്‍, ഡല്‍ഹി ഹൈക്കോടതി വിധികള്‍ ചോദ്യം ചെയ്ത് കേന്ദ്ര സര്‍ക്കാറും എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനുമാണ് സുപ്രീം കോടതിയെ സമീപിച്ചത്. ശമ്പളത്തിന് ആനുപാതികമായി പെന്‍ഷന്‍ നല്‍കിയാല്‍ വലിയ സാമ്പത്തിക ബാധ്യത ഉണ്ടാകുമെന്നും അത് പദ്ധതിയുടെ നിലനില്‍പ്പിനെ ബാധിക്കുമെന്നും ചൂണ്ടിക്കാണിച്ചാണ് ഇ പി എഫ് ഒയും തൊഴില്‍ മന്ത്രാലയവും വാദിച്ചത്. 12 ലക്ഷം കോടി രൂപ ഇപ്പോഴും പ്രൊവിഡന്റ് ഫണ്ട് ബോര്‍ഡില്‍ കെട്ടിക്കിടക്കുമ്പോഴാണ് അവരുടെ ഈ വിചിത്രവാദം.

പെന്‍ഷന്‍ പദ്ധതിയിലേക്ക് തൊഴിലാളിയുടെ വിഹിതം കണക്കാക്കാന്‍ (2014ലെ ആക്ടനുസരിച്ച്) 15,000 രൂപയുടെ പരിധി നിശ്ചയിച്ചത് എടുത്തു കളഞ്ഞ കേരള ഹൈക്കോടതി വിധിയെയാണ് സുപ്രീം കോടതിയില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രധാനമായും ചോദ്യം ചെയ്തത്. ഈ വിധി റദ്ദാക്കി 15,000 രൂപയുടെ പരിധി സുപ്രീം കോടതി ശരിവെച്ചു. 15,000 രൂപക്ക് മുകളില്‍ വരുന്ന തുകക്ക് 1.16 ശതമാനം അധിക വിഹിതം ജീവനക്കാര്‍ നല്‍കണമെന്ന വ്യവസ്ഥ റദ്ദാക്കിയതിനെ തുടര്‍ന്ന് ഉണ്ടാകുന്ന നഷ്ടം നികത്തുന്നതിനുള്ള ഫണ്ട് കണ്ടെത്താന്‍ സര്‍ക്കാറിന് കോടതി സാവകാശവും നല്‍കി. വിരമിക്കുന്നതിന് മുമ്പുള്ള 60 മാസത്തെ ശരാശരി ശമ്പളമായിരിക്കും പെന്‍ഷന്‍ നിശ്ചയിക്കുന്നതിന് കണക്കാക്കുന്നത്. അവസാനത്തെ 12 മാസത്തെ ശമ്പളം പെന്‍ഷനില്‍ കണക്കാക്കുന്നതിനു പകരം 60 മാസമായി വര്‍ധിപ്പിച്ച ഈ തീരുമാനം തൊഴിലാളികള്‍ക്ക് വലിയ തിരിച്ചടിയാണ്.

ഉയര്‍ന്ന പെന്‍ഷന്‍ ശരിവെച്ച കേരള ഹൈക്കോടതിയുടെ വിധിക്കെതിരെ ഇ പി എഫ് ഒയും കേന്ദ്ര തൊഴില്‍ മന്ത്രാലയവും നല്‍കിയ അപ്പീല്‍ 2019ല്‍ സുപ്രീം കോടതി പ്രാരംഭ ഘട്ടത്തില്‍ തന്നെ തള്ളിയതാണ്. കേരള ഹൈക്കോടതി വിധിക്കെതിരായ അപ്പീല്‍ ഹരജികള്‍ സുപ്രീം കോടതി രണ്ട് പ്രാവശ്യമാണ് തള്ളിയതെന്നും പ്രത്യേകം എടുത്തു പറയേണ്ടതാണ്. പെന്‍ഷന് ആശ്രയിക്കുന്ന ശമ്പളം അവസാനത്തെ 12 മാസത്തിനു പകരം 60 മാസത്തിന്റെ അടിസ്ഥാനത്തില്‍ കണക്കാക്കണമെന്ന തീരുമാനം കേരള ഹൈക്കോടതി റദ്ദാക്കിയത് തെറ്റാണെന്ന് കേന്ദ്ര സര്‍ക്കാര്‍ ശക്തമായി വാദിച്ചിരുന്നു. സാധാരണ തൊഴിലാളികള്‍, സ്ത്രീകള്‍ എന്നിവര്‍ക്കെല്ലാം അസുഖങ്ങളും മറ്റും കാരണം അവസാന വര്‍ഷം ശമ്പളം കുറയാനുള്ള സാധ്യതയുണ്ടെന്നും, ഇത് പെന്‍ഷന്‍ കുറയാന്‍ ഇടയാക്കുമെന്നുമുള്ള വിചിത്രമായ വാദമാണ് ഇക്കൂട്ടര്‍ അവിടെ ഉന്നയിച്ചത്. വസ്തുതകളുമായി യാതൊരു ബന്ധവുമില്ലാത്ത വാദമായിരുന്നു ഇത്.

എന്തായാലും 15,000 രൂപയില്‍ കൂടുതലുള്ള ശമ്പളത്തിന് ആനുപാതികമായ തുകക്ക് 1.16 ശതമാനം അഡ്മിനിസ്‌ട്രേറ്റീവ് ചാര്‍ജ് ഈടാക്കുന്നത് നിയമവിരുദ്ധമാണെന്ന് സുപ്രീം കോടതി ബഞ്ച് പ്രഖ്യാപിച്ചത് തൊഴിലാളികള്‍ക്ക് ആശ്വാസകരമാണ്. രാജ്യത്ത് ആറ് കോടിയോളം ജീവനക്കാരാണ് പ്രൊവിഡന്റ് ഫണ്ടില്‍ അംഗങ്ങളായുള്ളത്. ഇവര്‍ ഓരോരുത്തരും നല്‍കുന്ന 12 ശതമാനം വിഹിതം കൊണ്ട് ഉദ്ദേശം 12 ലക്ഷം കോടിയോളം രൂപയാണ് പ്രൊവിഡന്റ് ഫണ്ടില്‍ കെട്ടിക്കിടക്കുന്നത്. അതുകൊണ്ടുതന്നെ ന്യായമായ പെന്‍ഷന്‍ തൊഴിലാളികള്‍ക്ക് നല്‍കുന്നതില്‍ യാതൊരു വിമുഖതയും കാട്ടേണ്ട സാഹചര്യം ഈ ബോര്‍ഡിനെ സംബന്ധിച്ചിടത്തോളം ഇപ്പോള്‍ ഇല്ല. നിര്‍ഭാഗ്യവശാല്‍ തൊഴിലാളികളുടെ അവകാശം എങ്ങനെ നിഷേധിക്കാം എന്നുള്ളതിനെ സംബന്ധിച്ചാണ് പി എഫ് ബോര്‍ഡും ഇ പി ഒ എഫും ഇപ്പോള്‍ ഗവേഷണം നടത്തിക്കൊണ്ടിരിക്കുന്നത്. മാന്യമായ ഇ പി എഫ് പെന്‍ഷനുവേണ്ടി 1995 മുതല്‍ പ്രക്ഷോഭരംഗത്തുള്ള തൊഴിലാളികള്‍ക്ക് ഈ വിധി നല്‍കുന്നത് പ്രതീക്ഷയോടൊപ്പം വലിയ ആശങ്കയുമാണ്.

സുപ്രീം കോടതിയുടെ ഇ പി എഫ് ഒ പെന്‍ഷന്‍ വിധിയെ സംബന്ധിച്ച് സമ്മിശ്ര പ്രതികരണങ്ങളാണ് തൊഴിലാളി യൂനിയനുകളുടെ ഭാഗത്ത് നിന്നുണ്ടായിട്ടുള്ളത്. പ്രൊവിഡന്റ് ഫണ്ട് പെന്‍ഷന്‍ ന്യായമായി ലഭിക്കുക എന്നുള്ളത് രാജ്യത്തെ തൊഴിലാളികളുടെ മൗലിക അവകാശങ്ങളില്‍ ഒന്നാണ്. ഈ അവകാശം നിഷേധിക്കാന്‍ ആര്‍ക്കും സാധ്യമല്ല. അതുകൊണ്ടുതന്നെ പൂര്‍ണമായ പെന്‍ഷന്‍ ആനുകൂല്യം നേടിയെടുക്കുന്നതിനുള്ള വിപുലമായ പ്രക്ഷോഭ പ്രവര്‍ത്തനങ്ങളും നിയമപോരാട്ടങ്ങളും ഇനിയും ശക്തമായി തുടരേണ്ട സാഹചര്യമാണ് സംജാതമായിരിക്കുന്നത്. രാജ്യത്തെ വിവിധ തൊഴിലാളി സംഘടനകള്‍ സംയുക്തമായി ഇതിനു വേണ്ടിയുള്ള തയ്യാറെടുപ്പിലാണിപ്പോള്‍.



source https://www.sirajlive.com/pf-pension-and-court-judgment.html

Post a Comment

أحدث أقدم