ഫുട്‌ബോള്‍ കളിക്കിടെ വീണ വിദ്യാര്‍ഥിയുടെ കൈ മുറിച്ചു മാറ്റി

തലശ്ശേരി | ഫുട്‌ബോള്‍ കളിക്കിടെ വീണ് എല്ല് പൊട്ടിയ വിദ്യാര്‍ഥിയുടെ കൈ മുറിച്ചു മാറ്റേണ്ടി വന്നു. തലശേരി ജനറല്‍ ആശുപതിയുടെ അനാസ്ഥയാണ് കാരണമെന്ന് ആരോപിച്ച് ബന്ധുക്കള്‍ പരാതി നല്‍കി.
തലശേരി ചേറ്റംകുന്ന് നാസാ ക്വാര്‍ട്ടേര്‍സില്‍ അബൂബക്കര്‍ സിദ്ധിഖിന്റെ മകന്‍ സുല്‍ത്താ(17)നാണ് കൈ നഷ്ടമായത്. പാലയാട് ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ സുല്‍ത്താന് ഒക്ടോബര്‍ 30നാണ് അപകടം പറ്റിയത്. തലശേരി ജനറല്‍ ആശുപത്രിയിലെത്തിച്ചപ്പോള്‍ ഇവിടെ എക്‌സ്‌റേ മെഷീന്‍ കേടായിരുന്നു. പുറത്തുനിന്ന് എക്‌സറേ എടുത്ത് ഒരു മണിക്കൂറിനുള്ളില്‍ ഹാജരാക്കി. കുട്ടിയുടെ കൈയ്യിലെ രണ്ട് എല്ല് പൊട്ടിയിരുന്നു. തൊട്ടടുത്ത ദിവസം ഡോക്ടര്‍ വിജുമോന്‍ ശസ്ത്രക്രിയ നിര്‍ദ്ദേശിച്ചു. എന്നാല്‍ നടപടികള്‍ കൈക്കൊണ്ടില്ല. നവംബര്‍ ഒന്നിന് രാവിലെ കൈ നിറം മാറി. തുടര്‍ന്ന് വിജുമോന്‍ അടിയന്തിരമായി ശസ്ത്രക്രിയക്ക് വിധേയമാക്കി. നവംബര്‍ 11 നാണ് കുട്ടിയെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റാന്‍ നിര്‍ദ്ദേശിച്ചു. പിന്നീട് പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും മികച്ച ചികിത്സ കിട്ടിയില്ല. മെഡിക്കല്‍ കോളേജില്‍ വെച്ച് കൈ മുറിച്ച് മാറ്റണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതോടെ കുട്ടിയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ വെച്ച് കൈമുട്ടിന് താഴേക്കുള്ള ഭാഗം മുറിച്ച് മാറ്റി.

സര്‍ക്കാര്‍ ആശുപത്രി അധികൃതരുടെ ഭാഗത്തുണ്ടായ പിഴവ് ചൂണ്ടിക്കാട്ടി സംസ്ഥാന ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ജിനും മുഖ്യമന്ത്രി പിണറായി വിജയനും കുടുംബം പരാതി നല്‍കി.

അതേസമയം ചികിത്സാ പിഴവ് ഉണ്ടായില്ലെന്ന് തലശേരി ജനറല്‍ ആശുപത്രി അധികൃതര്‍ പറഞ്ഞു. കുട്ടിയുടൈ എല്ല് പൊട്ടി മൂന്നാമത്തെ ദിവസം കുട്ടിക്ക് കൈയ്യിലേക്കുള്ള രക്തയോട്ടം നില്ക്കുന്ന കമ്പാര്‍ട്ട്‌മെന്റ് സിന്‍ഡ്രോം എന്ന അവസ്ഥ വന്നു. പത്താമത്തെ ദിവസം അണുബാധ ശ്രദ്ധയില്‍ പെട്ടു. ഒപ്പം രക്തം വാര്‍ന്നുപോവുകയും ചെയ്തതോടെ ഉടന്‍ മെഡിക്കല്‍ കോളേജ്ആ ആശുപത്രിയിലേക്ക് വിടുകയും ചെയ്‌തെന്നും ആശുപത്രി അധികൃതര്‍ പറയുന്നു.



source https://www.sirajlive.com/the-hand-of-the-student-who-fell-while-playing-football-was-amputated-2.html

Post a Comment

أحدث أقدم