മഹാ ഗുരു; അഗാധ പണ്ഡിതൻ

കോഴിക്കോട് | അര നൂറ്റാണ്ട് കൊണ്ട് ചെറിയ എ പി ഉസ്താദ് മുസ്‌ലിം സമുദായത്തിന് സമ്മാനിച്ചത് അറിവിന്റെ അലകടൽ. അഗാധ പാണ്ഡിത്യവും ആശയ വ്യക്തതയും തുളുമ്പി നിന്ന ദർസ് പഠന ശാലകളിലൂടെ ഉസ്താദ് വാർത്തെടുത്തത് വിശ്വാസ- കർമശാസ്ത്ര രംഗത്ത് ഏത് വെല്ലുവിളികളെയും നേരിടാൻ പോന്ന ആയിരക്കണക്കിന് പണ്ഡിതരെ. ചെറിയ എ പി ഉസ്താദിന് കീഴിലെ പഠന കാലത്തെക്കുറിച്ച് ചോദിച്ചാൽ ഏത് ശിഷ്യനും ആയിരം നാവാണ്. തഫ്‌സീറും ഹദീസും ഇൽമുൽ കലാമും ഹിസാബും ഗോള ശാസ്ത്രവും മൻതിഖും മആനിയും നഹ്്വും സ്വർഫുമെല്ലാം അനായാസം കൈകാര്യം ചെയ്യുന്ന ഉസ്താദ്. 45 വർഷത്തെ മുദർരിസ് സേവനത്തിനിടക്ക് ഉസ്താദിന്റെ ശിഷ്യഗണങ്ങളായവരിൽ ബാഖവിമാരും ഫൈസിമാരും സഖാഫികളും സഅദികളുമെല്ലാം ഉൾപ്പെടും.

ശാഫിഈ മദ്ഹബിലെ പ്രബല കർമശാസ്ത്ര ഗ്രന്ഥമായ തുഹ്ഫയിൽ അഗാധ പാണ്ഡിത്യം നേടിയ അദ്ദേഹം, ബുഖാരി ശരീഫ് ദർസ് നടത്തുന്നതിലും മികവ് നേടി. സാധാരണ ഗതിയിൽ മർകസ് ശരീഅത്ത് കോളജിൽ ബുഖാരി ദർസിന് സുൽത്വാനുൽ ഉലമ കാന്തപുരം ഉസ്താദാണ് നേതൃത്വം നൽകാറ്. എന്നാൽ, ഉസ്താദ് വിദേശത്തായിരിക്കുമ്പോഴും അവസാനം ആശുപത്രിയിൽ കഴിയുമ്പോഴും ബുഖാരി ക്ലാസ്സുകൾ എടുത്തിരുന്നത് ചെറിയ എ പി ഉസ്താദായിരുന്നു. ഓരോ സ്വഹാബികളെയും ഹദീസിന്റെ നിവേദകരെയും പരിചയപ്പെടുത്തിയത്തിന് ശേഷം ഹദീസിന്റെ വാചകാർഥം പറയും. ശേഷം വാക്കുകൾക്കുള്ളിലൂടെയുള്ള ഉസ്താദിന്റെ സഞ്ചാരം അറിവിന്റെ നിറഞ്ഞൊഴുക്ക് വ്യക്തമാക്കുന്നതായിരുന്നു. ആധുനിക സാഹചര്യങ്ങളുടെ ചുവടു പിടിച്ചുകൊണ്ടുള്ളതാകും വിശദീകരണങ്ങൾ. അൽപ്പം നർമം കലർത്തിയുള്ള അവതരണം ഒട്ടും മടുപ്പ് കൂടാതെ യുവ പണ്ഡിതർ കേട്ടിരിക്കും. മർകസ് ശരീഅത്ത് കോളജ് വിദ്യാർഥി സംഘടനയായ ഇഹ്്യാഉസ്സുന്നക്ക് കീഴിൽ ആദർശ പഠന ക്ലാസ്സുകളുണ്ടാകാറുണ്ട്. സുൽത്വാനുൽ ഉലമയും ചെറിയ എ പി ഉസ്താദുമാകും മിക്കവാറും അതിഥികൾ. വിദ്യാർഥികളിൽ നിന്ന് ഒന്നിന് പിറകെ ഒന്നായി ചോദ്യങ്ങളുയരും. കൃത്യവും സമഗ്രവുമായ മറുപടി കാന്തപുരം ഉസ്താദ് തന്നെ നൽകും. അതിന് ശേഷം ഇനി മുഹമ്മദ് മുസ്‌ലിയാർ പറയുമെന്ന് പറഞ്ഞ് മൈക്ക് തൊട്ടടുത്ത് ഇരിക്കുന്ന ചെറിയ എ പി ഉസ്താദിന്റെ വശത്തേക്ക് നീട്ടും. ചെറു പുഞ്ചിരിയോടെ യുക്തിയും ഉദ്ധരണികളും ചേർത്തുള്ള വിവരണം കഴിയുന്നതോടെ ചോദ്യങ്ങൾക്കെല്ലാം വ്യക്തമായ മറുപടിയായി.

പ്രാമാണിക ഗ്രന്ഥങ്ങൾ ഉദ്ധരിച്ചുള്ള മറുപടി മാത്രമേ ചെറിയ എ പി ഉസ്താദിൽ നിന്ന് ഉണ്ടാകാറുള്ളൂ. ചെറിയ സംശയമുള്ളത് പോലും മാറ്റിനിർത്തുകയായിരുന്നു രീതി. ചെറിയ എ പി ഉസ്താദിന്റെ കിതാബിലുള്ള അസാധാരണ പാടവം സുൽത്വാനുൽ ഉലമ ചെറുപ്പത്തിലേ തിരിച്ചറിയുകയും അനുയോജ്യമായ ചുമതലകൾ അതത് സമയങ്ങളിൽ ഏൽപ്പിക്കുകയും ചെയ്തു.
സിർറുൽ ഇബാറത്ത് (കിതാബ് ഉദ്ധരണികളിലെ രഹസ്യം) തിരിയുന്ന പ്രമുഖ പണ്ഡിതനായിരുന്നു എ പി മുഹമ്മദ് മുസ്‌ലിയാർ. പഠിക്കുന്ന കാലം മുതൽ വഅ്ള് (മത പ്രഭാഷണം) പറയാറുള്ള ചെറിയ എ പി ഉസ്താദ്, കേൾവിക്കാർക്ക് ഒട്ടും സംശയം ഉണ്ടാകാത്ത വിധം വിഷയങ്ങളെ സമർഥമായി കൈകാര്യം ചെയ്തു. ആശയ വ്യക്തത പ്രധാന സവിശേഷതയായിരുന്നു.

1976ൽ കോഴിക്കോട് കാരപ്പറമ്പിലെ ജുമുഅത്ത് പള്ളി കമ്മിറ്റി ഭാരവാഹികൾ അന്തരിച്ച സൈതു ഹാജിയുടെ നേതൃത്വത്തിൽ കാന്തപുരം ഉസ്താദിനെ സന്ദർശിച്ച് പ്രഗത്ഭനായ ഒരു ഖത്വീബിനെ വേണമെന്ന് ആവശ്യപ്പെട്ടു. കാന്തപുരം എ പി മുഹമ്മദ് മുസ്‌ലിയാരെ ഉസ്താദ് ഏർപ്പാടാക്കി. ഒരാഴ്ച നോക്കിയിട്ട് പറ്റില്ലെങ്കിൽ മറ്റൊരാളെ തരാമെന്നും പറഞ്ഞു. ആദ്യ വെള്ളിയാഴ്ചയിലെ ഖുത്വുബയും നിസ്‌കാരവുമൊക്കെ കഴിഞ്ഞപ്പോൾ കമ്മിറ്റിക്കാർ പറഞ്ഞു. അടുത്തയാഴ്ചയും വരണം. അടുത്ത ആഴ്ച ചെന്നപ്പോൾ ഖത്വീബായി നിയമിച്ച കത്ത് കിട്ടി.

പിന്നീട് നീണ്ട 46 വർഷം കാരപ്പറമ്പ് ജുമുഅത്ത് പളളിയിലെ ഖത്വീബായിരുന്നു ചെറിയ എ പി ഉസ്താദ്. ജുമുഅക്ക് ശേഷമുള്ള ഉസ്താദിന്റെ കാമ്പുള്ള പത്ത് മിനുട്ട് പ്രസംഗം കേൾക്കാൻ സ്ഥിരമായി എത്തുന്നവർ ധാരാളമാണ്. കാരപ്പറമ്പ് പള്ളിയിൽ ജുമുഅക്ക് എത്തിയപ്പോഴാണ് ഉസ്താദിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതും പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചതും.



source https://www.sirajlive.com/the-great-guru-profound-scholar.html

Post a Comment

Previous Post Next Post