വസ്ത്രധാരണത്തെ സംബന്ധിച്ച് അഭിപ്രായപ്രകടനം: പരാതിയുമായി അധ്യാപിക

എടപ്പറ്റ (മലപ്പുറം) | വസ്ത്രധാരണയുമായി ബന്ധപ്പെട്ട് അഭിപ്രായം പറഞ്ഞ പ്രധാനാധ്യാപികക്കെതിരെ പരാതിയുമായി അധ്യാപിക. ലെഗിന്‍സ് ധരിച്ച് സ്‌കൂളില്‍ വന്നതിന് പ്രധാനധ്യാപിക മോശമായി പെരുമാറിയെന്നാണ് അധ്യാപികയുടെ പരാതി. മലപ്പുറം എടപ്പറ്റ സി കെ എച്ച് എം ഗവ. ഹൈസ്‌കൂളിലെ അധ്യാപികയായ സരിത രവീന്ദ്രനാഥാണ് പ്രധാനാധ്യാപിക റംലത്തിനെതിരെ ഡി ഇ ഒക്ക് പരാതി നല്‍കിയത്.

ഹൈസ്‌കൂള്‍ ഹിന്ദി അധ്യാപികയായ സരിത രവീന്ദ്രനാഥ് കഴിഞ്ഞ ദിവസം ഓഫീസ് റൂമില്‍ ഒപ്പിടാന്‍ എത്തിയപ്പോള്‍ വസ്ത്രധാരണത്തെക്കുറിച്ച് പ്രധാനാധ്യാപിക സൂചിപ്പിച്ചിരുന്നു. ലെഗിന്‍സ് മാന്യതക്ക് നിരക്കാത്ത വസ്ത്രമാണെന്നും സ്‌കൂളിലെ വിദ്യാര്‍ഥികള്‍ യൂനിഫോം ധരിക്കാത്തത് അധ്യാപികയെ കണ്ടിട്ടാണെന്ന് പറഞ്ഞുവെന്നും അധ്യാപിക ആരോപിക്കുന്നു.

പ്രധാനാധ്യാപികയുടെ ചില പരാമര്‍ശങ്ങള്‍ മാനസിക പ്രയാസമുണ്ടാക്കിയെന്നും പരാതിയില്‍ പറയുന്നു. വണ്ടൂര്‍ ഡി ഇ ഒക്ക് ഇമെയില്‍ വഴിയാണ് പരാതി അയച്ചിരിക്കുന്നത്. എന്നാല്‍ വിഷയത്തില്‍ പ്രതികരിക്കാനില്ലെന്നും വകുപ്പ് മേധാവികള്‍ വിശദീകരണം ചോദിച്ചാല്‍ മറുപടി നല്‍കുമെന്നും പ്രധാനാധ്യാപിക റംലത്ത് പറഞ്ഞു.



source https://www.sirajlive.com/dress-code-teacher-with-complaint.html

Post a Comment

Previous Post Next Post