ക്വട്ടേഷന്‍ ബന്ധം, തിരഞ്ഞെടുപ്പ് ഫണ്ട് തിരിമറി എന്നിവയില്‍ അന്വേഷണം വേണം; ഇ പിക്ക് പ്രതിരോധം തീര്‍ത്ത് പി ജയരാജനെതിരേയും പരാതി പ്രവാഹം

തിരുവനന്തപുരം | സാമ്പത്തിക ആരോപണം ഉന്നയിച്ച പി ജയരാജനെതിരെ ഇ പി ജയരാജന്‍ വിഭാഗം ആക്രമണം തുടങ്ങി. ജയരാജന്റെ ക്വട്ടേഷന്‍ ബന്ധം , തിരഞ്ഞെടുപ്പ് ഫണ്ട് ക്രമക്കേട് എന്നിവ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സിപിഎം കേന്ദ്ര -സംസ്ഥാന നേതൃത്വങ്ങള്‍ക്ക് ഇ പി വിഭാഗം പരാതികള്‍ നല്‍കിത്തുടങ്ങി. കണ്ണൂര്‍ കേന്ദ്രീകരിച്ചുള്ള സ്വര്‍ണ്ണക്കടത്ത് ക്വട്ടേഷന്‍ സംഘവുമായി പി ജയരാജന് ബന്ധമുണ്ടെന്നും ഇതില്‍ പാര്‍ട്ടി അന്വേഷണം വേണമെന്നുമുള്ള ഗുരുതര ആരോപണമാണ് ഇ പി വിഭാഗം ഉന്നയിക്കുന്നത്. ഇതോടൊപ്പം വടകര ലോക്‌സഭാ സീറ്റില്‍ മത്സരിക്കുമ്പോള്‍ ജയരാജന്‍ തിരഞ്ഞെടുപ്പ് ഫണ്ട് വെട്ടിച്ചെന്നുള്ള സാമ്പത്തിക ക്രമക്കേടും അന്വേഷണ വിധേയമാക്കണമെന്നാണ് ആവശ്യം.

വിവിധ ജില്ലകളിലെ പാര്‍ട്ടി പ്രവര്‍ത്തകരാണ് ഇപി ജയരാജന് പ്രതിരോധമൊരുക്കുന്നതിന്റെ ഭാഗമായെന്നോണം പി ജയരാജനെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. എല്‍ഡിഎഫ് കണ്‍വിനര്‍ കൂടിയായ ഇ പി ജയരാജനെതിരെ കഴിഞ്ഞ ദിവസമാണ് സിപിഎം സംസ്ഥാന സമിതിയില്‍ പി ജയരാജന്‍ സാമ്പത്തിക ആരോപണം ഉന്നയിച്ചത്. ഇതിന് പിന്നാലെയാണ് പി ജയരാജനെതിരെയും പരാതികള്‍ പാര്‍ട്ടിക്ക് ലഭിച്ചത്. രേഖാമൂലം ഇപി ജയരാജനെതിരെ പരാതി നല്‍കിയാല്‍ അന്വേഷിക്കാമെന്നാണ് എംവി ഗോവിന്ദന്‍ അറിയിച്ചിട്ടുള്ളത്. പിബി അനുമതിയോടെ ഇപിക്കെതിരെ പാര്‍ട്ടി കമ്മീഷന്‍ അന്വേഷണം വരാനുള്ള സാധ്യത നിലനില്‍ക്കെയാണ് പി ജയരാജനേയും പ്രതിക്കൂട്ടിലാക്കാന്‍ മറുഭാഗം ശ്രമിക്കുന്നത്. ആരോപണ പ്രത്യോരോപണങ്ങള്‍ സിപിഎമ്മിന് തന്നെ പ്രതിസന്ധി തീര്‍ക്കുന്ന ഘട്ടത്തിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നതെന്നതിനാല്‍ പാര്‍ട്ടി ഇതിനെ അതീവ ഗൗരവത്തിലെടുക്കാനാണ് സാധ്യത

 



source https://www.sirajlive.com/quotation-nexus-manipulation-of-election-funds-should-be-investigated-flood-of-complaints-against-p-jayarajan.html

Post a Comment

أحدث أقدم