പാലക്കാട് | ആരോഗ്യ പ്രവര്‍ത്തകര്‍ തുണയായി. ഉള്‍ വനത്തില്‍ നിന്നു ഗര്‍ഭിണിയെ ചുമന്ന് ആശുപത്രിയില്‍ എത്തിച്ചു. ആശുപത്രിയില്‍ എത്തിയ ഉടന്‍ ഇവര്‍ പ്രസവിച്ചു.
അട്ടപ്പാടി കടുകുമണ്ണ ഊരില്‍നിന്ന് അര്‍ധരാത്രി പൂര്‍ണ ഗര്‍ഭിണിയായ സുമതി മുരുകനെയാണ് ആശുപത്രിയില്‍ എത്തിക്കാന്‍ ആംബുലന്‍സില്‍ കയറ്റുന്നതിനു വേണ്ടി കാട്ടുവഴിയിലൂടെ മൂന്നു കിലോമീറ്ററോളം ചുമന്നത്.
പുതൂര്‍ പഞ്ചായത്തിലെ പ്രാക്തന ഗോത്രവര്‍ഗക്കാരായ കുറുമ്പര്‍ താമസിക്കുന്ന ഊരാണ് കടുക് മണ്ണ. പുറം ലോകവുമായി ബന്ധപ്പെടുവാന്‍ ഇവര്‍ക്ക് ഉള്ള ഏക ആശ്രയം ഒരു തൂക്കു പാലമാണ്. ഭവാനിപ്പുഴക്ക് കുറുകേ കെട്ടിയ ഇതു കടന്ന് മൂന്നു കിലോമീറ്ററോളം വന്യമൃഗ ശല്യം ഉള്ള കാടിനുള്ളില്‍ കൂടി ആനവായി എത്തിയെങ്കിലേ വാഹനങ്ങള്‍ ലഭിക്കൂ.
അര്‍ധരാത്രി 12.45ഓടു കൂടിയാണ് ഊര് സ്വദേശിനിയായ സുമതിക്ക് പ്രസവ വേദന ആരംഭിച്ചത്. തുടര്‍ന്ന് ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സായ പ്രിയ ജോയിയെ ഇവര്‍ വിളിച്ചു. ആംബുലന്‍സ് സൗകര്യത്തിനായി പല സ്ഥലങ്ങളിലേക്ക് വിളിച്ചെങ്കിലും ലഭിച്ചില്ല. നിരന്തര പരിശ്രമങ്ങള്‍ക്ക് ശേഷം 2.30ന് കോട്ടത്തറയില്‍നിന്നും ഉള്ള 108 ആംബുലന്‍സ് എത്തി.
സ്വകാര്യ വാഹനങ്ങള്‍ക്കായി ശ്രമിച്ചു എങ്കിലും ആനപ്പേടി കാരണം ആരും വന്നില്ല. 2.30ന് വാഹനം എത്തിയെങ്കിലും മഴയില്‍ നനഞ്ഞ് തെന്നിക്കിടന്ന റോഡ് കാരണം കടുക് മണ്ണക്ക് പോകാതെ ആനവായില്‍ വാഹനം നിര്‍ത്തേണ്ടി വന്നു. കാട്ടാന ശല്യം വകവക്കാതെ ആരോഗ്യ പ്രവര്‍ത്തകര്‍ തുണിയില്‍കെട്ടി ചുമന്ന് ഇവരെ ആനവായ് വരെ എത്തിച്ചു. പുലര്‍ച്ചെ അഞ്ചോടെയാണ് ആനവായ് എത്തുന്നത്. തുടര്‍ന്ന് ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിച്ചു.
source https://www.sirajlive.com/health-workers-assisted-the-tribal-woman-was-carried-from-the-forest-and-brought-to-the-hospital.html
Post a Comment