താമരശ്ശേരി ചുരത്തില്‍ രാത്രി എട്ട് മുതല്‍ ഗതാഗത നിയന്ത്രണം

വയനാട് | താമരശ്ശേരി ചുരത്തില്‍ ഇന്ന് രാത്രി എട്ട് മുതല്‍ ഗതാഗത നിയന്ത്രണം. കര്‍ണാടകത്തിലേക്കുള്ള കൂറ്റന്‍ ട്രക്കുകള്‍ക്ക് ചുരം വഴി പോകാന്‍ അനുമതി നല്‍കിയതിനെ തുടര്‍ന്നാണിത്. രാത്രി 11 നും രാവിലെ അഞ്ചിനും ഇടയിലാണ് ട്രക്കിന് വേണ്ടി ചുരം പൂര്‍ണമായും ഒഴിച്ചിടുക. പൊതുജനങ്ങള്‍ ഈ സമയത്ത് ഇതുവഴിയുള്ള യാത്രക്ക് ബദല്‍ മാര്‍ഗം ഉപയോഗിക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

കര്‍ണാടകയിലെ നഞ്ചങ്കോട്ടെ ഫാക്ടറിയിലേക്കുള്ള മെഷീനുകളുമായി എത്തിയ രണ്ട് ട്രെയിലറുകളാണ് യാത്ര ചെയ്യാനുള്ളത്. 16 അടിയോളം വീതിയിലും ഇരുപത് അടിയോളം ഉയരത്തിലുമുള്ള മെഷീനുകളാണ് ലോറിയിലുള്ളത്. ചുരം കയറിയാല്‍ ഗതാഗതം പൂര്‍ണമായും തടസ്സപ്പെടുമെന്നതിനാലാണ് മുന്‍കൂട്ടി നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ട്രെയിലറുകള്‍ രണ്ടര മാസത്തോളമായി അടിവാരത്ത് നിര്‍ത്തിയിട്ടിരിക്കുകയാണ്. പോലീസ്, അഗ്‌നിരക്ഷാ സേന എന്നിവ ട്രെയിലറുകളെ ചുരം കടക്കാന്‍ സഹായിക്കും.

ഗതാഗതം വഴിതിരിച്ചുവിടുന്നത് ഇങ്ങനെ:
1. സുല്‍ത്താന്‍ ബത്തേരി ഭാഗത്ത് നിന്നും കല്‍പ്പറ്റ-വൈത്തിരി വഴി കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന ചരക്ക് ലോറികളും ഹെവി വാഹനങ്ങളും ഇന്ന് (വ്യാഴം) രാത്രി എട്ട് മുതല്‍ ബീനച്ചി- പനമരം വഴിയോ, മീനങ്ങാടി -പച്ചിലക്കാട് വഴിയോ പക്രതളം ചുരം വഴിയോ പോകണം. മാനന്തവാടിയില്‍ നിന്നുള്ള വാഹനങ്ങളും ഇപ്രകാരം പോകേണ്ടതാണ്.

2. സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി ഭാഗത്ത് നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന കെ എസ് ആര്‍ ടി സി, സ്വകാര്യ ബസുകള്‍ രാത്രി ഒമ്പതിനു ശേഷം കല്‍പ്പറ്റയില്‍ നിന്നും പടിഞ്ഞാറത്തറ വഴി പക്രതളം ചുരത്തിലൂടെ പോകണം.

3. ബത്തേരി, കല്‍പ്പറ്റ ഭാഗങ്ങളില്‍ നിന്നും തൃശൂര്‍, മലപ്പുറം ഭാഗങ്ങളിലേക്ക് പോകുന്ന വാഹനങ്ങള്‍ തമിഴ്നാട് നാടുകാണി ചുരം വഴി പോകേണ്ടതാണ്.

4. രാത്രി ഒമ്പതിനു ശേഷം കല്‍പ്പറ്റ, മേപ്പാടി, പടിഞ്ഞാറത്തറ ഭാഗങ്ങളില്‍ നിന്നും വൈത്തിരി വഴി കോഴിക്കോട് ഭാഗത്തേക്ക് ആംബുലന്‍സ് ഒഴികെ മറ്റൊരു വാഹനവും പോകാന്‍ അനുവദിക്കില്ല.

 



source https://www.sirajlive.com/traffic-control-at-thamarassery-pass-from-8-pm-onwards.html

Post a Comment

Previous Post Next Post