പാര്‍ലമെന്റ് ശീതകാല സമ്മേളനത്തിന് മുന്നോടിയായി നയരൂപീകരണ യോഗം വിളിച്ച് സോണിയ

ന്യൂഡല്‍ഹി |  പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ബുധനാഴ്ച ചേരാനിരിക്കെ കോണ്‍ഗ്രസ് പാര്‍ലമെന്റ് അംഗങ്ങളുടെ നയരൂപീകരണ യോഗം വിളിച്ച് സോണിയ ഗാന്ധി. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുക്കുന്ന യോഗത്തില്‍ സമ്മേളനത്തില്‍ സര്‍ക്കാരിനെതിരെ സ്വീകരിക്കേണ്ട നയസമീപനങ്ങള്‍ക്കും പാര്‍ലമെന്റ് തന്ത്രങ്ങള്‍ക്കും രൂപം നല്‍കും. രാജ്യസഭയില്‍ പ്രതിപക്ഷ നേതാവായി മല്ലികാര്‍ജുന്‍ ഖാര്‍ഗെ തന്നെ തുടരുമെന്ന തീരുമാനം സോണിയ ഗാന്ധി ഈ യോഗത്തില്‍ അറിയിക്കും. ഖാര്‍ഗെ രാജ്യസഭ പ്രതിപക്ഷ സ്ഥാനം രാജിവെച്ചിട്ടും പകരക്കാരനെ കണ്ടെത്താന്‍ സാധിക്കാത്ത സാഹചര്യത്തിലാണിത്. അതേ സമയം പി ചിദംബരം, ദിഗ്വിജയ് സിംഗ് എന്നിവരിലൊരാള്‍ക്ക് പ്രതിപക്ഷ നേതൃപദവി നല്‍കുമെന്ന് നേരത്തെ അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു

ഒരാള്‍ക്ക് ഒരു പദവി എന്ന നയത്തിന്റെ അടിസ്ഥാനത്തില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിന് മുമ്പ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രതിപക്ഷ നേതൃപദവി രാജിവെച്ചിരുന്നു. മല്ലികാര്‍ജുന്‍ ഖാര്‍ഗെ തന്നെ പ്രതിപക്ഷ നേതാവിന്റെ സ്ഥാനത്ത് തുടരുകയാണെങ്കില്‍ അത് പാര്‍ട്ടി നയത്തിന് വിരുദ്ധമാകും. നേരത്തെ രാജസ്ഥാന്‍ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനവും മുഖ്യമന്ത്രി സ്ഥാനവും ഒരേ സമയം വഹിക്കാന്‍ അശോക് ഗെഹ്ലോട്ട് താത്പര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും പാര്‍ട്ടി സമ്മതിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ ഖാര്‍ഗെ വീണ്ടും പ്രതിപക്ഷ സ്ഥാനത്തേക്ക് വരുന്നത് ചോദ്യം ചെയ്യപ്പെട്ടേക്കാം.



source https://www.sirajlive.com/sonia-convened-a-policy-making-meeting-ahead-of-the-winter-session-of-parliament.html

Post a Comment

Previous Post Next Post