കാപിറ്റോള്‍ കലാപം: ട്രംപിനെതിരെ കുറ്റം ചുമത്തണമെന്ന് കോണ്‍ഗ്രസ് അന്വേഷണ സമിതി

വാഷിംഗ്ടണ്‍ | തിരഞ്ഞെടുപ്പ് ഫലം എതിരായതിനെ തുടര്‍ന്ന് 2021 ജനുവരി ആറിന് യു എസ് കാപിറ്റോളില്‍ ജനക്കൂട്ടം ഇരച്ചുകയറി കലാപം അഴിച്ചുവിട്ട സംഭവത്തില്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ കുറ്റം ചുമത്തണമെന്ന് കോണ്‍ഗ്രസ് അന്വേഷണ സമിതി. ട്രംപിനെതിരെ കുറ്റം ചുമത്തണമെന്ന് സമിതി ഏകകണ്ഠമായി നീതിന്യായ വകുപ്പിനോട് ശിപാര്‍ശ ചെയ്തു. നീതിന്യായ വകുപ്പാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളേണ്ടത്.

കലാപത്തിന് പ്രേരിപ്പിച്ചു അടക്കമുള്ള കുറ്റം ട്രംപിനെതിരെ ചുമത്തണമെന്നാണ് ശിപാര്‍ശ. പ്രധാനമായും നാല് കുറ്റങ്ങള്‍ ചുമത്തണമെന്നാണ് ശിപാര്‍ശ. ഔദ്യോഗിക നടപടിക്രമങ്ങള്‍ തകര്‍ക്കല്‍, അമേരിക്കയെ വഞ്ചിക്കാനുള്ള ഗൂഢാലോചന, വ്യാജ പ്രസ്താവന നടത്താനുള്ള ഗൂഢാലോചന, കലാപത്തിന് പ്രേരണ ചെയ്യലും സഹായിക്കലും ഒത്താശ ചെയ്യലും സൗകര്യമൊരുക്കലും എന്നീ കുറ്റങ്ങള്‍ ചുമത്തണമെന്ന് കോണ്‍ഗ്രസ് പാനല്‍ ശിപാര്‍ശ ചെയ്തു.

പാനലിന്റെ അന്തിമ വാദം കേള്‍ക്കലായിരുന്നു ഇന്നത്തേത്. മുന്‍ പ്രസിഡന്റിനെതിരെ കുറ്റം ചുമത്താന്‍ ശിപാര്‍ശ ചെയ്യല്‍ അമേരിക്കയുടെ ചരിത്രത്തില്‍ മുമ്പെങ്ങുമില്ലാത്തതാണെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. നിയമനടപടികളിലൂടെ ട്രംപ് കുറ്റവാളിയാണെന്ന് തെളിഞ്ഞാല്‍ പത്ത് വര്‍ഷത്തിലേറെ തടവുശിക്ഷയും ഭാവി രാഷ്ട്രീയ പ്രവര്‍ത്തനത്തിന് നിരോധനവും വരും.



source https://www.sirajlive.com/capitol-riots-congressional-probe-wants-to-impeach-trump.html

Post a Comment

أحدث أقدم