ഗുജറാത്തും ഹിമാചലും വിരല്‍ചൂണ്ടുന്നത്

ഗുജറാത്തില്‍ ബി ജെ പി അജയ്യ രാഷ്ട്രീയ ശക്തിയാണെന്ന് നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വിളിച്ചോതുന്നു. 27 വര്‍ഷമായി ഇവിടെ അധികാരത്തിലിരിക്കുന്ന ബി ജെ പി എക്‌സിറ്റ് പോള്‍ പ്രവചനങ്ങളെയും കടത്തിവെട്ടി കൂടുതല്‍ കരുത്തോടെയാണ് ഇത്തവണ അധികാരത്തിലേറുന്നത്. 182 അംഗ നിയമസഭയിലെ പാര്‍ട്ടി അംഗസഖ്യ കഴിഞ്ഞ തവണത്തെ 99ല്‍ നിന്ന് 156 ആയി ഉയര്‍ന്നു. 125 മുതല്‍ 151 വരെ സീറ്റായിരുന്നു വിവിധ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ കാണിച്ചിരുന്നത്. സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഒരു പാര്‍ട്ടി 150ലേറെ സീറ്റ് കരസ്ഥമാക്കുന്നത്. 1985ല്‍ മാധവ് സിംഗ് സോളങ്കിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ്സ് 149 സീറ്റ് സ്വന്തമാക്കിയതാണ് ഇതിനു മുമ്പത്തെ റെക്കോര്‍ഡ.് ഇത്തവണ പോള്‍ ചെയ്ത വോട്ടിന്റെ 53 ശതമാനവും ബി ജെ പി നേടി. അതേസമയം കോണ്‍ഗ്രസ്സ് കഴിഞ്ഞ തവണത്തെ 77ല്‍ നിന്ന് 17 സീറ്റിലേക്ക് താഴ്ന്നു. 60 സീറ്റാണ് പാര്‍ട്ടിക്ക് നഷ്ടം.

2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലത്തിലേക്കുള്ള ദിശാസൂചകമെന്ന നിലയില്‍ ഗുജറാത്തില്‍ ഇത്തവണ മികച്ച വിജയം ബി ജെ പിക്ക്, വിശിഷ്യാ നരേന്ദ്ര മോദിക്ക് അനിവാര്യമായിരുന്നു. ഇത് കണക്കിലെടുത്ത് കാടിളക്കിയുള്ള പ്രചാരണമാണ് പാര്‍ട്ടി കാഴ്ച വെച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ബി ജെ പി ദേശീയ അധ്യക്ഷന്‍ ജെ പി നഡ്ഡ, ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിയവര്‍ പ്രചാരണത്തിനെത്തി. പ്രചാരണ രംഗത്ത് മുഴച്ചു നിന്നത് ഹിന്ദുത്വ വികാരം തന്നെയായിരുന്നു. 27 റാലികളില്‍ മോദിയുടെ സാന്നിധ്യമുണ്ടായി. പ്രചാരണത്തിന്റെ അവസാന ഘട്ടത്തില്‍ രണ്ട് ദിവസത്തിനിടെ ഏഴ് റാലികളിലാണ് മോദി പങ്കെടുത്തത്. സാധാരണ ഗതിയില്‍ രണ്ട് പാര്‍ട്ടികളോ മുന്നണികളോ തമ്മിലുള്ള പോരാട്ടമാണ് സംസ്ഥാന തിരഞ്ഞെടുപ്പുകളില്‍ നടക്കാറുള്ളത്. ഗുജറാത്തില്‍ ബി ജെ പി മേധാവിത്വമായിരുന്നു തിരഞ്ഞെടുപ്പിന്റെ തുടക്കം മുതല്‍ ഒടുക്കം വരെ. കോണ്‍ഗ്രസ്സിന്റെ വോട്ട് ബേങ്കിലേക്ക് ആം ആദ്മിയും ഉവൈസിയുടെ എ ഐ എം ഐ എമ്മും കടന്നു കയറിയത് ബി ജെ പിക്ക് കാര്യങ്ങള്‍ കൂടുതല്‍ എളുപ്പവുമാക്കി.

പ്രചാരണ രംഗത്ത് വേണ്ടത്ര തിളങ്ങാന്‍ സാധിക്കാത്തതും ആം ആദ്മി പാര്‍ട്ടിയുടെ സാന്നിധ്യവുമാണ് കോണ്‍ഗ്രസ്സിന്റെ വന്‍ പരാജയത്തിനു കാരണം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വ്യക്തിപ്രഭാവം മുന്‍നിര്‍ത്തി ബി ജെ പി പ്രചാരണ രംഗം കൊഴുപ്പിച്ചപ്പോള്‍ പകരം വെക്കാനൊരു മുഖമോ പേരോ കോണ്‍ഗ്രസ്സിനില്ലാതെ പോയി. ഭാരത് ജോഡോ യാത്രയുടെ തിരക്കിലായിരുന്ന രാഹുല്‍ഗാന്ധിയുടെ സാന്നിധ്യം സംസ്ഥാനത്ത് ഒരു ദിവസത്തിലൊതുങ്ങി. ഹിമാചല്‍ പ്രദേശില്‍ ശ്രദ്ധ കേന്ദ്രീകരിച്ചതു മൂലം പ്രിയങ്കാ ഗാന്ധിക്കും ഗുജറാത്തിലെത്താനായില്ല. കൊവിഡ് കൈകാര്യം ചെയ്തതിലെ കെടുകാര്യസ്ഥത, തൊഴിലില്ലായ്മാ പ്രശ്‌നം, കര്‍ഷക വിഷയങ്ങള്‍, 135 പേരുടെ മരണത്തിനിടയാക്കിയ മോര്‍ബി തൂക്കുപാലം അപകടം തുടങ്ങി സംസ്ഥാനത്ത് ശക്തമായ ഭരണവിരുദ്ധ വികാരമുണ്ടായിട്ടും അത് ഫലപ്രദമായി ഉപയോഗപ്പെടുത്താന്‍ കോണ്‍ഗ്രസ്സിനായില്ല. നേതാക്കളുടെ ബി ജെ പിയിലേക്കുള്ള കൂടുമാറ്റവും സംസ്ഥാന രാഷ്ട്രീയത്തിലെ ആഭ്യന്തര തര്‍ക്കവും പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തി.

ഗുജറാത്തില്‍ അട്ടിമറി സൃഷ്ടിക്കുമെന്ന പ്രഖ്യാപനം നടപ്പായില്ലെങ്കിലും സംസ്ഥാനത്ത് വേരുറപ്പിക്കാന്‍ ആം ആദ്മിക്കായി. അഞ്ച് മണ്ഡലങ്ങളിലാണ് വിജയിച്ചതെങ്കിലും ദേശീയ പാര്‍ട്ടിയായി അംഗീകാരം നേടാന്‍ ആം ആദ്മിയെ ഇത് സഹായിക്കും. ഒരു പാര്‍ട്ടിക്ക് ദേശീയ പദവി ലഭിക്കണമെങ്കില്‍ കുറഞ്ഞത് നാല് സംസ്ഥാനങ്ങളില്‍ രണ്ട് നിയമസഭാ സീറ്റുകളിലെങ്കിലും വിജയിക്കുകയും ആറ് ശതമാനം വോട്ട് നേടുകയും വേണം. ഇതിനകം ഡല്‍ഹിയിലും പഞ്ചാബിലും അധികാരത്തിലേറിയ ആം ആദ്മി കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഗോവയിലും രണ്ട് സീറ്റുകളില്‍ വിജയിച്ച് അവിടെയും വേരുറപ്പിച്ചു കഴിഞ്ഞിരുന്നു. ഗുജറാത്തിലെ വിജയത്തോടെ ബി ജെ പിയുടെ പ്രധാന എതിരാളിയായി പാര്‍ട്ടി മാറും. ആം ആദ്മിയുടെ കടന്നു കയറ്റം നഗര മേഖലകളില്‍ ഒതുങ്ങുമെന്നും ഗ്രാമങ്ങളിലെ തങ്ങളുടെ പരമ്പരാഗത വോട്ടുകളില്‍ ചോര്‍ച്ച സംഭവിക്കില്ലെന്നുമായിരുന്നു കോണ്‍ഗ്രസ്സ് നേതൃത്വത്തിന്റെ വിശ്വാസം. എന്നാല്‍ ഗ്രാമങ്ങളിലും കോണ്‍ഗ്രസ്സ് വോട്ടുകള്‍ ആം ആദ്മിയിലേക്കൊഴുകി.

ഗുജറാത്തിലെ മികച്ച മുന്നേറ്റം പക്ഷേ, ബി ജെ പി ദേശീയ അധ്യക്ഷന്‍ ജെ പി നഡ്ഡയുടെ സംസ്ഥാനമായ ഹിമാചല്‍ പ്രദേശില്‍ കാഴ്ച വെക്കാന്‍ ബി ജെ പിക്കായില്ല. മാത്രമല്ല, പാര്‍ട്ടി അവിടെ പിന്നോട്ടടിക്കുകയും ചെയ്തു. മോദിയുടെ പ്രഭാവം മുന്‍നിര്‍ത്തിയുള്ള പ്രചാരണം ഇവിടെ നിഷ്ഫലം. സംസ്ഥാനത്തെ 68 മണ്ഡലങ്ങളില്‍ 40ലും കോണ്‍ഗ്രസ്സിനാണ് വിജയം. ബി ജെ പി 25ല്‍ ഒതുങ്ങി. 2017ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പി 44, കോണ്‍ഗ്രസ്സ് 21, സി പി എം- ഒന്ന് എന്നിങ്ങനെയായിരുന്നു കക്ഷിനില. ബി ജെ പിയും കോണ്‍ഗ്രസ്സും നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയ ഹിമാചലില്‍ ബി ജെ പി അധികാരത്തില്‍ തുടരുമെന്നായിരുന്നു ഭൂരിപക്ഷം എക്‌സിറ്റ് പോളുകളും പ്രവചിച്ചിരുന്നത്. മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ കീഴില്‍, പ്രിയങ്കാ ഗാന്ധിയാണ് സംസ്ഥാനത്ത് കോണ്‍ഗ്രസ്സിന്റെ പ്രചാരണ പരിപാടികള്‍ക്ക് ചുക്കാന്‍ പിടിച്ചത്. സ്ഥിരമായി ഒരു പാര്‍ട്ടിയെ പിന്തുണക്കുന്ന ശൈലിയല്ല ഹിമാചലില്‍ കാലങ്ങളായി തുടര്‍ന്നുവരുന്നത്. 1985ന് ശേഷം ഒരു പാര്‍ട്ടിക്കും ഇവിടെ തുടര്‍ ഭരണം ലഭിച്ചിട്ടില്ല. സംസ്ഥാനത്ത് ആം ആദ്മി മത്സരിക്കുകയും ശക്തമായ പ്രചാരണം നടത്തുകയും ചെയ്‌തെങ്കിലും ഫലമുണ്ടായില്ല. ഒറ്റ സീറ്റില്‍ പോലും അവര്‍ക്ക് വിജയിക്കാനായില്ല.

മികച്ച വിജയം നേടിയെങ്കിലും ഹിമാചല്‍ കോണ്‍ഗ്രസ്സ് നേതൃത്വം ആശങ്കയിലാണ്. സ്വതന്ത്രരെയും കോണ്‍ഗ്രസ്സിലെ ചില എം എല്‍ എമാരെയും വിലക്കെടുത്ത് അധികാരം നിലനിര്‍ത്താന്‍ ബി ജെ പി നീക്കങ്ങളാരംഭിച്ചതായാണ് വിവരം. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ നേതൃത്വത്തിലാണ് കുതിരക്കച്ചവടം അരങ്ങേറുന്നത്. വിവരമറിഞ്ഞതോടെ വിജയിച്ച പ്രതിനിധികളെ കോണ്‍ഗ്രസ്സ് ഭരണത്തിലിരിക്കുന്ന ഇതര സംസ്ഥാനങ്ങളിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ് പാര്‍ട്ടി.



source https://www.sirajlive.com/gujarat-and-himachal-are-pointing-fingers.html

Post a Comment

Previous Post Next Post