സാകിർ നായികിനെ തള്ളിപ്പറഞ്ഞ് കെ എൻ എം

കോഴിക്കോട് | മുജാഹിദ് സമ്മേളനങ്ങളിലെ മുഖ്യ ആകർഷണവും അറിയപ്പെടുന്ന സലഫി പ്രചാരകനുമായ സാകിർ നായികിനെ തള്ളിപ്പറഞ്ഞ് കെ എൻ എം. സാകിർ നായിക് സലഫി പണ്ഡിതനാണെന്ന് തങ്ങൾ പറഞ്ഞിട്ടില്ലെന്ന് ടി പി അബ്ദുല്ലക്കോയ മദനി വ്യക്തമാക്കി. അദ്ദേഹം ഒരു പ്രഭാഷകൻ മാത്രമാണ്. മുമ്പ് പലതവണ മുജാഹിദ് സമ്മേളനങ്ങളിൽ പങ്കെടുത്തത് ചൂണ്ടിക്കാട്ടിയപ്പോൾ, പങ്കെടുക്കുന്നവരെല്ലാം തങ്ങളുടെ ആശയക്കാരല്ലെന്ന് അദ്ദേഹം വിശദീകരിച്ചു. വിദേശ സലഫി നേതാക്കളെ സമ്മേളനത്തിൽ പങ്കെടുപ്പിക്കുന്നതിൽ പരിമിതിയുണ്ടെന്നും അബ്ദുല്ലക്കോയ മദനി വ്യക്തമാക്കി.

മന്ത്ര ചികിത്സ നടത്തുന്ന പാണക്കാട് തങ്ങൻമാരെ സമ്മേളനത്തിലേക്ക് ക്ഷണിച്ചതിനെക്കുറിച്ചും ചോദ്യങ്ങളുയർന്നു. സംഘ്പരിവാറിന് അനുകൂലമായി ജനം ടി വിയിൽ അഭിമുഖം നൽകിയ അബ്ദുൽ മജീദ് സ്വലാഹിയുടെ നിലപാടുകളിൽ തള്ളിക്കളയേണ്ടതായി ഒന്നുമില്ലെന്നും അദ്ദേഹം വിശദീകരിച്ചു. നാളെ മുതൽ ജനുവരി ഒന്ന് വരെ കോഴിക്കോട് നടക്കുന്ന മുജാഹിദ് സമ്മേളനം വിശദീകരിക്കാൻ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞുപോയ പ്രവാചകൻമാരുടെ മയ്യിത്ത് അന്വേഷിച്ച് അവിടെ കൂടാരങ്ങളുണ്ടാക്കാൻ ഒരു മതവും പറഞ്ഞിട്ടില്ലെന്നും അത് പിന്നീടുണ്ടായ അന്ധവിശ്വാസമാണെന്നും അദ്ദേഹം പറഞ്ഞു. കൂടോത്രമടക്കമുള്ള അന്ധവിശ്വാസങ്ങളെക്കുറിച്ച് പ്രത്യേക സെഷൻ ഇല്ലാത്തതിനെക്കുറിച്ച് ചോദിച്ചപ്പോൾ നേതാക്കൾ വ്യക്തമായ മറുപടി പറഞ്ഞില്ല. ആറ് വേദികളിൽ 300 പ്രബന്ധങ്ങൾ സമ്മേളനത്തിൽ ചർച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഡോ. ഹുസൈൻ മടവൂരും സംബന്ധിച്ചു.



source https://www.sirajlive.com/knm-rejects-sakir-naik.html

Post a Comment

أحدث أقدم