ലോകം ഖത്വറില്‍ നിന്ന് മടങ്ങുമ്പോള്‍

ലോകം ഖത്വറില്‍ നിന്ന് മടങ്ങുകയാണ്. ഖത്വര്‍ സമ്മാനിച്ച അനുഭവങ്ങള്‍ വിസ്മയ കാഴ്ചകളുടേതായിരുന്നു. അറബിക്കഥ പോലെ സുന്ദര കാഴ്ചകളും കാല്‍പന്ത് കളിയുടെ മനോഹാരിതയും നുകര്‍ന്ന് തിരികെ പറക്കുമ്പോള്‍ ഏവരും പറയുന്നു, ശുക്റന്‍ ഹബീബി ശുക്റന്‍.

ലോക ഭൂപടത്തില്‍ ഇത്തിരിപ്പൊട്ടാണ് ഖത്വര്‍. എന്നാല്‍, കഴിഞ്ഞ 29 ദിനങ്ങള്‍ മാത്രമല്ല, 2022 ലോകകപ്പിന് ഖത്വര്‍ ആതിഥ്യമരുളുമെന്ന് 2010 ഡിസംബര്‍ രണ്ടിന് സൂറിച്ചിലെ ഫിഫ ആസ്ഥാനത്തു വെച്ച് ഫിഫ പ്രസിഡന്റ് സെപ് ബ്ലാറ്റര്‍ പ്രഖ്യാപിക്കുന്നതു മുതല്‍ ലോകത്തിന്റെ ചര്‍ച്ചകള്‍ ഖത്വറില്‍ ആയിരുന്നു. ആധുനിക ഖത്വറിന്റെ ശില്‍പ്പി ശൈഖ് ഹമദ് ബിന്‍ ഖലീഫ അല്‍താനി സൂറിച്ചില്‍ നിന്ന് പ്രഖ്യാപിച്ച വാക്ക് പാലിച്ചു. പഴുതും പിഴവുകളുമില്ലാത്ത ചരിത്രത്തിലെ ഏറ്റവും മനോഹര ലോകകപ്പിന് ലോകം സാക്ഷ്യം വഹിച്ചു. മകനും നിലവില്‍ അമീറുമായ ശൈഖ് തമീം ബിന്‍ ഹമദ് ബിന്‍ ഖലീഫ അല്‍താനിയുടെ കീഴില്‍ രൂപം നല്‍കിയ സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലജന്‍സി പോരായ്മകളില്ലാതെ ലോകകപ്പ് നടത്തുന്നതിന്റെ രസതന്ത്രവും ലോകത്തിന് കാണിച്ചുകൊടുത്തു.

ഖത്വര്‍ ലോകകപ്പിനെ വ്യത്യസ്തമാക്കുന്ന നിരവധി ഘടകങ്ങളുണ്ട്. എട്ട് സ്റ്റേഡിയങ്ങള്‍ക്കിടയിലെ കുറഞ്ഞ യാത്രാ ദൂരം മുതല്‍ അക്രമ സംഭവങ്ങളോ കുറ്റകൃത്യങ്ങളോ റിപോര്‍ട്ട് ചെയ്യപ്പെടാത്ത ലോകകപ്പ് എന്നതുള്‍പ്പെടെ വേറിട്ട വിശേഷണങ്ങള്‍. മെട്രോ, ബസ് സൗജന്യ യാത്ര, പ്ലാസ്റ്റിക്കിനെ പടിക്കുപുറത്തു നിര്‍ത്തിയ പരിസ്ഥിതി സൗഹൃദ ലോകകപ്പ്, ഭിന്നശേഷിക്കാര്‍ക്ക് നല്‍കിയ പ്രത്യേക പരിഗണന, ഹൂളിഗാനിസവുമായി അറസ്റ്റ് ചെയ്യപ്പെടാത്ത ആദ്യ വിശ്വമേള എന്നിങ്ങനെ തുടരുന്ന ഗുണഗണങ്ങള്‍. ലോക മാധ്യമങ്ങളില്‍ നിറഞ്ഞ നെഗറ്റീവ് പ്രചാരണങ്ങളെയാകെ അപ്രസക്തമാക്കിയ വിജയമാണിത്.

ഖത്വര്‍ ലോകകപ്പ് നിലപാടുകളുടേത് കൂടിയായിരുന്നു. ലോക കായിക ഭൂപടത്തില്‍ സര്‍വരെയും ഉള്‍ക്കൊള്ളണമെന്ന കൃത്യമായ സന്ദേശം പറയാന്‍ ഖത്വറിനായി. നവംബര്‍ 20ന്റെ സായാഹ്നത്തില്‍ അല്‍ ബൈത്ത് സ്റ്റേഡിയത്തില്‍ ഗാനി അല്‍ മുഫ്താഹ് പാരായണം ചെയ്ത ഖുര്‍ആന്‍ സൂക്തം മുതല്‍ ഖത്വര്‍ പ്രകടമാക്കിയതെല്ലാം ഒരുപിടി സന്ദേശങ്ങളായിരുന്നു. പാശ്ചാത്യര്‍ കൈയടക്കിയിരുന്ന ലോകകപ്പ് ഉദ്ഘാടന ചടങ്ങിനെ ലുസൈലില്‍ നയിച്ചത് അമേരിക്കന്‍ കറുത്ത വര്‍ഗക്കാരനും ഒരു ഭിന്നശേഷിക്കാരനും ചേര്‍ന്നായിരുന്നു. കത്താറയിലെ സാംസ്‌കാരിക നഗരിയില്‍ ഇസ്‌ലാമിനെയും അറബ് സംസ്‌കാരത്തെയും സഞ്ചാരികള്‍ക്ക് പരിചയപ്പെടുത്തി. ദോഹയിലെ തെരുവുകളിലെല്ലാം കാല്‍പന്ത് പ്രേമികള്‍ സൗഹൃദവും സുരക്ഷിതത്വവും അനുഭവിച്ചു. സ്റ്റേഡിയത്തില്‍ മദ്യം പാടില്ലെന്ന ഖത്വര്‍ നിലപാടിന് ഫിഫയും വഴങ്ങി. ഖത്വറൊരുക്കിയ സുന്ദരമായ ആതിഥേയത്വം പോലെ മനോഹരമായിരുന്നു എട്ട് പച്ചപ്പുല്‍ മൈതാനങ്ങളിലും വിരിഞ്ഞ കാല്‍പന്ത് മായാജാലങ്ങള്‍. യൂറോപ്പും ലാറ്റിനമേരിക്കയും വിറച്ച ആദ്യഘട്ട പോരാട്ടങ്ങള്‍. ഏഷ്യയും ആഫ്രിക്കയും കരുത്തുകാട്ടിയ മത്സരങ്ങള്‍. അട്ടിമറികള്‍ക്കും അപ്രതീക്ഷിത ഫലങ്ങള്‍ക്കും ലോകം സാക്ഷിയായി. സഊദി അറേബ്യ അര്‍ജന്റീനയെയും ജപ്പാന്‍ ജര്‍മനിയെയും അട്ടിമറിച്ചു. ദക്ഷിണ കൊറിയ ഉറുഗ്വേയെ സമനിലയില്‍ തളച്ചു. വെയില്‍സിനെ ഇറാന്‍ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി. ഫുട്ബോള്‍ പണ്ഡിറ്റുകള്‍ക്ക് പ്രവചനാതീതമായിരുന്നു ഓരോ മത്സരങ്ങളും. കളിയാരവം അവസാനിക്കുമ്പോള്‍ ചര്‍ച്ചയാകുന്നത് ലോകകപ്പില്‍ ഏഷ്യന്‍, ആഫ്രിക്കന്‍ രാജ്യങ്ങള്‍ കാഴ്ചവെച്ച പോരാട്ടവീര്യമാണ്.

കറുത്ത വന്‍കരയുടെ എല്ലാ ദൗര്‍ബല്യങ്ങളും അനുഭവിച്ച ഒരു സംഘത്തിന്റെ വിജയ കഥ കൂടിയാണ് ഖത്വര്‍ പറയുന്നത്. മൊറോക്കോയെന്ന മഗ്രിബിയന്‍ വസന്തമാണ് വിശ്വ പോരാട്ടത്തില്‍ കാല്‍പന്ത് പ്രേമികളുടെയാകെ മനം കവര്‍ന്നത്. ലോകകപ്പില്‍ നാലാം സ്ഥാനക്കാരായി മടങ്ങുമ്പോള്‍ തങ്ങള്‍ക്ക് ഇനിയുമേറെ ഉയരങ്ങള്‍ കീഴടക്കാനുണ്ടെന്നും ഒന്നും വിദൂരത്തല്ലെന്നും അവര്‍ ലോകത്തോട് പറയുന്നു. വലിയ വിലാസവുമായി വന്നവരെ മുട്ടുകുത്തിച്ച് ഈ ലോകകപ്പിലെ അത്ഭുതങ്ങളുടെ സുല്‍ത്താന്‍മാരായി മടങ്ങുമ്പോള്‍ വിജയ ആഘോഷത്തില്‍ അവര്‍ മുന്നോട്ട് വെച്ച സാംസ്‌കാരികത കൂടി ലോകം ചര്‍ച്ച ചെയ്യുന്നു.

മൈതാനം നിരവധി വിവാദങ്ങള്‍ക്ക് കൂടി വേദിയായാണ് ലോകകപ്പിന് വിരാമമാകുന്നത്. അനാവശ്യമായി പെനാല്‍ട്ടി വിധിക്കല്‍, വാര്‍ (വീഡിയോ അസിസ്റ്റന്റ് റഫറി) നല്‍കാതിരിക്കല്‍ തുടങ്ങിയവ മുതല്‍ മഞ്ഞക്കാര്‍ഡുകളുടെ എണ്ണത്തില്‍ റെക്കോര്‍ഡിട്ടതും ഈ ലോകകപ്പ് തന്നെ. ക്വാര്‍ട്ടറില്‍ അര്‍ജന്റീന-നെതര്‍ലാന്‍ഡ് മത്സരത്തില്‍ റഫറി ആന്റോണിയോ മത്യാവു ലാഹോസ് ആകെ 18 മഞ്ഞക്കാര്‍ഡുകളാണ് പുറത്തെടുത്തത്. ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ കാർഡിന്റെ റെക്കോര്‍ഡും ഈ മത്സരത്തിനായി. സംഭവത്തില്‍ വിവാദമുയര്‍ന്നതോടെ ആന്റോണിയോ മത്യാവു ലാഹോസിനെ ഫിഫ നാട്ടിലേക്ക് മടക്കി. എന്നാല്‍, ഗ്രൂപ്പ് ഘട്ടത്തില്‍ ബ്രസീലിനെ വീഴ്ത്തിയ കാമറൂണിനായി കളിയുടെ അധിക സമയത്ത് ഗോള്‍ നേടിയ വിന്‍സന്റ് അബൂബക്കര്‍ അഭിമാന നിമിഷത്തില്‍ ജഴ്സി ഊരി തന്നെ ആഘോഷിച്ചു. പിന്നാലെ റഫറി ഇസ്മാഈല്‍ എല്‍ഫത്ത് താരത്തിനരികില്‍ ഓടിയെത്തി രണ്ടാം മഞ്ഞക്കാര്‍ഡും തുടര്‍ന്ന് ചുവപ്പ് കാര്‍ഡും ഉയര്‍ത്തി. പക്ഷേ, ചുവപ്പ് കാര്‍ഡ് ഉയര്‍ത്തും മുമ്പ് റഫറി ഇസ്മാഈല്‍ എല്‍ഫത്ത് അബൂബക്കറിന് ഹസ്തദാനം നല്‍കിയതും തോളില്‍ തട്ടിയും ചേര്‍ത്തുനിര്‍ത്തിയും അഭിനന്ദിച്ചതും ഫുട്ബോള്‍ പ്രേമികള്‍ക്ക് ഏറെ ഹൃദ്യമായ കാഴ്ചയായി. ഏത് നിമിഷങ്ങളിലും കളിയില്‍ നിയമം നിയമം തന്നെയാണെന്ന് ഉറപ്പിക്കുമ്പോഴും അഭിനന്ദനത്തിന്റെയും സ്നേഹത്തിന്റെയും പങ്കുവെപ്പുകള്‍ ബാക്കിയാകണമെന്ന സന്ദേശം കൂടി പകര്‍ന്ന നിമിഷങ്ങള്‍ക്ക് കൂടി ലോകം സാക്ഷിയായി.
മലയാളികള്‍ ഏറ്റവും കൂടുതല്‍ കണ്ടതും ആഘോഷിച്ചതും പങ്കാളികളായതും ഈ ലോകകപ്പിലായിരുന്നു. ഇന്ത്യക്കാരായ ആരാധകരെ വിലക്കെടുക്കുന്നുവെന്നുവരെ യൂറോപ്യന്‍ മാധ്യമങ്ങള്‍ പ്രചാരണം നടത്തി. ആസ്വാദ്യകരമായ സൗഹൃദത്തിന്റെയും ജനകീയ പങ്കാളിത്തത്തിന്റെയും ഉത്സവം അറബ് ലോകത്ത് ഇനിയും അരങ്ങേറാന്‍ ലോക കാല്‍പന്ത് പ്രേമികളും കാത്തിരിക്കും. സ്നേഹം, സൗഹൃദം, സാഹോദര്യം, സഹകരണം, ആതിഥ്യ മര്യാദ… ഇങ്ങനെ ഖത്വറും അറബ് ലോകവും മുന്നോട്ടുവെച്ച നന്‍മകളെല്ലാം ലോകത്തിന്റെ മനസ്സില്‍ മായാതെ നില്‍ക്കും.

കളിയെ കളിയായി കാണണം. അതിനപ്പുറത്തേക്ക് പോകരുത്. കളിയിലെ രാഷ്ട്രീയവും സാമ്പത്തിക ശാസ്ത്രവും മനസ്സിലാക്കണം. ജപ്പാനില്‍ നിന്ന് വന്ന ഫുട്‌ബോള്‍ പ്രേമികളെ മാതൃകയാക്കണം. നാടാകെ ഉയര്‍ന്നു നില്‍ക്കുന്ന ഫ്‌ളക്‌സുകളും കട്ടൗട്ടുകളും നീക്കാനുള്ള ഔചിത്യം കാണിക്കണം.



source https://www.sirajlive.com/when-the-world-returns-from-qatar.html

Post a Comment

Previous Post Next Post