ആഭ്യന്തര അതിർത്തി തർക്കങ്ങൾ പരിഹരിക്കണം

രാജ്യത്തിനകത്തെ അതിർത്തി തർക്കങ്ങൾ രാജ്യത്തിന്റെ അഖണ്ഡതക്ക് മേൽ പതിക്കാനിരിക്കുന്ന ടൈം ബോംബുകളാണ്. ഇത്തരം തർക്കങ്ങൾ രമ്യമായി പരിഹരിച്ച് മുന്നോട്ട് പോകാനാകുന്നില്ലെങ്കിൽ ശിഥിലീകരണ പ്രവണത നിയന്ത്രണാതീതമായി വളരും. എത്രകാലം ഇത് നീണ്ടു നിൽക്കുന്നുവോ അത്രയും വഷളാകുകയേയുള്ളൂ. കർണാടകയും മഹാരാഷ്ട്രയും തമ്മിലുള്ള അതിർത്തി തർക്കം ഈയടുത്ത് നിരവധി സംഘർഷങ്ങൾക്കും പോർവിളികൾക്കും കാരണമായി. മിസോറാമും മേഘാലയയും തമ്മിലുള്ള തർക്കവും നീറിക്കൊണ്ടേയിരിക്കുകയാണ്. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ മിക്കവയിലും ഏത് നിമിഷവും പൊട്ടിത്തെറിക്കാവുന്ന തർക്കങ്ങളുണ്ട്.

സംസ്ഥാന അതിർത്തികൾ പുനർ നിർണയിക്കാനായി 1956ൽ സുപ്രധാന നിയമം പാസ്സാക്കി നാല് വർഷം കഴിഞ്ഞ് മഹാരാഷ്ട്ര നിലവിൽ വന്നതോടെ തന്നെ മഹാരാഷ്ട്ര- കർണാടക തർക്കം തുടങ്ങിയിരുന്നു. സംസ്ഥാനത്തിന്റെ തെക്കൻ അറ്റത്ത് കർണാടകയോട് ചേർന്ന പ്രദേശങ്ങളിൽ അന്നേ മഹാരാഷ്ട്ര അവകാശവാദമുന്നയിച്ചു. അന്ന് ബെൽഗാമും പിന്നീട് ബെലഗാവിയുമായിത്തീർന്ന പ്രദേശമടക്കം 800 ഗ്രാമങ്ങൾ കർണാടകയോട് ചേർത്തത് അംഗീകരിക്കില്ലെന്നായിരുന്നു വാദം. 1966ൽ പ്രശ്‌നം പഠിക്കാൻ മഹാജൻ കമ്മീഷനെ സർക്കാർ നിയോഗിച്ചു. പ്രദേശങ്ങൾ വെച്ചു മാറി പ്രശ്‌നം പരിഹരിക്കാനായിരുന്നു കമ്മീഷൻ മുന്നോട്ട് വെച്ച ഫോർമുല. ഇത് കർണാടക സ്വാഗതം ചെയ്തു, മഹാരാഷ്ട്ര തള്ളി. നാല് പതിറ്റാണ്ടിനിടെ പരിഹാര നിർദേശങ്ങൾ പലതു വന്നെങ്കിലും ഒന്നും ഫലവത്തായില്ല. 2004ൽ മഹാരാഷ്ട്ര സുപ്രീം കോടതിയിലെത്തി. ബെൽഗാമിന്റെ പേര് ബെലഗാവിയെന്നാക്കിയും നിയമസഭയുടെ രണ്ടാം മന്ദിരം ഇവിടെ പണിതുമാണ് കർണാടക തങ്ങളുടെ അവകാശം ഊട്ടിയുറപ്പിക്കാൻ തുനിഞ്ഞത്. ഈ തർക്കത്തിൽ ഒരു തീർപ്പിലെത്താൻ സുപ്രീം കോടതിക്ക് ഇപ്പോഴുമായിട്ടില്ല. ഇരു സംസ്ഥാനങ്ങളിലെയും രാഷ്ട്രീയക്കാർ അതിർത്തി തർക്കത്തെ വോട്ട് നേട്ടത്തിനായി ഉപയോഗിച്ചു കൊണ്ടിരിക്കുന്നതിനാൽ ഉണങ്ങാത്ത മുറിവായി തർക്കം നിലനിൽക്കുകയാണ്.
ബെലഗാവിയിലെ സംഘർഷവുമായി ബന്ധപ്പെട്ട് 382 ബസ് സർവീസുകൾ റദ്ദാക്കിയിരിക്കുകയാണ് മഹാരാഷ്ട്ര സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപറേഷൻ (എം എസ് ആർ ടി സി) മഹാരാഷ്ട്ര രജിസ്‌ട്രേഷൻ വാഹനങ്ങൾക്കുനേരെ ബെലഗാവിയിൽ കല്ലേറുണ്ടായതിനെ തുടർന്ന് സർവീസ് ഭാഗികമായി നിർത്തിവെക്കുകയായിരുന്നു. കർണാടക ബസുകളിൽ മഹാരാഷ്ട്ര അനുകൂല മുദ്രാവാക്യങ്ങൾ പ്രത്യക്ഷപ്പെട്ടത് കഴിഞ്ഞ ആഴ്ചയാണ്. മറാത്തി അനുകൂല സംഘടനാ പ്രവർത്തകർ കർണാടക സർക്കാറിന്റെ ഉടമസ്ഥതയിലുള്ള പൊതുഗതാഗത ബസുകളിൽ “ജയ് മഹാരാഷ്ട്ര’ എന്നും കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈക്കെതിരെയും മുദ്രാവാക്യങ്ങളെഴുതുകയായിരുന്നു.

അതിർത്തി തർക്കവുമായി ബന്ധപ്പെട്ട് 14ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇരു സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരുമായി ചർച്ച നടത്താനിരിക്കുകയാണ്. മഹാരാഷ്ട്രയിലെ മഹാവികാസ് അഘാഡി എം പിമാരുടെ സംഘം കഴിഞ്ഞ ദിവസം അമിത് ഷായെ കണ്ടിരുന്നു. സംഘത്തെ നയിച്ച എൻ സി പി നേതാവ് അമോൾ കോലെയാണ് ഷാ മുഖ്യമന്ത്രിമാരെ കാണുന്ന വിവരം അറിയിച്ചത്. ചർച്ചയിൽ സമവായമുണ്ടാകുമെന്നാണ് പ്രതീക്ഷ.
അര നൂറ്റാണ്ട് നീണ്ട അതിർത്തി തർക്കത്തിന് അന്ത്യം കുറിക്കാനുതകുന്ന കരാറിൽ അസമും മേഘാലയയും കഴിഞ്ഞ ഏപ്രിലിൽ ഒപ്പുവെച്ചെങ്കിലും സംഘർഷത്തിന് അവിടെയും അറുതിയായിട്ടില്ല. കഴിഞ്ഞ നവംബറിൽ ഇവിടെയുണ്ടായ സംഘർഷത്തിൽ ആറ് പേരാണ് മരിച്ചത്. ഇരു സംസ്ഥാനങ്ങളും തമ്മിൽ തർക്കമുള്ള 12 മേഖലകളിൽ ആറ് എണ്ണത്തിന്റെ കാര്യത്തിലാണ് ധാരണയിലെത്തിയിരുന്നത്. ആറ് അതിർത്തി ഗ്രാമങ്ങളെ കുറിച്ച് തർക്കം അവശേഷിക്കുകയാണ്. ഇക്കാര്യത്തിൽ രണ്ടാം ഘട്ട ചർച്ച തുടങ്ങാനിരിക്കെയാണ് സംഘർഷം പൊട്ടിപ്പുറപ്പെട്ടതും അസം പോലീസിന്റെ വേടിയേറ്റ് ആറ് പേർ മരിച്ചതും.

ഭ്രാന്തമായ പ്രാദേശിക ദേശീയതയാണ് ഇത്തരം തർക്കങ്ങളുടെ അടിസ്ഥാനം. ശത്രു രാജ്യങ്ങളെപ്പോലെയാണ് ഈ ഘട്ടങ്ങളിൽ ജനങ്ങൾ പെരുമാറുക. പോലീസ് ഉദ്യോഗസ്ഥർ പോലും ആയുധവുമായി ഏറ്റുമുട്ടും. ഈ സംഘർഷങ്ങൾക്ക് കൂട്ടുനിൽക്കുന്ന സമീപനമാണ് ഇരു സംസ്ഥാനങ്ങളിലെയും സർക്കാർ സംവിധാനവും കൈക്കൊള്ളാറുള്ളത്. നടുവിൽ നിന്ന് ശാന്തത സൃഷ്ടിക്കേണ്ട കേന്ദ്ര സർക്കാറാകട്ടേ, രാഷ്ട്രീയ നേട്ടത്തിനായി അനങ്ങാപ്പാറ നയം സ്വീകരിക്കുകയും ചെയ്യും. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളായ അസം, അരുണാചൽ പ്രദേശ്, മിസോറാം, നാഗാലാൻഡ് എന്നിവ തമ്മിൽ രൂക്ഷമായ അതിർത്തി തർക്കം നിലനിൽക്കുന്നുണ്ട്. ഇടുക്കി ജില്ല പൂർണമായി തമിഴ്‌നാടിനോട് ചേർക്കണമെന്നാവശ്യപ്പെട്ട് ചില തമിഴ് സംഘടനകൾ ഇടക്ക് രംഗത്തുവരാറുണ്ട്.

ദേശീയതയെ കുറിച്ചും രാജ്യത്തിന്റെ അഖണ്ഡതയെ കുറിച്ചും വലിയ വായിൽ സംസാരിക്കുന്ന ബി ജെ പിയാണ് തർക്കം നിലനിൽക്കുന്ന മിക്ക സംസ്ഥാനങ്ങളിലെയും ഭരണത്തിന് നേതൃത്വം നൽകുന്നത്. പ്രശ്‌നം പരിഹരിക്കാനാകാതെ നോക്കുകുത്തിയാകുകയാണ് കേന്ദ്ര സർക്കാർ. അസമിൽ ബി ജെ പി നേരിട്ട് ഭരിക്കുന്നു. മിസോറാമിലെ ഭരണകക്ഷിയായ മിസോ നാഷനൽ ഫ്രണ്ട്, ബി ജെ പിയുടെ മുൻകൈയിൽ രൂപവത്കരിച്ച നോർത്ത് ഈസ്റ്റ് ഡെമോക്രാറ്റിക് അലയൻസിലെ സഖ്യകക്ഷിയാണ്. മഹാരാഷ്ട്രയിൽ ശിവസേനാ വിമതർക്കൊപ്പം ചേർന്ന് ബി ജെ പി അധികാരം കൈയാളുന്നു. കർണാടകയിലും ബി ജെ പി സർക്കാറാണ്. തീവ്രമായ സംസ്ഥാന വികാരത്തിന് വളം വെച്ച് കൊടുത്ത് രാഷ്ട്രീയ നേട്ടമുണ്ടാക്കാൻ ശ്രമിക്കുന്ന ബി ജെ പിയുടെ നയം തന്നെയാണ് ഈ അവസ്ഥക്ക് കാരണം. കശ്മീരിൽ നടപ്പാക്കിയതും പശ്ചിമ ബംഗാളിലും തമിഴ്‌നാട്ടിലും നടപ്പാക്കാനായി കരുക്കൾ നീക്കുന്നതുമായ സംസ്ഥാന വിഭജന രാഷ്ട്രീയത്തിന്റെ വക്താക്കളാണ് ബി ജെ പി നേതാക്കൾ. അതുകൊണ്ട്, തർക്ക സംസ്ഥാനങ്ങളോട് സംയമനം പാലിക്കണമെന്ന് പറയാൻ അവർക്കെങ്ങനെ സാധിക്കും. ഇരു സംസ്ഥാനങ്ങളിലെയും വിവിധ രാഷ്ട്രീയ സാമൂഹിക സംഘടനകളെയും സമൂഹത്തിൽ സ്വാധീനമുള്ള വ്യക്തികളെയും ഉൾക്കൊള്ളിച്ച് വിശാലമായ കൂടിയാലോചനകളിലൂടെ വേണം പ്രശ്‌നം പരിഹരിക്കാൻ. മുകൾത്തട്ടിൽ സാധ്യമാകുന്ന സമവായം താഴേത്തട്ടിൽ പ്രാവർത്തികമാകുന്നുവെന്ന് ഉറപ്പ് വരുത്തണം. പ്രകോപനങ്ങൾ സൃഷ്ടിച്ച് രാഷ്ട്രീയ നേട്ടം കൊയ്യാനുള്ള ശ്രമം ആരുടെ ഭാഗത്ത് നിന്നും ഉണ്ടാകരുത്.



source https://www.sirajlive.com/internal-border-disputes-should-be-resolved.html

Post a Comment

أحدث أقدم