സഹവര്‍ത്തിത്വത്തില്‍ കഴിഞ്ഞു വന്നിരുന്ന കേരളത്തിലെ മുസ്‌ലിം- ക്രൈസ്തവ സമുദായങ്ങളെ തമ്മിലടിപ്പിക്കുന്ന പ്രസ്താവനകള്‍ അടുത്തിടെയായി ക്രൈസ്തവ പുരോഹിതരില്‍ നിന്ന് തുടരെ തുടരെ വന്നുകൊണ്ടിരിക്കുകയാണ്. സൗഹൃദപരമായ സാമുദായികാന്തരീക്ഷത്തില്‍ മാരകമായ മുറിവേല്‍പ്പിക്കുന്നതായിരുന്നു പാലാ ബിഷപ്പ് നടത്തിയ നാര്‍ക്കോട്ടിക് ജിഹാദ് പ്രയോഗം. കത്തോലിക്കന്‍ യുവാക്കളെ മയക്കുമരുന്ന് പ്രയോഗത്തിലൂടെ മതംമാറ്റാന്‍ മുസ്‌ലിം തീവ്രവാദികള്‍ ശ്രമിക്കുന്നുവെന്നും ഇതര മതസ്ഥരുടെ വേരറുക്കുകയാണ് അവരുടെ ലക്ഷ്യമെന്നുമായിരുന്നു പാലാ ബിഷപ്പിന്റെ ആരോപണം.
ഇതിനു പിന്നാലെ പ്രവാചകന്‍ മുഹമ്മദ് നബിക്ക് നാല്‍പ്പതാം വയസ്സില്‍ ദിവ്യ ദര്‍ശനം ലഭിച്ച ശേഷം ബുദ്ധിഭ്രമം സംഭവിച്ചുവെന്നും തുടര്‍ന്നുള്ള ജീവിതം അധാര്‍മികമായിരുന്നുവെന്നുമുള്ള പ്രസ്താവനയുമായി കണ്ണൂര്‍ ഇരിട്ടി മണിക്കടവ് വികാരി ഫാദര്‍ ആന്റണി രംഗത്തുവന്നു. മലബാറിലും തെക്ക് ഭാഗത്തും മുസ്‌ലിംകള്‍ ജ്യൂസ് കട നടത്തി ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ വശീകരിച്ച് മതം മാറ്റുന്നതായും മണിക്കടവ് സെന്റ് തോമസ് ചര്‍ച്ച് തിരുനാളാഘോഷത്തോടനുബന്ധിച്ചുള്ള പ്രഭാഷണത്തില്‍ അദ്ദേഹം ആരോപിച്ചു. വിഴിഞ്ഞം സമര സമിതി കണ്‍വീനര്‍ ഫാദര്‍ തിയോഡോഷ്യസ് ഡിക്രൂസിന്റേതാണ് കേരളീയാന്തരീക്ഷത്തെ വര്‍ഗീയ വിഷലിപ്തമാക്കുന്ന പുതിയ പ്രസ്താവന. ഫിഷറീസ് മന്ത്രി അബ്ദുര്‍റഹ്‌മാന്റെ പേര് തന്നെ തീവ്രവാദം ധ്വനിപ്പിക്കുന്നുവെന്നും ലോകം കണ്ട ഏറ്റവും വലിയ രാജ്യദ്രോഹിയാണ് അദ്ദേഹമെന്നുമാണ് ഫാ. ഡിക്രൂസിന്റെ പരാമര്‍ശം.
തന്റെ ഈ വര്‍ഗീയ പരാമര്‍ശത്തില്‍ പിന്നീട് അദ്ദേഹം മാപ്പ് പറയുകയും അത് പിന്‍വലിച്ചതായി അറിയിക്കുകയും ചെയ്‌തെങ്കിലും സൗഹൃദപരമായ കേരളീയാന്തരീക്ഷത്തില്‍ വിവാദ പരാമര്‍ശം സൃഷ്ടിക്കുന്ന മാരകമായ വിള്ളലുകള്‍ അതുകൊണ്ട് പരിഹൃതമാകുമോ? അബ്ദുര്‍റഹ്‌മാന്‍, അഹ്‌മദ് ദേവര്‍കോവില്‍ എന്നീ രണ്ട് മുസ്‌ലിം മന്ത്രിമാരാണ് വിഴിഞ്ഞം സമരത്തെ ശക്തമായി എതിര്‍ക്കുന്നതെന്നു വരുത്തിത്തീര്‍ത്ത് മത്സ്യത്തൊഴിലാളികളിലും ക്രിസ്തീയ സമൂഹത്തിലും മുസ്‌ലിം വിരുദ്ധത വളര്‍ത്തുകയും അരക്ഷിതാവസ്ഥ നേരിടുന്ന ഒരു സമുദായത്തെ കൂടുതല്‍ അരക്ഷിതാവസ്ഥയിലേക്ക് തള്ളിവിടുകയുമാണ് ഫാദര്‍ ഡിക്രൂസിന്റെ ലക്ഷ്യം. നേരത്തേ പാലാ ബിഷപ്പും ഇരിട്ടി മണിക്കടവ് വികാരിയും സാമുദായികാന്തരീക്ഷത്തില്‍ സൃഷ്ടിച്ച മുറിവുകളില്‍ ഉപ്പ് തേക്കുന്നതാണ് അദ്ദേഹത്തിന്റെ വാക്കുകള്‍. സംസ്ഥാനത്തെ സാമുദായിക സൗഹാര്‍ദം വഷളാക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുന്നതില്‍ സര്‍ക്കാര്‍ ഭാഗത്ത് നിന്നുണ്ടാകുന്ന അനാസ്ഥയും ഉദാസീനതയുമാണ് അടിക്കടി വിദ്വേഷ പ്രസംഗങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണം. കെ ടി ജലീല്‍ എം എല്‍ എ ചൂണ്ടിക്കാട്ടിയതു പോലെ, പാലാ ബിഷപ്പിനോടുള്ള അധികൃതരുടെ അഴകൊഴമ്പന്‍ നിലപാട് വിദ്വേഷ പരാമര്‍ശങ്ങള്‍ ആവര്‍ത്തിക്കാന്‍ പ്രചോദനമാകുകയായിരുന്നു.
സൗഹൃദപരമായി ജീവിച്ചു വന്നവരാണ് കേരളത്തിലെ മുസ്‌ലിം, ക്രിസ്തീയ സമുദായങ്ങള്‍ അടുത്ത കാലം വരെയും. രാജ്യത്തെ ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് നേരേ ഹിന്ദുത്വ ഫാസിസം ഉയര്‍ത്തുന്ന ഭീഷണി ചെറുക്കാന്‍ മുസ്‌ലിം, ക്രിസ്തീയ സഹകരണവും ഐക്യവും അനിവാര്യമാണെന്ന ബോധ്യവും തിരിച്ചറിവും മുന്‍കാല ക്രിസ്തീയ നേതൃത്വങ്ങള്‍ക്കുണ്ടായിരുന്നു. ഒഡീഷയിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും ക്രിസ്തീയ പുരോഹിതന്മാര്‍ അക്രമിക്കപ്പെടുകയും ചര്‍ച്ചുകള്‍ തകര്‍ക്കപ്പെടുകയും ചെയ്തപ്പോള്‍, അതിനെതിരെ പ്രതികരിക്കാനും പ്രതിഷേധിക്കാനും മുസ്‌ലിം നേതൃത്വം രംഗത്തുവന്നു. കാന്തപുരത്തിന്റെ കേരളയാത്രാ വേളയില്‍ അഭിവാദ്യമര്‍പ്പിക്കാന്‍ നിരവധി ക്രിസ്തീയ മേലധ്യക്ഷന്മാര്‍ എത്തുകയും ചെയ്തിരുന്നു.
ഈ നല്ല അന്തരീക്ഷത്തിന് വിഘാതം സൃഷ്ടിച്ചുകൊണ്ട് കേരളത്തിലെ അരമനകളില്‍ നിന്നും ഇടവകകളില്‍ നിന്നും അടുത്ത കാലത്തായി ഉയര്‍ന്നുവന്ന മുസ്‌ലിംവിരുദ്ധ പ്രചാരണങ്ങളുടെയും വിദ്വേഷ പരാമര്‍ശങ്ങളുടെയും പിന്നാമ്പുറമെന്താണ്? മുസ്‌ലിം കേരളത്തെ കടന്നാക്രമിക്കാന്‍ ചില ക്രിസ്തീയ നേതൃത്വത്തെ പ്രേരിപ്പിക്കുന്ന ഘടകമെന്ത്? പടിഞ്ഞാറന്‍ നാടുകളെ, വിശിഷ്യാ ക്രിസ്ത്യന്‍ രാഷ്ട്രങ്ങളെ ബാധിച്ച ഇസ്‌ലാമോഫോബിയയാണോ? പാശ്ചാത്യ ലോകത്തെ ഇസ്‌ലാമിന്റെ വളര്‍ച്ചയും ഇസ്‌ലാമിലേക്ക് കടന്നു വരുന്ന സത്യാന്വേഷികളുടെ എണ്ണക്കൂടുതലുമാണ് ഇസ്‌ലാമോഫോബിയയുടെ യഥാര്‍ഥ കാരണം. ചിലര്‍ ധരിച്ചതു പോലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണമോ ഐസിസ് പോലുള്ള തീവ്രവാദ സംഘടനകളുടെ പിറവിയോ അല്ല. ഓരോ വര്‍ഷവും കോടിക്കണക്കിനു ഡോളര്‍ ചെലവഴിച്ച് ആസൂത്രിതവും സംഘടിതവുമായി നടത്തുന്ന മിഷനറി പ്രവര്‍ത്തനം വഴി ക്രിസ്ത്യാനിസത്തിലേക്ക് കടന്നു വരുന്നവരേക്കാള്‍ ഏറെയാണ് ഇസ്‌ലാമിലേക്ക് കടന്നുവരുന്ന സത്യാന്വേഷികളുടെ എണ്ണം. ഉയര്‍ന്ന വിദ്യാഭ്യാസമുള്ളവരും ഉന്നത തൊഴിലുള്ളവരും കായിക രംഗത്തെയും കലാരംഗത്തെയും പ്രമുഖരുമൊക്കെയാണ് ഇവരില്‍ നല്ലൊരു പങ്ക്. ഇത് ക്രിസ്തീയ നേതൃത്വങ്ങളെ കുറച്ചൊന്നുമല്ല അലോസരപ്പെടുത്തുന്നത്.
ഏതായാലും നിലവിലെ ഇന്ത്യന്‍ സാഹചര്യത്തില്‍ ക്രിസ്തീയ പുരോഹിതരുടെ ഈ പോക്ക് അത്യപകടകരമാണ്. ഹിന്ദുത്വ രാഷ്ട്രം സ്ഥാപിക്കാനുള്ള സംഘ്പരിവാറിന്റെ ശ്രമങ്ങള്‍ക്ക് ശക്തിപകരുന്ന തങ്ങളുടെ വിവേകശൂന്യമായ ചെയ്തികളുടെ പ്രത്യാഘാതം അനുഭവിക്കുന്നത് മുസ്‌ലിംകള്‍ മാത്രമല്ല, ക്രിസ്തീയ സമുദായം കൂടിയാണെന്ന തിരിച്ചറിവ് സഭാ നേതൃത്വത്തിനുണ്ടാകണം. ശത്രുതയില്‍ വര്‍ത്തിക്കേണ്ടവരും പരസ്പരം ആയുധമേന്തേണ്ടവരുമല്ല ഇരു വിഭാഗവും. ഈസാ നബിയുടെ ദൈവികതയെ ശക്തമായി നിഷേധിക്കുമ്പോഴും മഹാനായ പ്രവാചകനാണ് ഈസാ നബിയെന്ന് വിശ്വസിക്കുന്നുണ്ട് മുസ്‌ലിംകള്‍. ക്രിസ്ത്യാനിസത്തിനു പുറത്ത് യേശുവിനെ (ഈസാ നബിയെ) ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഏക സമുദായം മുസ്‌ലിംകളാണ്. മൊറോക്കോ സന്ദര്‍ശന വേളയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ നല്‍കിയ സന്ദേശം പ്രസക്തമാണ്- “മുസ്‌ലിംകളും ക്രിസ്ത്യാനികളും പൂര്‍വ പ്രവാചകന്‍ അബ്രഹാമിന്റെ (ഇബ്‌റാഹീം നബി) പിന്തുടര്‍ച്ചക്കാരും സന്താനങ്ങളുമായതിനാല്‍ അവര്‍ക്കിടയിലെ സാഹോദര്യവും സൗഹൃദവും എക്കാലവും നിലനില്‍ക്കണ’മെന്നായിരുന്നു അദ്ദേഹത്തിന്റെ ഉപദേശം.
source https://www.sirajlive.com/don-39-t-let-the-hatemongers-hang-around.html
إرسال تعليق