ഈജിപ്ഷ്യൻ തൊഴിലാളികൾക്ക് വിസ നൽകുന്നത് കുവൈത്ത് നിർത്തിവെച്ചു

കുവൈത്ത് സിറ്റി | ഈജിപ്ഷ്യൻ തൊഴിലാളികൾക്ക് തൊഴിൽ വിസ നൽകുന്നത് താൽക്കാലികമായി നിർത്തിവെച്ചതായി ആഭ്യന്തര മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക ദിനപത്രം റിപ്പോർട്ട് ചെയ്തു. ആഭ്യന്തര മന്ത്രി ശൈഖ് തലാൽ അൽ ഖാലിദ് അൽ സബാഹിന്റെ നിർദേശത്തെ തുടർന്ന് സെപ്തംബർ മുതൽ നടപ്പാക്കിയ ഈ നടപടി തുടരുമെന്നും മന്ത്രാലയ  വൃത്തങ്ങൾ  അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് പുതിയ തീരുമാനങ്ങളൊന്നും പുറപ്പെടുവിച്ചിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി.

തങ്ങളുടെ പ്രവാസി തൊഴിലാളികൾക്ക് മിനിമം ശമ്പളം നിശ്ചയിക്കുന്നത് സംബന്ധിച്ച് ഈജിപ്ഷ്യൻ എംബസി നിശ്ചയിച്ച വ്യവസ്ഥകളെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായാണ് ഇക്കാര്യം മന്ത്രാലയ വൃത്തങ്ങൾ  അറിയിച്ചത്. കുവൈത്ത് തൊഴിൽ നിയമങ്ങൾക്കും ഭരണ തീരുമാനങ്ങൾക്കും വിരുദ്ധമായി ഈജിപ്ത് എംബസി ഏർപ്പെടുത്തിയ വ്യവസ്ഥകളാണ് കടുത്ത തീരുമാനത്തിലേക്ക് നീങ്ങാൻ കുവൈത്തിനെ പ്രേരിപ്പിച്ചത് എന്നാണ് സൂചന.

ഈജിപ്തിൽ നിന്നും കുടുംബ വിസയിൽ കുവൈത്തിലേക്ക് പോകുന്നവർക്ക് ഈജിപ്തിലെ കുവൈത്ത് എംബസി കഴിഞ്ഞ ദിവസം വിസാ സ്റ്റാമ്പിംഗ് ഫീസ് ഒറ്റയടിക്ക് മൂന്നിരട്ടിയായി വർധിപ്പിച്ചിരുന്നു. ഇതിനു പിന്നാലെ ഇരു രാജ്യങ്ങളിലെയും ഇലക്ട്രോണിക് തൊഴിൽ ശേഷി സംവിധാനം  നിർത്തലാക്കുകയും ചെയ്തിരുന്നു. ഇന്ത്യക്കാർ കഴിഞ്ഞാൽ കുവൈത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ  വിദേശി സമൂഹമാണ് ഈജിപ്തുകാർ.

ഇബ്രാഹിം വെണ്ണിയോട്


source https://www.sirajlive.com/kuwait-suspends-visa-to-egyptian-worker.html

Post a Comment

Previous Post Next Post