മനഃസ്സാക്ഷിയുള്ളവരെ ഏറെ വേദനിപ്പിക്കുന്ന ഒരു വാര്‍ത്തയാണ് കഴിഞ്ഞ ദിവസം തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്ന് പുറത്തുവന്നത്. സുഖം പ്രാപിച്ചിട്ടും ഏറ്റെടുക്കാന്‍ ആരുമില്ലാതെ 42 പേര്‍ മെഡിക്കല്‍ കോളജില്‍ എവിടെയും പോകാന്‍ ഇടമില്ലാതെ തുടരുന്ന വിവരം മാധ്യമങ്ങളിലൂടെ പുറം ലോകമറിയുകയായിരുന്നു. ഉറ്റവരും ഉടയവരുമില്ലാത്ത ഇവര്‍ ആശുപത്രി വിടാന്‍ കൂട്ടാക്കാതെ ജീവിതം തള്ളിനീക്കുകയാണ്. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ആറ് വാര്‍ഡുകളിലാണ് സ്ത്രീകള്‍ ഉള്‍പ്പെടെ 42 പേര്‍ ഉപേക്ഷിക്കപ്പെട്ട സ്ഥിതിയിലുള്ളത്. ഇവരില്‍ പലര്‍ക്കും ബന്ധുക്കളുണ്ട്. അസുഖം വന്നപ്പോള്‍ ആശുപത്രിയിലാക്കിയ ബന്ധുക്കള്‍ പിന്നെ തിരിഞ്ഞുനോക്കിയില്ല. അനാഥരും കൂട്ടത്തിലുണ്ട്. എങ്ങോട്ടും പോകാന്‍ ഇടമില്ലാതെ കഴിയുന്നവരില്‍ വയോധികര്‍ മാത്രമല്ല ഉള്ളത്. മധ്യവയസ്‌കരുണ്ട്. യുവാക്കളും യുവതികളുമുണ്ട്. കിടന്ന കിടപ്പില്‍ ഒന്ന് അനങ്ങാന്‍ പോലുമാകാത്തവരുണ്ട്. പ്രായാധിക്യം കാരണം നടക്കാന്‍ കഴിയാത്തവരും ഉള്‍പ്പെടുന്നു.
സാധാരണക്കാര്‍ മാത്രമല്ല ഉപേക്ഷിക്കപ്പെട്ടവരിലുള്ളതെന്നതാണ് മറ്റൊരു സവിശേഷത. സര്‍ക്കാര്‍ ജോലി ചെയ്തവരും അഭിഭാഷകവൃത്തിയില്‍ ഏര്‍പ്പെട്ടവരുമൊക്കെ മെഡിക്കല്‍ കോളജില്‍ നടതള്ളപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. പോലീസ് എത്തിച്ചവരും 108 ആംബുലന്‍സില്‍ എത്തിപ്പെട്ടവരുമൊക്കെ അനാഥമായ നിലയില്‍ ആശുപത്രിയില്‍ കഴിയുന്നു. സുഖം പ്രാപിച്ചിട്ടും ഇവര്‍ക്ക് എങ്ങോട്ടും പോകാന്‍ കഴിയാത്തതുമൂലം ആശുപത്രി അധികൃതര്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ കടുത്തതാണ്.
പൊതുവെ രോഗികളുടെ നല്ല തിരക്ക് അനുഭവപ്പെടുന്ന ആശുപത്രിയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജ്. 42 പേര്‍ ആശുപത്രിക്കിടക്കകള്‍ ഒഴിയാതിരിക്കുമ്പോള്‍ മറ്റ് രോഗികള്‍ക്ക് കിടക്കാനുള്ള സൗകര്യം കൂടി നഷ്ടമാകുന്നു. സുരക്ഷിത കേന്ദ്രം ഒരുക്കാതെ നിരാലംബരായവരെ ആശുപത്രിയില്‍ നിന്ന് ബലമായി ഇറക്കിവിടുന്നത് മനുഷ്യത്വവിരുദ്ധമാണ്. അത്തരം സമീപനം മെഡിക്കല്‍ കോളജ് അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടായില്ലെന്നത് ആശ്വാസകരമാണ്. എന്നാല്‍ എത്ര നാള്‍ 42 പേര്‍ അനാഥരെ പോലെ കഴിയുമെന്നത് ചോദ്യചിഹ്നമായി അവശേഷിക്കുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ മാത്രമല്ല കേരളത്തിലെ എല്ലാ ജില്ലകളിലെയും സര്‍ക്കാര്‍ ആശുപത്രികളില്‍ വിശദമായ അന്വേഷണം നടത്തിയാല്‍ മറ്റ് രോഗികളുടെ കൂട്ടത്തില്‍ ഉപേക്ഷിക്കപ്പെട്ടവരെയും കാണാന്‍ സാധിക്കും. പ്രായമായവര്‍ തന്നെയാണ് ആശുപത്രികളില്‍ ഉപേക്ഷിക്കപ്പെടുന്നവരില്‍ ഏറെയും.
വൃദ്ധരായ മാതാപിതാക്കളെ സംരക്ഷിക്കാന്‍ തയ്യാറാകാതെ വൃദ്ധസദനങ്ങളില്‍ കൊണ്ടുചെന്നാക്കുന്ന മക്കള്‍ ഏറെയുള്ള കാലഘട്ടമാണിത്. ചില മക്കള്‍ക്ക് ഇതിന് പറയാന്‍ അവരുടേതായ കാരണങ്ങളുമുണ്ടാകും. വിദേശത്ത് ജോലിയുള്ള മക്കള്‍ക്ക് സംരക്ഷിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ മാതാപിതാക്കളെ വൃദ്ധസദനത്തിലാക്കുന്നു. എന്നാല്‍ മാതാപിതാക്കളെ ഒപ്പം താമസിക്കാന്‍ അനുവദിക്കാതെ തെരുവിലിറക്കുന്ന മക്കളുമുണ്ട്. അവഗണനയും ഒറ്റപ്പെടലും പീഡനവും താങ്ങാനാകാതെ വീടുകളില്‍ നിന്നിറങ്ങി അനാഥ മന്ദിരങ്ങളില്‍ അഭയം പ്രാപിക്കുന്ന വയോജനങ്ങളുമുണ്ട്.
കേരളത്തിലെ ജനസംഖ്യയില്‍ പ്രായമായവരുടെ എണ്ണം 20 ശതമാനമാണെന്നാണ് കണക്ക്. വര്‍ഷങ്ങള്‍ കഴിയുന്തോറും ഇതിന് മാറ്റം സംഭവിക്കുന്നുണ്ട്. ഇപ്പോള്‍ കേരളത്തില്‍ അറുപതിന് മുകളില്‍ പ്രായമുള്ളവരുടെ എണ്ണം 13 ശതമാനത്തോളം വരും. 2030 ആകുന്നതോടെ ഇത് 20 ശതമാനമായി വര്‍ധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 2051 ആകുമ്പോഴേക്കും 34.3 ശതമാനത്തിന്റെ വര്‍ധനവുണ്ടാകുമെന്നും കണക്കാക്കപ്പെടുന്നു. 1961ല്‍ കേരളത്തില്‍ വയോജനങ്ങളുടെ എണ്ണം 5.1 ശതമാനം ആയിരുന്നു. ദേശീയതലത്തില്‍ ഇത് 5.6 ശതമാനമായിരുന്നു. 61 വര്‍ഷം കൂടി പിന്നിട്ടപ്പോള്‍ കേരളത്തില്‍ പ്രായമായവരുടെ എണ്ണം 20 ശതമാനത്തിനടുത്ത് എത്തിയെന്നതാണ് വസ്തുത. കേരളത്തില്‍ 60 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ 48 ലക്ഷത്തോളം വരുമെന്നാണ് കണക്ക്. എണ്‍പത് വയസ്സിന് മുകളിലുള്ളവര്‍ 15 ശതമാനം വരും. 68 മുതല്‍ 69 വരെ പ്രായമുള്ളവര്‍ 23 ശതമാനത്തിന് മുകളിലാണ്. സംസ്ഥാനത്ത് വയോജനങ്ങളില്‍ പുരുഷന്‍മാരേക്കാള്‍ കൂടുതല്‍ സ്ത്രീകളാണുള്ളത്. ഏറ്റവും പുതിയ ജനസംഖ്യാ സെന്‍സസ് അനുസരിച്ച് ഏതാണ്ട് 10.4 കോടി വൃദ്ധര്‍ (60 വയസ്സിനു മേല്‍ പ്രായമുള്ളവര്‍) ഇന്ത്യയില്‍ ഉണ്ട്; 5.3 കോടി സ്ത്രീകളും 5.1 കോടി പുരുഷന്മാരും.
വീടുകളില്‍ വയോജനങ്ങള്‍ക്കുള്ള ജീവിത സുരക്ഷിതത്വം നാളുകള്‍ ചെല്ലുന്തോറും ദുര്‍ബലപ്പെടുകയാണ്. കൂട്ടുകുടുംബ വ്യവസ്ഥിതി ഉണ്ടായിരുന്ന കാലത്ത് ഏറെ ആദരിക്കപ്പെടുന്ന വിഭാഗമായിരുന്നു വയോജനങ്ങള്‍. അണുകുടുംബ വ്യവസ്ഥയില്‍ മുതിര്‍ന്നവര്‍ ആദരിക്കപ്പെടുന്നില്ലെന്ന് മാത്രമല്ല, അവഗണിക്കപ്പെടുകയും ചെയ്യുന്നു. അതുകൊണ്ടാണ് പ്രായമായവരില്‍ പലരും സര്‍ക്കാര്‍ ആശുപത്രികളിലും അനാഥ മന്ദിരങ്ങളിലും അഭയം പ്രാപിക്കാന്‍ നിര്‍ബന്ധിതരാകുന്നത്. വയോജനങ്ങള്‍ അടക്കമുള്ള ദുര്‍ബല വിഭാഗങ്ങള്‍ക്ക് ആശുപത്രികളിലും മറ്റും അനാഥരെ പോലെ കഴിയേണ്ടിവരുന്ന അവസ്ഥക്ക് മാറ്റമുണ്ടാകണം. മരുന്നുകളുടെ രൂക്ഷഗന്ധം അനുഭവിച്ചുകൊണ്ട് ആശുപത്രികളില്‍ അനാഥരെ പോലെ കഴിയേണ്ടി വരുന്നത് വാര്‍ധക്യ കാലത്തായാലും വിരസത ജനിപ്പിക്കുന്നതാണ്. ഇവര്‍ക്ക് മാനസികോല്ലാസമുണ്ടാക്കുന്ന വിധം ക്രമീകരിച്ച പുനരധിവാസ കേന്ദ്രങ്ങള്‍ ഒരുക്കേണ്ടത് പൊതുവായ ഉത്തരവാദിത്വമാണ്.
ആശുപത്രികളില്‍ നിന്ന് സുഖം പ്രാപിച്ച് തിരിച്ച് എവിടേക്കും പോകാന്‍ സാധിക്കാത്തവര്‍ക്ക് പ്രത്യേകിച്ച് പരിചരണം ആവശ്യമായി വരുന്നില്ല. അതുകൊണ്ട് തന്നെ അവര്‍ ആശുപത്രി ജീവനക്കാര്‍ക്ക് പരിചരണത്തിന്റെ കാര്യത്തില്‍ ബാധ്യതയായി മാറുന്നില്ല. എന്നാല്‍ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്ന രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുമ്പോള്‍ പലര്‍ക്കും ഇത്തരക്കാര്‍ ബുദ്ധിമുട്ടായി മാറുന്ന സാഹചര്യവുമുണ്ട്. ആശുപത്രി ജീവനക്കാരുടെ നിര്‍ദേശമനുസരിച്ച് ഇവര്‍ക്ക് തറയില്‍ കിടക്കേണ്ടിയും വന്നേക്കാം. എന്നാല്‍ ഇവരില്‍ പ്രായമേറിയവര്‍ ഉണ്ടെങ്കില്‍ നിലത്ത് കിടക്കേണ്ടി വരുന്നത് വീണ്ടും അസുഖം കൂടാന്‍ ഇടവരുത്തും. എഴുന്നേറ്റ് നടക്കാന്‍ കഴിയാത്തവര്‍ക്ക് ആ അവസ്ഥയില്‍ നിന്ന് മോചിതരാകാന്‍ കഴിഞ്ഞില്ലെങ്കില്‍ ആശുപത്രികളില്‍ കിടക്കുന്നത് വലിയ പ്രയോജനമൊന്നും ചെയ്യില്ല. ഇവര്‍ക്ക് അത്യാവശ്യ മരുന്നുകളുമായി വീട്ടില്‍ തന്നെ കഴിയാവുന്നതാണ്. എന്നാല്‍ വീട്ടിലേക്ക് കൊണ്ടുപോകാന്‍ ആരുമില്ലെങ്കില്‍ ആശുപത്രികളില്‍ തന്നെ കിടക്കേണ്ടി വരുന്നു. മറ്റ് രോഗികളുടെ പരിചരണത്തിനൊപ്പം തന്നെ കിടപ്പിലുള്ള ആളുകളെയും പരിചരിക്കേണ്ട ഉത്തരവാദിത്വം ആശുപത്രി ജീവനക്കാരില്‍ വന്നുചേരുന്നു. എല്ലായ്പ്പോഴും ഇവരെ പരിചരിക്കാന്‍ ജീവനക്കാര്‍ക്ക് സമയം കിട്ടിയെന്ന് വരില്ല. അതുകൊണ്ട് ഇവര്‍ക്ക് സഹായത്തിന് ആരെങ്കിലും ഉണ്ടാകേണ്ടത് അത്യാവശ്യമാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന സംഭവമാണ്. കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രിയില്‍ ഒരു വയോധികനെ ബന്ധുക്കള്‍ ആശുപത്രിയിലെത്തിച്ചു. വികലാംഗന്‍ കൂടിയായ ഇയാളെ പിന്നീട് ആരും തിരിഞ്ഞുനോക്കിയില്ല. പരസഹായമില്ലാതെ നടക്കാന്‍ കഴിയാത്ത വയോധികനെ പരിചരിക്കേണ്ട ഉത്തരവാദിത്വം ആശുപത്രി ജീവനക്കാര്‍ക്ക് മാത്രമായി. ഒരിക്കല്‍ അദ്ദേഹത്തെ നിര്‍ബന്ധപൂര്‍വം ഡിസ്ചാര്‍ജ് ചെയ്യിച്ചു. പോകാന്‍ ഇടമില്ലാത്ത വയോധികന്റെ ദയനീയാവസ്ഥ കണ്ട് മനസ്സലിഞ്ഞ ജില്ലാ ആശുപത്രി അധികൃതര്‍ ഇദ്ദേഹത്തിന് ആശുപത്രിയിലെ മൂത്രപ്പുരയുടെ മേല്‍നോട്ട ചുമതല നല്‍കി. ആ മൂത്രപ്പുരയില്‍ തന്നെ താമസിച്ച് ഒടുവില്‍ വയോധികന്‍ മരണത്തിന് കീഴടങ്ങി. ദുര്‍ഗന്ധവും കൊതുകു കടിയും സഹിച്ച് വീല്‍ചെയറില്‍ നരകയാതന അനുഭവിച്ചായിരുന്നു മരണം. ഇതുപോലെ ദുരിതമനുഭവിക്കുന്ന നിരവധി പേര്‍ ആശുപത്രികളില്‍ ഉപേക്ഷിക്കപ്പെട്ടവരില്‍ ഉണ്ടാകും.
source https://www.sirajlive.com/questions-raised-by-quot-orphans-quot-in-hospitals.html
إرسال تعليق