ബോളിവുഡിനും ഷാരൂഖ് ഖാനും ദീപികാ പദുക്കോണിനുമെതിരായി കഴിഞ്ഞ കുറെക്കാലമായി സംഘ്പരിവാര്‍ നടത്തിക്കൊണ്ടിരിക്കുന്ന ഹീനമായ നീക്കങ്ങളുടെ ഭാഗമാണ് പത്താന്‍ സിനിമക്കെതിരായ ക്ഷുദ്ര വികാരമുണര്‍ത്തുന്ന പ്രചാരണങ്ങളും കടന്നാക്രമണങ്ങളും. കാവിയും നഗ്നതയുമൊന്നുമായിരിക്കില്ലല്ലോ പൗരാണിക ആര്യ സാഹിത്യങ്ങളില്‍ അഭിരമിക്കുന്ന സംഘ്പരിവാറിന്റെ പ്രശ്‌നം. അവരിപ്പോള്‍ പത്താന്‍ സിനിമയിലെ ഒരു പാട്ട് രംഗം വിവാദമാക്കി ഷാരൂഖ് ഖാന്റെ കോലം കത്തിക്കുന്നത് അവരുടെ മുസ്‌ലിംവിരുദ്ധമായ വിദ്വേഷ രാഷ്ട്രീയത്തില്‍ നിന്നാണെന്ന് തിരിച്ചറിയാതെ പോകരുത്. അല്ലെങ്കില്‍ ദീപികയെ കൊണ്ട് കാവി ബിക്കിനിയണിയിപ്പിച്ച് നൃത്തരംഗം ഷൂട്ട് ചെയ്ത പത്താന്റെ സംവിധായകനായ സിദ്ധാര്‍ഥ് ആനന്ദിന്റെയോ നിര്‍മാതാവായ ആദിത്യ ചോപ്രയുടെയോ കോലമായിരുന്നില്ലേ കത്തിക്കേണ്ടിയിരുന്നത്. ദീപിക പദുക്കോണ്‍ ജെ എന്‍ യു വിദ്യാര്‍ഥി സമരത്തെ പിന്തുണച്ചതോടെ അവര്‍ സംഘ്പരിവാറിന്റെ ടാര്‍ഗറ്റായി മാറിയിരുന്നല്ലോ.
പത്മാവതി സിനിമാ വിവാദ കാലത്ത് ദീപികയുടെ മൂക്ക് ചെത്തിക്കളയുമെന്നും അവരെ ജീവനോടെ കത്തിച്ചുകളയുന്നവര്‍ക്ക് ഒരു കോടി രൂപ പാരിതോഷികമായി നല്‍കുമെന്നൊക്കെ പ്രഖ്യാപിച്ചവരാണല്ലോ സംഘ്പരിവാര്‍. പ്രഖ്യാപനം നടത്തിയ രാജസ്ഥാനിലെ ക്ഷത്രിയ മഹാസഭ ഒരു സംഘ്പരിവാര്‍ സംഘടനയാണ്. ഷാരൂഖ് ഖാന്‍ അസഹിഷ്ണുതക്കും പശുവിന്റെ പേരില്‍ നടക്കുന്ന ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്കുമെതിരെ പരസ്യമായി രംഗത്തു വന്നതോടെ സംഘ്പരിവാര്‍ അദ്ദേഹത്തെ രാജ്യദ്രോഹിയായി അധിക്ഷേപിക്കുകയും നാടുകടത്തണമെന്ന് വരെ ഭീഷണി മുഴക്കുകയുമായിരുന്നു. കാവിയും നഗ്നതയുമൊന്നുമല്ല സംഘ്പരിവാറിന്റെ പ്രശ്‌നം. മുസ്‌ലിം നാമധാരികളെയും ഹിന്ദുത്വ വിമര്‍ശകരെയും അവരുടെ കലാസൃഷ്ടികളെയും അധിക്ഷേപിക്കുകയും എതിര്‍ക്കുകയും ചെയ്യുക എന്നത് ഇന്ത്യന്‍ ഫാസിസ്റ്റുകളുടെ പ്രത്യയശാസ്ത്രപരമായ നിലപാടാണ്. കലാസൃഷ്ടികള്‍ക്ക് ആള്‍ക്കൂട്ട സെന്‍സര്‍ഷിപ്പുകള്‍ ഏര്‍പ്പെടുത്തുകയാണവര്‍. തങ്ങള്‍ക്കനഭിമതരായവര്‍ക്കെതിരെ ക്ഷുദ്ര വികാരമുണര്‍ത്തുന്ന പ്രചാരവേലകള്‍ നടത്തി വേട്ടയാടുന്ന സാഡിസമാണ് ഹിന്ദുത്വ വാദികളുടേത്.
ഇന്ത്യയുടെ അഭിമാനമായ വിശ്വപ്രസിദ്ധ ചിത്രകാരന്‍ എം എഫ് ഹുസൈനെ ക്രൂരമായി വേട്ടയാടിയവരാണല്ലോ സംഘ്പരിവാര്‍. ദുര്‍ഗയുടെയും സരസ്വതിയുടെയും നഗ്ന ചിത്രം വരച്ച് ഹിന്ദു വികാരം വ്രണപ്പെടുത്തിയെന്നായിരുന്നു ആരോപണം. വാത്സായനന്റെ കാമശാസ്ത്രവും കൊക്കോകന്റെ രതിരഹസ്യവും ഭാരതീയ പാരമ്പര്യത്തിന്റെ മാഹാത്മ്യമായി കൊണ്ടാടുന്ന ആര്‍ഷ സംസ്‌കൃതിയുടെ തുടര്‍ച്ചക്കാരായി സ്വയം അഭിമാനിക്കുന്നവരാണ് നഗ്ന ചിത്രം വരച്ചുവെന്നാക്ഷേപിച്ച് എം എഫ് ഹുസൈനെ വേട്ടയാടിയത്. 1970കളില്‍ വരച്ച ചിത്രങ്ങളുടെ പേരിലാണ് 2006ല്‍ അദ്ദേഹത്തിനെതിരായി കേസെടുത്തതെന്നത് കഥയിലെ ഫാസിസ്റ്റ് പരിണാമ ഗതിയുടെ വൈചിത്ര്യമെന്നല്ലാതെയെന്ത് പറയാന്‍. രാജ്യം അതിന്റെ പ്രധാന ദേശീയ ബഹുമതികള്‍ നല്‍കി ആദരിച്ച ആ കലാകാരന് അദ്ദേഹത്തിന്റെ വാര്‍ധക്യ കാലത്ത് രാജ്യം വിടേണ്ടി വന്നു. ജനിച്ച മണ്ണില്‍ കിടന്നു മരിക്കാന്‍ പോലും സംഘ്പരിവാര്‍ ഫാസിസ്റ്റുകള്‍ അനുവദിച്ചില്ല. ഭരണഘടന വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്ന പ്രത്യേക പദവി വ്യവസ്ഥകളില്‍ എന്തുകൊണ്ട് കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370ാം വകുപ്പ് മാത്രം എടുത്ത് മാറ്റി? ഇന്ത്യയിലെ ഏക മുസ്‌ലിം ഭൂരിപക്ഷ സംസ്ഥാനമായിരുന്നു കശ്മീര്‍ എന്നതുകൊണ്ട് തന്നെയാണ് 370ാം വകുപ്പ് എടുത്ത് മാറ്റിയത്. മതാധിഷ്ഠിതമായ പൗരത്വ ഭേദഗതി നിയമവും മുസ്‌ലിംകളെയാണ് ലക്ഷ്യമിട്ടത്. കടുത്ത മുസ്‌ലിംവിരുദ്ധതയില്‍ അധിഷ്ഠിതമായ അപരത്വനിര്‍മിതിയാണ് സംഘ്പരിവാറിന്റെ പ്രത്യയശാസ്ത്രം.
പൗരത്വ നിയമ ഭേദഗതിയെ ന്യായീകരിക്കാനായി എന്തെല്ലാം തരത്തിലുള്ള നുണകളാണ് വാട്‌സ്ആപ്പ് ഉള്‍പ്പെടെയുള്ള സാമൂഹിക മാധ്യമങ്ങളിലൂടെ സംഘ്പരിവാര്‍ പ്രചരിപ്പിച്ചത്. വസ്തുതകളുമായി ബന്ധമില്ലാത്ത നുണപ്രചാരണങ്ങളിലൂടെ വിദ്വേഷ രാഷ്ട്രീയം പടര്‍ത്തുകയായിരുന്നു ഇന്ത്യന്‍ ഫാസിസ്റ്റുകള്‍. ഫാസിസ്റ്റ് രാഷ്ട്രീയവും അതിന്റെ ചരിത്രവും വംശീയ ഭ്രാന്തിന്റെയും നുണ പ്രചാരണങ്ങളുടേതുമാണ്.
ഇന്ത്യ കടന്നു പോകുന്നത് നാസി സിദ്ധാന്തങ്ങളെ മാതൃകയാക്കിയ ഹിന്ദുത്വത്തിന്റെ ഭീകരതയിലൂടെയാണെന്നതാണ് ഓരോ സംഭവവും സാക്ഷ്യപ്പെടുത്തുന്നത്. മുതലാളിത്തം സൃഷ്ടിച്ച കൊടിയ ദാരിദ്ര്യവും ചൂഷണവും കൊണ്ട് ജീവിതം വഴിമുട്ടിയ ജനതയുടെ രക്ഷകരാണ് തങ്ങളെന്ന പ്രതീതി സൃഷ്ടിച്ച് കൊണ്ടാണ് ഫാസിസ്റ്റുകള്‍ കടന്നുവരുന്നത്. വഞ്ചിക്കപ്പെട്ടവരും അവഹേളിക്കപ്പെട്ടവരുമായ ജനതയുടെയും രാഷ്ട്രങ്ങളുടെയും ആത്മാഭിമാനം വീണ്ടെടുക്കാനായി നിയോഗിതരായ മിശിഹകളാണ് തങ്ങളെന്ന പ്രചാരണങ്ങളിലൂടെയാണവര്‍ തങ്ങളുടെ മത വംശീയ രാഷ്ട്രീയത്തിന് സമ്മതിയും സ്വീകാര്യതയും ഉണ്ടാക്കിയെടുക്കുന്നത്. നയിക്കാനൊരു നേതാവ് എന്ന പ്രത്യയശാസ്ത്രത്തെ കേന്ദ്രീകരിച്ചാണ് ഇറ്റലിയിലും ജര്‍മനിയിലുമെല്ലാം ഫാസിസ്റ്റ് രാഷ്ട്രീയം ആധിപത്യം നേടിയത്.
മുസ്സോളിനി ജൂലിയസ് സീസറുടെയും അഗസ്തിയസ് സീസറുടെയും സുവര്‍ണ കാലത്തെ കുറിച്ചുള്ള മിഥ്യാധാരണകള്‍ ഉണര്‍ത്തി കടുത്ത വംശീയതയും കമ്മ്യൂണിസ്റ്റ് വിരോധവും വളര്‍ത്തിയെടുക്കുകയായിരുന്നു. ഹിറ്റ്‌ലര്‍ അപമാനിതരായ ജര്‍മന്‍ ജനതയുടെ ആത്മാഭിമാനം വീണ്ടെടുക്കാനെന്ന വ്യാജേന ആര്യന്‍ മാഹാത്മ്യവും വര്‍ണശുദ്ധി സിദ്ധാന്തവും വളര്‍ത്തുകയായിരുന്നു. ചിഹ്നങ്ങളെയും മിത്തുകളെയും ഉപയോഗിച്ച് ജൂത വിരോധത്തിന്റെയും ആര്യന്‍ മഹത്വത്തിന്റെയും നാസി രാഷ്ട്രീയം ജനമനസ്സുകളില്‍ കടത്തിവിടുകയായിരുന്നു. ഫാസിസ്റ്റുകള്‍ എവിടെയും എപ്പോഴും ചെയ്യുന്നത് തങ്ങള്‍ക്കനഭിമതരായ ഒരു വംശത്തെ, മതത്തെ ശത്രുവായി അവതരിപ്പിക്കുകയാണ്. പ്രതിയോഗികള്‍ക്കെതിരായ വിദ്വേഷ പ്രചാരണത്തിലൂടെയാണവര്‍ തങ്ങളുടെ മതരാഷ്ട്ര സിദ്ധാന്തത്തിന് ആവശ്യമായ പ്രത്യയശാസ്ത്രവത്കരണം നടത്തുന്നത്. തങ്ങളുടെ ദുരിതങ്ങള്‍ക്കും ദുര്‍ഭിക്ഷതകള്‍ക്കും കാരണം അവരാണ്. അവരെ ഉന്മൂലനം ചെയ്ത് ഇല്ലാതാക്കിയാല്‍ നമ്മുടെ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരമാകുമെന്ന വിദ്വേഷ ബോധമാണ് ഫാസിസ്റ്റുകള്‍ ജനമനസ്സുകളില്‍ സൃഷ്ടിക്കുന്നത്.
ഫാസിസ്റ്റ് ജര്‍മനി ന്യൂറംബര്‍ഗ് റെയ്‌സ് നിയമങ്ങളിലൂടെ എങ്ങനെയാണ് വംശശുദ്ധിയുടെ പേരില്‍ ജൂതരെ പുറന്തള്ളിയത്, 60 ലക്ഷത്തിലേറെ മനുഷ്യരെ ഉന്മൂലനം ചെയ്തത്… ചരിത്രത്തിലെ ഈ ക്രൂരാനുഭവങ്ങള്‍ ആവര്‍ത്തിക്കാനാകുമോ എന്നാണ് ഇന്ത്യയില്‍ ഹിന്ദുത്വ വാദികള്‍ ആസൂത്രിതമായി നോക്കുന്നത്. ധര്‍മ സംസാദുകളില്‍ മുഴങ്ങുന്നത് മുസ്‌ലിം ഉന്മൂലനത്തിനുള്ള ആഹ്വാനങ്ങളാണ്. “ജനോസൈഡ് വാച്ച്’ എന്ന സംഘടനയുടെ സ്ഥാപകാധ്യക്ഷ ഗ്രിഗറി സ്റ്റാന്റണ്‍ നല്‍കുന്ന മുന്നറിയിപ്പ്, ഇന്ത്യ അതിവേഗം വര്‍ഗീയ കൂട്ടക്കുരുതിയിലേക്ക് നീങ്ങുന്നുവെന്നാണ്. വ്യക്തിയുടെയും സമൂഹത്തിന്റെയും വികാസവും വളര്‍ച്ചയും ഉറപ്പു വരുത്തുന്ന സ്വാതന്ത്ര്യ സങ്കല്‍പ്പങ്ങളാണ് ഇന്ത്യന്‍ ഭരണഘടന മുന്നോട്ട് വെച്ചിട്ടുള്ളത്. അത് വിശ്വാസങ്ങളുടെ വൈവിധ്യങ്ങളെയും സ്വതന്ത്രമായ അഭിപ്രായ പ്രകാശനത്തെയും മൗലികാവകാശമായി പ്രഖ്യാപിച്ചിട്ടുണ്ടെന്ന കാര്യം ആധുനിക ജനാധിപത്യ വ്യവസ്ഥക്കെതിരായി നിലകൊള്ളുന്ന ആര്‍ എസ് എസുകാരോട് പറഞ്ഞിട്ട് കാര്യമില്ലല്ലോ. കടുത്ത വര്‍ഗീയ വിദ്വേഷവും മുസ്‌ലിം വിരോധവും പ്രത്യയശാസ്ത്രമാക്കിയവര്‍ രാജ്യാധികാരത്തിന്റെ സൗകര്യങ്ങള്‍ കൂടി ഉപയോഗിച്ച് ഇന്ത്യയുടെ ബഹുസ്വര പാരമ്പര്യത്തെ തന്നെ തകര്‍ക്കുകയാണ്. ഇന്ത്യന്‍ ബഹുസ്വര പാരമ്പര്യത്തെ തന്നെ അട്ടിമറിക്കുന്ന ആര്‍ എസ് എസ് നീക്കങ്ങളുടെ ഭാഗമാണ് ബോളിവുഡിനും ഷാരൂഖ് ഖാനും ദീപികാ പദുക്കോണിനുമെതിരായ നീക്കങ്ങളെന്ന് തിരിച്ചറിയണം.
source https://www.sirajlive.com/only-shahrukh-khan-39-s-effigy-is-behind-the-burning.html
Post a Comment