ന്യൂഡല്‍ഹി | പൗരത്വ നിയമ ഭേദഗതിക്കെതിരെ സമര്‍പ്പിച്ച ഹരജികള്‍ സുപ്രിം കോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് യു യു ലളിത്, ജസ്റ്റിസ് രവീന്ദ്ര ഭട്ട് എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജികള്‍ പരിഗണിക്കുക. പൗരത്വ ഭേദഗതി നിയമം ചോദ്യം ചെയ്ത് അസദുദ്ദീന്‍ ഒവൈസി, ജയറാം രമേശ്, രമേശ് ചെന്നിത്തല, മഹുവ മൊയ്ത്ര, മുസ്ലിം ലീഗ്, സിപിഐ അസം പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി, ദ്രാവിഡ മുന്നേറ്റ കഴകം, അസം ഗണ പരിഷത്ത് തുടങ്ങിയ സംഘടനകളും 143 വ്യക്തികളും ഫയല്‍ ചെയ്ത ഹരജികളാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വാദം കേള്‍ക്കുന്നതിനായി ലിസ്റ്റ് ചെയ്തത്. റിട്ട് ഹരജികള്‍ ഫയലില്‍ സ്വീകരിച്ച് 2019 ഡിസംബറില്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് കേന്ദ്ര സര്‍ക്കാരിന് നേരത്തെ നോട്ടിസ് അയച്ചിരുന്നു. നിയമം സ്റ്റേ ചെയ്യണമെന്ന ഹരജിക്കാരുടെ ആവശ്യം സുപ്രിം കോടതി അംഗികരിച്ചില്ല. പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരള സര്‍ക്കാര്‍ നല്‍കിയ സ്യൂട്ട് ഹര്‍ജി ഇന്ന് പരിഗണിക്കുന്ന ഹരജികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.
രാജ്യത്ത് ഒരു വ്യക്തിക്കും നിയമത്തിന് മുന്നില്‍ തുല്യതക്കുള്ള അവകാശമോ നിയമത്തിന്റെ തുല്യ പരിരക്ഷയോ നിഷേധിക്കപ്പെടില്ലെന്ന് ഉറപ്പുനല്‍കുന്ന ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14 നിയമം ലംഘിക്കുന്നുവെന്നാണ് ഹരജിക്കാരുടെ വാദം. ആര്‍ട്ടിക്കിള്‍ 14-ന്റെ അടിസ്ഥാനത്തില്‍ നിയമം വിശദമായി പരിശോധിക്കാം എന്ന് സുപ്രിം കോടതി കഴിഞ്ഞ തവണ വ്യക്തമാക്കിയിരുന്നു
source https://www.sirajlive.com/the-supreme-court-will-hear-the-petitions-against-the-citizenship-amendment-act-today.html
إرسال تعليق