ഉണര്‍വ് പകരുമോ ഡിജിറ്റല്‍ കറന്‍സികള്‍?

സാങ്കേതിക വിദ്യയുടെ ഉപയോഗം ജനകീയമായതോടെ, സാമ്പത്തിക മേഖലയിലെ ക്രയവിക്രയങ്ങള്‍ക്ക് പുതിയ മട്ടും ഭാവവും കൈവന്നിരിക്കുകയാണ്. കടലാസ് കറന്‍സിയുടെ സാന്നിധ്യത്തെ അപ്രസക്തമാക്കും വിധത്തില്‍ ഡിജിറ്റല്‍ പണമിടപാടുകള്‍ ക്രമേണ എല്ലാ മേഖലയിലും ആധിപത്യം സ്ഥാപിച്ചിരിക്കുന്നു. ലോകാടിസ്ഥാനത്തില്‍ പല കേന്ദ്ര ബേങ്കുകളും ഡിജിറ്റല്‍ കറന്‍സികള്‍ പുറത്തിറക്കുന്നതിനുള്ള ആലോചനയിലാണ്. നാഷനല്‍ ഇലക്ട്രോണിക് ഫണ്ട് ട്രാന്‍സ്ഫര്‍ (NEFT), മൊബൈല്‍ പെയ്മെന്റ് സര്‍വീസ് (MPS), യൂനിഫൈഡ് പെയ്മെന്റ് ഇന്റര്‍ഫേസ് (UPI) തുടങ്ങി നിരവധി മാധ്യമങ്ങളാണ് ഡിജിറ്റല്‍ ഇടപാടുകള്‍ക്കായി നിലവില്‍ ഉപയോഗിക്കുന്നത്. 2022 ജൂലൈ മുതല്‍ സെപ്തംബര്‍ വരെയുള്ള കണക്കുകളുടെ അടിസ്ഥാനത്തില്‍ 17.4 ബില്യണിലധികം ഇടപാടുകള്‍ അഥവാ 30.4 ട്രില്യണ്‍ രൂപയുടെ പെയ്‌മെന്റുകളാണ് യു പി ഐയിലൂടെ മാത്രം നടന്നിട്ടുള്ളത്. കഴിഞ്ഞ വര്‍ഷത്തെ പരിഗണിച്ച്, ഈ വര്‍ഷം ഏകദേശം 118 ശതമാനത്തിന്റെ വര്‍ധനവാണ് ഈ മേഖലയിലെ ഇടപാടുകളില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. അഥവാ, ഡിജിറ്റല്‍ പണമിടപാടുകള്‍ വലിയ തോതില്‍ തന്നെ വര്‍ധിച്ചു വരുന്നു എന്നര്‍ഥം. എന്നാല്‍ ഡിജിറ്റല്‍ പെയ്മെന്റ് എന്ന ഈ ആശയത്തില്‍ നിന്ന് ഒരു പടി കൂടി കടന്ന് ഡിജിറ്റല്‍ കറന്‍സി എന്ന തരത്തിലേക്ക് ചുവടുവെപ്പുകള്‍ നടത്തിയിരിക്കുകയാണ് റിസര്‍വ് ബേങ്ക് ഓഫ് ഇന്ത്യ. നിലവിലുള്ള സാമ്പത്തിക സംവിധാനത്തിന് തടസ്സമില്ലാതെ തന്നെ ഡിജിറ്റല്‍ കറന്‍സികള്‍ കൊണ്ടുവരാനാണ് കേന്ദ്ര ബേങ്ക് ഉദ്ദേശിക്കുന്നത്. എങ്കിലും ഡിജിറ്റല്‍ കറന്‍സിയുടെ വരവ് നിലവിലുള്ള പണമിടപാട് രീതികളില്‍ വലിയ മാറ്റം കൊണ്ടുവരും എന്ന കാര്യത്തില്‍ സംശയമില്ല.

എന്താണ് ഡിജിറ്റല്‍ കറന്‍സി?

നിലവിലെ ഡിജിറ്റല്‍ കറന്‍സിയുമായുള്ള റിസര്‍വ് ബേങ്കിന്റെ മുന്നേറ്റത്തോടൊപ്പം, പണം കൈമാറ്റ രംഗത്ത് അഭിമാനാര്‍ഹമായ മറ്റു ഇതര മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ഇന്ത്യക്ക് സാധിച്ചിട്ടുണ്ട്. ഇന്ത്യയുടെ നിലവിലുള്ള ഡിജിറ്റല്‍ ഓണ്‍ലൈന്‍ പെയ്‌മെന്റ് സംവിധാനങ്ങള്‍ തീര്‍ച്ചയായും വളരെ മികച്ചതാണ്. വലിയ ചെലവില്ലാതെ, ഏവര്‍ക്കും ലഭ്യമാകുന്ന തരത്തിലാണ് അത് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. അതിനുപുറമെ സാമ്പത്തിക രംഗത്തേക്ക് ഏറ്റവും പുതിയതായി റിസര്‍വ് ബേങ്ക് കൊണ്ടുവരുന്ന ഇലക്ട്രോണിക് രൂപത്തിലുള്ള അല്ലെങ്കില്‍, ഡിജിറ്റല്‍ രൂപത്തിലുള്ള കറന്‍സിയാണ് സെന്‍ട്രല്‍ ബേങ്ക് ഡിജിറ്റല്‍ കറന്‍സി അഥവാ സി ബി ഡി സി.
സാധാരണ കടലാസ് കറന്‍സി പോലെ തന്നെ വിനിമയം ചെയ്യാന്‍ കഴിയുന്നവയാണ് ഡിജിറ്റല്‍ കറന്‍സികളും. പണമിടപാടുകള്‍ നടത്താം / സൂക്ഷിച്ചുവെക്കാം. ഡിജിറ്റല്‍ കറന്‍സി വരുമ്പോള്‍ നിലവിലുള്ള ഒരു കാര്യത്തിനും മാറ്റമുണ്ടാകില്ല എന്നത് മറ്റൊരു സവിശേഷതയാണ്. അഥവാ പണമിടപാടുകള്‍ക്ക് മറ്റു സംവിധാനങ്ങള്‍ക്കൊപ്പം ഡിജിറ്റല്‍ കറന്‍സിയും ഉപയോഗിക്കാം എന്ന് മാത്രം.

പണം ഏത് രൂപത്തില്‍ വിന്യസിപ്പിച്ചാലും, മൂന്ന് കര്‍ത്തവ്യങ്ങളാണ് പണത്തിലൂടെ നിര്‍വഹിക്കുന്നത് / നിര്‍വഹിക്കപ്പെടേണ്ടത്. ഒന്ന്, പണം ഒരു വിനിമയോപാധിയാണ്. രണ്ട്, മൂല്യമെത്രയെന്ന് അളക്കാനുള്ള ഏകാങ്കം. മൂന്ന്, ഭാവിയിലേക്ക് സൂക്ഷിച്ചു വെക്കാനുള്ള സ്വത്ത്. ഇതാണ് പ്രസ്തുത കര്‍ത്തവ്യങ്ങള്‍. ഈ ഗുണങ്ങളെല്ലാം ഡിജിറ്റല്‍ കറന്‍സികളും പാലിക്കുന്നുണ്ട്. രണ്ട് വിധത്തിലുള്ള ഡിജിറ്റല്‍ കറന്‍സികളാണ് റിസര്‍വ് ബേങ്ക് നിലവില്‍ പുറത്തിറക്കുന്നത്. ഒന്ന്, സാധാരണ ജനങ്ങളുടെ പൊതുവായ ആവശ്യത്തിനുള്ളത്. ഇത് ഡിജിറ്റല്‍ കറന്‍സി റീടെയിൽ എന്ന പേരില്‍ അറിയപ്പെടുന്നു. മറ്റൊന്ന് തിരഞ്ഞെടുക്കപ്പെട്ട സാമ്പത്തിക സ്ഥാപനങ്ങളുടെ ആവശ്യത്തിനുള്ളത്, ഡിജിറ്റല്‍ കറന്‍സി ഹോള്‍സെയില്‍ (സി ബി ഡി സി ഡബ്ല്യു). ഇറക്കുന്നതും അതിന്റെ നടത്തിപ്പും രണ്ട് രീതിയിലാണ് ഉദ്ദേശിക്കുന്നത്. റിസര്‍വ് ബേങ്ക് നേരിട്ട് എല്ലാ കാര്യങ്ങളും ചെയ്യുന്നതും നോക്കുന്നതുമാണ് ഒരു രീതി ( Single Tier Model). രണ്ടാമത്തേതില്‍ റിസര്‍വ് ബേങ്കിനോടൊപ്പം മറ്റു ബേങ്കുകളും സേവന ദാതാക്കളും ചേരും (Two Tier Model). ഇത് ഏകദേശം ഇപ്പോള്‍ കടലാസ് കറന്‍സി കൈകാര്യം ചെയ്യുന്നതിന് സമമായിരിക്കും.

സ്വീകാര്യതയും വിശ്വാസവും

പുതിയ ഭാവത്തിലുള്ള ഇന്ത്യന്‍ കറന്‍സിയുടെ സ്വീകാര്യതയും വിശ്വാസ്യതയും പ്രധാനപ്പെട്ടതാണ്. സെന്‍ട്രല്‍ ബേങ്ക് ഡിജിറ്റല്‍ കറന്‍സി (സി ബി ഡി സി) ടോക്കണ്‍ രൂപത്തിലോ അക്കൗണ്ട് രൂപത്തിലോ ആകും. ടോക്കണ്‍ രൂപത്തിലുള്ളത് ഇപ്പോള്‍ ഉപയോഗത്തിലിരിക്കുന്ന കറന്‍സികള്‍ പോലെ തന്നെയാണ്. ആരുടെ കൈയിലാണോ ഇരിക്കുന്നത് അയാളായിരിക്കും അതിന്റെ ഉടമസ്ഥന്‍. അക്കൗണ്ട് രൂപത്തിലാണെങ്കില്‍ അത് അക്കൗണ്ടിന്റെ ഉടമസ്ഥനല്ലാത്ത മറ്റൊരു സംവിധാനത്തിലൂടെ പരിശോധിച്ച് ബോധ്യപ്പെടണം. അതിനാല്‍ ടോക്കണ്‍ രൂപത്തിലുള്ളത് സാധാരണ ഉപയോഗത്തിനും അക്കൗണ്ട് രൂപത്തിലുള്ളത് ഹോള്‍സെയില്‍ ഉപയോഗത്തിനുമാകും യോജിക്കുക. ഡിജിറ്റല്‍ കറന്‍സിയും കടലാസ് കറന്‍സിയെ പോലെ 500, 100, 50 എന്നിങ്ങനെ തന്നെ ഇറക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇത് ഡിജിറ്റല്‍ കറന്‍സിക്ക് പൊതുജനത്തിനിടയില്‍ എളുപ്പം സ്വീകാര്യതയും വിശ്വാസവും ഉണ്ടാക്കാന്‍ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഡിജിറ്റല്‍ കറന്‍സി കൊണ്ട് എന്ത് ഗുണം?

കറന്‍സി പ്രിന്റ് ചെയ്ത് വിതരണം ചെയ്യുന്നതിന്റെ ചെലവുകള്‍ കുറക്കാമെന്നതാണ് ഡിജിറ്റല്‍ കറന്‍സിയുടെ ഒരു ഗുണം. കാര്യക്ഷമത ഉറപ്പുവരുത്താനും രാജ്യാന്തര വ്യാപാരത്തിലടക്കം പണം കൈമാറ്റ രീതികളില്‍ പുതുമ കൊണ്ടുവരാനും ഡിജിറ്റല്‍ കറന്‍സിക്ക് കഴിയുമെന്ന് പ്രതീക്ഷിക്കാവുന്നതാണ്. അന്താരാഷ്ട്ര തലത്തില്‍ ഇടപാടുകള്‍ നടത്തുന്നവര്‍ക്ക് കൂടുതല്‍ വേഗത്തിലും സുരക്ഷിതത്വത്തിലും ഇടപാടുകള്‍ നടത്താന്‍ ഡിജിറ്റല്‍ കറന്‍സി കാരണമാകുന്നുണ്ട്. ഇത് ഡിജിറ്റല്‍ കറന്‍സിയുടെ സുപ്രധാനമായ മറ്റൊരു നേട്ടമാണ്. പേപ്പര്‍ കറന്‍സികള്‍ ഉപയോഗിച്ചുള്ള പെയ്മെന്റുകള്‍ക്ക് കൂടുതല്‍ സമയം ആവശ്യമാണ്. പ്രത്യേകിച്ചും വലിയ തുകകളുടെ ഇടപാടുകള്‍ക്ക് ദിവസങ്ങളോ ആഴ്ചകളോ വേണ്ടി വരുന്നു. എന്നാല്‍ ഈയൊരു പ്രതിസന്ധിയെ മറികടക്കും വിധം അതിവേഗത്തില്‍ ഇടപാടുകള്‍ നടത്താന്‍ സാധിക്കുമെന്ന് മാത്രമല്ല തുകയോ ദൂരമോ പരിഗണിക്കാതെ തന്നെ പെയ്‌മെന്റുകള്‍ സാധ്യമാകുന്നു. ക്രിപ്‌റ്റോ കറന്‍സികള്‍ നല്‍കുന്ന സൗകര്യങ്ങള്‍ക്കൊപ്പം തന്നെ അവ കൊണ്ടുവരുന്ന സാമൂഹിക, സാമ്പത്തിക പ്രത്യാഘാതങ്ങളും അപകട സാധ്യതകളും ഒഴിവാക്കാന്‍ ഡിജിറ്റല്‍ റുപ്പിക്ക് കഴിയുമെന്ന് പ്രതീക്ഷിക്കാം. ഓണ്‍ലൈനില്‍ മാത്രമല്ല ഓഫ് ലൈനിലും ഇടപാടുകള്‍ നടത്താമെന്നതുകൊണ്ട് മൊബൈല്‍ നെറ്റ്‌വര്‍ക്ക് ഇല്ലാത്ത പ്രദേശങ്ങളിലെ ആളുകള്‍ക്കും ഇത് കൂടുതല്‍ സഹായകരമാകും. ഇന്ത്യന്‍ സാഹചര്യത്തില്‍ ഇത് ഏറെ പ്രസക്തമാണ്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ ഡിജിറ്റല്‍ ഇടപാടുകളില്‍ 55 ശതമാനം വര്‍ധനവ് ഉണ്ടായിട്ടുണ്ടെന്നാണ് റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അതിനാല്‍ ഡിജിറ്റല്‍ കറന്‍സികള്‍ ഇന്ത്യയുടെ ഡിജിറ്റല്‍ സമ്പദ്്വ്യവസ്ഥക്ക് വലിയ കുതിപ്പു നല്‍കുമെന്ന് തന്നെയാണ് കരുതുന്നത്.

ക്രിപ്‌റ്റോ കറന്‍സിക്ക് ബദലാണോ ഡിജിറ്റല്‍ കറന്‍സി?

കേന്ദ്ര ബേങ്കിന്റെ ഉത്തരവാദിത്വത്തിലും മേല്‍നോട്ടത്തിലും അച്ചടിച്ച് വിതരണം ചെയ്യുന്ന കറന്‍സിക്ക് പരമാധികാര രാജ്യത്തിന്റെ ഗ്യാരന്റിയുണ്ട്. അത് ഏത് രൂപത്തിലായാലും. അങ്ങനെയുള്ള കറന്‍സികള്‍ക്ക് കേന്ദ്ര ബേങ്ക് ഒരു മൂല്യം നല്‍കുന്നുണ്ട്. ആ മൂല്യം രാജ്യത്തെ ഉത്പാദനവുമായി ബന്ധപ്പെട്ടിരിക്കുന്നതാണ്.

രാജ്യത്തിന്റെ സാമ്പത്തികാടിത്തറ മെച്ചപ്പെടുത്തി കൊണ്ട് മാത്രമേ കേന്ദ്ര ബേങ്കും കേന്ദ്ര സര്‍ക്കാറും കറന്‍സിയുടെ അച്ചടിയും വിതരണവും നടത്തുകയുള്ളൂ. കൂടാതെ, കറന്‍സി സംബന്ധിച്ച മുഴുവന്‍ കാര്യങ്ങളുടെയും അധികാരം റിസര്‍വ് ബേങ്കിനാണ്. എന്നാല്‍ ക്രിപ്‌റ്റോ കറന്‍സി അങ്ങനെയല്ല. അതിന് അന്തര്‍ലീനമായ ഒരു മൂല്യമില്ല. അത് കേന്ദ്ര ബേങ്കിന്റെ നിയമങ്ങള്‍ക്കോ നിയന്ത്രണങ്ങള്‍ക്കോ വിധേയമല്ല. അതുകൊണ്ട് തന്നെ രാജ്യത്തിന്റെ നിയതമായ സാമ്പത്തിക ആസൂത്രണവുമായി അതിന് യാതൊരു ബന്ധവുമില്ല.



source https://www.sirajlive.com/will-digital-currencies-bring-awakening.html

Post a Comment

Previous Post Next Post