ഏകീകൃത സിവില്‍ കോഡിനായുള്ള ബി ജെ പിയുടെ മുറവിളി പുതിയ കാര്യമല്ല. കാലങ്ങളായി അവര്‍ പറഞ്ഞുകൊണ്ടിരിക്കുന്നതാണ്, അവരുടെ പ്രകടനപത്രികയില്‍ ഏകീകൃത സിവില്‍ നിയമം നടപ്പാക്കുമെന്ന വാഗ്ദാനമുണ്ട്. ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ അതിനായുള്ള നീക്കം നേരത്തേ തന്നെ ആരംഭിച്ചിട്ടുണ്ട്. പാര്‍ലിമെന്റില്‍ സ്വകാര്യ ബില്ലായി ഇത് അവതരിപ്പിക്കാന്‍ മുമ്പും ശ്രമങ്ങളുണ്ടായിട്ടുണ്ട്. അന്നൊക്കെയും അത് ബഹളത്തില്‍ കലാശിച്ചിട്ടുമുണ്ട്. മൂന്ന് തവണയും പ്രതിപക്ഷ എതിര്‍പ്പിനെത്തുടര്‍ന്ന് രാജ്യസഭാധ്യക്ഷന്‍ അവതരണാനുമതി നിഷേധിക്കുകയായിരുന്നു. എന്നിട്ടും ബി ജെ പി പിന്നോട്ടില്ലെന്ന് തെളിയിക്കുന്നതായിരുന്നു കഴിഞ്ഞ ദിവസം രാജ്യസഭയില്‍ നടന്ന സംഭവവികാസങ്ങള്‍. രാജസ്ഥാനില്‍ നിന്നുള്ള ബി ജെ പി അംഗം കിരോഡി ലാല്‍ മീണയാണ് ഏകീകൃത സിവില്‍ കോഡിനായി സമിതി രൂപവത്കരിക്കണമെന്നാവശ്യപ്പെടുന്ന സ്വകാര്യബില്ലിന് അനുമതി തേടിയത്. ഇതിനു മുമ്പ് ഫെബ്രുവരിയില്‍ ഇതേ വിഷയത്തില്‍ കിരോഡി ലാല്‍ മീണ സ്വകാര്യ ബില്ല് അവതരിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. അന്ന് പ്രതിപക്ഷ എതിര്‍പ്പിനെത്തുടര്‍ന്ന് അധ്യക്ഷന്‍ അവതരണാനുമതി നല്‍കിയില്ല. ഇത്തവണ പക്ഷേ സഭാധ്യക്ഷന്‍ വോട്ടിനിട്ടുകൊണ്ട് നടപടികളിലേക്ക് പ്രവേശിച്ചു. 23നെതിരെ 63 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ അവതരണാനുമതി നല്‍കപ്പെട്ടു.
സ്വകാര്യ ബില്ല് എന്നാല്‍?
രണ്ട് തരത്തിലുള്ള ബില്ലുകളാണ് സാധാരണഗതിയില്‍ പാര്‍ലിമെന്റില്‍ എത്തുക. ഒന്ന്, സര്‍ക്കാര്‍ നേരിട്ട് കൊണ്ടുവരുന്നത്. ഏതെങ്കിലും മന്ത്രിമാരാണ് ഈ ബില്ലുകള്‍ അവതരിപ്പിക്കുക. രണ്ട് സഭകളിലും ബില്ല് അവതരിപ്പിക്കുകയും അംഗങ്ങള്‍ക്കിടയില്‍ ചര്‍ച്ച നടത്തുകയും ചെയ്യും. ശേഷം ഏകകണ്ഠമായോ സഭയിലെ ഭൂരിപക്ഷഹിതത്തിലോ പാസ്സാക്കപ്പെടുകയും അംഗീകാരത്തിനായി രാഷ്ട്രപതിക്ക് സമര്‍പ്പിക്കുകയും ചെയ്യും. രാഷ്ട്രപതി ഒപ്പ് വെക്കുന്നതോടെ അത് നിയമമായി മാറും.
രണ്ടാമത്തേത്, സ്വകാര്യ ബില്ലുകളാണ്. രാജ്യസഭയിലെയോ ലോക്‌സഭയിലെയോ അംഗങ്ങള്‍ക്ക് ഇത് അവതരിപ്പിക്കാവുന്നതാണ്. സ്വകാര്യ ബില്ല് അവതരിപ്പിക്കുന്നതിന് മുമ്പ് നോട്ടീസ് നല്‍കണം. ബില്ലിന്റെ ലക്ഷ്യം നോട്ടീസില്‍ വ്യക്തമാക്കണം. ചട്ടപ്രകാരം ഇത് അനുവദിക്കാമോ എന്ന് സഭാ സെക്രട്ടേറിയറ്റ് പരിശോധിക്കും. അവ്യക്തതകളുണ്ടെങ്കില്‍ നിയമ മന്ത്രാലയത്തിലേക്ക് കൈമാറും. നിയമ മന്ത്രാലയം അംഗീകരിച്ചാല്‍ പിന്നെയും കടമ്പകള്‍ ഉണ്ട്. അംഗങ്ങള്‍ കൊണ്ടുവരുന്ന എല്ലാ ബില്ലുകള്‍ക്കും അവതരണാനുമതി നല്‍കില്ല. നറുക്കെടുപ്പിലൂടെയാണ് ഏതെല്ലാം അവതരിപ്പിക്കണം എന്ന് തീരുമാനിക്കുക. അതും കടന്ന് സഭയില്‍ എത്തിയാല്‍ അവിടെയും സഭാധ്യക്ഷന്മാര്‍ വിവേചനാധികാരം പ്രയോഗിക്കും. എല്ലാ തടസ്സങ്ങളും മറികടന്ന് ബില്ല് അവതരിപ്പിച്ചു എന്നിരിക്കട്ടെ. അത് നിയമമാകുമോ?
പാര്‍ലിമെന്റിന്റെ ഇന്നോളമുള്ള ചരിത്രത്തില്‍ 14 സ്വകാര്യ ബില്ലുകള്‍ മാത്രമാണ് നിയമമായിട്ടുള്ളത്. അതും 1970ന് മുമ്പ്. ശബരിമലയില്‍ ആചാര സംരക്ഷണത്തിനായി കേരളത്തില്‍ നിന്നുള്ള അംഗം എന്‍ കെ പ്രേമചന്ദ്രന്‍ ലോക്‌സഭയില്‍ 2019ല്‍ സ്വകാര്യ ബില്ല് കൊണ്ടുവന്നിരുന്നു. അതുള്‍പ്പെടെ സ്വകാര്യ ബില്ലുകള്‍ നിയമമായി മാറാത്തതിന്റെ പ്രധാന കാരണം സ്വകാര്യ ബില്ലുകള്‍ സമഗ്രമാകില്ല എന്നതാണ്. അതുകൊണ്ട് തന്നെ അങ്ങനെയൊരു നിയമനിര്‍മാണത്തെ സര്‍ക്കാറുകള്‍ പ്രോത്സാഹിപ്പിക്കാറില്ല.
സ്വകാര്യ ബില്ലില്‍ കേന്ദ്ര സര്‍ക്കാറിന് സാധാരണയില്‍ ചെയ്യാവുന്ന കാര്യം, സമഗ്രമായ നിയമം കൊണ്ടുവരാം എന്നുറപ്പ് നല്‍കിക്കൊണ്ട് ബില്ല് പിന്‍വലിക്കാന്‍ അംഗത്തോട് ആവശ്യപ്പെടുകയാണ്. അല്ലെങ്കില്‍ വോട്ടിനിട്ട് തള്ളാം. ഏകീകൃത സിവില്‍ കോഡിനായുള്ള സ്വകാര്യ ബില്ല് ബി ജെ പി അംഗം രാജ്യസഭയില്‍ അവതരിപ്പിച്ചുകഴിഞ്ഞു. ഇനി പന്ത് സര്‍ക്കാറിന്റെ കോര്‍ട്ടിലാണ്. ഏകീകൃത സിവില്‍ കോഡിനായുള്ള സമഗ്രമായ നിയമം കൊണ്ടുവരുമെന്ന് നേരത്തേ തന്നെ ബി ജെ പി വ്യക്തമാക്കിയ നിലക്ക് അക്കാരണം പറഞ്ഞ് അംഗത്തെക്കൊണ്ട് സ്വകാര്യ ബില്ല് പിന്‍വലിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാറിന് സാധിക്കും. അങ്ങനെയെങ്കില്‍ പ്രതിപക്ഷനിര എങ്ങനെ പ്രതികരിക്കും എന്നറിയാനുള്ള ടെസ്റ്റ് ഡോസായി മാത്രമേ രാജ്യസഭയിലെ ബില്ലവതരണത്തെ കാണേണ്ടതുള്ളൂ.
ഇടതുപക്ഷത്തിന്റെ പ്രതിരോധം, കോണ്‍ഗ്രസ്സിന്റെ അസാന്നിധ്യം
രാജ്യത്തെ ഏതാണ്ടെല്ലാ നിയമങ്ങളും (ക്രിമിനല്‍, സിവില്‍, മോട്ടോര്‍ വാഹന നിയമം…) എല്ലാ പൗരന്മാര്‍ക്കും തുല്യമാണ്. എന്നാല്‍ വ്യക്തിനിയമം (വിവാഹം, വിവാഹ മോചനം, സ്വത്തവകാശം…) അങ്ങനെയല്ല. അത് ഓരോ മതസമൂഹത്തിനും വ്യത്യസ്തമാണ്. അതാകട്ടെ മതശാസനകളെ മാനിച്ചുകൊണ്ടുള്ളതാണ്. ഇന്ത്യന്‍ ജനതയില്‍ മഹാഭൂരിപക്ഷം മതവിശ്വാസികളാണ്. അവരുടെ വിശ്വാസപരമായ ആചാരങ്ങളെ, നിയമങ്ങളെ ഉള്‍ക്കൊള്ളുന്നതിന്റെ ഭാഗമായാണ് ഭരണഘടനാ നിര്‍മാതാക്കള്‍ വ്യക്തിനിയമത്തിലെ വൈവിധ്യം അംഗീകരിക്കുന്നത്. അത് മാറ്റി എല്ലാവര്‍ക്കും ബാധകമാകുന്ന വ്യക്തിനിയമം കൊണ്ടുവരും എന്നാണ് ബി ജെ പി പറയുന്നത്. അതിനായുള്ള സ്വകാര്യ ബില്ലാണ് ബി ജെ പി അംഗം രാജ്യസഭയില്‍ അവതരിപ്പിച്ചത്.
ബില്ലവതരണത്തെ ഏറ്റവും ശക്തമായി എതിര്‍ത്തത് ഇടതുപക്ഷത്ത് നിന്നുള്ള എം പിമാരായിരുന്നു. മുസ്‌ലിം ലീഗിന്റെ പി വി അബ്ദുല്‍ വഹാബും എം ഡി എം കെ നേതാവ് വൈക്കോയും ശക്തമായിത്തന്നെ പ്രതികരിച്ചു. “നിങ്ങള്‍ക്ക് ചിലപ്പോള്‍ ഭൂരിപക്ഷമുണ്ടായേക്കാം. ഈ മൃഗീയ ഭൂരിപക്ഷവുമായി എല്ലാം നശിപ്പിക്കാന്‍ ശ്രമിക്കുകയാണ് നിങ്ങള്‍. ആര്‍ എസ് എസിന്റെയും ബി ജെ പിയുടെയും അജന്‍ഡ ഒന്നിനുപിറകെ ഒന്നായി നടപ്പാക്കുകയാണ്. ആദ്യം കശ്മീരില്‍ അത് പൂര്‍ത്തിയാക്കി, ഇപ്പോള്‍ ഏകീകൃത സിവില്‍ കോഡിലേക്ക് തിരിഞ്ഞിരിക്കുകയാണ്. ഇത് എവിടേക്കാണ് നമ്മെ കൊണ്ടുപോകുന്നത്? എവിടേക്കാണ് ഇത് നമ്മെ നയിക്കുന്നത്? രാജ്യത്തിന്റെ ദുരന്തത്തിലേക്കും ശിഥിലീകരണത്തിലേക്കുമാണ് ഇവ കൊണ്ടെത്തിക്കുന്നത്. ന്യൂനപക്ഷ ജനവിഭാഗങ്ങള്‍ വല്ലാതെ വേദനിക്കുകയാണ്. അവരുടെ വികാരം വ്രണപ്പെട്ടിരിക്കുന്നു.’ ഡിസംബര്‍ ഒമ്പതിന് രാജ്യസഭയില്‍ മുഴങ്ങിയ ഏറ്റവും മൂര്‍ച്ചയുള്ള ശബ്ദം വൈക്കോയുടേതായിരുന്നു.
ബില്ല് അവതരിപ്പിക്കുമ്പോള്‍ കോണ്‍ഗ്രസ്സ് എം പിമാര്‍ ആരും സീറ്റില്‍ ഇല്ലാതിരുന്നത് പി വി അബ്ദുല്‍ വഹാബിനെ ചൊടിപ്പിച്ചത് സ്വാഭാവികം. നിര്‍ണായക സന്ദര്‍ഭങ്ങളില്‍ കോണ്‍ഗ്രസ്സ് നിലപാടില്ലാതെ ഉഴറുന്നത് ഇതാദ്യമല്ലല്ലോ. ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞുകൊണ്ട് ആ കൊച്ചു സംസ്ഥാനത്തെ വെട്ടിമുറിച്ചപ്പോഴും ബാബരി വിഷയത്തിലുമുള്‍പ്പെടെ അത് പ്രകടമായിരുന്നല്ലോ. പിന്നീട് കേരളത്തില്‍ നിന്നുള്ള ജെ ബി മേത്തര്‍ ഉള്‍പ്പെടെ ചില അംഗങ്ങള്‍ രാജ്യസഭയിലെത്തി കോണ്‍ഗ്രസ്സ് നിലപാട് വിശദീകരിച്ചുവെങ്കിലും ബില്ലിനുള്ള അനുമതിക്കായി വോട്ടെടുപ്പ് നടക്കുമ്പോള്‍ അവരുടെ ബഞ്ചുകള്‍ ശൂന്യമായിരുന്നു. കെ സി വേണുഗോപാല്‍ ഇക്കാര്യത്തിലുണ്ടായ വീഴ്ച പിന്നീട് ഏറ്റുപറയുകയുണ്ടായി.
ഇങ്ങനെയൊരു ബില്ല് ബി ജെ പി അംഗം കൊണ്ടുവരുമ്പോള്‍ അതിലെ ദുഷ്ടലാക്ക് ആര്‍ക്കും മനസ്സിലാക്കാവുന്നതേയുള്ളൂ. എല്ലാ ഇന്ത്യക്കാരും ഹിന്ദുക്കളാണ് എന്ന് ആര്‍ എസ് എസ് മേധാവി ആവര്‍ത്തിക്കുന്നത് കേള്‍ക്കാറില്ലേ. വൈവിധ്യങ്ങളുടെ ഏകപക്ഷീയമായ നിരാകരണമാണ് ആ പ്രസ്താവന. ആ നിരാകരണത്തിന് നിയമപ്രാബല്യം നല്‍കുന്നതാണ് ഏകീകൃത സിവില്‍ കോഡ്. ഇത് മുസ്‌ലിംകളുടെ മാത്രം പ്രശ്‌നമല്ല. ആര്‍ എസ് എസ് ഉയര്‍ത്തിപ്പിടിക്കുന്ന ബ്രാഹ്‌മണിക്കല്‍ ഹിന്ദുത്വയുടെ പുറത്തുനില്‍ക്കുന്ന എല്ലാ വിഭാഗങ്ങളെയും ഏറിയും കുറഞ്ഞുമുള്ള അളവില്‍ ഇത് ബാധിക്കും. വിവാഹമാകട്ടെ, അനന്തര സ്വത്തവകാശമാകട്ടെ- ഹിന്ദുസമുദായത്തില്‍ തന്നെ എല്ലാ ജാതികളും ബ്രാഹ്‌മണിസത്തെ ആലിംഗനം ചെയ്യുന്ന ആചാരങ്ങളല്ല പിന്തുടരുന്നത്. ഇസ്‌ലാം, ക്രൈസ്തവ, സിഖ് മതങ്ങള്‍ ഇക്കാര്യത്തില്‍ ഹിന്ദു മതത്തില്‍ നിന്ന് ഭിന്നമായ വിശ്വാസം പുലര്‍ത്തുന്നുണ്ട്. അപ്പോൾ പിന്നെ ഈ നിയമം കൊണ്ട് ബി ജെ പി എന്താണ് ഉദ്ദേശിക്കുന്നത് എന്നതില്‍ ഒരുതരത്തിലുള്ള അവ്യക്തതയും ഉണ്ടാകേണ്ടതില്ല. എന്നിട്ടും എന്തുകൊണ്ട് കോണ്‍ഗ്രസ്സിന് നിരന്തരം വീഴ്ചകള്‍ സംഭവിക്കുന്നു?
ഭാരത് ജോഡോ യാത്രയിലൂടെ മാത്രം തോല്‍പ്പിക്കാന്‍ കഴിയുന്ന അധികാര നിലയല്ല ബി ജെ പിയുടേത്. ഭൂരിപക്ഷ പൊതുബോധത്തിന്റെ മുസ്‌ലിം/ ന്യൂനപക്ഷ വിരോധമാണ് അവരുടെ അധികാരാരോഹണത്തിന്റെ മുഖ്യപിന്‍ബലം. തെരുവില്‍ വര്‍ഗീയ പ്രത്യയശാസ്ത്രത്തെ ജനാധിപത്യപരമായി പ്രതിരോധിക്കുമ്പോള്‍ തന്നെ പാര്‍ലിമെന്റില്‍ അവരുടെ അജന്‍ഡകള്‍ എളുപ്പം കടത്തിക്കൊണ്ടു പോകാവുന്ന സ്ഥിതി ഉണ്ടായിക്കൂടാ. പാര്‍ലിമെന്റിലാണ് നിയമങ്ങള്‍ പടക്കപ്പെടുന്നത്. അവിടെ ശക്തമായി ചെറുത്തുനില്‍ക്കാന്‍ മുന്നിലുണ്ടാകേണ്ടത് കോണ്‍ഗ്രസ്സാണ്. അവതരിപ്പിക്കപ്പെടുന്നത് സ്വകാര്യ ബില്ലാണ് എന്ന് വരുകിലും നിസ്സംഗത പാടില്ലാത്തതാണ്. തീവ്ര ഹിന്ദുത്വത്തെ മൃദു ഹിന്ദുത്വ കൊണ്ട് തോല്‍പ്പിക്കാനാകില്ല. അത് സാധ്യമായിരുന്നുവെങ്കില്‍ ഗുജറാത്തില്‍ ആപ്പിന്റെ മുന്നേറ്റം അഞ്ചില്‍ ഒതുങ്ങില്ലായിരുന്നു. കോണ്‍ഗ്രസ്സിന് പഠിക്കാന്‍ ചരിത്രത്തിലും വര്‍ത്തമാനത്തിലും ഉദാഹരണങ്ങളുണ്ട്. സമഗ്രാധിപത്യ സ്വഭാവമുള്ള ഒരു ഭരണകൂടം അധികാരത്തിലിരിക്കുന്ന കാലത്ത് ജനാധിപത്യ ജാഗ്രത മറ്റേതു കാലത്തേക്കാളും കൂടിയ അളവില്‍ പ്രകടിപ്പിക്കേണ്ടതാണ്. ഇന്ത്യന്‍ പ്രതിപക്ഷ നിരയുടെ നേതൃസ്ഥാനത്തുള്ള കോണ്‍ഗ്രസ്സിന് അത് മനസ്സിലാകാതെ പോകരുത്.
വേണ്ടത് രാഷ്ട്രീയ പ്രതിരോധം
ഒരു രാജ്യം, ഒരു നിയമം എന്നതാണ് ഏകീകൃത സിവില്‍ കോഡ് കൊണ്ടുവരുന്നതിന്റെ താത്പര്യമായി ബി ജെ പി വൃത്തങ്ങള്‍ വിശദീകരിക്കുന്നത്. ആ ഏകീകരണം സാധ്യമാണോ? വ്യക്തിനിയമത്തില്‍ ഏകീകൃത സ്വഭാവം കൊണ്ടുവന്നത് കൊണ്ട് ഈ ലക്ഷ്യം പൂര്‍ത്തീകരിക്കപ്പെടുമോ? ജമ്മു കശ്മീരിന് പ്രത്യേക പദവി ഉറപ്പാക്കിയ 370 വകുപ്പ് കേന്ദ്രം എടുത്തുകളഞ്ഞപ്പോഴും ഇതേ ന്യായമാണ് പറഞ്ഞത്. പക്ഷേ അപ്പോഴും അനുഛേദം 371 അവിടെയുണ്ട്. അത് ചില സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക പരിരക്ഷ ഉറപ്പാക്കുന്നു. ഉദാഹരണത്തിന് അനുഛേദം 371 എ നാഗാലാന്‍ഡിന് പ്രത്യേകാധികാരങ്ങള്‍ നല്‍കുന്നു. നാഗാലാന്‍ഡിന്റെ മതപരമോ സാമൂഹികമോ ആയ ആചാരങ്ങള്‍, ഭൂമിയുടെ കൈമാറ്റവും ഉടമാവകാശവും, വ്യാവഹാരിക നിയമങ്ങള്‍, നടപടിക്രമങ്ങള്‍ തുടങ്ങിയവയിലൊന്നും ഇന്ത്യന്‍ പാര്‍ലിമെന്റ് പാസ്സാക്കിയ നിയമത്തിന് പ്രാബല്യമില്ല. അത് അവിടെ ബാധകമാകണമെങ്കില്‍ സംസ്ഥാന നിയമസഭയുടെ അംഗീകാരം ആവശ്യമാണ്. അനുഛേദം 370ന് കീഴില്‍ വരുന്ന വ്യത്യസ്തതകള്‍ അവസാനിപ്പിച്ച് ഏകീകരിക്കപ്പെടണമെന്ന് തോന്നാത്ത ബി ജെ പിക്ക് വ്യക്തിനിയമം ഏകീകരിക്കണം എന്ന് വിചാരമുണ്ടാകുന്നതിന്റെ താത്പര്യം വര്‍ഗീയ രാഷ്ട്രീയമാണ്. അനന്തകാലം അധികാരത്തില്‍ തുടരാനുള്ള വാതില്‍ തുറന്നിടുകയാണവര്‍. അതിന്റെ പ്രതിരോധം രാഷ്ട്രീയമായിത്തന്നെയാകണം, മതപരമാകരുത്. ആ പ്രതിരോധത്തിന്റെ മുന്നില്‍ നില്‍ക്കാന്‍ കോണ്‍ഗ്രസ്സ് ഉണ്ടാകുമോ എന്ന ചോദ്യം കോണ്‍ഗ്രസ്സിന്റെ ഭാവിയെത്തന്നെ നിര്‍ണയിക്കുന്ന ഒന്നാണ്.
ഒരു രാജ്യം, ഒരൊറ്റ ഭാഷ, ഒരൊറ്റ നേതാവ്, ഒരേയൊരു പാര്‍ട്ടി എന്നിങ്ങനെ ഫാസിസ്റ്റ് ഭരണകൂടങ്ങള്‍ മുന്നോട്ടുവെച്ച ഏകമുഖ സിദ്ധാന്തങ്ങള്‍ പലതാണ്. അതിന് തടസ്സം നില്‍ക്കുന്ന വൈവിധ്യങ്ങളെ നിയമം കൊണ്ടും അടിച്ചൊതുക്കിയും വ്യാഖ്യാനം കൊണ്ടുമാണ് അവര്‍ ചാടിക്കടന്നത്. ഇന്ത്യയില്‍ പിറന്ന എല്ലാവരും ഹിന്ദുക്കള്‍ എന്നത് അങ്ങനെയൊരു വ്യാഖ്യാനമാണ്. ഇവിടെ ഒറ്റ മതം മതി, ഒരു വിശ്വാസം മതി എന്നതാണ് അതിന്റെ അങ്ങേയറ്റം. അങ്ങനെയൊരു ഗര്‍ത്തത്തിലേക്ക് ഇന്ത്യയെ തള്ളിവിട്ടുകൂടാ എന്നതുകൊണ്ട് കൂടിയാണ് ഏകീകൃത സിവില്‍ കോഡിനെ പ്രതിയുള്ള ആശങ്കകള്‍ ബലപ്പെടുന്നത്.
source https://www.sirajlive.com/so-what-was-the-opposition-doing.html
Post a Comment