നീതിയുക്തമായ ചോദ്യങ്ങളെ അവഗണിക്കുന്നതെങ്ങനെ?

2002ലെ ഗുജറാത്ത് വംശഹത്യക്കിടെ ബില്‍കീസ് ബാനുവിനെ കൂട്ടബലാത്സംഗത്തിനിരയാക്കുകയും കുടുംബാംഗങ്ങളെ കൊലപ്പെടുത്തുകയും ചെയ്ത കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട 11 പ്രതികളെയും ഈയിടെ ഗുജറാത്ത് സര്‍ക്കാര്‍ ജയില്‍ മോചിതരാക്കിയത് വലിയ വിവാദമായിരുന്നല്ലോ. പ്രതികളുടെ ശിക്ഷായിളവ് അപേക്ഷയില്‍ ഗുജറാത്ത് സര്‍ക്കാറിന് തീരുമാനമെടുക്കാമെന്ന കഴിഞ്ഞ മെയ് 13ലെ സുപ്രീം കോടതി വിധിയുടെ ബലത്തിലാണ് ജീവപര്യന്തം തടവ് ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കെ പ്രതികളെ ഭരണകൂടം മോചിപ്പിച്ചത്. 1973ലെ ക്രിമിനല്‍ നടപടി ചട്ടം 432(7)(a) വകുപ്പ് പ്രകാരം പ്രതികളുടെ ശിക്ഷായിളവ് അപേക്ഷയില്‍ തീരുമാനമെടുക്കേണ്ട അനുയോജ്യ ഭരണകൂടം (Appropriate Government), ഏത് സംസ്ഥാനത്ത് വെച്ചാണോ വിചാരണ നടത്തി ശിക്ഷ വിധിച്ചത് പ്രസ്തുത സംസ്ഥാന ഭരണകൂടമാണ്. മേല്‍ പ്രസ്താവിത വകുപ്പിന്റെ ലളിത വായനയില്‍ തന്നെ ബോധ്യമാകുന്ന കാര്യമാണത്. ബില്‍കീസ് ബാനു കേസിലേക്ക് നയിച്ച കുറ്റകൃത്യം നടന്നത് ഗുജറാത്തില്‍ വെച്ചാണെങ്കിലും നീതിപീഠ ഇടപെടലിനെ തുടര്‍ന്ന് വിചാരണ മഹാരാഷ്ട്രയിലേക്ക് മാറ്റുകയായിരുന്നു. അതനുസരിച്ച് ബില്‍കീസ് ബാനു കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട കുറ്റവാളികളുടെ ശിക്ഷായിളവ് അപേക്ഷയില്‍ തീരുമാനമെടുക്കേണ്ടത് മഹാരാഷ്ട്ര സര്‍ക്കാറാണ്. ഗുജറാത്ത് സര്‍ക്കാറിന് ശിക്ഷായിളവ് അപേക്ഷയില്‍ തീരുമാനമെടുക്കാമെന്ന സുപ്രീം കോടതി വിധിക്കെതിരെ പല കോണുകളില്‍ നിന്ന് വിമര്‍ശമുയര്‍ന്നിരുന്നു.

ബില്‍കീസ് ബാനു കേസില്‍ വിചാരണ ഗുജറാത്തില്‍ നിന്ന് മാറ്റിയത് അസാധാരണ കാരണങ്ങളാലാണ് എന്നായിരുന്നു ശിക്ഷായിളവ് അപേക്ഷയില്‍ ഗുജറാത്ത് സര്‍ക്കാറിന് തീരുമാനമെടുക്കാമെന്ന സുപ്രീം കോടതി വിധി മുന്നോട്ടുവെച്ച ന്യായം. എന്നാല്‍ ക്രിമിനല്‍ നടപടി ചട്ടത്തിലെ സുവ്യക്ത വകുപ്പിനെയും സുപ്രീം കോടതിയുടെ തന്നെ നിരവധി മുന്‍ വിധികളെയും അവഗണിക്കാനുള്ള ഉപാധിയാകില്ല ആ ന്യായം. ക്രിമിനല്‍ നടപടി ചട്ടത്തിലെ 432(7(a) വകുപ്പ് അസാധാരണ കാരണം മുന്‍നിര്‍ത്തിയുള്ള ഒരു ഇളവ് നല്‍കുന്നതേയില്ല. മാത്രമല്ല സാധാരണ നിലയില്‍ കുറ്റകൃത്യം അരങ്ങേറിയ സംസ്ഥാനത്ത് നടക്കേണ്ട വിചാരണ മറ്റൊരു സംസ്ഥാനത്തേക്ക് മാറ്റുന്നത് തന്നെ അസാധാരണ സാഹചര്യങ്ങളിലാണ്. അങ്ങനെയിരിക്കെ അസാധാരണ കാരണങ്ങളാല്‍ ഗുജറാത്തിന് പുറത്തേക്ക് വിചാരണ മാറ്റിയ കേസായതിനാലാണ് ബില്‍കീസ് ബാനു കേസില്‍ ശിക്ഷായിളവ് അപേക്ഷയില്‍ തീരുമാനമെടുക്കാനുള്ള അധികാരം ഗുജറാത്ത് സര്‍ക്കാറിന് നല്‍കിയതെന്ന സുപ്രീം കോടതി വിധിന്യായം സംഗതമല്ല.

മുസ്‌ലിം ന്യൂനപക്ഷത്തെ ടാര്‍ഗറ്റ് ചെയ്ത് തിരഞ്ഞുപിടിച്ചുള്ള ആസൂത്രിത വംശഹത്യയായിരുന്നു ഗുജറാത്തിലേത്. സംസ്ഥാന ഭരണകൂടത്തിന്റെ നിര്‍ലോഭ പിന്തുണയും അതിനുണ്ടായിരുന്നു. അത്തരമൊരു ക്രൂര വംശഹത്യയുടെ ഭാഗമായി നടത്തിയ കൊലപാതക, ബലാത്സംഗത്തെ പ്രതി ഉയര്‍ന്നുവന്ന നിയമ വ്യവഹാരമാണ് ബില്‍കീസ് ബാനു കേസ്. കേസില്‍ സ്വതന്ത്രവും നീതിപൂര്‍വവുമായ വിചാരണക്ക് കളമൊരുങ്ങില്ല അത് ഗുജറാത്തില്‍ വെച്ചാണെങ്കില്‍ എന്ന ബോധ്യമാണ് കോടതി ഇടപെടലില്‍ ഗുജറാത്തിന് പുറത്ത് മഹാരാഷ്ട്രയിലേക്ക് വിചാരണ മാറ്റുന്ന സാഹചര്യമുണ്ടാക്കിയത്. നീതിപൂര്‍വമായ വിചാരണക്ക് ഇടമില്ലാത്ത സംസ്ഥാനത്തെ ഭരണകൂടത്തിന് കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതികളുടെ ശിക്ഷായിളവ് അപേക്ഷയിലും പക്ഷപാതരഹിതമായി പ്രവര്‍ത്തിക്കാനാകില്ലെന്ന യുക്തിയാണ് വിചാരണ നടന്ന സംസ്ഥാനത്തെ ഭരണകൂടമാണ് ശിക്ഷായിളവ് അപേക്ഷയില്‍ തീരുമാനമെടുക്കേണ്ടതെന്ന മാന്‍ഡേറ്റിന്റെ ആധാരം. കാര്യങ്ങള്‍ ഇവ്വിധം സ്പഷ്ടമായിരിക്കെയാണ് ശിക്ഷായിളവ് അപേക്ഷയില്‍ ഗുജറാത്ത് സര്‍ക്കാറിന് തീരുമാനമെടുക്കാമെന്ന് പരമോന്നത നീതിപീഠം വിധിച്ചത്.

കൊലപാതക, ബലാത്സംഗ കുറ്റങ്ങളില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട 11 പ്രതികളുടെയും ശിക്ഷായിളവ് അപേക്ഷയില്‍ തീരുമാനമെടുക്കാനുള്ള അധികാരം ഗുജറാത്ത് സര്‍ക്കാറിന് നല്‍കിയതിനൊടുവില്‍ മുഴുവന്‍ പ്രതികളെയും ജയില്‍ മോചിതരാക്കുകയായിരുന്നു സംസ്ഥാന ഭരണകൂടം. അതിലേക്ക് നയിച്ച മുന്‍ വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് ബില്‍കീസ് ബാനു സുപ്രീം കോടതിയെ സമീപിച്ചെങ്കിലും പോയ വാരം ഹരജി തള്ളുകയാണുണ്ടായത്. പരമോന്നത നീതിപീഠത്തിന്റെ മുന്‍ വിധിയില്‍ തെറ്റ് കാണുന്നില്ലെന്ന് പ്രസ്താവിച്ച് ജസ്റ്റിസുമാരായ അജയ് റസ്‌തോഗി, വിക്രം നാഥ് എന്നിവരുടെ നേതൃത്വത്തിലുള്ള ഡിവിഷന്‍ ബഞ്ച് ചര്‍ച്ചകളോ കാര്യകാരണ ബന്ധത്തോടെയുള്ള വിശദീകരണങ്ങളോ ഇല്ലാതെ രണ്ട് പേജുള്ള വിധിയില്‍ ഹരജി നിരാകരിക്കുകയായിരുന്നു.

കേസിലെ വിചാരണ മഹാരാഷ്ട്രയില്‍ വെച്ച് നടന്നിരിക്കെ ശിക്ഷായിളവ് അപേക്ഷയില്‍ തീരുമാനമെടുക്കാനുള്ള അധികാരം ഗുജറാത്ത് സര്‍ക്കാറിന് നല്‍കിയ വിധി തെറ്റാണ് എന്നായിരുന്നു പുനഃപരിശോധനാ ഹരജിയിലെ പ്രധാന വാദം. എന്നാല്‍ പ്രസ്തുത പ്രശ്‌നത്തെ അഡ്രസ്സ് ചെയ്യാന്‍ ഹരജിയില്‍ വിധിപറഞ്ഞ സുപ്രീം കോടതി ഡിവിഷന്‍ ബഞ്ച് തയ്യാറായില്ല.
ക്രിമിനല്‍ നടപടി ചട്ടത്തിലെ 432(7(a) വകുപ്പ് പ്രകാരം നിരവധി നിയമ വ്യവഹാരങ്ങളില്‍ പരമോന്നത നീതിപീഠം വിധിതീര്‍പ്പ് നടത്തിയിട്ടുണ്ട്. 1976ലെ രതന്‍ സിംഗ് കേസ് ഇവ്വിഷയികമായി ശ്രദ്ധേയമായ ഒരു നിയമ വ്യവഹാരമാണ്. മധ്യപ്രദേശില്‍ വെച്ച് കേസ് വിചാരണ നടത്തി ശിക്ഷിക്കപ്പെട്ട പ്രതിയുടെ ആവശ്യപ്രകാരം പഞ്ചാബിലെ ജയിലിലേക്ക് മാറ്റി. ശിക്ഷായിളവ് അപേക്ഷ പരിഗണനക്ക് വന്നപ്പോള്‍ മധ്യപ്രദേശ് സര്‍ക്കാറാണ്, പഞ്ചാബ് സര്‍ക്കാറല്ല തീരുമാനിക്കേണ്ടതെന്നാണ് സുപ്രീം കോടതി വിധി പ്രഖ്യാപിച്ചത്.

2016ലെ ശ്രീഹരന്‍ കേസില്‍ സുപ്രീം കോടതി ഭരണഘടനാ ബഞ്ചിന്റെ ഭൂരിപക്ഷ – ന്യൂനപക്ഷ വിധികള്‍ ഒരേ സ്വരത്തിലെത്തിച്ചേര്‍ന്നതും ശിക്ഷായിളവ് തീരുമാനിക്കേണ്ടത് വിചാരണ നടത്തി ശിക്ഷ വിധിച്ച സംസ്ഥാനമാണ് എന്നതാണ്. പ്രസ്തുത കേസില്‍ ന്യൂനപക്ഷ വിധിയെഴുതിയ മുന്‍ ചീഫ് ജസ്റ്റിസ് യു യു ലളിത് അക്കാര്യം സവിസ്തരം പ്രതിപാദിച്ചിട്ടുണ്ട്. എന്നാല്‍ ബില്‍കീസ് ബാനു കേസില്‍ സുപ്രീം കോടതിയുടെ മുന്‍ വിധികളൊന്നും സംഗതമല്ലെന്ന് കണ്ടാണ് പുനഃപരിശോധനാ ഹരജി തള്ളിയതെങ്കില്‍ അത് എന്തുകൊണ്ടാണെന്ന് വിധിന്യായം വിശദീകരിക്കേണ്ടിയിരുന്നു. അതില്ലാതെ പുനഃപരിശോധനാ ഹരജി അവലംബമാക്കിയിരിക്കുന്ന മുന്‍ വിധികളൊന്നും പുനഃപരിശോധനയെ സഹായിക്കുന്നതല്ലെന്ന നിരീക്ഷണം രേഖപ്പെടുത്തി ഹരജി തള്ളിയത് നിയമ, നീതിന്യായ തത്ത്വങ്ങളെ അവഗണിച്ചുകൊണ്ടുള്ള പോക്കാണ്. പരിഗണനാര്‍ഹമായ വാദമുഖങ്ങള്‍ പുനഃപരിശോധനാ ഹരജി മുന്നോട്ടുവെക്കുമ്പോള്‍ അത് കണ്ടില്ലെന്ന് നടിക്കാന്‍ നീതിപീഠത്തിനാകില്ല. അങ്ങനെ വരുകില്‍ ജുഡീഷ്യറിയെ ദുര്‍ബലപ്പെടുത്തുന്ന നടപടിയെന്ന് മാത്രമേ അതിനെക്കുറിച്ച് കരുതേണ്ടതുള്ളൂ.



source https://www.sirajlive.com/how-to-ignore-fair-questions.html

Post a Comment

أحدث أقدم