ബഫർസോൺ: സമയപരിധി ഇന്ന് തീരും; ലഭിച്ചത് 54,607 പരാതികൾ

തിരുവനന്തപുരം | സംസ്ഥാനത്തെ വനാതിർത്തി പ്രദേശങ്ങളിലെ ബഫർസോണുമായി ബന്ധപ്പെട്ട് പരാതി നൽകുന്നതിനുള്ള സമയപരിധി ഇന്ന് തീരാനിരിക്കെ ഇതുവരെ ലഭിച്ചത് 54,607 പരാതികൾ. ബഫർസോണുമായി ബന്ധപ്പെട്ട് കേസ് സുപ്രീം കോടതി ഈ മാസം 11ന് പരിഗണിക്കാനിരിക്കെ അതിന് മുമ്പ് പരാതികൾ പരിശോധിച്ച് റിപോർട്ട് കേരളത്തിന് സമർപ്പിക്കാനാവില്ലെന്ന് ഉറപ്പായി.

ചുരുങ്ങിയ സമയത്തിനിടെ ഇത്രയും പരാതികളിൽ ബഫർസോൺ നിർണയത്തിനുള്ള സ്ഥലപരിശോധന പൂർത്തിയാക്കാനാവില്ല. സംസ്ഥാന റിമോട്ട് സെൻസിംഗ് എൻവയോൺമെന്റ് സെന്ററിന്റെ (കെ എസ് ആർ ഇ സി) അസറ്റ് മാപ്പർ ആപ്പിലൂടെ 18,496 നിർമിതികളുടെ വിവരങ്ങളാണ് ഭൂപടത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിന് പുറമെ 30,000 നിർമിതികൾ കൂടി ഭൂപടത്തിൽ ചേർത്തേക്കും.

അതേസമയം, ഇടുക്കി പോലുള്ള ജില്ലകളിൽ ഫീൽഡ് സർവേ 65 ശതമാനം മാത്രമാണ് പൂർത്തിയായത്. സെർവർ തകരാർ നടപടികളെ ബാധിക്കുന്നുണ്ടെന്ന് വനം വകുപ്പ് അധികൃതർ വിശദീകരിച്ചു. പരിസ്ഥിതി ലോല പ്രദേശത്തെ ജനവാസ മേഖലകളിൽ വനം, റവന്യൂ, തദ്ദേശ വകുപ്പുകൾ നടത്തിയ പരിശോധനയിൽ പുതുതായി 80,000ത്തിൽ അധികം നിർമിതികൾ കണ്ടെത്തി. നേരത്തേ ഉപഗ്രഹ സർവേയിൽ കണ്ടെത്തിയ നിർമിതികൾക്ക് പുറമേയാണിത്. പുതിയ നിർമിതികളെക്കുറിച്ചുള്ള വിവരങ്ങൾ വനം വകുപ്പിന്റെ ഭൂപടത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പഞ്ചായത്തുകൾക്ക് പുറമെ കെ എസ് ആർ ഇ സിയും പുതിയ നിർമിതികളെക്കുറിച്ചുള്ള വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഇത് സംബന്ധിച്ച വിവരം മുഴുവനും സുപ്രീംകോടതിക്ക് കൈമാറുമോയെന്ന് വ്യക്തമല്ല. ഈ സാഹചര്യത്തിൽ 11ന് ആദ്യ റിപോർട്ട് കോടതിക്ക് നൽകിയ ശേഷം പൂർണ വിവരങ്ങൾ കൈമാറാൻ കൂടുതൽ സമയം തേടാനാണ് സാധ്യത. സർവേ പുരോഗതി വിലയിരുത്താൻ ചേർന്ന അവലോകന യോഗത്തിൽ അതിർത്തി വ്യക്തമാക്കാത്ത വനം വകുപ്പിനെതിരെ വിമർശമുയർന്നു.

ഇടുക്കി ജില്ലയിൽ ആകെ ലഭിച്ച 19,857 അപേക്ഷകളിൽ 65 ശതമനം സർവേ നടപടികളും പൂർത്തിയായി. കുറഞ്ഞിമല വന്യജീവി സങ്കേതം, മതികെട്ടാൻ ചോല ദേശീയോദ്യാനം എന്നിവിടങ്ങളിൽ അതിർത്തി നിർണയത്തിൽ വനം വകുപ്പ് വ്യക്തത വരുത്താത്തതും മൊബൈൽ അപ്ലിക്കേഷനിലുണ്ടായ സാങ്കേതിക തടസ്സം പരിഹരിക്കാത്തതും സർവേ നടപടികളെ പ്രതികൂലമായി ബാധിച്ചു. ആശങ്കക്ക് ഇടനൽകാത്ത വിധം വകുപ്പ്തല പരിശോധന നടത്തി സർക്കാറിന് റിപോർട്ട് സമർപ്പിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.

33 സ്‌ക്വയർ കിലോമീറ്റർ വരുന്ന ഇടുക്കി റിസർവോയറിന്റെ പരമാവധി ഫ്ലഡ് ലെവൽ സീറോ ബഫർ സോണായി കണക്കാക്കും. എട്ട് സംരക്ഷിത വനമേഖലകളുള്ള ജില്ലയിൽ ഓരോ പ്രദേശത്തിന്റെയും അതിർത്തി കൃത്യമായി പഠിച്ച് നിർണയിക്കാൻ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. ഈ മാസം 16ന് വീണ്ടും യോഗം ചേരും.



source https://www.sirajlive.com/bufferzone-deadline-ends-today-54607-complaints-received.html

Post a Comment

أحدث أقدم