പാലക്കാട് | ധോണി, മുണ്ടൂര്‍ മേഖലയില്‍ സ്വൈരവിഹാരം നടത്തുന്ന പാലക്കാട് ടസ്കർ എന്ന പി ടി 7നെ പിടികൂടാനാുള്ള ദൗത്യ സംഘത്തിൻ്റെ രണ്ടാം ദിവസത്തെ ശ്രമം ആരംഭിച്ചു. ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള മയക്കുവെടി സംഘം രാവിലെ ആറോടെ കോർമി വനത്തിലേക്ക് കടന്നിട്ടുണ്ട്. പത്തംഗ ട്രാക്കിംഗ് സംഘം പുലർച്ചെ നാല് മണിയോടെ പി ടി7നെ വനത്തിൽ ട്രാക്ക് ചെയ്തിട്ടുണ്ട്. ഈ വിവരമനുസരിച്ചാണ് മയക്കുവെടി സംഘം വനത്തിലേക്ക് കടന്നത്. മയക്കുവെടി വെക്കാൻ പറ്റിയ സ്ഥലത്ത് ഇന്ന് കാട്ടാനയെ ഒത്തുകിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ചെങ്കുത്തായ ഭാഗത്ത് നിലയുറപ്പിച്ചതിനാലാണ് മയക്കുവെടി വെക്കാൻ സാധിക്കാതിരുന്നത്. വെടിവെക്കാൻ യോജ്യമായ കാലാവസ്ഥയും അനിവാര്യമാണ്. അഞ്ച് സംഘങ്ങളാണ് ദൗത്യത്തിനുള്ളത്. എന്നാൽ എല്ലാ സംഘവും വനത്തിലേക്ക് കടന്നിട്ടില്ല. ആവശ്യം വന്നാൽ എല്ലാ സംഘവും വനത്തിലെത്തും. ചെങ്കുത്തായ മേഖലയിൽ നിന്ന് സമതല പ്രദേശത്തേക്ക് പി ടി7നെ കൊണ്ടുവരാനുള്ള കഠിനശ്രമമാണ് സംഘത്തിൻ്റെ മുന്നിലുള്ളത്. കുങ്കിയാനകളെ വനത്തിലേക്ക് കൊണ്ടുവന്നിട്ടില്ല. മയക്കുവെടി വെച്ചതിന് ശേഷമാണ് കുങ്കിയാനകൾക്ക് പങ്കുവഹിക്കാനുള്ളത്.
ഏറെ കരുത്തനും പരാക്രമണ സ്വഭാവവും കാണിക്കുന്ന പി ടി ഏഴാമനെ പിടികൂടാന്‍ കഴിഞ്ഞ ദിവസം പുലര്‍ച്ച വയനാട്ടില്‍ നിന്ന് സുരേന്ദ്രന്‍ എന്ന കുങ്കിയാനയെ കൂടി എത്തിച്ചിരുന്നു. വിക്രം, ഭരതന്‍ എന്നീ കുങ്കിയാകളെ നേരത്തേ തന്നെ എത്തിച്ച് വനത്തില്‍ പരിശീലനം നല്‍കിയിരുന്നു. കൂടിൻ്റെ ഉറപ്പ് പരിശോധനയും ലോറി എത്തിക്കുന്നതിന് റാമ്പ് നിര്‍മാണവും പൂര്‍ത്തിയാക്കിയിരുന്നു.
ആദ്യഘട്ടം ഏറെ പ്രധാനം
ആനയെ മയക്കുവെടിവെക്കാന്‍ പറ്റിയ സാഹചര്യത്തില്‍ എത്തിക്കുക. അതിന് 20 മീറ്ററോളം അടുത്തെത്തുകയെന്ന ആദ്യഘട്ടം ഏറെ സുപ്രധാനവും അപകടം നിറഞ്ഞതുമാണെന്ന് സംഘം പറയുന്നു. വെടിയുതിര്‍ത്ത് അരമണിക്കൂറോളം സമയത്തിന് ശേഷമായിരിക്കും ആന മയങ്ങുക. ഇതിനിടയില്‍ ആന ഓടാനും കൂടുതല്‍ അപകടകാരിയാകാനും സാധ്യതയുണ്ട്. ഈ ഘട്ടം കഴിഞ്ഞതിന് ശേഷമായിരിക്കും കുങ്കിയാനകളെ ഉപയോഗിച്ച് വടം കെട്ടിവലിച്ച് യൂക്കാലി മരങ്ങള്‍ കൊണ്ടടക്കം പ്രത്യേകം സജ്ജമാക്കിയ ലോറിയില്‍ കയറ്റുക. ഈ ലോറിയില്‍ തന്നെ ധോണിയിലൊരുക്കിയ കൂട്ടിലെത്തിക്കും.
80 അംഗ സംഘം
മയക്കുവെടിയുതിര്‍ത്ത് ആനയെ പിടിക്കുന്ന സുപ്രധാന ദൗത്യത്തിന് വയനാട്ടില്‍ നിന്നെത്തിയ 26 അംഗ സംഘവും 50ലധികം വനം വകുപ്പ് ഉദ്യോഗസ്ഥരുമടങ്ങുന്ന സംഘത്തെയാണ് സജ്ജമാക്കിയിരിക്കുന്നത്. പ്രത്യേക സംഘങ്ങളാക്കി തിരിച്ച് പ്രത്യേകം ദൗത്യവും ഇവര്‍ക്ക് വീതിച്ചു നല്‍കിയിട്ടുണ്ട്. വെടിവെക്കാനും ആനയെ നിരീക്ഷിക്കാനും കുങ്കി ടീം ഉള്‍പ്പെടെ മയക്കുവെടിവെക്കുന്നതിന് നാലോളം പ്രത്യേക സംഘങ്ങളെ രൂപവത്കരിച്ചിട്ടുണ്ട്. ഇതിനായി വയനാട്ടില്‍ നിന്നുള്ള സംഘത്തിന് പുറമെ പാലക്കാട്, മണ്ണാര്‍ക്കാട്, നെന്മാറ ഡിവിഷനുകളിലെ 50 ജീവനക്കാരും വാച്ചര്‍മാരും കൃത്യത്തില്‍ ഉള്‍പ്പെടും. മുഴുവന്‍ ദൗത്യ സംഘാംഗങ്ങളും ഉന്നത വനം ഉദ്യോഗസ്ഥരും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. വെള്ളിയാഴ്ച രാവിലെ മുതല്‍ പ്രത്യേക ദൗത്യത്തിന് നേതൃത്വം നല്‍കുന്ന വനം ചീഫ് വെറ്ററിനറി സര്‍ജന്‍ ഡോ. അരുണ്‍ സക്കറിയ്യയും സംഘത്തോടൊപ്പം ചേര്‍ന്നിരുന്നു. ബത്തേരിയിൽ കാട്ടാനയെ പിടികൂടുന്നതിനിടെയുണ്ടായ പരുക്ക് പൂര്‍ണമായി മാറിയെന്ന് ഡോക്ടർ പറഞ്ഞു.
വെല്ലുവിളികളേറെ
ഒരുക്കങ്ങള്‍ പൂര്‍ത്തിയായെങ്കിലും ദൗത്യ സംഘത്തിന് ഏറെ വെല്ലുവിളികൾ നേരിടാനുണ്ട്.പി ടി ഏഴാമനൊപ്പം രണ്ട് ആനകളും സ്ഥിരം അകമ്പടി സേവിക്കുന്നുണ്ട്. കൂട്ടത്തില്‍ നിന്ന് അകറ്റി വെടിവെച്ചാല്‍ മറ്റു ആനകള്‍ എങ്ങനെ പ്രതികരിക്കുമെന്ന ആശങ്കയാണ് വനം വകുപ്പിനെ അലട്ടുന്നത്. ഉള്‍ക്കാട്ടില്‍ വെച്ച് വെടിവെച്ചാല്‍ അതിനെ അത്രയും ദൂരത്ത് നിന്ന് കൂട്ടില്‍ എത്തിക്കുന്നതിന് പ്രയാസമാകും. നിശ്ചിത സമയത്തിനുള്ളില്‍ കൂടിനകത്ത് എത്തിക്കാതെയിരുന്നാല്‍ ആക്രമാസക്തമാകാൻ സാധ്യതയുണ്ട്. അതുകൊണ്ട് ഉള്‍ക്കാടും ജനവാസമേഖലയും അല്ലാത്ത സ്ഥലത്തെത്തിച്ച് മാത്രമേ വെടിവെക്കാന്‍ സാധിക്കുകയുള്ളൂ.
ധോണിയില്‍ തുറസ്സായ വനമേഖലയില്ലാത്തതും പ്രതിസന്ധിയാണ്. വെടിവെച്ചാലും മയങ്ങാന്‍ അരമണിക്കൂര്‍ വേണ്ടി വരും. ഈ സമയത്ത് ആന എങ്ങോട്ട്, എവിടെ പോകുമെന്ന ആശങ്കയും ഉയരുന്നുണ്ട്. പി ടി ഏഴാമന്‍ കഴിഞ്ഞ ദിവസങ്ങളില്‍ ജനവാസ മേഖലയിലിറങ്ങിയെങ്കിലും ഇന്നലെ ഉള്‍ക്കാട്ടിലാണ് നില്‍പ്പ്. ആദ്യം കാട്ടാനക്കൂട്ടത്തെ അകറ്റി കുങ്കിയാനകളുടെ സഹായത്തോടെ അനുയോജ്യമായ സ്ഥലത്തെത്തിച്ചാണ് വെടിവെക്കുക.
source https://www.sirajlive.com/pt-7-2nd-day-mission-started.html
Post a Comment