ട്രാവല്‍ ഏജന്‍സി തട്ടിപ്പിനിരയാക്കിയ യുവാവ് ജീവനൊടുക്കി

വയനാട് |  വിദേശ രാജ്യത്ത് ജോലി വാഗ്ദാനം ചെയ്ത് ട്രാവല്‍ ഏജന്‍സി പണം തട്ടിയതില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കി. വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശി മൂത്തേടത്ത് അനൂപ് ടോമിയാണ് മരിച്ചത്. തളിപ്പറമ്പ് ചിറവക്കിലെ സ്റ്റാര്‍ ഹൈറ്റസ് കണ്‍സള്‍ട്ടന്‍സി എന്ന ട്രാവല്‍ ഏജന്‍സിയാണ് തട്ടിപ്പ് നടത്തിയതെന്നാണ് ആരോപണം. സിവില്‍ എന്‍ജിനീയറിങ് പൂര്‍ത്തിയാക്കിയ അനൂപ് എറണാകുളത്തെ ഒരു ലോഡ്ജില്‍ മാനേജരായി ജോലിചെയ്യുകയായിരുന്നു. 10മാസം മുമ്പാണ് അനൂപ് ട്രാവല്‍ ഏജന്‍സി മുഖേന ബെല്‍ജിയത്തിലേക്ക് ജോലിക്കായിശ്രമിക്കുന്നത് . നാല് ലക്ഷം രൂപ ഫീസായി ആവശ്യപ്പെട്ടതില്‍ ആദ്യം 25000 രൂപ കൊടുത്തു. വിസ നടപടികള്‍ വൈകിയതിനെ തുടര്‍ന്ന് ഏജന്‍സി മറ്റൊരു ഓഫര്‍ നല്‍കി. ആറുലക്ഷം രൂപ നല്‍കിയാല്‍ യുകെയില്‍ ശരിയാക്കാമെന്ന് ഏജന്‍സി പറഞ്ഞു. പല തവണകളിലായി പണമടക്കുകയും പിന്നീട് വിസ വരുകയും ചെയ്തു. ഓഗസ്റ്റ് ഒമ്പത്, പത്ത് തീയതികളില്‍ വിസ സറ്റാമ്പിങ് കൊച്ചിയില്‍ വെച്ച് നടക്കുമെന്ന് ട്രാവല്‍ ഏജന്‍സി അറിയിച്ചിരുന്നു. ഇതിനായി കൊച്ചിയിലെത്തിയപ്പോഴാണ് കബളിപ്പിക്കപ്പെട്ടതായി അനൂപ് മനസിലാക്കുന്നത്.

താന്‍ ചതിക്കപ്പെട്ടതാണെന്നും 10 ദിവസത്തിനുള്ളില്‍ എല്ലാം ശരിയാക്കാമെന്നും പണം തിരിച്ചു നല്‍കാമെന്നും ട്രാവല്‍ ഏജന്‍സി ഉടമ ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഇയാള്‍ ഓഫീസ് അടച്ചുമുങ്ങുകയായിരുന്നു. ഈ മനോവിഷമത്തിലാണ് അനൂപ് ആത്മഹത്യ ചെയ്തത്. ട്രാവല്‍ ഏജന്‍സിക്കെതിരെ നിയമ നടപടിക്കൊരുങ്ങുകയാണ് അനൂപിന്റെ കുടുംബം. ഇതെ ട്രാവല്‍സിനെതിരെ കണ്ണൂര്‍ സ്വദേശിയായ മറ്റൊരു യുവാവ് ഒന്നരമാസം മുന്‍പ് പോലീസില്‍ പരാതി നല്‍കിയിരുന്നുവെങ്കിലും നടപടിയുണ്ടായില്ലെന്ന് ആരോപണമുണ്ട്.

 



source https://www.sirajlive.com/a-young-man-who-was-defrauded-by-a-travel-agency-committed-suicide.html

Post a Comment

Previous Post Next Post