ശ്രീനഗർ | കോൺഗ്രസ്സ് നേതാവ് രാഹുൽ ഗാന്ധി നയിച്ച ഭാരത് ജോഡോ പദയാത്രയുടെ സമാപന സമ്മേളനം ഇന്ന് ശ്രീനഗറിൽ നടക്കും. ഇന്ന് എസ് കെ സ്റ്റേഡിയത്തിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ 23 പ്രതിപക്ഷ പാർട്ടികളെയാണ് ക്ഷണിച്ചത്. 12 കക്ഷികളുടെ പ്രതിനിധികൾ പങ്കെടുക്കുമെന്നാണ് വിവരം. ഡി എം കെ, എൻ സി പി, ആർ ജെ ഡി, ജെ ഡി യു, ശിവസേന, വി സി കെ, കേരള കോൺഗ്രസ്സ്, നാഷനൽ കോൺഫറൻസ്, പി ഡി പി, ജെ എം എം തുടങ്ങിയ കക്ഷികൾ പങ്കെടുക്കും. സി പി എം, തൃണമൂൽ കോൺഗ്രസ്സ്, സമാജ്‌വാദി പാർട്ടി, ബി എസ് പി, ടി ഡി പി തുടങ്ങിയ കക്ഷികൾ വിട്ടുനിൽക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
യാത്രക്ക് സമാപനം കുറിച്ച് ഇന്നലെ ശ്രീനഗറിലെ ലാൽ ചൗക്കിൽ രാഹുൽ ദേശീയ പതാക ഉയർത്തി. രാവിലെ പാന്ഥ ചൗക്കിൽ നിന്ന് പുനരാരംഭിച്ച യാത്രയുടെ അവസാന ദിവസത്തിൽ സഹോദരിയും എ ഐ സി സി ജനറൽ സെക്രട്ടറിയുമായ പ്രിയങ്കാ ഗാന്ധിയും ഒപ്പമുണ്ടായിരുന്നു.
കനത്ത സുരക്ഷയാണ് മേഖലയിൽ ഒരുക്കിയിരുന്നത്. അനുമതി ലഭിക്കാത്ത സാഹചര്യത്തിൽ പി സി സി ഓഫീസിൽ ഇന്ന് ദേശീയ പതാക ഉയർത്തുമെന്നായിരുന്നു കോൺഗ്രസ്സ് നേതൃത്വം അറിയിച്ചിരുന്നത്. എന്നാൽ, ലാൽചൗക്കിൽ 29ന് ഉയർത്താമെന്ന ഉപാധിയോടെ അവസാന നിമിഷം അനുമതി ലഭിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസങ്ങളിൽ ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിമാരായ ഉമർ അബ്ദുല്ലയും മെഹ്ബൂബ മുഫ്തിയും യാത്രയുടെ ഭാഗമായിരുന്നു. കഴിഞ്ഞ സെപ്തംബർ ഏഴിന് കന്യാകുമാരിയിൽ നിന്ന് ആരംഭിച്ച യാത്ര പന്ത്രണ്ട് സംസ്ഥാനങ്ങളിലൂടെയും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലൂടെയും 3,970 കിലോമീറ്റർ പിന്നിട്ടാണ് കശ്മീരിലെത്തിയത്. സുരക്ഷാ വീഴ്ചയെ തുടർന്ന് കഴിഞ്ഞ ദിവസം യാത്ര നിർത്തിവെച്ചിരുന്നു. ആൾക്കൂട്ടത്തിനിടയിൽ മുപ്പത് മിനുട്ട് നേരമാണ് രാഹുൽ കുടുങ്ങിയത്.
source https://www.sirajlive.com/bharat-jodo-padayatra-general-conference-today.html
Post a Comment